ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Interstellar


Interstellar » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ക്രിസ്റ്റഫർ നോളൻ, ഇതുവരെ സംവിധാനം നിർവ്വഹിച്ച പത്ത് സിനിമകളിലും തന്റെ മികവിന്റെ കൈയ്യൊപ്പ് ചാർത്തിയ ചലച്ചിത്രകാരൻ. ചെയ്ത പത്തിൽ പത്തും വിജയ ചിത്രങ്ങൾ. 2016ൽ ബിബിസി തെരഞ്ഞെടുത്ത ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നൂറ് സിനിമകളുടെ ലിസ്റ്റിൽ നോളന്റെതായിട്ട് മെമെന്റോ, ദി ഡാർക്ക്‌ നൈറ്റ്, ഇൻസെപ്ഷ്യൻ എന്നീ മൂന്ന് ചിത്രങ്ങൾ. അതുകൊണ്ട് തന്നെ ഹോളിവുഡിലെ ഏറ്റവും മികച്ച സംവിധായകരുടെ പേരുകൾ പറയുകയാണെങ്കിൽ നോളന്റെ പേര് അതിന്റെ മുൻപന്തിയിൽ തന്നെ കാണും.  നോൺ ലീനിയർ കഥാവതരണത്തിലൂടെ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ വിസ്മയിപ്പിച്ച നോളൻ തന്റെ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരെയും ബഹിരാകാശത്തിലൂടെ യാത്ര ചെയ്യിപ്പിച്ച മറ്റൊരു വിസ്മയ ചിത്രമാണ് ഇന്റർസ്റ്റല്ലാർ. ഇന്റർസ്റ്റല്ലാർ കണ്ട പ്രേക്ഷകരെക്കൊണ്ട് അക്ഷരാർത്ഥത്തിൽ കിളി പോയിപ്പിച്ചിട്ടുണ്ട് നോളൻ. അതുകൊണ്ട് തന്നെ ഇന്റർസ്റ്റല്ലാർ സജസ്റ്റ് ചെയ്യുമ്പോൾ അത് എക്സ്പ്ലൈൻ ചെയ്യുക എന്നൊരു എട്ടിന്റെ പണിയും എനിക്ക് കിട്ടി എന്നുറപ്പിക്കുന്നു.


■ ക്രിസ്റ്റഫർ നോളൻ സംവിധാനം നിർവഹിച്ച ആക്ഷൻ അഡ്വെഞ്ചർ സയൻസ് ഫിക്ഷൻ ഹോളിവുഡ് ചിത്രമാണ് ഇന്റർസ്റ്റെല്ലാർ. തന്റെ സഹോദരൻ ജോനാഥൻ നോളനൊപ്പം ക്രിസ്റ്റഫർ നോളൻ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജോനാഥന് 2007ൽ കിട്ടിയ ഒരു ത്രഡിൽ നിന്നായിരുന്നു ഇന്റർസ്റ്റല്ലാറിന്റെ ഉത്ഭവം. ഹോയ്‌റ്റെ വാൻഹോയ്റ്റേമ ഛായാഗ്രഹണവും ലീ സ്മിത്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭൂരിഭാഗവും വിഷ്വൽ എഫെക്റ്റുകൾ കൊണ്ടും ഗ്രാഫിക്സ് കൊണ്ടും വിസ്മയം തീർക്കുന്ന ഇന്റർസ്റ്റല്ലാറിനെ ഹോയ്‌റ്റേയുടെ അപാരമായ ക്യാമറ ഫ്രെയിമുകൾ വളരെയധികം സഹായിച്ചിട്ടുണ്ട്. ഐസ്‌ലാന്റിലെയും കാനഡയിലെയും ദൃശ്യഭംഗി മനോഹരമായി തന്നെ അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. കൊളറാഡോയിലെ നീണ്ടുപരന്നു കിടക്കുന്ന ചോളകൃഷിപ്പാടം എന്ത് മനോഹരമായിരുന്നു. ഒരു നിമിഷം മാൻ ഓഫ് സ്റ്റീലിലെ കെന്റ് ഫാം ഓർമ്മിപ്പിച്ചു. ഹാൻസ് സിമ്മറുടെ സുന്ദരമായ പശ്ചാത്തല സംഗീതം പല സീനുകളെയും ക്ലാസ്സി ആക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.


✍sʏɴᴏᴘsɪs             

■ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മധ്യകാലം അഥവാ ഭാവി കാലമാണ് കഥാപശ്ചാത്തലം. പൊടിക്കാറ്റ് കൊണ്ട് മുഖരിതമായ അന്തരീക്ഷം. ചോളമൊഴികെ മറ്റെല്ലാ ഭക്ഷ്യവസ്തുക്കളും കീടങ്ങളും മോശമായ കാലാവസ്ഥയും കാരണം നശിച്ചു കഴിഞ്ഞു. മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായി നിൽക്കുന്നു. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതൊക്കെ കെട്ടുകഥയാണെന്നും കുട്ടികൾ കൃഷിയെക്കുറിച്ചാണ് പഠിക്കേണ്ടതെന്നുമൊക്കെയാണ് സ്കൂളിൽ വരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. മുൻനാസ ബഹിരാകാശ യാത്രികനായ ജോസഫ് കൂപ്പർ തന്റെ പതിനഞ്ച് വയസ്സുകാരൻ മകൻ ടോമിനും പത്ത് വയസ്സുകാരി മകൾ മർഫിനും തന്റെ മരിച്ചു പോയ ഭാര്യയുടെ പിതാവ് ഡൊണാൾഡിനുമൊപ്പം കൃഷിപ്പണി ചെയ്തു ജീവിക്കുന്നു. ഒരിക്കൽ ശക്തമായൊരു പൊടിക്കാറ്റിൽ മർഫിന്റെ മുറിയിൽ അതുവരെ കാണാത്ത തരത്തിലുള്ള പൊടി തളംകെട്ടിക്കിടക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെടുന്നു. മർഫ് അതൊരു പ്രേതമാണെന്ന് തെറ്റിദ്ധരിക്കുന്നു. പക്ഷേ കൂപ്പർ, ആ പൊടി ഗുരുത്വാകർഷണം കൊണ്ടുണ്ടായതാണെന്നു മകളെ തിരുത്തുന്നു. അങ്ങനെ അപരിചിതമായ ആ പൊടിക്ക് പിന്നിലെ രഹസ്യമറിയാൻ കൂപ്പറും മർഫും ബൈനറി കോഡും ജ്യോഗ്രഫിക് കോർഡിനേറ്റും സോൾവ് ചെയ്ത്കൊണ്ട് എത്തിപ്പെടുന്നത് അതിലും നിഗൂഢമായ പ്രദേശത്തായിരുന്നു. കൂപ്പറുടെ മുൻമേധാവി പ്രൊഫസർ ജോൺ ബ്രാൻഡിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാസയുടെ രഹസ്യ താവളമായിരുന്നു അത്. മനുഷ്യന് ഭൂമിയിൽ അധികകാലം നിലനില്പില്ലെന്നും അതുകൊണ്ട് മനുഷ്യന് വസിക്കാൻ മറ്റൊരു ഗ്രഹം കണ്ടെത്തേണ്ടതുണ്ടെന്നും പ്രൊഫസർ കൂപ്പറിനോട് പറയുന്നു. 48 വർഷങ്ങൾക്ക് മുൻപ് ശനിയുടെ അടുത്തായി കണ്ടെത്തിയൊരു വേംഹോൾ മറ്റൊരു ഗ്യാലക്സിയിലേക്ക് തുറക്കുന്നൊരു വാതിലാണെന്നും ആ ഗ്യാലക്സിയിൽ ഗാർഗ്വാന്റ എന്നൊരു തമോഗർത്തത്തിനു അരികിലായി സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് ഗ്രഹങ്ങളിൽ മനുഷ്യ നിലനിൽപ്പ് സാധ്യമാണെന്ന സംശയത്തിൽ പന്ത്രണ്ട് ബഹിരാകാശ യാത്രികരെ അങ്ങോട്ട്‌ അയച്ചിരുന്നെന്നും അതിൽ മൂന്ന് ഗ്രഹങ്ങളിൽ നിന്നും ശുഭസൂചനയാണ് വന്നതെന്നും പ്രൊഫസർ കൂപ്പറോട് പറയുന്നു. ഗ്രഹങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങളില്ല എന്നിരിക്കെ മനുഷ്യരാശിയുടെ അതിജീവനത്തിനായി മനുഷ്യ നിലനിൽപ്പ് സാധ്യമായൊരു ഗ്രഹം തേടി എൻഡ്യൂറൻസ് എന്നൊരു ബഹിരാകാശപേടകത്തിൽ കയറി നാല് ബഹിരാകാശ യാത്രികരും രണ്ട് റോബോട്ടുകളും അടങ്ങുന്നൊരു സംഘം കൂപ്പറുടെ നേതൃത്വത്തിൽ പുറപ്പെടുകയാണ്.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ ജോസഫ് കൂപ്പറെന്ന നാസ പൈലറ്റായി വേഷമിട്ടിരിക്കുന്നത് മാത്യു മക്കോനഹിയാണ്. ഒരച്ഛന് തന്റെ മക്കളോടുള്ള കരുതലും അവരെ പിരിയുമ്പോഴുള്ള അയാളുടെ മനോവിഷമവുമൊക്കെ അതിമനോഹരമായി തന്നെ മാത്യു അവതരിപ്പിച്ചിട്ടുണ്ട്. അന്ന് പതിമൂന്ന് വയസ്സുകാരിയായിരുന്ന മക്കെൻസി ഫോയ് ആണ് പത്ത് വയസ്സുകാരിയായ മർഫ്
കൂപ്പറായി അഭിനയിച്ചിരിക്കുന്നത്. അഭിനയപ്രാധാന്യമുള്ള മർഫിന്റെ വേഷം അതിഗംഭീരമായി തന്നെ മക്കെൻസി ചെയ്തിട്ടുണ്ട്. മർഫിന്റെ യൗവനം അവതരിപ്പിച്ച ജെസീക്ക ചാസ്റ്റൈനും മികച്ച പ്രകടനമായിരുന്നു നടത്തിയത്. പ്രായമായ മർഫായി എലെൻ ബെർസ്റ്റിനാണ് അഭിനയിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ അമേലിയ ബ്രാൻഡായി ആനി ഹാതവേയും ഡോക്ടർ മാനായി മാറ്റ് ഡമോനും വേഷമിട്ടിരിക്കുന്നു. ജോൺ ലിത്ഗോ (ഡൊണാൾഡ്), മൈക്കൽ കെയ്ൻ (പ്രൊഫസർ ജോൺ ബ്രാൻഡ്), കാസി അഫ്ലെക്ക് (ടോം കൂപ്പർ), തിമോത്തി ശാലമേറ്റ് (കുഞ്ഞു ടോം കൂപ്പർ), വെസ് ബെന്റ്ലി (ഡോയൽ), ടോഫർ ഗ്രേസ് (ഗെറ്റി), ഡേവിഡ് ഗ്യാസി (റോമിലി) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച വിഷ്വൽ എഫെക്ട്സിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു. മികച്ച സംഗീതം, മികച്ച സൗണ്ട് എഡിറ്റിംഗ്‌, മികച്ച ശബ്ദ മിശ്രണം മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നിവക്കുള്ള ഓസ്കാർ നാമനിർദ്ദേശങ്ങളും നേടിയിരുന്നു. സ്റ്റാൻലി കുബ്രിക്കിന്റെ 2001: A Space Odyssey, റിഡ്ലി സ്കോട്ടിന്റെ Blade Runner, ഏലിയൻ, ജോർജ് ലൂക്കാസിന്റെ Star Wars, ആന്ദ്രേ തർക്കോവ്സ്കിയുടെ The Mirror തുടങ്ങിയ പ്രശസ്ത സിനിമകളൊക്കെ ഇന്റെർസ്റ്റല്ലാറിനെ സ്വാധീനിച്ചിട്ടുണ്ടെന്നു സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്നെ പറഞ്ഞിട്ടുണ്ട്. നോളൻ തന്നെ നിർമ്മിച്ച സൂപ്പർഹീറോ ചിത്രം മാൻ ഓഫ് സ്റ്റീലാണ് ഇന്റർസ്റ്റല്ലാറിലെ ചോളപ്പാടത്തിനു പ്രചോദനമായത്. അതിന് വേണ്ടി 500 ഏക്കറിൽ ചോളകൃഷി ഇറക്കിയിരുന്നു നോളൻ. അങ്ങനെ ചോളം വിറ്റും നോളൻ കാശുണ്ടാക്കി. സയൻസിലെ കൃത്യതയ്ക്ക് വേണ്ടി നോബൽ സമ്മാന ജേതാവായ തിയറിറ്റിക്കൽ ഫിസിസ്റ്റ് കിപ് തോണിനെ സയന്റിഫിക് കൺസൾട്ടന്റായി നിയമിച്ചിരുന്നു.




8.6/10 . IMDb
72% . Rotten Tomatoes



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...