Thanneer Mathan Dinangal » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ആദ്യം തന്നെ ഇത്രയും മനോഹരമായൊരു സിനിമയ്ക്ക് റിവ്യൂ ഇടാൻ താമസിച്ചതിന് ക്ഷമ ചോദിക്കുന്നു. തണ്ണീർ മത്തന്റെ മധുരവുമായി പല പ്രേക്ഷകരെയും ഭൂതകാലത്തിന്റെ കുളിരോർമ്മയിലേക്ക് വീണ്ടും പറിച്ചു നട്ട മൊഞ്ചുള്ള സിനിമ. കണ്ടു തീർന്നിട്ടും തീരരുതായിരുന്നു എന്ന് തോന്നിയ ഒരു സിനിമയുണ്ടെങ്കിൽ അത് ഇതാണ്. ആ പഴയ പ്ലസ് ടു കാലത്തേക്ക്, ആ കലാലയത്തിലേക്ക് ഒരിക്കൽ കൂടി മടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ, ആ രണ്ട് വർഷമൊന്നു തിരിച്ചുകിട്ടിയിരുന്നെങ്കിൽ.. എന്ന് ചിന്തിച്ചിട്ടുള്ളവർക്ക് കൂടിയാണ് ഈ തണ്ണീർ മത്തൻ ദിനങ്ങൾ. വരൂ നമുക്കാ ജാതിക്ക തോട്ടത്തിലെ കുളക്കരയിൽ ഒരിക്കൽ കൂടി പോയിരിക്കാം..
■ നവാഗത സംവിധായകൻ ഗിരീഷ് A.D. സംവിധാനം നിർവഹിച്ച റൊമാന്റിക് കോമഡി മലയാള ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. ഷോർട്ട് ഫിലിമുകളിലൂടെ കഴിവ് തെളിയിച്ചിട്ടാണ് സിനിമയിലേക്ക് കാലെടുത്ത് വെച്ചതെങ്കിലും ഒരു പുതുമുഖ സംവിധായകനാണ് ഗിരീഷെന്നത് വിശ്വസിക്കാൻ തന്നെ പ്രയാസം. അത്രയ്ക്കും മനോഹരമായ മെയ്‌ക്കിങ്ങാണ് ഈ ചിത്രത്തിന്. സംവിധായകൻ ഗിരീഷ് A.D.യും ഡിനോയ് പൗലോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കുറിക്ക് കൊള്ളുന്ന കോമഡി ഡയലോഗുകളും കൗണ്ടറുകളുമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന സവിശേഷത. ചിരിപ്പിക്കാനായി കൃത്രിമമായി സൃഷ്ടിച്ച കോമഡി എന്ന് ഒരിക്കലും തോന്നാത്ത നിഷ്കളങ്കതയുടെ പര്യായങ്ങളായ പല ഡയലോഗുകളും ചിരിയുടെ പൂത്തിരി കത്തിച്ചു എന്ന് തന്നെ പറയാം. ജോമോൻ ടി ജോണും വിനോദ് ഇള്ളംപള്ളിയുമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രകൃതിയെയൊക്കെ അതിമനോഹരമായി വിഷ്വലൈസ് ചെയ്യാൻ ജോമോന് ഒരു പ്രത്യേക സിദ്ധിയുണ്ട് എന്നത് മുൻപ് തെളിയിക്കപ്പെട്ടതാണല്ലോ. ജാതിക്ക തോട്ടത്തിന്റെ വിഷ്വലൈസേഷൻ അതിന് അടിവരയിടുന്നത് കൂടിയാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗ്ഗീസാണ് ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയിരിക്കുന്നത്. പാട്ടുകൾ മുഴുവൻ പടം കണ്ടുകഴിഞ്ഞാലും മനസ്സിൽ അവശേഷിക്കുന്ന തരത്തിലുള്ളവയായിരുന്നു. ജാതിക്ക തോട്ടം വിഷ്വലുകൾ അടക്കമാണ് മനസ്സിൽ പതിഞ്ഞു കിടക്കുന്നത്.
✍sʏɴᴏᴘsɪs
■ ജെയ്‌സൺ എന്ന കൗമാരക്കാരന്റെ പ്ലസ് ടു ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. അവന്റെ കൂട്ടുകാരും കുടുംബവുമൊക്കെയായാണ് സിനിമയുടെ മുന്നോട്ടുള്ള യാത്ര. സയൻസ് ഗ്രൂപ്പിന്റെ കടുകട്ടി കൊണ്ട് ഹ്യൂമാനിറ്റീസിലേക്കുള്ള സീറ്റ് മാറ്റത്തിനായി ജെയ്സണെ സമീപിക്കുന്ന മെൽവിൻ പിന്നീട് അവന്റെ ആത്മാർത്ഥ സുഹൃത്തായി മാറുന്നു. മെൽവിനാണ് ശരിക്കും ഈ സിനിമയെ തണ്ണീർ മത്തൻ ദിനങ്ങൾ ആക്കി മാറ്റുന്നത്. സ്വന്തം ക്ലാസ്സിലെ കീർത്തിയുമായി ജെയ്സണ് പ്രണയം തോന്നുന്നു. കീർത്തിയുടെ സ്നേഹം നേടുക എന്നത് പക്ഷേ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അതിനിടയ്ക്ക് മലയാളം ഭാഷാ അധ്യാപകനായി രവി പത്മനാഭൻ രംഗത്ത് വരുന്നതോടെ ജെയ്സന്റെ മോഹത്തിന് മേൽ കരിനിഴൽ വീഴുകയാണ്. എല്ലാവരുടെയും ആരാധനാപാത്രമായി മാറുന്ന രവി സാർ ജെയ്സണ് മാത്രം തന്റെ പഞ്ചസാരയിൽ വീണ കട്ടുറുമ്പായി മാറുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ കുമ്പളങ്ങി നൈറ്റ്‌സിൽ മൂന്ന് ഏട്ടന്മാരുടെ സ്വന്തം അനിയൻ ഫ്രാങ്കിയായി തോണി തുഴഞ്ഞു മലയാളികളുടെ ഹൃദയങ്ങളിൽ ചേക്കേറിയ പുതുമുഖം തോമസ് മാത്യുവാണ് തണ്ണീർ മത്തൻ ദിനങ്ങളിലെ നായകൻ ജെയ്‌സണായി വേഷമിട്ടിരിക്കുന്നത്. ഫ്രാങ്കിയായുള്ള അഭിനയ പ്രകടനം കണ്ടപ്പഴേ ചെക്കൻ കയറി വരുമെന്ന് ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. അതിന് അടിവരയിടുന്നതായിരുന്നു തോമസ് മാത്യുവിന്റെ ജെയ്സണും. ഒരു കൗമാരക്കാരന്റെ എല്ലാ കുസൃതികളും വ്യാകുലതകളും ഓപ്പോസിറ്റ് ജെൻഡറിനോട് സ്വാഭാവികമായും ഉണ്ടാവുന്ന ഇൻഫാറ്റ്വേഷനും പക്വതക്കുറവുമെല്ലാം തോമസ് മാത്യുവിൽ ഭദ്രമായിരുന്നു. അവൻ ജെയ്‌സണായി ജീവിക്കുക തന്നെയായിരുന്നു. ഉദാഹരണം സുജാതയിൽ മഞ്ചു വാര്യരുടെ മകൾ ഹൈസ്‌കൂൾ വിദ്യാർത്ഥിനി ആതിരയായി വെള്ളിത്തിരയിൽ അരങ്ങേറിയ അനശ്വര രാജനാണ് കീർത്തിയെ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തോട് നീതി പുലർത്തുന്നതായിരുന്നു അനശ്വരയുടെ പ്രകടനവും. പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എന്തോ ആയിക്കൊള്ളട്ടെ, ഇനി കുറച്ച് കാലത്തേക്കെങ്കിലും പലരുടെയും കുട്ടൂസ് അനശ്വര തന്നെയായിരിക്കും. രവി പത്മനാഭനായി വേഷമിട്ടിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനീത് പൂണ്ടു പിളയാടുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ചിലർ വിനീതിന്റെ പ്രകടനത്തെ അമിതാഭിനയം എന്ന് വിമർശിച്ചു കണ്ടെങ്കിലും കുറച്ചധികം ഓവർ ആക്ടിങ് ആവശ്യമുള്ള കഥാപാത്രമായിരുന്നു രവി പപ്പൻ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ജെയ്സന്റെ ചങ്ക് ബ്രോ മെൽവിനായി നിമിഷ നേരം കൊണ്ട് നർമ്മവും കൗണ്ടറുകളുമായി ഒരു പക്ഷേ, നായകൻ തോമസ് മാത്യുവിനേക്കാൾ കൈയ്യടി വാങ്ങിയത് പുതുമുഖ താരം നസ്ലിനായിരിക്കും. ജെയ്സന്റെ ഏട്ടൻ ജോയ്‌സണായി വേഷമിട്ട ഈ ചിത്രത്തിൻറെ തിരക്കഥാകൃത്ത് കൂടിയായ ഡിനോയ് പൗലോസും നർമ്മം കൈകാര്യം ചെയ്യുന്നതിൽ അപാരമായിരുന്നു. പ്രത്യേകിച്ച് ക്ലൈമാക്സിലൊക്കെ ഡിനോയ് നിറഞ്ഞാടുകയായിരുന്നു. ഉപ്പും മുളകിലെ നീലുവായി പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ച നിഷ സാരംഗ് എന്തിനാണ് അപ്രധാന കഥാപാത്രമായ കീർത്തിയുടെ അമ്മ വേഷം ഏറ്റെടുത്തത് എന്നതായിരുന്നു അവസാനം വരെ എന്റെ സംശയം. പക്ഷേ, ക്ലൈമാക്സ് ആ സംശയത്തെ ദൂരീകരിച്ചു എന്ന് തന്നെ പറയാം. ജെയ്സന്റെ ചങ്ക് ബ്രോകളിൽ ഒരാളായ ലിന്റപ്പനായി അഭിനയിച്ച ഫ്രാങ്കോ, ഫിസിക്സ് ടീച്ചർ ബിന്ദു മിസ്സ് ആയി എത്തിയ ബിന്നി റിങ്കി ബെഞ്ചമിൻ, സിജു ചേട്ടനായി വേഷമിട്ട ശബരീഷ് വർമ്മ, ജെയ്സന്റെ മറ്റൊരു ചങ്ക് ബ്രോ ആയി അഭിനയിച്ച പയ്യൻ, ജെസ്സിയുടെ വേഷത്തിലെത്തിയ പെൺകുട്ടി, സ്കൂൾ പ്രിൻസിപ്പലായി വേഷമിട്ട ഇർഷാദ് മുതൽ മാതാ ജെറ്റിന്റെ ഡ്രൈവറായി ഒരൊറ്റ സീനിൽ വന്ന് കൈയ്യടി വാരിക്കൂട്ടിയ കിച്ചു ടെല്ലസ് തുടങ്ങി വന്നവരും പോയവരുമെല്ലാം സ്‌കോർ ചെയ്ത മറ്റൊരു മലയാള ചിത്രം ഈ അടുത്ത കാലത്തെങ്ങും ഞാൻ കണ്ടിട്ടില്ല.
📎 ʙᴀᴄᴋwᴀsʜ
■ അന്യായ കോമഡി ടൈമിംഗുമായി എന്നെ വല്ലാതെ ഞെട്ടിച്ചത് രണ്ട് പേരാണ്. വാ തുറന്നാൽ കോമഡി മാത്രം പറയുന്ന, സ്കൂളിൽ ചേരാൻ വന്ന അന്ന് തന്നെ പറ്റ് തുടങ്ങാൻ പറ്റിയ കട ഫിക്സ് ചെയ്ത, ബുദ്ധി മെയ്ൻ ക്വാളിഫിക്കേഷനായ മെൽവിനായി അഭിനയിച്ച നസ്ലിനും ജെയ്സന്റെ ഒരു പണിയും ഇല്ലാത്ത സദാസമയവും ടിവിയും കണ്ടിരിക്കുന്ന ഒരേയൊരു ഏട്ടൻ ജോയ്‌സണായി വേഷമിട്ട ഈ പടത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ഡിനോയ് പൗലോസും. രണ്ടുപേരും മലയാള സിനിമയിൽ അവരുടേതായ സ്ഥാനം നേടും എന്ന കാര്യം ഉറപ്പാണ്. വലിയ താരങ്ങളില്ലാതെ, പ്രൊമോഷനുകളുടെ കുത്തൊഴുക്കില്ലാതെ വന്ന ഈ കൊച്ചു ചിത്രം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി മാത്രം കൈമുതലാക്കി പല തിയറ്ററുകളിലും സ്പെഷ്യൽ ഷോകളുമായി മുന്നേറുകയാണ്. വർക്കിച്ചാ.. ഒരു വരവ് കൂടി വരേണ്ടി വരും കെട്ടാ..
4/5 . MyRating
കണ്ണ് തട്ടാതിരിക്കാൻ ആ ഒന്ന് ഞാനിങ്ങു എടുക്കാ..
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ