Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള സൈന്യം ജറുസലേം മുസ്ലിംകളിൽ നിന്നും പിടിച്ചെടുക്കുകയും നഗരവാസികളെ കൂട്ടക്കൊല നടത്തുകയും ചെയ്തു. പിന്നീട് ജറുസലേമിൽ ക്രൈസ്തവ രാജ്യം സ്ഥാപിക്കപ്പെട്ടു. ജറുസലേം തിരിച്ചു പിടിക്കാനായി വരുന്ന സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയുടെയും അദ്ദേഹത്തോട് ധീരമായി ചെറുത്ത് നിന്ന ഇബലിനിലെ പ്രഭു ബേലിയന്റെയും വീരോചിതമായ കഥയാണ് കുറച്ചധികം ഫിക്ഷൻ ചേർത്ത് റിഡ്ലി സ്‌കോട്ട് കിങ്ഡം ഓഫ് ഹെവനിൽ അവതരിപ്പിച്ചിരിക്കുന്നത്.
■ വില്ല്യം മൊനാഹൻ തിരക്കഥ രചിച്ചു റിഡ്ലി സ്‌കോട്ട് സംവിധാനം നിർവഹിച്ച എപിക് ഹിസ്റ്റോറിക്കൽ വാർ ഹോളിവുഡ് ചിത്രമാണ് കിങ്‌ഡം ഓഫ് ഹെവൻ. ജോൺ മത്തീസൻ ഛായാഗ്രഹണവും ഡോഡി ഡോൺ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ക്രിസ്തീയ ഭക്തി ഗാനങ്ങളോട് സാമ്യം തോന്നുന്ന തരത്തിൽ ഹാരി ഗ്രെഗ്‌സൻ വില്യംസ് ഒരുക്കിയ പശ്ചാത്തല സംഗീതവും അതിമനോഹരമായിരുന്നു.
✍sʏɴᴏᴘsɪs
■ പന്ത്രണ്ടാം നൂറ്റാണ്ടിലെ കുരിശുയുദ്ധകാലമാണ് കഥാപശ്ചാത്തലം. ബാൾഡ്വിൻ നാലാമൻ ജറുസലേം സാമ്രാജ്യം അടക്കിഭരിക്കുന്ന കാലം. സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയുടെ ആക്രമഭീഷണി നിരന്തരം ജറുസലേം സാമ്രാജ്യത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ, സമാധാനപ്രിയരായ ബാൾഡ്വിൻ രാജാവും സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയും തമ്മിലുള്ള സമാധാന ഉടമ്പടി നിലനിൽക്കുന്നത് കൊണ്ട് മാത്രം ജറുസലേം സുരക്ഷയിൽ കഴിയുന്നു. പക്ഷേ, ഷാറ്റിലോൺ പ്രഭു റെയ്‌നാൾഡ് ഇടയ്ക്കിടെ ഉടമ്പടി തെറ്റിക്കുന്നത് സുൽത്താനെ ക്രുദ്ധനാക്കിക്കൊണ്ടിരുന്നു. ഫ്രാൻസിലെ ഒരു ചെറുഗ്രാമത്തിൽ തന്റെ ഭാര്യയുടെ ആത്മഹത്യയിൽ അതീവ ദുഃഖിതനായി കഴിയുന്ന ബേലിയൻ എന്ന പെരുങ്കൊല്ലനെത്തേടി ഇബലിനിലെ പ്രഭു ഗോഡ്‌ഫ്രേ എത്തുന്നു. താനാണ് ബേലിയന്റെ പിതാവ് എന്ന് പരിചയപ്പെടുത്തുന്ന ഗോഡ്‌ഫ്രേ, ബേലിയനോട് തന്റെയും കുരിശുയുദ്ധ പോരാളികളുടെയും കൂടെ വന്ന് ബാൾഡ്വിൻ നാലാമൻ ഭരണം നടത്തുന്ന ജെറുസലേം സാമ്രാജ്യത്തിന്റെ സംരക്ഷണമേറ്റെടുക്കാൻ ആവശ്യപ്പെടുന്നു. പക്ഷേ, ബേലിയൻ ആദ്യമത് നിരസിക്കുന്നു. നഗരത്തിലെ ഒരു പാതിരിയുടെ നിർദ്ദേശപ്രകാരം തന്റെ ഭാര്യയെ മറവുചെയ്യുന്നതിനു മുൻപ് ശിരച്ഛേദം നടത്തിയിരുന്നു എന്നറിഞ്ഞ ബേലിയൻ സ്വന്തം സഹോദരനെ വധിച്ചു ഗ്രാമത്തിൽ നിന്നും ഓടിപ്പോവുന്നു. പിന്നീട് തന്റെ പിതാവ് ഗോഡ്‌ഫ്രേയുമായി ഒന്നിക്കുന്ന ബേലിയനെ ഇബെലിനിലെ പ്രഭുവായി അദ്ദേഹം പ്രഖ്യാപിക്കുന്നു. ബേലിയൻ ജറുസലേം സാമ്രാജ്യത്തിന്റെ രാജാവ് ബാൾഡ്വിനെ സഹായിക്കാൻ വിശുദ്ധ ഭൂമിയിലേക്ക് യാത്രയാവുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ബേലിയൻ ഓഫ് ഇബിലിനായി എത്തിയ ഒർലാണ്ടോ ബ്ലൂമിന്റെ പ്രകടനം മികച്ചതായിരുന്നു. ഗോഡ്‌ഫ്രേയായി ലിയാം നീസണും ഗംഭീരപ്രകടനം നടത്തി. പിന്നെ എടുത്തുപറയേണ്ട മനോഹരപ്രകടനങ്ങൾ ബാൾഡ്വിൻ രാജാവിന്റെ സഹോദരി സിബില്ലയായി അഭിനയിച്ച ഈവ ഗ്രീനിന്റെയും സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയായി അഭിനയിച്ച ഗസ്സൻ മസൂദിന്റെയുമാണ്. റെയ്‌മെൻഡ് ഓഫ് ട്രിപ്പോളിയായി എത്തിയ ജെറമി അയൺസ്, സുൽത്താൻ സലാഹുദ്ദീന്റെ വലംകൈയായിരുന്ന ഇമാദുദ്ദീനായി വേഷമിട്ട അലക്‌സാണ്ടർ സിദ്ദീഖ് എന്നിവരുടെ പ്രകടനങ്ങളും ഓർമ്മയിൽ നിൽക്കുന്നതായിരുന്നു.
📎 ʙᴀᴄᴋwᴀsʜ
■ റോമയുടെ ചരിത്രത്തിലേക്ക് മാക്സിമസ് ഡെമിഷെസ് മെറിഡിയസ് എന്നൊരു സാങ്കൽപ്പിക കഥാപാത്രത്തെ തന്നെ നൂലിൽക്കെട്ടിയിറക്കിയ റിഡ്‌ലിക്ക് ജറുസലേമിന്റെ ചരിത്രത്തിൽ ഫിക്ഷൻ കൊണ്ടുവരിക എന്നതൊരു പുതുമയുള്ള കാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ കിങ്ഡം ഓഫ് ഹെവൻ ചരിത്രത്തോട് എത്രത്തോളം നീതിപുലർത്തി എന്നുള്ളത് ബാലിശമായ ചോദ്യമായിരിക്കുമെങ്കിലും സലാഹുദ്ദീനുമായി ബേലിയന്റെ നേതൃത്വത്തിൽ ജറുസലേം സാമ്രാജ്യം നടത്തിയ ചെറുത്ത് നിൽപ്പിന്റെ കഥ ചരിത്രത്തിൽ എഴുതപ്പെട്ടത് തന്നെയാണ്. ബേലിയന്റെയും സിബില്ലയുടെയും ചരിത്രത്തിൽ മാത്രമാണ് റിഡ്ലി ഒരു പൊടിക്ക് ഉപ്പും കുരുമുളകും വിതറിയിട്ടുള്ളത് എന്നതാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. മാത്രവുമല്ല, കുരിശുയുദ്ധം എന്നുള്ളത് മതാടിസ്ഥാനത്തിൽ നടന്ന യുദ്ധമായിട്ടുപോലും ഒരു മതത്തിന്റെയും പക്ഷം ചേരാതെ കഥ അവതരിപ്പിക്കാൻ റിഡ്‌ലിക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളതും പ്രശംസനീയമാണ്. റിഡ്ലി സ്കോട്ടിന്റെ മുൻപത്തെ ഹിറ്റ് യുദ്ധ ചിത്രങ്ങളായ ഗ്ലാഡിയേറ്ററും ബ്ലാക്ക് ഹോക്ക് ഡൗണുമൊക്കെ ചിത്രീകരിച്ച മൊറോക്കോയും സ്‌പെയ്‌നുമൊക്കെ തന്നെയായിരുന്നു കിങ്‌ഡം ഓഫ് ഹെവൻറെയും പ്രധാന ലൊക്കേഷനുകൾ. അമേരിക്കയിലെയും കാനഡയിലെയും ബോക്സ് ഓഫീസുകളിൽ നിരാശ സമ്മാനിച്ചെങ്കിലും യൂറോപ്പിലും മറ്റു രാജ്യങ്ങളിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെച്ച കിങ്‌ഡം ഓഫ് ഹെവൻ സാമ്പത്തികമായി രക്ഷപ്പെട്ടു. മാത്രമല്ല ഈജിപ്ത് ഉൾപ്പെടെയുള്ള അറബി സംസാരിക്കുന്ന രാജ്യങ്ങളിലും ചിത്രം സൂപ്പർഹിറ്റായിരുന്നു. പിന്നാലെയിറങ്ങിയ ഡയറക്ടേഴ്സ് കട്ട് ഡിവിഡിയും വൻ ഹിറ്റായിരുന്നു.
7.2/10 .IMDb
39% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ