Bad Guys : Reign Of Chaos » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കൊറിയയിലെ ഒരു സൂപ്പർഹിറ്റ് സീരീസായിരുന്നു 2014ൽ 11 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്യപ്പെട്ട ബാഡ് ഗയ്സ്. മലയാളി പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിക്കൊണ്ടിരിക്കുന്ന ഡോൺ ലീ എന്ന മാ-ഡോങ് സ്യോകിന്റെ കരിയറിലെ ഒരു വഴിത്തിരിവ് കൂടിയായിരുന്നു ബാഡ് ഗയ്സ് എന്ന സീരീസ്. ബാഡ് ഗയ്‌സിനെ പ്രമേയമാക്കി ഒരുങ്ങിയതാണ് ദി ബാഡ് ഗയ്സ്: റെയ്ൻ ഓഫ് കെയോസ് എന്ന ഈ ചിത്രവും. ഡോൺ ലീ എന്നൊരു ബ്രാൻഡിനെ വളരെ നന്നായി ഉപയോഗിക്കുക എന്നൊരു ലക്ഷ്യവും അണിയറക്കാർക്കുണ്ടായിരുന്നു എന്നുള്ളത് വ്യക്തം. ഡോൺ ലീ ആരാധകരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ ചിത്രം എന്നുള്ളത് ഉറപ്പാണ്. കാരണം ഒരു ഡോൺ ലീ സിനിമയിൽ നിന്നും എന്തൊക്കെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്, അത് വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള രോമാഞ്ചം മാസ്സ് സീനുകളാണ് ഈ സിനിമ പ്രേക്ഷകർക്കായി ഒരുക്കി വെച്ചിട്ടുള്ളത്.
■ ബാഡ് ഗയ്സ് എന്ന സീരീസിനെ ആസ്പദമാക്കി സോൺ യോങ്-ഹോ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ക്രൈം ആക്ഷൻ ത്രില്ലർ കൊറിയൻ ചിത്രമാണ് ദി ബാഡ് ഗയ്സ്: റെയ്ൻ ഓഫ് കെയോസ്. ലീ ജേ-ഹ്യുക് ഛായാഗ്രഹണവും ഷിൻ മിൻ-ക്യുങ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മോക് യോങ്-ജിൻ ഒരുക്കിയ പശ്ചാത്തല സംഗീതവും എടുത്ത് പറയണം. കാരണം ഒരു മാസ്സ് സീനിനെ മരണ മാസ്സ് സീൻ ആക്കുന്നത് അതിന്റെ ബിജിഎം കൂടിയാണ്. ചില സീനുകളെക്കുറിച്ച് പറയണം പറയണം എന്നുണ്ട്. പക്ഷേ സ്പോയ്ലർ ആവും എന്നുള്ളതുകൊണ്ട് പറഞ്ഞു അതിന്റെ രസം കളയുന്നില്ല. കണ്ടുതന്നെ അറിയുക.
✍sʏɴᴏᴘsɪs
■ കൊടുംകുറ്റവാളികളുമായി പോവുന്ന ജയിൽവാഹനം മുഖം മൂടിധാരികളായ കുറച്ചു ഗുണ്ടകൾ അപകടത്തിൽപ്പെടുത്തുന്നു. തുടർന്ന് അധോലോക നായകനും കൊലപാതകികളും കള്ളന്മാരുമടങ്ങുന്ന തടവുപ്പുള്ളികൾ സ്വതന്ത്രരാക്കപ്പെടുകയാണ്. സുരക്ഷയൊരുക്കാൻ ചെന്ന പോലീസുകാർ പലരും കൊല്ലപ്പെടുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനും തടവുപുള്ളികളെ പിടികൂടാനുമായി ഡെപ്യൂട്ടി കമ്മീഷണർ കുപ്രസിദ്ധിയാർജ്ജിച്ച സ്പെഷ്യൽ ക്രൈം യൂണിറ്റിനെ വീണ്ടും വിളിക്കുകയാണ്. മുൻ അധോലോക നായകനായ പാർക്ക് വൂങ്-ചൂളിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ഓഹ് ഗു-ടാക്ക് തന്റെ പഴയ പ്രശസ്ത കുറ്റാന്വേഷണ സംഘത്തെ വീണ്ടും പൊടിതട്ടിയെക്കുകയാണ്. സംഘത്തിലേക്ക് കോ യൂ-സോങ് എന്ന ചെറുപ്പക്കാരൻ പോലീസുകാരനും ജെസീക്ക എന്ന അതിബുദ്ധിമതിയായ നെറ്റ്‌വർക്ക് ഫ്രോഡും ചേരുകയാണ്. മൂവരും വ്യത്യസ്ത കേസുകൾക്ക് തടവുശിക്ഷയിലുള്ളവർ. അഥവാ ക്രിമിനൽസിനെ പിടിക്കാൻ ക്രിമിനൽസിന്റെ സ്പെഷ്യൽ ക്രൈം യൂണിറ്റ് ഇറങ്ങുകയാണ്.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ബാഡ് ഗയ്സ് സീരീസിലെ ഒരു പ്രധാന കഥാപാത്രമായിരുന്ന പാർക് വൂങ്-ച്യോൽ എന്നൊരു പഴയ അധോലോക നേതാവിനെയാണ് ഡോൺ ലീ ഇതിലും അവതരിപ്പിച്ചിരിക്കുന്നത്. കോമഡിയും ആക്ഷനും സമം ചേർത്ത് വളരെ നന്നായി തന്നെ ഡോൺ ലീ തന്റെ കഥാപാത്രത്തെ കൊണ്ടുപോയിട്ടുണ്ട്. ബാഡ് ഗയ്സ് സീരീസിലെ തന്നെ മറ്റൊരു പ്രധാന കഥാപാത്രമായിരുന്ന ഇൻസ്‌പെക്ടർ ഓഹ് ഗു-ടേക്ക് ആയി അഭിനയിച്ചിരിക്കുന്നത് കിം സാങ്-ജൂങ് എന്ന നടൻ തന്നെയാണ്. ഒരു സമയത്ത് ഡോൺ ലീ പോലും സൈഡായിപ്പോവുമോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ബാഡ് ഗയ്സ് സീരീസിൽ കാണാത്ത രണ്ട് കഥാപാത്രങ്ങളായിരുന്നു കു യൂ-സുങ് എന്ന പോലീസുകാരനും ജെസീക്ക എന്ന പേരിൽ അറിയപ്പെടുന്ന നെറ്റ്‌വർക്ക് ഫ്രോഡ് ക്വാക് നൊ-സൂണും. ഇവരെ യഥാക്രമം അവതരിപ്പിച്ചിരിക്കുന്നത് ജാങ് കി-യോങ്ങും കിം ആഹ്-ജോങ്ങുമാണ്. മുഖ്യ വില്ലനായി എത്തിയ കിം ഇൻ-വൂ ജാപ്പനീസ് നടനും മോശമാക്കിയില്ല. ബാഡ് ഗയ്‌സിലെ ചില കഥാപാത്രങ്ങൾ അതിഥി വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട് ഈ ചിത്രത്തിൽ..
📎 ʙᴀᴄᴋwᴀsʜ
■ ദി ബാഡ് ഗയ്സ്: റെയ്ൻ ഓഫ് കെയോസ്, ബാഡ് ഗയ്സ് എന്ന സീരീസിന്റെ അതേ പ്രമേയവുമായി വരുന്നത് കൊണ്ട് തന്നെ തിരക്കഥയ്ക്ക് അത്ര പ്രാമുഖ്യം കൊടുത്തിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. അല്ലെങ്കിലും ഒരു ആക്ഷൻ സിനിമയ്ക്ക് എന്തിനാണ് അത്രയ്ക്ക് കഥ അല്ലേ? ബാഡ് ഗയ്സ് എന്ന സീരീസ് കാണാത്തവർക്കും ഈ സിനിമ ഭംഗിയായി ആസ്വദിക്കാം. എങ്കിലും ബാഡ് ഗയ്സ് കണ്ടവർക്ക് കുറച്ചുകൂടി ആസ്വദിക്കാൻ കഴിയുമെന്നത് സത്യമാണ്. ബാഡ് ഗയ്സ് എന്ന സീരീസിന് ബാഡ് ഗയ്സ്: വൈൽ സിറ്റി എന്ന പേരിൽ ഒരു സ്പിൻ ഓഫ് സീരീസും ഇറങ്ങിയിരുന്നു..
5.9/10 . IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ