Unda » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ആദ്യം തന്നെ പേരിലെ വ്യത്യസ്തത കൊണ്ട് പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. പിന്നീട് ടീസറിലൂടെയും ട്രൈലറിലൂടെയും പ്രേക്ഷകരെ അങ്ങ് കൈയ്യിലെടുത്തു. മെഗാസ്റ്റാർ മമ്മൂട്ടിയെ ഒട്ടും അമാനുഷികതയില്ലാത്ത ഒരു സാധാ പൊലീസുകാരനായി അവതരിപ്പിച്ച ഒരു പക്കാ റിയലിസ്റ്റിക് എന്റർടൈനറാണ് ഉണ്ട. ടീസറും ട്രെയ്‌ലറും കണ്ട പ്രേക്ഷകരിൽ പലരും ജോജുവിന്റെ ജോസഫ് പോലെയായിരിക്കുമോ ഉണ്ട എന്ന് തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ ഉണ്ട തികച്ചും വ്യത്യസ്തമായ പ്രമേയമാണ്. ഒറ്റ നോട്ടത്തിൽ സിമ്പിൾ എന്ന് തോന്നാവുന്ന പല കാര്യങ്ങളിലെയും സീരിയസ്നെസ്സ് വളരെ നന്നായി പ്രേക്ഷകരിലെത്തിക്കാൻ ഉണ്ടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ഉണ്ട പ്രേക്ഷക പ്രതീക്ഷകളെ അസ്ഥാനത്താക്കിയിട്ടില്ല എന്ന് വളരെ സത്യസന്ധമായിട്ട് തന്നെ എനിക്ക് പറയാൻ സാധിക്കും.
■ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഖാലിദ് റഹ്‌മാന്റെ രണ്ടാമത്തെ ചിത്രമാണ് ഉണ്ട. ഖാലിദ് റഹ്‌മാനും ഹർഷദും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിന്റെ പ്രമേയം വളരെ ലളിതമായിട്ടും വലിയ സ്റ്റാർഡം അവകാശപ്പെടാനില്ലാത്ത അഭിനേതാക്കളായിരുന്നിട്ടും തന്റെ മേക്കിങ്ങിന്റെ ഭംഗി കൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകൾ ഒരുപോലെ പിടിച്ചു പറ്റി 2016ലെ മികച്ച ഹിറ്റുകളിൽ ഒന്നാക്കിത്തീർക്കാൻ ഖാലിദ് റഹ്‌മാന് സാധിച്ചിരുന്നു. രണ്ടാമത്തെ ചിത്രം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടിയായപ്പോൾ അത് അദ്ദേഹത്തിന് ഏറ്റവും വലിയ വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ, ആ വെല്ലുവിളിയെ വിജയകരമായി തന്നെ അതിജീവിക്കാൻ ഖാലിദ് റഹ്‌മാന് സാധിച്ചിട്ടുണ്ട്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും നിഷാദ് യൂസുഫ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം ഉണ്ടയിലെ പല സീനുകളെയും മികച്ചതാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പാട്ടുകളും വളരെ മികച്ചവ തന്നെയായിരുന്നു.
✍sʏɴᴏᴘsɪs
■ ഛത്തീസ്ഗഡിലെ ബസ്താറിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്കായി പോകുന്ന ഒമ്പതംഗ പോലീസ് സംഘം, അവരെ നയിക്കുന്ന എസ്.ഐ. മണി എന്ന മണികണ്ഠൻ സി.പി. മാവോയിസ്റ്റുകളുടെ ശക്തമായ സാന്നിധ്യമുള്ള ആ പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോഴും അവരുടെ കൈയ്യിൽ തോക്കുകളും ഉണ്ടകളും പരിമിതമായിരുന്നു. എസ്.ഐ. മണിയാകട്ടെ, ഇതുവരെ നേരാംവണ്ണം തോക്ക് ഉപയോഗിച്ചിട്ടില്ലാത്ത വെടിയുണ്ടകളെ നന്നായി പേടിയുള്ള ഒരാളും. അങ്ങനെ ലാത്തിയും അത്യാവശ്യം ധൈര്യവും കൈമുതലാക്കിയുള്ള അവരുടെ അവസ്ഥയാണ് നർമ്മത്തിൽ ചാലിച്ച് ഉണ്ടയിൽ പറഞ്ഞുപോകുന്നത്. ഉത്തരേന്ത്യയിലെ മാവോയിസ്റ്റ് ഭീഷണിയുടെ നടുക്കുള്ള വോട്ടിങ്ങും കള്ള വോട്ടുകളും തിരിമറികളും ഇതിനെയൊക്കെ നേരിടേണ്ടി വരുന്ന പോലീസുകാരുടെ അവസ്ഥകളും വളരെ നന്നായി തന്നെ പ്രതിപാദിച്ചു പോകാൻ ഉണ്ടയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ എസ്.ഐ. മണി എന്ന മണികണ്ഠൻ സി.പിയായി മെഗാസ്റ്റാർ മമ്മൂട്ടി നിറഞ്ഞാടിയിരിക്കുമ്പോഴും മറ്റു കഥാപാത്രങ്ങൾക്കും അത്യാവശ്യം സ്‌പെയ്‌സ് ഈ ചിത്രം നൽകിയിട്ടുണ്ട്. അതിഭാവുകങ്ങളില്ലാത്ത എസ്.ഐ. മണിയായി മമ്മൂട്ടി ഗംഭീരപ്രകടനം തന്നെ നടത്തിയിട്ടുണ്ട്. പി.സി. ഗിരീഷ് ടിപിയായി അഭിനയിച്ച അർജുൻ അശോകൻ, ഹവിൽദാർ ജോജോ തോംസണായി അഭിനയിച്ച ഷൈൻ ടോം ചാക്കോ, സി.ഐ. മാത്യൂസ് ആന്റണിയായി വേഷമിട്ട രഞ്ജിത്ത്, കുനാൽചന്ദ് ആയി വേഷമിട്ട ഓംകാർ ദാസ് മണിക്പുരി എന്നിവരെല്ലാം തന്നെ ഗംഭീരപ്രകടനം നടത്തിയിട്ടുണ്ട്. ജേക്കബ് ഗ്രിഗറി (പി.സി. വർഗ്ഗീസ് കുരുവിള), ചിയെൻ ഹോ-ലിയാവോ (ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് കമാന്റർ), ഭഗവാൻ തിവാരി (കപിൽ ദേവ്), കലാഭവൻ ഷാജോൺ (സാം ജെ. മാത്തൻ), ദിലീഷ് പോത്തൻ തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ തുടക്കത്തിൽ തന്നെ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വളരെ വ്യക്തമായി തന്നെ പ്രേക്ഷകരിലെത്തിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരുടെ പെടാപ്പാടുകൾ തമാശയിൽ പൊതിഞ്ഞു അതിന്റെ സീരിയസ്സ്നെസ്സ് ചോരാതെ തന്നെ ഉണ്ട പ്രേക്ഷകരിലെത്തിച്ചിട്ടുണ്ട്. വളരെ മികച്ചൊരു ആദ്യപകുതി പെട്ടെന്ന് തീർന്നു പോയതായി നമുക്ക് തോന്നും. രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ മികച്ചതാവുമ്പോൾ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും. മമ്മൂട്ടി ഒരിക്കൽ കൂടി കാക്കി യൂണിഫോം ധരിക്കുമ്പോൾ മാസ്സിനു പകരം ഇവിടെ ക്ലാസ്സാണ് എന്ന വ്യത്യാസം മാത്രം..
4/5 . MyRating
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ