Mucize aka The Miracle » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ സ്വന്തം സഹോദരന്റെ ജീവൻ രക്ഷിക്കാനുള്ള മിറക്കിൾ തേടി തന്റെ സമ്പാദ്യക്കുടുക്കയുമായി മെഡിക്കൽ ഷോപ്പിലെത്തിയ കൊച്ചു പെൺകുട്ടിയുടെ കഥ വായിച്ചിട്ടില്ലേ? പണം കൊടുത്ത് വാങ്ങാൻ കിട്ടാത്ത ആ അത്ഭുതം ചിലപ്പോഴെങ്കിലും പലരുടെയും ജീവിതത്തിൽ സംഭവിക്കാറുണ്ട്. 2009 ജനുവരിയിൽ അമേരിക്കയിലെ ലാ ഗാർഡിയ എയർപോർട്ടിൽ നിന്നും 155 മനുഷ്യരുമായി പറന്നു പൊങ്ങിയ വിമാനത്തിന്റെ എഞ്ചിൻ അപകടത്തിലാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം, അടുത്തുള്ള എയർപോർട്ടുകളിൽ വിമാനമെത്തിക്കുക വൻദുരന്തത്തിനു കാരണമായേക്കും എന്ന് മനസ്സിലാക്കിയ ചീഫ് പൈലറ്റ് ചെസ്‌ലി സള്ളൻബർഗർ വിമാനത്തെ ന്യൂയോർക്കിലെ ഹഡ്സൺ നദിയിലേക്ക് സുരക്ഷിതമായി ലാന്റ് ചെയ്യിച്ചപ്പോൾ ലോകം അതിനെ വിളിച്ച പേര് മിറക്കിൾ ഇൻ ഹഡ്സൺ എന്നായിരുന്നു. അങ്ങനെ ദൈവത്തിന്റെ കൈവിരൽ സ്പർശമുള്ള അത്ഭുതങ്ങളെ നമ്മൾ മിറക്കിൾ എന്ന് വിളിച്ചു. ആ മിറക്കിളുകൾ പക്ഷേ വരുന്നത് ചിലപ്പോൾ ചെസ്‌ലി സള്ളൻബർഗറിനെപ്പോലെ മനുഷ്യ രൂപത്തിലായിരിക്കും എന്ന് മാത്രം. ഈ സിനിമയിലെ മിറക്കിൾ എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊരു യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. യഥാർത്ഥ കഥയുടെ പിൻബലത്തോടെ പ്രേക്ഷകരെ രസിപ്പിച്ച ഒരുപാട് സിനിമകൾ ലോകസിനിമയിൽ സംഭവിച്ചിട്ടുണ്ട്. ഐലായും ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സുമൊക്കെ ഏറെ പ്രിയപ്പെട്ടതാകുന്നത് അതുകൊണ്ടാണ്. ലോകസിനിമയിൽ ഏറ്റവുമധികം തവണ ഉപയോഗിക്കപ്പെട്ട ടൈറ്റിലുകളിൽ ഒന്നും ചിലപ്പോൾ മിറക്കിൾ എന്ന വാക്കായിരിക്കും. പ്രതീക്ഷയുടെ അവസാന നാളവും അണയുന്ന നിമിഷം ഒരു മിറക്കിളിനായി പ്രാർത്ഥിക്കാത്ത മനുഷ്യരുണ്ടാവുമോ? "ഒരിക്കലും പ്രതീക്ഷ കൈവിടരുത് എൻ ഹൃദയമേ, അത്ഭുതങ്ങൾ വസിക്കുന്നത് അദൃശ്യതയിലാണ്" എന്നാണ് ജലാലുദ്ദീൻ റൂമി മിറാക്കിളിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. തുർക്കിയിലെ ഒരു കുഗ്രാമത്തിൽ സംഭവിച്ച ഒരു യഥാർത്ഥ മിറക്കിളിലേക്ക് നമുക്കൊരു യാത്ര പോകാം. ഹൃദയത്തിൽ കണ്ണുള്ള ചില മനുഷ്യരുടെ അടുത്തേക്ക്...
■ മാസൂൺ കിർമിസിഗൂൽ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച റൊമാന്റിക് കോമഡി ഡ്രാമാ ടർക്കിഷ് ചിത്രമാണ് മുജിസെ അഥവാ ദി മിറക്കിൾ. സോയ്ക്കുത് തുറാൻ ഛായാഗ്രഹണവും ഹംദി ഡെനീസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സോയ്ക്കുത് അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുന്ന തുർക്കിയിലെ ഗ്രാമ ഭംഗി തുളുമ്പുന്ന സുന്ദര ഫ്രയിമുകളെക്കുറിച്ച് പറയാതിരിക്കാനാവില്ല. മുജിസെ കാണാനാഗ്രഹിക്കുന്നവർ ഹൈ ഡെഫനിഷൻ ഫയൽ തന്നെ തിരഞ്ഞെടുക്കണം എന്നൊരു അഭിപ്രായം എനിക്കുള്ളതും അതുകൊണ്ടാണ്. കാഴ്ച്ചയുടെ ഭംഗി നിങ്ങൾ നഷ്ടപ്പെടുത്തിക്കളയരുത്. തൗഫീഖ് അക്ബാസ്‌ലി, യിൽദിരെ ഗൂർദെൻ, സംവിധായകൻ മാസൂൺ എന്നിവരാണ് മുജിസെയ്ക്ക് അതിമനോഹര പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ 1960കളിലെ തുർക്കി. തുർക്കിയിലെ ഒരു തീരദേശ പട്ടണത്തിൽ നിന്നും മാഹിർ എന്നൊരു അധ്യാപകന് ഒരു കുഗ്രാമത്തിലെ സ്‌കൂളിലേക്ക് സ്ഥലം മാറ്റം കിട്ടുന്നു. തന്റെ ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും എതിർപ്പുകളെ മുഖവിലക്കെടുക്കാതെ അയാൾ ആ കുഗ്രാമത്തിലേക്ക് യാത്ര പുറപ്പെടുന്നു. ഗ്രാമത്തിലേക്ക് നേരിട്ടൊരു ബസ്സ് പോലുമില്ലായിരുന്നു. കിലോമീറ്ററുകൾ കാൽനടയായി അവിടെയെത്തിയ അയാളെ ഗ്രാമവാസികൾ സന്തോഷപൂർവ്വം സ്വീകരിക്കുന്നു. കാരണം സർക്കാരിന് പോലും വേണ്ടാത്ത ആ ഗ്രാമത്തിലേക്ക് ഒരു അധ്യാപകനെ അയക്കാൻ അതുവരെ സർക്കാർ മനസ്സു കാണിച്ചിരുന്നില്ല. മതകീയമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നവരായിരുന്നു ഗ്രാമവാസികൾ. വധൂ വരന്മാർ പരസ്പരം ആദ്യമായി കാണുന്നത് പോലും കല്ല്യാണ ദിവസമായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വേണ്ട എന്ന ചിന്താഗതിക്കാരും. ഇങ്ങനെയൊക്കെയാണെങ്കിലും ഗ്രാമവാസികൾ വളരെ സൗഹാർദ്ദപരമായ സ്വഭാവമുള്ളവരും ശുദ്ധ ഹൃദയമുള്ളവരുമായിരുന്നു. പക്ഷേ, പിന്നീടാ സത്യം മാഹിർ മനസ്സിലാക്കുന്നു. ഗ്രാമത്തിൽ ഒരു സ്കൂൾ പോലുമില്ല. സ്‌കൂളില്ലാതെ താനെങ്ങനെ കുട്ടികളെ പഠിപ്പിക്കും? മാഹിർ തിരിച്ചു പോകാനൊരുങ്ങുന്നു. ഗ്രാമത്തിനു അനുഗ്രഹം എന്ന പോലെ ആകെക്കൂടി കിട്ടിയ ആ ഒരു അധ്യാപകനെ നഷ്ടപ്പെടുകയാണ് എന്ന വിഷമത്തിലിരിക്കുന്ന ഗ്രാമവാസികളെ കണ്ടപ്പോൾ മനുഷ്യസ്നേഹിയായ മാഹിറിന് അവരെ ഉപേക്ഷിക്കാൻ മനസ്സു വരുന്നില്ല. "ഗ്രാമത്തിലെ കുട്ടികളെ ഞാൻ പഠിപ്പിക്കാം. പക്ഷേ ഒരു വ്യവസ്ഥയുണ്ട്" അയാൾ ഗ്രാമവാസികൾക്ക് മുന്നിലേക്ക് ഒരു വ്യവസ്ഥ വെക്കുന്നു. ഗ്രാമത്തിലെ ആ ഒരു അത്ഭുതം മാഹിറാണോ..? അല്ല..!!
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ അദ്ധ്യാപകൻ മാഹിറായി വേഷമിട്ടിരിക്കുന്നത് തലാത് ബുലൂതാണ്. നല്ല മനസ്സിന്നുടമ, മനുഷ്യ സ്‌നേഹി, നിഷ്കളങ്കൻ, ചെറിയൊരു പേടിത്തൊണ്ടൻ ഇത്യാദി സ്വഭാവ വിശേഷണത്തിന് ഉടമയായിരുന്ന മാഹിർ എന്ന കഥാപാത്രം വളരെ തന്മയത്തത്തോട് കൂടിത്തന്നെ തലാത് അവതരിപ്പിച്ചിട്ടുണ്ട്. മുജിസെയിലെ മുഖ്യ കഥാപാത്രമായ അസീസായി അഭിനയിച്ചിരിക്കുന്നത് മെർത് തുറാക്കാണ്. വികലാംഗനും ബുദ്ധി വളർച്ചയില്ലാത്തവനുമായ അസീസായി ശരിക്കും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു മെർത് കാഴ്ച്ച വെച്ചത്. ഇങ്ങേര് ശരിക്കും ഇങ്ങനെ തന്നെയാണോ എന്ന് പ്രേക്ഷകരെ അത്ഭുതപ്പെടുത്തും ഈ മനുഷ്യൻ. സംവിധായകൻ മാസൂണും മുജിസെയിൽ ഒരു ഗംഭീര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അസീസിന്റെ മൂത്ത സഹോദരനായ ബോസാത്. മാസൂണാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നുറപ്പിക്കാൻ ഗൂഗിൾ ചെയ്യേണ്ടി വന്നു. അജ്ജാതി ട്രാൻസ്ഫോമേഷൻ. അത്ഭുതങ്ങൾ കഥയിൽ മാത്രം ഒതുങ്ങുന്നില്ല എന്ന് സാരം. എറോൾ ദെമിറോസാണ് ഗ്രാമമുഖ്യൻ ദാവൂദിന്റെ വേഷത്തിലെത്തിരിക്കുന്നത്. മിസ്ഗിനായി സെദ തോസുനും അഭിനയിച്ചിരിക്കുന്നു. സെനായ് ഗുർലർ (ജമീലെ), അലി സുർമേലി (ഹൈദർ), മെറാൾ ജെറ്റിൻകായ (ഹസാർ ), ദോഗുകാൻ പോലാത് (ഫെയ്‌സി), തൻസെൽ ഒങ്കേൽ (ജെമിലോ), ജെസ്മി ബാസ്കിൻ (ഇസ), എയ്‌ലം യിൽദിഷ് (ഹനീം) തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ അസീസിന്റെയും മിസ്ഗിന്റെയും യഥാർത്ഥ ജീവിത കഥയെ ആസ്പദമാക്കിയാണ് മുജിസെ എന്ന സിനിമ യാഥാർഥ്യമാകുന്നത്. മുജിസെയുടെ സീക്വൽ ആയി മുജിസെ : അസ്‌ക് അഥവാ മിറക്കിൾസ് ഓഫ് ലവ് എന്നൊരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്. മുഖ്യ കഥാപാത്രങ്ങളായ മാഹിറിനെയും മിസ്ഗിനെയും അവതരിപ്പിച്ച അഭിനേതാക്കൾ മാറിയിട്ടുണ്ടെങ്കിലും അഭിനയത്തിലോ ഇമോഷണൽ രംഗങ്ങളിലോ യാതൊരു വിധ വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ല. മുജിസെ ആദ്യ ഭാഗം പോലെ തന്നെ ഹൃദ്യമാണ് രണ്ടാം ഭാഗവും.
7.7/10 · IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ