The Sixth Sense » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അവിടെയൊരു മലയാളിയുടെ ചായക്കട കണ്ടു എന്ന രസകരമായൊരു ചൊല്ലുണ്ട്. അങ്ങനെ ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഒരു മലയാളിയെയെങ്കിലും കാണാം എന്നുള്ളത് തികച്ചും യാഥാർഥ്യമാണ്. ഹോളിവുഡും അതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഓസ്കാർ അവാർഡ് നേടിയ ആദ്യ മലയാളി റസൂൽ പൂക്കുട്ടിയാണെങ്കിലും അതിനും ഒരുപാട് വർഷങ്ങൾക്ക് മുമ്പേ ഒരു മലയാളി മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന്റെ പടിവാതിൽക്കൽ വരെ എത്തിയിരുന്നു. എം. നൈറ്റ് ശ്യാമളൻ എന്ന മനോജ് നെല്ലിയാട്ട് ശ്യാമളൻ. കേന്ദ്രഭരണപ്രദേശമായ പുതുശ്ശേരിയുടെ ഭാഗമാണെങ്കിലും കേരളത്തിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന മാഹിയിൽ മലയാളി മാതാപിതാക്കളുടെ മകനായിട്ട് തന്നെയായിരുന്നു മനോജ് നൈറ്റ് ശ്യാമളൻ ജനിച്ചത്. മനോജിന് ഒന്നരമാസം പ്രായമുള്ളപ്പോൾ അമേരിക്കയിലേക്ക് കുടിയേറിയതാണ് അദ്ദേഹത്തിൻറെ കുടുംബം. ചെറുപ്പത്തിൽ, സ്റ്റീവൻ സ്പീൽബെർഗിന്റെ മുടിഞ്ഞ ഫാനായിരുന്ന അദ്ദേഹം അന്ന് കിട്ടിയ ഒരു ഫിലിം ക്യാമറയിൽ തന്റെ ഭാവനകൾ പകർത്താൻ തുടങ്ങി. ഒരു സംവിധായകനാവാനുള്ള മോഹം അവിടെ തുടങ്ങുന്നു. നാല്പത്തഞ്ചോളം ഹോം സിനിമകൾ കുട്ടിയായിരുന്ന മനോജ് നൈറ്റ് ശ്യാമളൻ ആ കൊച്ചു ക്യാമറയിൽ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പ്രശസ്തനാക്കിയ "ദി സിക്സ്ത് സെൻസ്" എന്ന ഈ സിനിമയിലും "ലേഡി ഇൻ വാട്ടർ" എന്ന മറ്റൊരു സിനിമയിലും തന്റെ കുട്ടിക്കാല സിനിമകളിലെ ഓരോ സീനുകൾ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രേയിങ് വിത്ത് ഏങ്കർ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. ബ്രൂസ് വില്ലിസിനെ നായകനാക്കി സംവിധാനം നിർവഹിച്ച ദി സിക്സ്ത് സെൻസ് എന്ന സിനിമ അദ്ദേഹത്തിൻറെ കരിയറിലെ ഏറ്റവും മികച്ചൊരു ബ്രേക്കായി മാറുകയായിരുന്നു. പിന്നീട് അൺബ്രേക്കബിൾ സൂപ്പർഹീറോ സീരീസ് അടക്കമുള്ള ഹോളിവുഡ് ബോക്സ് ഓഫീസുകൾ കീഴടക്കിയ എണ്ണമറ്റ വിജയ ചിത്രങ്ങൾ.
■ മനോജ് നൈറ്റ് ശ്യാമളൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ദി സിക്സ്ത് സെൻസ്. റ്റാക് ഫുജിമോട്ടോ ഛായാഗ്രഹണവും ആൻഡ്രൂ മൊൻഡ്‌ഷീൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജെയിംസ് ന്യൂട്ടൺ ഹൊവാർഡാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ കുട്ടികളുടെ മനഃശാസ്ത്രജ്ഞനായിരുന്ന മാൽക്കം ക്രോ ഒരു അന്തർമുഖനായിരുന്ന കോൾ സിയർ എന്ന ഒമ്പത് വയസ്സുകാരൻ കുട്ടിയെ കൗൺസെൽ ചെയ്യാനെത്തുന്നു. പരിചയപ്പെട്ട മാത്രയിൽ തന്നെ ഒരുപാട് നിഗൂഢതകളുള്ളൊരു കുട്ടിയാണ് കോൾ എന്ന് മാൽക്കം മനസ്സിലാക്കുന്നു. മരിച്ചവരെ കാണുന്നു എന്നതായിരുന്നു അവന്റെ പ്രശ്നം. ഉറക്കത്തിലാണോ എന്ന മാൽക്കമിന്റെ ചോദ്യത്തിന് എപ്പോഴും എന്നായിരുന്നു കോളിന്റെ മറുപടി. അവർ മരിച്ചു എന്നുള്ളത് അവർക്ക് അറിയാൻ കഴിയില്ലെന്നും അവർക്ക് പരസ്പരം കാണാൻ സാധിക്കില്ലെന്നും കോൾ മാൽക്കമിനോട് വെളിപ്പെടുത്തുന്നു. കോൾ ഓരോന്ന് സങ്കല്പിക്കുകയാണെന്ന നിഗമനത്തിലെത്തുന്ന മാൽക്കം അവന്റെ കേസ് ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. പക്ഷേ തന്റെ പഴയൊരു രോഗി, വിൻസെന്റിന്റെ ഓഡിയോ ടേപ്പ് പരിശോധിക്കുന്ന മാൽക്കം അതിന്റെ പശ്ചാത്തലത്തിൽ സ്പാനിഷ് ഭാഷയിൽ തന്നെ സഹായിക്കാൻ അപേക്ഷിക്കുന്നൊരു മനുഷ്യന്റെ ശബ്ദം കേൾക്കുന്നു. കോൾ പറയുന്നതിൽ വാസ്തവമുണ്ടെന്നു മനസ്സിലാക്കുന്ന മാൽക്കം അവനെ സഹായിക്കണമെന്ന് തീർച്ചപ്പെടുത്തുന്നു. അങ്ങനെ തന്റെ ചുറ്റുമുള്ള പ്രേതങ്ങളുടെ ആവശ്യമെന്തെന്നറിയാൻ ആദ്യം അവരെ കേൾക്കാൻ നീ തയ്യാറാവണമെന്ന് മാൽക്കം കോളിനോട് പറയുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ കുട്ടികളുടെ മനഃശാസ്ത്രജ്ഞനായ മാൽക്കം ക്രോവായി ബ്രൂസ് വില്ലിസ് വളരെ നല്ല അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. കോൾ സിയറെന്ന കുട്ടിയുടെ വേഷമവതരിപ്പിച്ച ഹാലി ജോയേൽ ഓസ്‌മെന്റാണ് അഭിനയിച്ചവരിൽ ഒന്നാമൻ എന്നാണ് എനിക്ക് തോന്നിയത്. ടോനി കൊലേറ്റാണ് കോളിന്റെ അമ്മ, ലിൻ സിയറായി അഭിനയിച്ചിരിക്കുന്നത്. മാൽക്കം ക്രോയുടെ ഭാര്യ അന്ന ക്രോ ആയി ഒലിവിയ വില്യംസും വേഷമിട്ടിരിക്കുന്നു. ഡോണി വാഹിൽബെർഗ് (വിൻസെന്റ്), ഗ്ലെൻ ഫിറ്റ്സ്ജറാൾഡ് (സീൻ), മിഷ ബാർട്ടൻ (കിര കോളിൻസ്), ട്രെവർ മോർഗൻ (ടോമി ടമ്മിസിമോ), ബ്രൂസ് നോറിസ് (സ്റ്റാൻലി കണ്ണിങ്ഹാം), ഏഞ്ചലിക്ക പേജ് (മിസ്സിസ് കോളിൻസ്), ഗ്രെഗ് വുഡ് (കോളിൻസ്), മനോജ് നൈറ്റ് ശ്യാമളൻ (ഡോ. ഹിൽ), പീറ്റർ ടമ്പാക്കിസ് (ഡാരൻ), ജെഫ്രി സുബർനിസ് (ബോബി) തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച എഡിറ്റിങ് എന്നീ കാറ്റഗറികളിലായി ആറു ഓസ്കാർ നാമനിർദ്ദേശങ്ങൾ ലഭിച്ച സിനിമയായിരുന്നു ദി സിക്സ്ത് സെൻസ്. സിനിമയിൽ ഒറ്റ സീനിൽ മാത്രമുള്ള വിൻസെന്റ് ഗ്രെ എന്ന കഥാപാത്രത്തിന് വേണ്ടി ഡോണി വഹിൽബെർഗ് പത്തൊമ്പത് കിലോയോളം തൂക്കം കുറച്ചിരുന്നു എന്നാണ് സംവിധായകൻ നൈറ്റ് ശ്യാമളൻ പറഞ്ഞത്. ബ്രൂസ് വില്ലിനെ മനസ്സിൽ കണ്ടുകൊണ്ട് തന്നെയായിരുന്നു മാൽക്കം ക്രോ എന്ന കഥാപാത്രത്തെ എഴുതിയത് എന്നും നൈറ്റ് ശ്യാമളൻ പറഞ്ഞിരുന്നു.
8.1/10 . IMDb
86% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ