Agent Sai Srinivasa Athreya » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ മലയാളത്തിലിപ്പോൾ റിയലിസ്റ്റിക് മൂവികളുടെ കാലമാണ്. ലക്ഷണമൊത്ത ഒരു ഇൻവെസ്റ്റിഗേഷണൽ ത്രില്ലർ മൂവി കണ്ടിട്ട് വർഷങ്ങളായി. യവനിക, സേതുരാമയ്യർ സീരീസ്, മുഖം, ചിന്താമണി കൊലക്കേസ്, ഒരു അഭിഭാഷകന്റെ കേസ് ഡയറി, നമ്പർ 20 മദ്രാസ് മെയിൽ, മെമ്മറീസ്, സെവൻത് ഡേ, മുംബൈ പോലീസ്, എഫ്‌ഐആർ, ദി ടൈഗർ, പാലേരി മാണിക്യം തുടങ്ങിയവ പോലോത്ത നല്ല കിണ്ണം കാച്ചിയ ഇൻവെസ്റ്റിഗേഷണൽ ത്രില്ലറുകൾ കണ്ടു ശീലിച്ച മലയാളി ഈ വർഷം കണ്ട ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷണൽ ത്രില്ലർ മൂവി കോടതി സമക്ഷം ബാലൻ വക്കീൽ ആണെന്നറിയുമ്പോഴാണ് മലയാള സിനിമ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ജോണറുകളുടെ വൈവിധ്യക്കുറവ് എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ പറ്റുന്നത്. എത്രകാലം നമുക്കീ റിയലിസ്റ്റിക് ട്രെൻഡുമായി മുന്നോട്ട് പോവാനാവും? മറ്റു ഫിലിം ഇൻഡസ്ട്രീസ് എടുത്താൽ അവിടെ പരിയേറും പെരുമാൾ പോലെ റിയലിസ്റ്റിക്കിനും രാച്ചസൻ പോലെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനും പേട്ട പോലെ സ്റ്റൈലിഷ് മൂവിക്കുമെല്ലാം ഇടമുണ്ട് എന്നത് ശ്രദ്ദിക്കുക. തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയവ എടുത്താലും ഇതുതന്നെയാണ് സ്ഥിതി. മലയാളത്തിൽ ഈയടുത്ത് ഇറങ്ങിയ റിയലിസ്റ്റിക് മൂവികളിൽ ബഹുഭൂരിപക്ഷവും മനോഹരമായിരുന്നു എന്നത് സമ്മതിച്ചുകൊണ്ട് തന്നെ പറയട്ടെ മലയാളം ഇൻഡസ്ട്രി മറ്റു ഇൻഡസ്ട്രികളെ കണ്ടുപഠിക്കണം എന്ന്. ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിറങ്ങി തുത്തുവാരിയ അതേ ബോക്സ് ഓഫീസിൽ തന്നെയാണ് ഗൂഡാചാരി, അർജുൻ റെഡ്ഢി ഒക്കെ പോലോത്ത ചെറിയ ബജറ്റ് സിനിമകൾ വലിയ വിജയങ്ങൾ നേടി അത്ഭുതപ്പെടുത്തുന്നത്. പുതിയ താരങ്ങളുടെ ഉദയത്തിനാണ് ടോളിവുഡ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വിജയ് ദേവരകൊണ്ടേയും അദിവി ശേഷുമൊക്കെ ഒറ്റ സിനിമ കൊണ്ട് അവരുടെ തലവര തന്നെ മാറ്റിയെഴുതിയവരാണ്. ഈ വർഷവും ടോളിവുഡിൽ ഒരു പുത്തൻ താരോദയത്തിനുള്ള സാധ്യതയാണ് ഏജന്റ് സായ് ശ്രീനിവാസ ആത്രേയ എന്ന സിനിമയിലൂടെ ഞാൻ കാണുന്നത്. നവീൻ പൊലിഷെട്ടി എന്നൊരു താരം ഇവിടെ ജനിക്കുകയാണ്..
■ സ്വരൂപ് RSJ സംവിധാനം നിർവഹിച്ച കോമഡി ക്രൈം ആക്ഷൻ ത്രില്ലർ തെലുങ്ക് ചിത്രമാണ് ഏജന്റ് സായ് ശ്രീനിവാസ ആത്രേയ. നായകനായി അഭിനയിച്ച നവീൻ പൊലിഷെട്ടിയും സംവിധായകൻ സ്വരൂപ് RSJയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു തരത്തിൽ തിരക്കഥ തന്നെയാണ് ഇതിലെ നായകൻ. അത്രയ്ക്കും ശക്തമായ തിരക്കഥ. സണ്ണി കുരാപതി ഛായാഗ്രഹണവും അമിത് ത്രിപതി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പിന്നെ എടുത്ത് പറയേണ്ടത് മാർക്ക് K. റോബിനൊരുക്കിയ കിടിലൻ പശ്ചാത്തല സംഗീതമാണ്. ലോകത്തിലെ ഏറ്റവും മികച്ച ക്രൈം ഇൻവെസ്റ്റിഗേഷണൽ ത്രില്ലറുകളായ ഷെർലക് ഹോംസിനോടും ജെയിംസ് ബോണ്ടിനോടുമൊക്കെ കിടപിടിക്കുന്ന ബിജിഎം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്തായാലും കുറച്ച് കാലത്തേക്കെങ്കിലും ഏജന്റ് ആത്രേയയുടെ തീം മ്യൂസിക് എന്റെ റിങ്‌ടോണായി വാഴും. ഷെർലോക്ക് ഹോംസ് എഗൈൻ എന്ന ഒരൊറ്റ പാട്ട് മാത്രമേ ഈ ചിത്രത്തിലുള്ളൂ..
✍sʏɴᴏᴘsɪs
■ സായ് ശ്രീനിവാസ ആത്രേയ എന്ന ഭോപ്പാൽ കോളേജിലെ വിദ്യാർഥി ഒരു ദിവസം അർദ്ധരാത്രി അടിയന്തിര കാര്യമുണ്ടെന്നറിയിച്ചു അവന്റെ അമ്മാവൻ വിളിക്കുന്നു. സ്വന്തം നാടായ നെല്ലൂരിലെത്തിയപ്പോഴാണ് അമ്മ മരിച്ചുവെന്ന സത്യം അവനറിയുന്നത്. ആത്രേയ എത്തുന്നതിനു മുൻപേ അമ്മയുടെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞിരുന്നു എന്നറിഞ്ഞത് അവന് മറ്റൊരു ആഘാതമാവുന്നു. സ്വന്തം അമ്മയുടെ മുഖം അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാത്ത ഒരു മകന്റെ ദുഖത്തിലൂടെയാണ് ഈ സിനിമ തുടങ്ങുന്നത്. ഈയൊരു പ്ലോട്ട് സമ്മറി വേറെ റിവ്യൂകളിലൊന്നും കാണാഞ്ഞതുകൊണ്ടാണ് ഞാനിത് പ്രത്യേകം ചേർക്കുന്നത്. കാരണം, ഈ പ്ലോട്ടാണ് ഈ സിനിമയുടെ നെടുന്തൂൺ. മൂന്ന് വർഷങ്ങൾക്ക് ശേഷം സായ് ശ്രീനിവാസ ആത്രേയ നെല്ലൂരിലെ FBI ഏജന്റാണ്. FBI ഒക്കെ അമേരിക്കയിലല്ലേ, ഇന്ത്യയിലെന്ത് FBI എന്ന സംശയം പ്രേക്ഷകരായ നമുക്ക് എന്തായാലുമുണ്ടാകും. ഏജന്റ് ആത്രേയയുടെ FBI ഫാത്തിമ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനാണ്. ഫാത്തിമ ആത്രേയയെ തേച്ചിട്ടുപോയ മുൻകാമുകിയാണ്. അവിടം തൊട്ട് സിനിമ കോമഡി ട്രാക്കിലൂടെ വളരെ രസകരമായി ഓടിത്തുടങ്ങുകയാണ്. പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജന്റ് ആത്രേയയും അയാളുടെ അസിസ്റ്റന്റ് സ്നേഹയും അല്ലറ ചില്ലറ മോഷണക്കേസുകൾക്ക് തുമ്പുണ്ടാക്കിയും പല തരം അമളികളിൽ ചെന്ന് ചാടിയും നമ്മുടെ സ്വന്തം സിഐഡി മൂസയെ ഓർമ്മിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. ഒരു ദിവസം ആത്രേയയുടെ ഇൻഫോർമർ സിരീഷ് വെങ്കടാചലത്തിലെ റെയിൽവേ ട്രാക്കിനോട് ചേർന്ന് ഒരു അജ്ഞാത മൃതദേഹം കിടക്കുന്ന കാര്യം ആത്രേയയെ അറിയിക്കുന്നു. അതുപ്രകാരം അവിടെയെത്തുന്ന ആത്രേയയെ പക്ഷേ, പോലീസ് കൊലപാതക സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നു. അന്ന് കോടതി അവധിയായതുകൊണ്ട് ജാമ്യം ലഭിക്കാതെ ആത്രേയക്ക് ആ രാത്രി ലോക്കപ്പിൽ കഴിയേണ്ടി വരികയാണ്. പക്ഷേ, അന്ന് രാത്രി ആ ലോക്കപ്പിനുള്ളിൽ വെച്ച് മാരുതി റാവു എന്നൊരു വൃദ്ധൻ തന്റെ മകൾ ദിവ്യയുടെ ദാരുണമായ കൊലപാതകത്തിനെക്കുറിച്ച് ആത്രേയയോട് കരഞ്ഞുകൊണ്ട് പറയുകയാണ്. പിറ്റേന്ന് ജാമ്യത്തിലിറങ്ങുന്ന ആത്രേയ മാരുതി റാവുവിന്റെ മകളുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ആരംഭിക്കുന്നു. പിന്നീടങ്ങോട്ട് പടം വേറെ ലെവലാണ്..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ രണ്ടുമൂന്ന് സിനിമകളിൽ സൈഡ് റോളുകളിൽ മാത്രം വന്നിട്ടുള്ള നവീൻ പൊലിഷെട്ടിയാണ് ഏജന്റ് സായ് ശ്രീനിവാസ ആത്രേയയായി ഗംഭീര പ്രകടനം നടത്തിയിരിക്കുന്നത്. നവീന്റെ കോമഡി ടൈമിങ്ങൊക്കെ അപാരമായിരുന്നു. നവീന്റെ ചടുലത തന്നെയാണ് ഒരു തരത്തിൽ ഈ ചിത്രത്തെ എൻഗേജിങ് ആക്കിയത് എന്നും വേണമെങ്കിൽ പറയാം. ജയിൽ സീനിലെ ഒരു അപ്രധാന ഡയലോഗ് ഇംഗ്ലീഷിൽ നവീനങ്ങു തട്ടിയപ്പോൾ പ്രേക്ഷകർ ശരിക്കും അന്ധാളിച്ചുകാണും. സൗത്ത് ഇന്ത്യയിൽ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടൻ എന്ന പട്ടം പ്രിത്വിരാജിന് നഷ്ടപ്പെടാനാണ് സാധ്യത 😜 സ്റ്റാർ പ്ലസിലെ റിയാലിറ്റി ഷോയിലൂടെ അരംഗത്തെത്തിയ പുതുമുഖം ശ്രുതി ശർമ്മയാണ് ഏജന്റ് ആത്രേയയുടെ അസിസ്റ്റന്റായ സ്നേഹയുടെ വേഷത്തിലെത്തിയിരിക്കുന്നത്. സുഹാസ് പി മറ്റൊരു പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജന്റ് ബോബിയായും രാംദത്ത് എസ്‌ഐ വംശിയായും അഭിനയിച്ചിരിക്കുന്നു. ശ്രദ്ധ രാജഗോപാലൻ വസുധ എന്ന മറ്റൊരു പ്രധാന വേഷത്തിലും എത്തിയിരിക്കുന്നു. കൃഷ്‌ണേശ്വർ റാവു (മാരുതി റാവു), ക്രാന്തി പ്രിയൻ (സിരീഷ്), വിശ്വനാഥ് (ബർഗർ സി.ഐ), സന്ദീപ് രാജ് (അജയ്), വിനു വർമ്മ (ഹർഷ), അപ്പാജി അംബരീഷ (വസുധയുടെ അച്ഛൻ), സുരി K ചാപ്ലിൻ (പി.സി. നാരായൺ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ ഏജന്റ് സായ് ശ്രീനിവാസ ആത്രേയ എന്ന വമ്പൻ താരങ്ങളില്ലാത്ത ചിത്രം ടോളിവുഡ് ബോക്സ് ഓഫീസിൽ വമ്പൻ വിജയം കൈവരിച്ചതിന് പിന്നാലെ അണിയറ പ്രവർത്തകർ ഏജന്റ് ആത്രേയ തുടർ ഭാഗങ്ങളുള്ള ഒരു ഫ്രാഞ്ചെസിയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നവീൻ പൊലിഷെട്ടിയിലൂടെ നായകനും നല്ലൊരു തിരക്കഥാകൃത്തുമായി ഉപയോഗിക്കാവുന്ന അദിവി ശേഷിനെപ്പോലെയുള്ള മറ്റൊരു പ്രതിഭയെയാണ് തെലുങ്ക് ഫിലിം ഇൻഡസ്ട്രിക്ക് ലഭിച്ചിരിക്കുന്നത്. ഏജന്റ് ആത്രേയയുടെ തിരക്കഥ സാങ്കൽപ്പികം മാത്രമാണെങ്കിലും നമ്മുടെ രാജ്യത്തെ പല ക്രൈമുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് അറിയുമ്പോൾ ഏജന്റ് ആത്രേയയെ വെറുമൊരു കോമഡി പടമല്ല, കാലികപ്രസക്തിയുള്ള ഒരു മികച്ച സൃഷ്ടി തന്നെയാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു സിഐഡി മൂസ പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകന് ഒരു ഷെർലോക്ക് ഹോംസിനെയോ ജെയിംസ് ബോണ്ടിനെയോ നൽകാൻ ഏജന്റ് സായ് ശ്രീനിവാസ ആത്രേയക്ക് സാധിച്ചു..
8.7/10 . IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ