Parasite » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ മറ്റൊരു ജീവിയെ ആശ്രയിച്ചു അവയുടെ ഭക്ഷണത്തിൽ നിന്നും പോഷകങ്ങൾ വലിച്ചെടുത്ത് ജീവിക്കുന്നവയെയാണല്ലോ നമ്മൾ പാരസൈറ്റുകൾ അഥവാ പരാദങ്ങൾ എന്ന് വിളിക്കുന്നത്. ഈ സിനിമയും പറയുന്നത് കുറച്ച് പരാദങ്ങളുടെ കഥയാണ്. ഓരോ മനുഷ്യനും ഓരോ പരാദങ്ങളാണ്. ഒരാളെ ആശ്രയിച്ചു കുറെയേറെ പേർ. ഒരുപാടുപേർക്ക് ജോലി കൊടുക്കുന്ന സംരഭകനിൽ നിന്നും ശമ്പളം പറ്റുന്ന തൊഴിലാളികൾ മാത്രമല്ല ഇവിടെ പരാദങ്ങൾ, തന്റെ തൊഴിലാളികളുടെ അധ്വാനത്തിന്റെ പങ്കുപറ്റുന്ന അയാളും ഒരു പരാദം തന്നെയാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങളുടെ കഥയാണ് പാരസൈറ്റ് എന്ന ഈ കൊറിയൻ സിനിമ പറയുന്നത്. ധനികന് സമൂഹത്തിന്റെ താഴേത്തട്ടിൽ ജീവിക്കുന്ന ദരിദ്രനോടുള്ള മനോഭാവം, അതിജീവനത്തിനായുള്ള ദരിദ്രന്റെ പരാക്രമം ഇവയൊക്കെ വളരെ മനോഹരമായി തന്നെ പാരാസൈറ്റിൽ പരാമർശിച്ചു പോകുന്നു. ധനികനായാലും ദരിദ്രനായാലും ഒരാളും മുഴുവൻ സമയം നല്ലവനോ ചീത്തയോ ആവുന്നില്ല എന്ന സത്യം കൂടി ഈ ചിത്രം വിളിച്ചു പറയുന്നു. സ്വന്തം കാഴ്ച്ചപ്പാടിലെ നമ്മുടെ ശരികളെല്ലാം അപരന്റെ ദൃഷ്ടിയിലൂടെ നോക്കുമ്പോൾ തെറ്റുകളായി മാറുന്നത് അതുകൊണ്ട് തന്നെയാണ്. സ്വന്തം കഥയിലെ ഹീറോ എപ്പോഴും നമ്മൾ തന്നെയായിരിക്കുമല്ലോ..
■ ബോങ് ജൂൻ-ഹോ സംവിധാനം നിർവ്വഹിച്ച ബ്ലാക്ക് കോമഡി ത്രില്ലർ കൊറിയൻ സിനിമയാണ് പാരസൈറ്റ്. ഹാൻ ജിൻ-വോനും സംവിധായകൻ ബോങ് ജൂൻ-ഹോയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഹോങ് ക്യുങ്-പ്യോ ഛായാഗ്രഹണവും യാങ് ജിൻ-മോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. വളരെ ലളിതമായിരുന്നെങ്കിലും ജ്യോങ് ജേ-ഇൽ ഒരുക്കിയ പശ്ചാത്തല സംഗീതം മനോഹരമായിരുന്നു. പ്രത്യേകിച്ച് ക്ലൈമാക്സിലൊക്കെ പശ്ചാത്തല സംഗീതം അതിഗംഭീരമായി.
✍sʏɴᴏᴘsɪs
■ രണ്ട് കുടുംബങ്ങളാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ. സമൂഹത്തിന്റെ താഴേ തട്ടിൽ അതിജീവനത്തിനായി പോരാട്ടം തുടരുന്ന കിം കുടുംബവും അതിസമ്പന്നതയിൽ ജീവിത വിജയം കൈവരിച്ചു എന്നവകാശപ്പെടുന്ന പാർക് കുടുംബവും. പറയത്തക്ക ജോലിയൊന്നുമില്ലാത്ത കിം കി-തേക് എന്ന കുടുംബനാഥൻ, അദ്ദേഹത്തിൻറെ ഭാര്യ ചൂങ് സൂക്, അവരുടെ രണ്ട് മക്കൾ. ഇവർ തെരുവിലെ സൗകര്യങ്ങൾ പരിമിതമായ ഇടുങ്ങിയ ഒരു നിലവറ പോലോത്ത അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. അല്ലറ ചില്ലറ ചെറിയ ജോലികൾ ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമുള്ള അവർ ജീവിതം പുലർത്താൻ നന്നേ കഷ്ടപ്പെടുന്നു. മകൻ കി-വൂനും മകൾ കി-ജ്യോങ്ങിനും അവരുടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നു. കി-വൂന്റെ സുഹൃത്ത് ഒരു ദിവസം അവരെ സന്ദർശിച്ചത് അവരുടെ ജീവിതത്തിലെ വഴിത്തിരിവാകുകയാണ്. അതിസമ്പന്നരായ പാർക് കുടുംബത്തിലെ മകളുടെ ഇംഗ്ലീഷ് ട്യൂഷൻ അധ്യാപകനായിരുന്ന മിൻ-ഹ്യുക് ഉപരിപഠനത്തിന് വിദേശത്തേക്ക് പോകുകയാണ്. താൻ പോകുന്ന ഒഴിവിലേക്കായി കി-വൂനെ മിൻ-ഹ്യുക്, പാർക് ഫാമിലിക്ക് നിർദ്ദേശിക്കുകയാണ്. അങ്ങനെ പാർക് കുടുംബത്തിന്റെ അതിഗംഭീരമായ ബംഗ്ലാവിലെത്തുന്ന കി-വൂന്, കുടുംബനാഥയുടെ ലളിതമായ സ്വഭാവത്തിൽ നിന്നും അവരെ കബളിപ്പിക്കാൻ വളരെയെളുപ്പമാണെന്ന് മനസ്സിലാവുന്നു. മിസ്സിസ് പാർക്കിന്റെ വിശ്വാസം വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കുന്ന കി-വൂൻ അവരുടെ ഇളയമകന് ചിത്രകല അഭ്യസിപ്പിക്കാനായി ജെസ്സിക്ക എന്ന വ്യാജപേരിൽ സ്വന്തം അനിയത്തിയെ തന്നെ പരിചയപ്പെടുത്തുന്നു. തുടർന്ന് സ്വന്തം അച്ഛനെയും അമ്മയെയും അവർ പാർക്ക് കുടുംബത്തിലേക്ക് വൻവേതന വ്യവസ്ഥയിൽ ജോലിക്ക് കയറ്റുന്നു. അങ്ങനെ അതിസമ്പന്നരായ പാർക്ക് കുടുംബത്തെ അവരുടെ അതിജീവന ഉപാധിയായി കിം കുടുംബം മാറ്റുകയാണ്..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ മെമ്മറീസ് ഓഫ് മർഡർ, ഏ ടാക്സി ഡ്രൈവർ, ജോയിന്റ് സെക്യൂരിറ്റി ഏരിയ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് അടയാളപ്പെടുത്തിയ സോങ് കാങ്-ഹോയെ എന്തിന് ഒരു അച്ഛൻ വേഷത്തിലേക്ക് ഒതുക്കി എന്ന സംശയം ക്ലൈമാക്സ് കണ്ടതോടെ മാറിക്കിട്ടി. മകൻ കി-വൂനായി അഭിനയിച്ച ചോയ് വൂ-ഷിക്കും ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. കി-ജ്യോങ്ങായി എത്തിയ പാർക് സോ-ഡാം, മി. പാർക്കിനെ അവതരിപ്പിച്ച ലീ സുൻ-ക്യുൻ, മിസ്സിസ് പാർക്കായി അഭിനയിച്ച ചോ യോ-ജ്യോങ്, കിം കി തേക്കിന്റെ ഭാര്യയുടെ വേഷത്തിലെത്തിയ കിം ചുങ്-സൂക് തുടങ്ങി അഭിനയിച്ചവരിൽ ഓരോരുത്തരും മികച്ച പ്രകടനമായിരുന്നു നടത്തിയത്. ജുങ് ജി-സോ (പാർക് ദേ-ഹീ), ജുങ് ഹ്യുൻ-ജൂൻ (പാർക് ദാ-സോങ് ), ലീ ജുങ്-യൂൻ (വേലക്കാരി), പാർക് മ്യുങ്-ഹൂൻ (വേലക്കാരിയുടെ ഭർത്താവ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ കാൻ ചലച്ചിത്ര മേളയിലെ പരമോന്നത പുരസ്‌കാരമായ പാം ഡി ഓർ സ്വന്തമാക്കിയ സിനിമയായിരുന്നു പാരാസൈറ്റ്. അങ്ങനെ ഇത് നേടുന്ന ആദ്യ ദക്ഷിണ കൊറിയൻ സംവിധായകൻ എന്ന റെക്കോർഡും ബോങ് ജൂൻ-ഹോ സ്വന്തമാക്കി. അടുത്ത വർഷത്തെ ഓസ്കാറിനുള്ള ദക്ഷിണ കൊറിയയുടെ ഒഫീഷ്യൽ എൻട്രിയുമാണ് പാരസൈറ്റ്. ഇന്തോനേഷ്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡും പാരസൈറ്റ് സ്വന്തമാക്കിയിരുന്നു.
8.5/10 . IMDb
100%. Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ