ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Gangster, The Cop, The Devil


The Gangster The Cop The Devil » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ പേരിന് സാമ്യം ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ദി ഗുഡ് ദി ബാഡ് & ദി അഗ്ലിയോട്. ട്രെയിൻ ടു ബുസാനിലെയും ഫ്ലൂവിലെയുമൊക്കെ വളരെ ചെറിയ വേഷങ്ങളിലൂടെ ആരാധകഹൃദയം കീഴടക്കിയ മാ ഡോങ്-സ്യോക്കിന്റെ സാന്നിധ്യമാണ് എന്നെ ഈ സിനിമയിലേക്കെത്തിച്ചത്. തട്ടുപൊളിപ്പൻ ആക്ഷൻ സിനിമകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി ഈ സിനിമയ്ക്ക് തല വെക്കാം. ചടുലമായ ആക്ഷൻ രംഗങ്ങളും കിടിലൻ കാർ ചെയ്‌സിങ്ങുകളുമൊക്കെയായി അതിസമ്പന്നമാണ് ഈ ചിത്രം. പക്ഷേ, വെറുമൊരു ആക്ഷൻ പടമല്ല ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ. കൊറിയൻ സിനിമകളുടെ കഥാപശ്ചാത്തലവുമായി നമ്മൾ മലയാളികൾക്ക് വളരെയെളുപ്പത്തിൽ ഒത്തിണങ്ങാൻ കഴിയും എന്നത് തന്നെയാകും കൊറിയൻ സിനിമകൾ മലയാളി ഹൃദയങ്ങൾ കീഴടക്കാനുള്ള ഒരു കാരണം. നമ്മുടെ നാട്ടിലെ നിയമങ്ങളും ഏകദേശം കൊറിയയിലെ നിയമങ്ങളും തമ്മിൽ വളരെയേറെ സാമ്യതകളുണ്ട്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണല്ലോ നമ്മുടെ നിയമത്തിന്റെ ടാഗ്‌ലൈൻ. എന്നിട്ടിവിടെ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടുന്നില്ല എന്ന് നമുക്ക് ഉറപ്പ് പറയാൻ സാധിക്കുമോ? എന്നാൽ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ ആയിരം ദ്വാരങ്ങളാണ് നമ്മുടെ നിയമത്തിൽ. ഗോവിന്ദച്ചാമി പോലും നിയമത്തിന്റെ പരിരക്ഷയിൽ തടിച്ചു കൊഴുത്തു ജീവിക്കുന്നത് നമ്മുടെ ഈ കേരളത്തിലാണ്. അവരെ രക്ഷിക്കാനായി കറുത്ത കോട്ടണിഞ്ഞ ആയിരം ആളൂരുമാർ ഇവിടെയുണ്ട് താനും. വധശിക്ഷ നിരോധിക്കണമെന്ന് പാടിനടക്കുന്ന എണ്ണമറ്റ പാണന്മാർ വേറെയും. ഇവിടെ ആരെയും, എത്ര പേരെയും, എങ്ങനെയും കൊല്ലാം. കൊന്നതിൽ "വെറൈറ്റി" ഉണ്ടെങ്കിൽ മാത്രമേ തൂക്കുമരത്തിലേക്ക് നയിക്കപ്പെടുകയുള്ളൂ. അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകൾക്ക് മാത്രം വധശിക്ഷ കൊടുക്കപ്പെടുന്ന അപൂർവ്വ രാജ്യം. അപൂർവ്വങ്ങളിൽ അപൂർവ്വമല്ലെങ്കിൽ ട്രോളന്മാരുടെ ഭാഷയിൽ "റീപോസ്റ്റ്" വിളിക്കും നമ്മുടെ ന്യായാധിപന്മാർ. അങ്ങനെ വന്നാൽ കുറ്റം തെളിയിക്കപ്പെട്ടാൽ പോലും ഏറി വന്നാൽ ജീവപര്യന്തം, ജയിലിൽ മൃഷ്ടാന ഭോജനം. "മറിമായ"ത്തിലെ ഒരു എപ്പിസോഡിൽ കേട്ട പോലെ "ജയിലൊക്കെ ഇപ്പൊ സ്വർഗ്ഗമല്ലേ.. സ്വർഗ്ഗം.." തന്റെ മകളുടെ ഘാതകനെ വെടി വെച്ചു കൊന്ന മഞ്ചേരിയിലെ ശങ്കരനാരായണനൊക്കെ ഹീറോയാവുന്നത് അതുകൊണ്ടാണ്. കുറ്റവാളികൾക്ക് കിട്ടുന്ന നിയമപരിരക്ഷ എത്രമാത്രം അപകടകരമാണ് എന്നതിനെക്കുറിച്ച് കൂടിയാണ് ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ എന്ന ഈ സിനിമയിൽ പറയുന്നത്.


■ ലീ വോൻ-തേ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ക്രൈം ആക്ഷൻ ത്രില്ലർ കൊറിയൻ ചിത്രമാണ് ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ. പാർക് സെ-സ്യുങ് ഛായാഗ്രഹണവും ഹ്യോ സുൻ-മി, ഹാൻ യോങ്-ക്യു എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പൂർണ്ണമായും നഗരത്തിൽ ചിത്രീകരിച്ച ചിത്രമായിരുന്നിട്ട് കൂടി പാർക് സെ-സ്യുങ്ങിന്റെ പല ഷോട്ടുകളും അപാരമായിരുന്നു. ജോ യോങ് - വൂക്ക് ഒരുക്കിയ പശ്ചാത്തല സംഗീതവും സിനിമയുടെ ത്രില്ലിങ്നെസ്സ് കെട്ടുപോവാതെ സൂക്ഷിച്ചതിൽ അവിഭാജ്യ ഘടകമായിട്ടുണ്ട്.


✍sʏɴᴏᴘsɪs               

■ ടൈറ്റിൽ പോലെ മൂന്ന് പേരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. നഗരം അക്ഷരാർത്ഥത്തിൽ അടക്കി ഭരിക്കുന്ന അധോലോക നായകൻ ജാങ് ഡോങ്-സൂ. ആരെയും കൂസലില്ലാത്ത, എന്തിന് ഡോങ്-സൂവിനെപ്പോലും പുല്ലുവില കൽപ്പിക്കുന്ന എന്തിനും പോന്ന പോലീസ് ഉഗ്യോഗസ്ഥൻ, ജുങ് തേ-സുക്ക്. മാഫിയകൾ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങളും അഴിമതി നിറഞ്ഞ പോലീസ് ഫോഴ്‌സും കണ്ട് ഒരു ക്ലീഷേ കഥ പ്രതീക്ഷിച്ചാണിരുന്നത്. പക്ഷേ, കഥ മറ്റൊരു തലത്തിലേക്കായിരുന്നു നീങ്ങുന്നത്. നഗരത്തിൽ രാത്രി തുടർ കൊലപാതകങ്ങൾ പതിവാകുന്നു. കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരാണ് കൊലപാതകത്തിന് ഇരകളാവുന്നത്. തനിച്ച് സഞ്ചരിക്കുന്നയാളെ മറ്റൊരു കാറിൽ പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തിയാൽ കാറിന് പിന്നിലിടിപ്പിച്ചു അശ്രദ്ധ കാരണമുള്ള അപകടമെന്ന മട്ടിൽ സംസാരിക്കാനായി പുറത്തിറക്കും, പിന്നീട് കൈയ്യിൽ കരുതിയ കത്തി കൊണ്ട് മരണമുറപ്പിക്കും വരെ മുറിവേൽപ്പിക്കലാണ് കൊലപാതകിയുടെ ഹോബി. അയാളാണ് ഈ ചിത്രത്തിലെ മൂന്നാമത്തെ കഥാപാത്രം, ഡെവിൾ. അയാൾ ആരാണെന്നോ എന്താണ് അയാളുടെ യഥാർത്ഥ ഉദ്ദേശ്യമെന്നോ ആർക്കുമറിയില്ല. ഓരോ കൊലപാതകത്തിലെയും സാമ്യത കണ്ട ജുങ് തേ-സുക്ക് കൊലപാതകത്തിന് പിന്നിൽ ഒരു സീരിയൽ കില്ലറാണെന്ന് തീർച്ചപ്പെടുത്തുന്നു. ഒരു ദിവസം രാത്രി മാഫിയാ തലവൻ ഡോങ്-സൂ തനിച്ച് തന്റെ കാറിൽ യാത്ര പുറപ്പെടുന്നു. അന്ന് കൊലപാതകിയുടെ ഉന്നം അയാളായി മാറുന്നു. ആളൊഴിഞ്ഞ പ്രദേശം തേടി അയാൾ ഡോങ്-സൂവിനെ പിന്തുടർന്നു. പക്ഷേ, ഡോങ്-സൂവിനെ ലക്ഷ്യമിട്ടതോട് കൂടി കൊലപാതകിയുടെ തലവര തന്നെ മാറുകയാണ്. The Gangster Or The Devil..?


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ മാഫിയാ തലവൻ ജാങ് ഡോങ്-സൂവായി വേഷമിട്ടിരിക്കുന്നത് മാ ഡോങ്-സ്യോക്കാണ്. ഫ്ലൂവിലെയും ട്രെയിൻ ടു ബുസാനിലെയും വളരെ ചെറിയ വേഷങ്ങളിൽ വളരെ ചെറിയ രംഗങ്ങളിൽ വന്ന് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച നടനാണ് മാ ഡോങ്-സ്യോക്ക്. അദ്ദേഹത്തിൻറെ അപാരമായ ക്യാമറ പ്രെസൻസ് തിരിച്ചറിഞ്ഞതുകൊണ്ടാവണം ഇതിലെ പ്രധാന വേഷം അദ്ദേഹത്തെ ഏൽപ്പിച്ചത്. തന്റെ ഡ്യൂട്ടി വളരെ ഭംഗിയായി അദ്ദേഹം നിർവഹിച്ചു എന്ന് തന്നെ പറയാം. നായകനായും വില്ലനായും ഉപയോഗിക്കാവുന്ന മറ്റൊരു ചോയ് മിൻ-സിക്കിനെയാണ് ഞാൻ മാ ഡോങ്-സ്യോക്കിൽ കാണുന്നത്. ജുങ് തേ-സുക്കെന്ന അതിബുദ്ധിമാനായ പൊലീസുകാരനായി അഭിനയിച്ചിരിക്കുന്നത് കിം മു-യോലാണ്. The Gangster Or The Cop? ഇതിലെ യഥാർത്ഥ നായകൻ ആരാണെന്ന് സംശയമുണ്ടാവാമെങ്കിലും വില്ലൻ ഒരേയൊരാളാണ്. K എന്ന നിഗൂഢ വില്ലനായി എത്തിയിരിക്കുന്നത് കിം സുങ്-ക്യുവാണ്. മിൻസിക്കോളം വരില്ലെങ്കിലും മിൻസിക്കിന്റെ ഒരു മിന്നായം കണ്ടു കിം സുങ്-ക്യുവിന്റെ വില്ലനിസത്തിൽ. ഹ്യോ ഡോങ്-വോൻ (ചോയ് മൂൺ-സിക്ക്), കിം യൂൻ-സുങ്
(ബേ സൂൺ-ഹോ), ഓഹ് ഹീ-ജൂൻ (കിം ഡോങ്-ചുൽ), ചോയ് മിൻ-ചുൽ (ക്വോൻ ഓഹ്-സുങ്), ആഹ്ൻ സുങ്-ബോങ് തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിളിന്റെ ഹോളിവുഡ് റീമേക്ക് റൈറ്റ് സിൽവസ്റ്റർ സ്റ്റാലനും അദ്ദേഹത്തിൻറെ പ്രൊഡക്ഷൻ കമ്പനിയും വാങ്ങിച്ചിട്ടുണ്ട്. മാ ഡോങ്-സ്യോക്ക് അദ്ദേഹത്തിൻറെ ഗ്യാങ്സ്റ്റർ വേഷം ഹോളിവുഡ് റീമേക്കിലും ചെയ്‌തേക്കും. ജോൺ വിക്ക് 3യിൽ കിട്ടുമായിരുന്ന ഹോളിവുഡ് എൻട്രി അദ്ദേഹത്തിന് നഷ്ടമായത് ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിളിന്റെ  ചിത്രീകരണത്തിലെ കാലതാമസം കാരണമായിരുന്നു. ഇനി അതിന്റെ റീമേക്കിലൂടെ തന്നെ അദ്ദേഹം ഹോളിവുഡിലേക്ക് കാലെടുത്ത് വെക്കട്ടെ. അതല്ലേ കാവ്യനീതി..






6.9/10 . IMDb
94% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...