Extreme Job » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കഴിഞ്ഞ അഞ്ചുവർഷത്തോളമായി ചോയ് മിൻസിക്കിന്റെ ദി അഡ്മിറൽ : റോറിങ് കറന്റ്സ് കൈയ്യടക്കി വെച്ചിരുന്ന കൊറിയൻ ബോക്സ് ഓഫീസിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് ഈ വർഷം ഒരു കോമഡി ചിത്രത്തിന് മുൻപിൽ കടപുഴകി. അതാണ് റ്യു സ്യുങ് റിയോങ് നായകനായി അഭിനയിച്ച എക്സ്ട്രീം ജോബ് എന്ന ഈ ചിത്രം. ദി അഡ്മിറലിൽ മിംസിക്കിനോട് കട്ടയ്ക്ക് ഇടിച്ചു നിന്ന ഒരു കൊടൂര വില്ലനുണ്ടായിരുന്നു, ജപ്പാൻ നാവിക സേനയുടെ അഡ്മിറലായി വന്ന് ഞെട്ടിച്ചതും ഇതേ റ്യു സ്യുങ് തന്നെയായിരുന്നു എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസമായിരിക്കും. കൊറിയൻ സിനിമകളിൽ മേക്കോവർ കൊണ്ടും അഭിനയ പ്രകടനം കൊണ്ടും ഒരുപോലെ മികവുപുലർത്തിയ നടനാണ് റ്യു സ്യുങ്. മിറക്കിൾ ഇൻ ദി സെൽ നമ്പർ 7 എന്ന ചിത്രത്തിലെ മാനസിക വളർച്ചയില്ലാത്ത അച്ഛനായി വന്ന് പ്രേക്ഷകരെ കരയിപ്പിച്ചതും ഇതേ റ്യു സ്യുങ് തന്നെയായിരുന്നു. ദി അഡ്മിറലിന്റെ വിതരണക്കാരായിരുന്ന CJ എന്റർടൈൻമെന്റ് തന്നെയാണ് എക്സ്ട്രീം ജോബിന്റെയും വിതരണക്കാർ. ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട കൊറിയൻ ചിത്രം എന്ന റെക്കോർഡ് ഇപ്പോഴും ദി അഡ്മിറലിന്റെ പേരിൽ തന്നെയാണ്.
■ ലീ ബിയോങ് ഹ്യോൻ സംവിധാനം നിർവ്വഹിച്ച ക്രൈം ആക്ഷൻ കോമഡി കൊറിയൻ ചിത്രമാണ് എക്സ്ട്രീം ജോബ്. ബേ സേ-യോങ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. നോ സ്യുങ്-ബോ ഛായാഗ്രഹണവും നാം നാ-യോങ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കോമഡിയും ത്രിൽനെസ്സും ഒരുപോലെ കൊണ്ടുപോവുമ്പോൾ അതിന്റെ പശ്ചാത്തല സംഗീതം അത്രയ്ക്ക് മികച്ചതായിരിക്കണം. അത് വിജയകരമായി തന്നെ ഒരുക്കിയിരിക്കുകയാണ് കിം തേ-സ്യോക്ക് എന്ന സംഗീതജ്ഞൻ.
✍sʏɴᴏᴘsɪs
■ പോലീസ് മയക്കുമരുന്ന് അന്വേഷണ വിഭാഗത്തിലെ അഞ്ച് ഡിറ്റക്റ്റീവുകളുടെ കഥയാണ് എക്സ്ട്രീം ജോബ്. അവരുടെ പല അന്വേഷണങ്ങളും വിജയകരമാവാതെ പാളിപ്പോവാറാണ് പതിവ്. കഴിഞ്ഞ 20 കൊല്ലമായി ക്യാപ്റ്റൻ എന്ന റാങ്കിൽ തന്നെ ജോലി ചെയ്യേണ്ടി വരുന്ന ഗോ എന്ന ഗോങ്-മ്യോങ്ങാണ് അവരുടെ സ്‌ക്വാഡിന്റെ തലവൻ. ജാങ് എന്നൊരു ലേഡി ഡിറ്റക്റ്റീവ്, ഡിറ്റക്റ്റീവ് യോങ്-ഹോ, ഡിറ്റക്റ്റീവ് മാ, ഡിറ്റക്റ്റീവ് ജേ-ഹൂൻ എന്നിവരടങ്ങുന്നവരാണ് സ്‌ക്വാഡ്. പരാജയങ്ങളായ ഒരുപാട് ഓപ്പറേഷനുകൾക്ക് ശേഷവും പോലീസ് സൂപ്രണ്ട് അവരെ ഒരുമിച്ച് തന്നെ നിലനിർത്തി. ഗോയ്ക്ക് ശേഷം പോലീസിൽ വന്ന പലരും പ്രൊമോഷനുകൾ ലഭിച്ച് അയാളുടെ തലയ്ക്ക് മുകളിൽ എത്തി. എങ്ങനെയെങ്കിലും ഒരു ഓപ്പറേഷൻ വിജയിപ്പിച്ച് കഴിവ് തെളിയിക്കണം എന്നതായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെയൊരിക്കൽ പണ്ട് ഗോയുടെ ജൂനിയറും ഇപ്പോൾ സ്ഥാനം കൊണ്ട് സീനിയറുമായ സ്‌ക്വാഡ് ചീഫ് ചോയ് അവരെയൊരു ജോലിയേൽപ്പിക്കുന്നു. നഗരത്തെ അടക്കി ഭരിക്കുന്ന ലീ മുബേയുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് മാഫിയാ സംഘത്തെ നിരീക്ഷിച്ച് അവരുടെ പ്ലാനുകൾ ചോർത്തണം. അവരുടെ താവളത്തിൽ മുബേ വരുന്നത് എപ്പോഴാണെന്ന് മനസ്സിലാക്കി ആ വിവരം ചോയെ അറിയിക്കണം. ഗോയുടെ സ്‌ക്വാഡ് മുബേയെ പിടികൂടാൻ തന്നെ തീരുമാനിക്കുന്നു. അതിനായി മുബേയുടെ താവളത്തിന് പുറത്ത് നിരീക്ഷണം ശക്തമാക്കുന്ന അവർ പക്ഷേ, മാഫിയ സംഘം തിരിച്ചറിയുമെന്ന കാരണത്താൽ നിരീക്ഷണം മുബേയുടെ താവളത്തിന് മുന്നിലെ ഒരു ചിക്കൻ റെസ്റ്റോറെന്റിന്റെ ഉള്ളിൽ നിന്നാക്കുന്നു. എന്നാൽ കസ്റ്റമേഴ്സ് വളരെ കുറവായിരുന്ന ആ റെസ്റ്ററന്റിന്റെ ഓണർ അത് വിൽക്കാനുള്ള പുറപ്പാടിലായിരുന്നു. മുബേയെ നിരീക്ഷിക്കാൻ മറ്റൊരു വഴിയില്ല, അവർക്ക് ഈ കേസെങ്കിലും വിജയിപ്പിച്ചേ മതിയാവൂ. അവസാനം ക്യാപ്റ്റൻ ഗോ തന്റെ റിട്ടയർമെന്റ് ഫണ്ട് ഉപയോഗിച്ച് ആ റെസ്റ്ററന്റ് വിലയ്ക്ക് വാങ്ങുന്നു. പക്ഷേ, കസ്റ്റമേഴ്സ് വരുമ്പോൾ സംശയം തോന്നാതിരിക്കണമെങ്കിൽ റെസ്റ്ററന്റിൽ കച്ചവടം നടക്കണമല്ലോ. ഓരോരുത്തരും അവരാൽ കഴിയുന്ന വിധത്തിൽ ഫ്രൈഡ് ചിക്കൻ ഉണ്ടാക്കി അതിൽ ഏറ്റവും രുചിയിൽ ഫ്രൈഡ് ചിക്കൻ ഉണ്ടാക്കുന്നയാളെ കുക്കായി നിയമിക്കാൻ ക്യാപ്റ്റൻ ഗോ ഉത്തരവിടുന്നു. അങ്ങനെ ഡിറ്റക്റ്റീവ് മാക്ക് കുക്കാവാനുള്ള നറുക്ക് വീഴുന്നു. മായുടെ കൈപ്പുണ്യം കാരണം അവരുടെ റെസ്റ്ററന്റ് നഗരത്തിൽ പ്രശസ്തമാകുന്നു. അങ്ങനെ റെസ്റ്ററന്റിൽ തിരക്ക് വർധിച്ചതോടെ ഗോയുടെയും സംഘത്തിന്റെയും സകല പ്ലാനുകളും അവതാളത്തിലാവുന്നു. റെസ്റ്ററന്റ് നോക്കി നടത്തണോ അതോ അന്വേഷണം തുടരണോ..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ റ്യു സ്യുങ്-റിയോങ്ങാണ് ക്യാപ്റ്റൻ ഗോ ആയി വേഷമിട്ടിരിക്കുന്നത്. ഒരുപാട് കൊറിയൻ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും കൊറിയക്കാരുടെ മുഖങ്ങളും പേരുകളും തമ്മിലുള്ള സാമ്യത കാരണം മിംസിക്കിന്റെയും ഡോൺ ലീയുടെയും പേര് മാത്രമേ ഓർമ്മയുള്ളൂ. റ്യു സ്യുങ്ങിനെയാവട്ടെ അദ്ദേഹത്തിൻറെ വ്യത്യസ്ത മേക്കോവറുകൾ കാരണം ഏതൊക്കെ സിനിമയിലായിരുന്നു അഭിനയിച്ചത് എന്നത് തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. മിറക്കിൾ ഇൻ ദി സെൽ നമ്പർ 7നിലെ ബുദ്ധിവളർച്ചയില്ലാത്ത അച്ഛനും ദി അഡ്മിറലിലെ കൊടൂര വില്ലനായ ജപ്പാൻ അഡ്മിറലും ഒരാളാണ് എന്നത് തന്നെ ഒരു ഞെട്ടലായിരുന്നു സമ്മാനിച്ചത്. എക്സ്ട്രീം ജോബ് ഒരു കോമഡി ചിത്രമായിരുന്നിട്ട് കൂടി കിട്ടിയ ഒരു നിമിഷാർദ്ധത്തിൽ റ്യു സ്യുങ് തന്റെ അഭിനയ മികവ് കാണിച്ചു തന്നു എന്നുള്ളതായിരുന്നു സത്യം. ക്യാപ്റ്റൻ ഫിലിപ്സിന്റെ അവസാനത്തിലെ ഒരൊറ്റ സീൻ കൊണ്ട് "ഇതെന്റെ സിനിമയാണ്" എന്ന് വിളിച്ചോതിയ ടോം ഹാങ്ക്സിനെപ്പോലെ. സ്‌ക്വാഡിലെ ഒരേയൊരു പെൺതരി, മുബേയുടെ കാറിനെ പിന്തുടർന്ന് ക്ഷീണിച്ച ഡിറ്റക്റ്റീവ് യോങ്-ഹോയെക്കാൾ പ്രയാസകരമായ ജോലി ഇത്രയും ടേബിളുകൾ തുടച്ചു തീർത്ത തന്റേതാണെന്ന് വിളിച്ചു പറഞ്ഞ ഡിറ്റക്റ്റീവ് ജാങ് ആയി വേഷമിട്ട ഹണി ലീ എന്ന ലീ ഹനീ, ചിക്കൻ റെസ്റ്ററന്റിനെ പ്രശസ്തമാക്കിയ കൈപുണ്യമുള്ള കുക്കായി മാറിയ ഡിറ്റക്റ്റീവ് മായുടെ വേഷത്തിലെത്തിയ ജിൻ സ്യോൻ-ക്യു, ചിക്കൻ റെസ്റ്ററന്റിനെക്കാൾ തന്റെ പോലീസ് ജോലിക്ക് വിലകല്പിച്ച സ്‌ക്വാഡിലെ ഒരേയൊരു അംഗം യോങ് ഹോ ആയി അഭിനയിച്ച ലീ ഡോങ്-ഹ്വി, ഉള്ളിയരിയുന്നതാണ് ഈ ലോകത്തിലെ ഏറ്റവും പ്രയാസമേറിയ ജോലി എന്ന് പ്രഖ്യാപിച്ച സ്‌ക്വാഡിലെ പുതുമുഖം ജേ-ഹൂന്റെ വേഷമവതരിപ്പിച്ച ഗോങ് മ്യുങ് എന്നിങ്ങനെ സ്‌ക്വാഡിലെ ബാക്കി നാലുപേരുടെയും പേരുകൾ എടുത്ത് പറഞ്ഞേ തീരൂ. ലീ മുബേ എന്ന വില്ലൻ വേഷമവതരിപ്പിച്ച ഷിൻ ഹാ-ക്യുനും മികച്ച പ്രകടനമായിരുന്നു. ഗ്യാങ്ങുമൊത്ത് വരുന്നവൻ ഗ്യാങ്‌സ്റ്റർ, ഒറ്റയ്ക്ക് വരുന്നവൻ മോൺസ്റ്റർ. മുബേ പക്ഷേ, മോൺസ്റ്ററുമായി വരുന്ന ഗ്യാങ്സ്റ്ററായിരുന്നു. ആ മോൺസ്റ്റർ, സ്യോൻ-ഹീയായി കിടുക്കാച്ചി ആക്ഷൻ പ്രകടനവുമായി നിറഞ്ഞാടിയ ജാങ് ജിൻ-ഹീയെയും ഈ അവസരത്തിൽ ഓർക്കുന്നു. കിം ജി-യോങ് (ക്യാപ്റ്റൻ ഗോയുടെ ഭാര്യ), ഓഹ് ജുങ്-സെ (ടെഡ് ചാങ്), കിം യു-സുങ് (പോലീസ് ചീഫ്), ഹ്യോ ജൂൻ-സ്യുക് (മാനേജർ ജുങ്), കിം ജോങ്-സൂ (ചിക്കൻ റെസ്റ്ററന്റ് ഓണർ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ സ്‌കെയറി മൂവി, ജുമാൻജി മുതലായ കോമഡി ചിത്രങ്ങളിലൂടെ പ്രശസ്തനായ കെവിൻ ഹാർട്ടിനെ നായകനാക്കി CJ എന്റർടൈൻമെന്റ്, യൂണിവേഴ്‌സൽ പിക്ചേഴ്സുമായി ചേർന്ന് ഹോളിവുഡിൽ എക്സ്ട്രീം ജോബിനൊരു റീമേക്ക് ഒരുങ്ങുന്നുണ്ട്. ഏറ്റവും വേഗത്തിൽ 2 മില്യൺ പ്രേക്ഷകരെ നേടുന്ന കോമഡി ഫിലിം എന്ന മൈൽസ്റ്റോൺ വെറും നാല് ദിവസം കൊണ്ട് മറികടന്നു റ്യു സ്യുങ് തന്നെ നായകനായി അഭിനയിച്ച മിറക്കിൾ ഇൻ ദി സെൽ നമ്പർ 7 എന്ന ചിത്രത്തിൻറെ റെക്കോർഡ് തകർത്തു കൊണ്ടായിരുന്നു എക്സ്ട്രീം ജോബിന്റെ തുടക്കം. പിന്നീട് കൊറിയൻ ഫിലിം ഇൻഡസ്ട്രിയിലെ ഏതാണ്ട് എല്ലാ റെക്കോർഡുകളും പേരിലാക്കി, ദി അഡ്മിറലിന്റെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള കൊറിയൻ സിനിമ എന്ന റെക്കോർഡ് ഒഴികെ.
7.2/10 . IMDb
86% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ