Joker » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ജോക്കർ ; ലോകത്തിലേറ്റവും കൂടുതൽ ആരാധകരുള്ള വില്ലൻ കഥാപാത്രങ്ങളിൽ ഒരാൾ. ജോക്കറിന്റെ കഥാപാത്ര രൂപീകരണമാണ്, അല്ലെങ്കിൽ ഒറിജിനാണ് ഈ സിനിമയിൽ പറയുന്നത്. ജോക്കർ എന്ന സൈക്കോ വില്ലനെ അവതരിപ്പിക്കാൻ തന്റെ ജീവൻ തന്നെ ബലികൊടുത്ത ഒരു നടനുണ്ടായിരുന്നു, ഹീത്ത് ലെഡ്ജർ. അദ്ദേഹമവതരിപ്പിച്ച ഡാർക്ക് നൈറ്റിലെ ജോക്കറിനായിരുന്നു ഏറ്റവും കൂടുതൽ പോപ്പുലാരിറ്റിയും ആരാധകരും ഉണ്ടായിരുന്നത്. അതിന് മുൻപ് ടിം ബർട്ടന്റെ ബാറ്റ്മാനിൽ വില്ലനായി അവതരിച്ച ജാക്ക് നിക്കോൾസണായിരുന്നു ജോക്കർ എന്ന കഥാപാത്രമായി പ്രേക്ഷകഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നത്. ഹീത്ത് ലെഡ്ജർ എന്ന ഒരു സാധാരണ ഓസ്‌ട്രേലിയൻ നടനെ ജോക്കർ എന്ന കഥാപാത്രമായി ഡാർക്ക് നൈറ്റിൽ അവതരിപ്പിക്കാനുള്ള നോളന്റെ തീരുമാനത്തിനെതിരെ ആരാധകരോഷം ഉയരാനുള്ള കാരണവും മറ്റൊന്നുമല്ലായിരുന്നു. ജാക്ക് നിക്കോൾസൻ അനശ്വരമാക്കിയ ജോക്കറെന്ന കഥാപാത്രത്തെ ഒരു സാധാരണ നടനെക്കൊണ്ട് ചെയ്യിച്ച് നശിപ്പിക്കാനാണ് നോളൻ ശ്രമിക്കുന്നത് എന്ന ആരോപണമുയർന്നു. പക്ഷേ, ഹീത്ത് ഒരു തരത്തിൽ ജോക്കറെന്ന സൈക്കോപാത്തായി ജീവിതം തന്നെ തുടങ്ങിയിരുന്നു. ജോക്കറെന്ന കഥാപാത്രമാവാൻ വേണ്ടി ഹീത്ത് ലെഡ്ജറെടുത്ത പരിശ്രമം പക്ഷേ ആ മഹാനടന്റെ തന്നെ അന്ത്യം കുറിക്കുകയായിരുന്നു. ഡാർക്ക് നൈറ്റിൽ ജോക്കറായി നിറഞ്ഞാടി തന്നെ അതുവരെ തള്ളിപ്പറഞ്ഞവരെയൊക്കെ തന്റെ ആരാധകരാക്കി മാറ്റിയ ഹീത്ത് ലെഡ്ജർ ഡാർക്ക് നൈറ്റ് പുറത്തിറങ്ങുമ്പോഴേക്കും കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു. മാൻഹാട്ടനിലെ തന്റെ വസതിയിൽ ഹീത്തിനെ അമിതമായി മരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചില്ല. ജോക്കർ എന്ന കഥാപാത്രത്തിന്റെ സ്വാധീനം അത്രമാത്രം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിക്കഴിഞ്ഞിരുന്നു. ആ വർഷത്തെ ഓസ്കാർ പുരസ്കാരവും മറ്റാർക്കുമല്ലായിരുന്നു. പിന്നീട് ഹീത്ത് ലെഡ്ജർ അവതരിപ്പിച്ച ജോക്കർ തന്നെയായിരുന്നു എവിടെയും ഒന്നാമതായി പരിഗണിക്കപ്പെട്ടത്. ഹീത്തിന്റെ മരണ ശേഷം ജോക്കർ എന്ന കഥാപാത്രത്തെ പരിഗണിക്കാൻ പോലും പല സംവിധായകരും ഭയന്നു. ബോറാത്തിലൂടെയും ഹാങ്ഓവർ ട്രയോളജിയിലൂടെയും പ്രശസ്തനായ ടോഡ് ഫിലിപ്പിനെ ഡിസി കോമിക്സ് ആ ദൗത്യം ഏൽപ്പിക്കുന്നത് വരെ. ഡിസിക്കിത് അഭിമാന പ്രശ്നം കൂടിയായിരുന്നു. ടോഡ് ജോക്കറാവാനുള്ള ദൗത്യമേൽപ്പിക്കുന്നതാവട്ടെ മൂന്ന് പ്രാവശ്യം ഓസ്കാർ പുരസ്കാരത്തിന്റെ പടിവാതിൽക്കൽ വരെയെത്തി നിരാശനായി തിരിച്ചു നടക്കേണ്ടി വന്ന ജ്വാക്കിൻ ഫീനിക്സിനെയും. പക്ഷേ, വീണ്ടും ആരാധകരോഷമുയർന്നു. ഹീത്ത് ലെഡ്ജർ അനശ്വരമാക്കിയ ജോക്കറെ പിഴവുകളില്ലാതെ അഭ്രപാളികളിലെത്തിക്കാൻ ജ്വാക്കിൻ ഫീനിക്സിന് സാധിക്കുമോ? ബാക്കി ഈ സിനിമ പറയും!!
■ ടോഡ് ഫിലിപ്പ് സംവിധാനം നിർവഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ജോക്കർ. ടോഡും സ്‌കോട്ട് സിൽവറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ലോറൻസ് ഷേർ ഛായാഗ്രഹണവും ജെഫ് ഗ്രോത്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയ ഹിൽദൂർ ഗുഡ്‍നാദോത്തീർ എന്ന ഐസ്‌ലാന്റുകാരി സംഗീതജ്ഞയെക്കുറിച്ചാണെങ്കിൽ ഒന്നും പറയാനില്ല. ബിജിഎം അത്രയ്ക്ക് സുന്ദരം.
✍sʏɴᴏᴘsɪs
■ ആർതർഫ്ലെക് ഒരു സ്റ്റാന്റപ്പ് കൊമേഡിയനായിരുന്നു. ആ ഒരു ജോലിയിൽ അയാൾ തികഞ്ഞ പരാജയവുമായിരുന്നു. തൊഴിലില്ലായ്മയിൽ വലഞ്ഞുകൊണ്ടിരിക്കുന്ന ഗോതം നഗരത്തിലെ പൗരന്മാർ അധികാരികൾക്കെതിരെ അസ്വാരസ്യങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു. തികഞ്ഞ ദാരിദ്ര്യത്തിൽ തന്നെയായിരുന്ന ആർതർ തന്റെ അമ്മ പെന്നി ഫ്ലെക്കിനെയും പരിചരിച്ച് അവർക്കൊപ്പമാണ് താമസിക്കുന്നത്. അനവസരത്തിൽ തുടർച്ചയായി പൊട്ടിച്ചിരി വരുന്ന ഒരു മാനസിക വൈകല്യം കാരണം അയാൾ കുറച്ചുകാലമായി ചികിത്സയിലാണ്. ഒരിക്കൽ അയാളുടെ ജോലിക്കിടയിൽ കുറച്ച് സാമൂഹ്യ വിരുദ്ധരായ യുവാക്കൾ അയാളെ ആക്രമിക്കുന്നു. അതിന് ശേഷം ആർതറുടെ സഹപ്രവർത്തകനായ രണ്ടാൽ അയാൾക്ക് പ്രതിരോധത്തിനായി ഒരു തോക്ക് നൽകുന്നു. പക്ഷേ, ഒരു ഹോസ്പിറ്റലിൽ കുട്ടികളെ രസിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആ തോക്ക് അബദ്ധത്തിൽ താഴെ വീഴുന്നു. അതോടെ ആർതറുടെ ആകെയുള്ള ജോലിയും കൂടി നഷ്ടപ്പെടുകയാണ്. തൊഴിൽ നഷ്ടപ്പെട്ട സങ്കടത്തിൽ തന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വെച്ച് ആർതറുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു സംഭവം അരങ്ങേറുകയാണ്. വളരെ നല്ലവനായിരുന്ന ആർതർ ഫ്ലെക് എങ്ങനെ ജോക്കർ എന്ന സൈക്കോപ്പാത്തായി എന്നതിലേക്ക് പ്രേക്ഷകരെ നടത്തിക്കുകയാണ് ഈ സിനിമ. ആർതർ നായകനോ അതോ വില്ലനോ..?
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ മൂന്ന് തവണ ഓസ്കാർ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ജ്വാക്കിൻ ഫീനിക്സ്. ഹീത്തിന്റെ ജോക്കറിനോട് നീതിപുലർത്തുമോ എന്ന ആരാധക സംശയം. അതിനുള്ള ഉത്തരം; ജ്വാക്കിൻ ഫീനിക്സ് എന്ന നടൻ തന്റെ കഥാപാത്രത്തോട് നൂറ് ശതമാനം നീതിപുലർത്തി എന്ന് തന്നെയാണ്. മൂന്ന് തവണത്തെ ഓസ്കാർ നിരാശയ്ക്ക് ശേഷമുള്ള ഈ നാലാം തവണ ഇനി അത്ഭുതങ്ങളൊന്നും തന്നെ സംഭവിച്ചില്ലെങ്കിൽ ഓസ്കാർ വേദിയിൽ പുരസ്കാരവും കൈയ്യില്പിടിച്ചുകൊണ്ടുള്ള ജ്വാക്കിൻ ഫീനിക്സിന്റെ പുഞ്ചിരി വിടരും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ജോക്കർ എന്ന കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായതുകൊണ്ട് തന്നെ മറ്റു കഥാപാത്രങ്ങൾ വേണ്ടത്ര പ്രാധാന്യമർഹിക്കുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണെങ്കിലും ജോക്കറെന്ന സൈക്കോപാത്തിന്റെ ജനനത്തിൽ തന്റെ പങ്ക് നിഷേധിക്കാൻ കഴിയാത്തൊരു കഥാപാത്രമായ മുറേ ഫ്രാൻക്ലിനായി അഭിനയിച്ച റോബർട്ട് ഡി നീറോയുടെ പ്രകടനവും എടുത്ത് പറയാൻ തക്കതാണ്. ആർതറുടെ അമ്മ പെന്നി ഫ്ലെക്കിനെ അവതരിപ്പിച്ചിരിക്കുന്നത് ഫ്രാൻസെസ് കോൺറോയിയു അവരുടെ ചെറുപ്പം അവതരിപ്പിച്ചത് ഹന്ന ഗ്രോസുമാണ്. സാസി ബീറ്റ്‌സ് സോഫി ഡുമൊണ്ടായും ബ്രെറ്റ് കുല്ലൻ തോമസ് വെയ്‌നായും വേഷമിട്ടിരിക്കുന്നു.
📎 ʙᴀᴄᴋwᴀsʜ
■ ജോക്കറെന്ന കഥാപാത്രം നായകനാണോ വില്ലനാണോ എന്ന് ചിന്തിക്കുന്നവരുടെ മനസ്സിലൂടെ കടന്നുപോവുന്ന ഒരുപാട് സിനിമകളുണ്ട്. ഒരു വില്ലന്റെ ഒറിജിനാണ് സിനിമ പറയുന്നതെങ്കിലും ജോക്കർ നേരിടേണ്ടി വരുന്ന അപമാനങ്ങൾക്കും തിരിച്ചടികൾക്കുമൊക്കെ ഞാൻ മുൻപ് പല നിരൂപണങ്ങളിലും പറഞ്ഞ വെൽത്ത് ഡിസ്ക്രിമിനേഷന്റെ പങ്കുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ ജോക്കർ ഒരു സമൂഹത്തിന്റെ ഹീറോയാണ്. അസുരനിലെയും പരിയേറും പെരുമാളിലെയും പാരാസൈറ്റിലെയും പോലെ തന്നെ ആർജ്ജവമുള്ളൊരു ഹീറോ. ഒരുപക്ഷെ ബ്രേവ്ഹെർട്ടിലെ വില്ല്യം വാലസിനെപ്പോലെ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ നായകൻ. പക്ഷേ, നായകൻ ബാറ്റ്മാൻ ആവുമ്പോൾ ജോക്കർ വില്ലനാവണം എന്നുള്ളത് ആർക്കോ ഒരു നിർബന്ധമുള്ളതുപോലെ. ജോക്കർ എന്ന കഥാപാത്രത്തിന് വേണ്ടി 24 കിലോയോളം ഭാരം കുറച്ച ജ്വാക്കിൻ ഫീനിക്സിന്റെ കഠിനാധ്വാനം വിഫലമാവില്ല എന്ന് തന്നെ പ്രത്യാശിക്കാം. ഹീത്ത് ലെഡ്ജറുമായി ഫീനിക്‌സിനുണ്ടായിരുന്ന ആത്മബന്ധം ജോക്കർ എന്ന കഥാപത്രമാവാൻ ഒരുപാട് സഹായിച്ചിരുന്നിരിക്കാം.
8.8/10 . IMDb
69% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ