Sex Education » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ S. E. X എന്ന മൂന്നക്ഷരം തന്നെയാണ് പലരെയും പോലെ എന്നെയും ഈ സീരീസിലേക്ക് ആകർഷിച്ചത്. പക്ഷേ, ആ മൂന്നക്ഷരം മാത്രം പ്രതീക്ഷിച്ചു ആരും ഈ സീരീസ് കാണണം എന്നില്ല. കാരണം, സെക്സ് എന്ന മൂന്നക്ഷരം മാത്രമല്ല. ഓട്ടിസും എറിക്കും തമ്മിലുള്ള ഗാഢമായ സൗഹൃദം, ഒരു കൗമാരക്കാരനായ മകനെ വളർത്തുന്ന ഡോ. ജീൻ മിൽബേൺ എന്ന അമ്മയുടെ കഷ്ടപ്പാടുകളും അവർ തമ്മിലുള്ള ബന്ധവും, ഓട്ടിസും മേവും തമ്മിലുള്ള പ്രണയം, ക്വീർ സമൂഹം നേരിടുന്ന വെല്ലുവിളികളും അവർ അർഹിക്കുന്ന പരിഗണയും, സമകാലീന ലോകത്ത് ഏറ്റവും പ്രസക്തമായ സ്ത്രീ വിരുദ്ധത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വളരെ സുന്ദരമായി സംസാരിക്കുന്ന ഒരു മനോഹര സീരീസ് കൂടിയാണ് സെക്സ് എഡ്യുക്കേഷൻ. ഒൻപതാം ക്ലാസ്സിലെ ബയോളജി പാഠപുസ്തകത്തിൽ ടീച്ചർ അലക്ഷ്യമായി വായിച്ചു പോയ ഒരൊറ്റ ചാപ്റ്റർ മാത്രമായിരുന്നു നമ്മളിൽ പലർക്കും ലൈംഗിക വിദ്യാഭ്യാസം. ഇന്നത്തെ സമൂഹത്തിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഇത്രത്തോളമുണ്ടായിട്ടും ഭാരതീയരുടെ കപട സദാചാര ബോധത്തിന് മുന്നിൽ സെക്സ് എന്ന മൂന്നക്ഷരത്തേക്കുറിച്ച് സംസാരിക്കുന്നത് പോലും പാപമാണ് എന്ന് വിശ്വസിക്കാൻ വിധിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. പക്ഷേ, ഈ വിഷയത്തിൽ നമ്മൾ പോലും ഉയർന്ന ചിന്താഗതി പുലർത്തുന്നവർ എന്ന് വിശ്വസിക്കുന്ന ബ്രിട്ടീഷ് കൗമാരക്കാർക്കിടയിൽ നിലനിൽക്കുന്ന അബദ്ധ ധാരണകളിലേക്കാണ് സെക്സ് എഡ്യൂക്കേഷൻ എന്ന ഈ സീരീസ് വാതിൽ തുറക്കുന്നത് എന്നുള്ളത് നമ്മെ അത്ഭുതപ്പെടുത്തും. സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന ലൈംഗിക അപമാനങ്ങൾ നമ്മുടെ സമൂഹത്തിൽ മാത്രമല്ല, മറിച്ച് അത് ലോകസമൂഹത്തെ പിടിച്ചുലയ്ക്കുന്ന ഒന്ന് തന്നെയാണെന്ന് ഈ സീരീസ് പറഞ്ഞു വെക്കുകയാണ്. അതിനെ പ്രതിരോധിക്കേണ്ട രീതിയും അവരെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയും ശക്തമായ ഭാഷയിൽ സെക്സ് എഡ്യൂക്കേഷൻ ദൃശ്യവൽക്കരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ വളരെ മികച്ച രീതിയിൽ സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന ഒരു സീരീസാണ് സെക്സ് എഡ്യൂക്കേഷൻ എന്ന് ഒറ്റ വാക്കിൽ നമുക്ക് പറയാൻ സാധിക്കും.
■ ലോറി നൺ സൃഷ്ടിച്ച ബ്രിട്ടീഷ് ടീൻ കോമഡി ഡ്രാമ നെറ്റ്ഫ്ലിക്സ് സീരീസാണ് സെക്സ് എഡ്യൂക്കേഷൻ. ബെൻ ടൈലർ, കെയ്റ്റ് ഹെറോൺ, സോഫി ഗുഡാർട്ട്,ആലിസ് സീബ്രേയ്റ്റ് എന്നിവരാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജൈമി കൈർണി, ഒലി റസൽ എന്നിവർ ഒപ്പിയെടുത്ത വെയിൽസിന്റെ മനോഹരമായ പ്രകൃതി ഭംഗിയുമെല്ലാം ഈ സീരീസിന്റെ മാറ്റു കൂട്ടുന്നു. ഒലി ജൂലിയൻ, എസ്ര ഫുർമാൻ എന്നിവരാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ഓട്ടിസ് മിൽബേൺ എന്ന കൗമാരക്കാരന് ചുറ്റുമാണ് ഈ സീരീസ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു സെക്സ് തെറാപ്പിസ്റ്റ് ആയിരുന്നു ഓട്ടിസിന്റെ അമ്മ ജീൻ മിൽബേൺ. സ്വന്തം അമ്മയുടെ പ്രൊഫഷൻ സഹപാഠികൾ എങ്ങനെയെടുക്കും എന്ന ഇൻസെക്യൂരിറ്റിയിൽ ഹൈസ്‌കൂളിൽ പോയത്തുടങ്ങുന്ന ഒരു കൗമാരക്കാരൻ. ഓട്ടിസിന്റെ ആത്മസുഹൃത്തായിരുന്നു ഒരു ഗേ കൂടിയായ എറിക് എഫ്യോങ്. പുതിയ അധ്യയന വർഷം അടിപൊളിയാക്കാമെന്നുള്ള ഉദ്ദേശ്യത്തോടെ അവരുടെ ഹൈസ്‌കൂൾ ജീവിതം തുടങ്ങുകയാണ്. അവിടെ അവർ മേവ് വൈലി എന്ന പെൺകുട്ടിയെ പരിചയപ്പെടുകയാണ്. സ്വന്തം അമ്മയാൽ ഉപേക്ഷിക്കപ്പെട്ട് ഒരു കാരവാൻ വീട്ടിൽ വാടകയ്ക്ക് കഴിയാൻ വിധിക്കപ്പെട്ട ഒരു ദരിദ്രയായിരുന്നു മേവ്. പലവിധ പാർട്ട് ടൈം ജോലികൾ ചെയ്തിട്ടാണ് മേവ് തന്റെ വിദ്യാഭ്യാസവും ജീവിതവും മുന്നോട്ട് കൊണ്ടുപോകുന്നത്. പഠനത്തിൽ അതിസമർഥയാണെങ്കിലും ആ സമാർഥ്യം തന്റെ സഹപാഠികൾക്ക് വിറ്റ് കാശാക്കുന്നത് കൊണ്ട് അധ്യാപകർ അവളെ ഒരു ചീത്തകുട്ടിയായിട്ട് തന്നെയായിരുന്നു കണ്ടിരുന്നത്. മൂർഡെയ്ൽ ഹൈസ്‌കൂളിൽ ലൈംഗിക വിദ്യാഭ്യാസത്തിന് പ്രത്യേക കരിക്കുലം ഉണ്ടായിരുന്നെങ്കിലും വിദ്യാർത്ഥികൾക്ക് അധ്യാപകരോട് നേരിട്ട് ചോദിക്കാനുള്ള ചമ്മൽ കാരണം മറച്ചു പിടിക്കേണ്ടി വരുന്ന പല സംശയങ്ങളും ബാക്കിയായിരുന്നു. തന്റെ അമ്മ ഒരു സെക്സ് തെറാപ്പിസ്റ്റ് ആയതുകൊണ്ട് തന്നെ ഓട്ടിസിന് ഈ മേഖലയിൽ അൽപ്പം അറിവുണ്ടായിരുന്നു. ഓട്ടിസിന്റെ കഴിവ് ഒരിക്കൽ മേവ് വൈലി മനസ്സിലാക്കുകയാണ്. ഇത്തരം വിഷയങ്ങളിലുള്ള സംശയങ്ങളാൽ ബുദ്ധിമുട്ടുന്ന സഹപാഠികൾക്ക് ഓട്ടിസിന്റെ അറിവ് വെച്ച് വിദഗ്ദോപദേശം നൽകിക്കൊണ്ട് അത് കാശാക്കി മാറ്റാം എന്ന് സാമ്പത്തികമായി പിന്നാക്ക അവസ്ഥയിലുള്ള മേവ് ചിന്തിക്കുന്നു. മേവ് തന്റെ ഐഡിയ ഓട്ടിസുമായി പങ്കുവെക്കുന്നു. മേവുമായി ചില്ലറ ക്രഷ് ഉള്ള ഓട്ടിസാകട്ടെ അതിന് സമ്മതിക്കുന്നു. അങ്ങനെ മേവ് മാനേജറും ഓട്ടിസ് സെക്സ് തെറാപ്പിസ്റ്റുമായി സ്‌കൂളിലുള്ളിൽ ഒരു രഹസ്യ "സെക്സ് ക്ലിനിക്" പ്രവർത്തനം ആരംഭിക്കുകയാണ്.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ അസ ബട്ടർഫീൽഡാണ് ഓട്ടിസ് മിൽബേൺ എന്ന കൗമാരക്കാരനായി വേഷമിട്ടിരിക്കുന്നത്. മേവ് വൈലിയായി എമ്മ മക്കീയും വേഷമിട്ടിരിക്കുന്നു. സീരീസിലെ വെല്ലുവിളി നിറഞ്ഞ വേഷങ്ങളിൽ ഒന്നായ എറിക് എഫ്യോങായി മികച്ച പ്രകടനം നടത്തിയിരിക്കുന്നത് എൻജ്യൂട്ടി ഗാറ്റ്‌വയാണ്. മറ്റൊന്ന് കോണർ സ്വിൻഡൽസ് അവതരിപ്പിച്ച ആദം ഗ്രോഫ് എന്ന കഥാപാത്രമാണ്. ഓട്ടിസിന്റെ അമ്മ ജീൻ മിൽബേണായി വേഷമിട്ടിരിക്കുന്നത് ഗിലിയൻ ആൻഡേഴ്സനാണ്. ഓലയായി പാട്രിഷ്യ അലിസനും അവളുടെ അച്ഛൻ യാക്കോബ് നൈമാനായി മിഖായേൽ പേഴ്സ്ബ്രാൻഡും വേഷമിട്ടിരിക്കുന്നു. കേദാർ വില്ല്യം സ്റ്റിർലിംഗ് (ജാക്സൺ മാർഷേറ്റി), ഐമി ലൂവുഡ് (ഐമി ഗിബ്സ്), അലിസ്റ്റയർ പെട്രീ (മൈക്കൽ ഗ്രോഫ്), മിമി കീനെ (റൂബി മാത്യൂസ്), സിമോൺ ആഷ്‌ലി (ഒലിവിയ ഹനൻ), ടാന്യ റെയ്‌നോൾഡ്സ് (ലിലി ഇഗിൽഹാർട്ട്), ചാനെയ്ൽ കുലാർ (അൻവർ), ആൻ മേരി ഡഫ് (എറിൻ വൈലി), സമി ഔട്ടൽബാലി (റഹീം), ജിം ഹൊവിക്ക് (കോളിൻ ഹെൻഡ്രിക്സ്, സയൻസ് ടീച്ചർ), രാഖീ തക്രാർ (എമിലി സാൻഡ്‌സ്, ഇംഗ്ലീഷ് ടീച്ചർ), ജെയിംസ് പ്യുവർഫോയ് (റെമി മിൽബേൺ), എഡ്‌വേഡ് ബ്ലൂമേൽ (സീൻ വൈലി) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ 2019 ജനുവരിയിൽ നെറ്റ്‌ഫ്ലൈക്‌സിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ ഈ സീരീസ് അരങ്ങേറ്റ സീസണിൽ തന്നെ 40 മില്യനോളം പ്രേക്ഷകരെ നേടി. രണ്ട് സീസണുകളിലായി 16 എപ്പിസോഡുകളാണ് ഇതുവരെ സംപ്രേക്ഷണം ചെയ്തുള്ളത്. സീരീസ് നടക്കുന്ന സമയ പശ്ചാത്തലമാണ് എന്നെ ശരിക്കും കൺഫ്യൂസിങ് ആക്കിയത്. കാരണം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അതിനൂതന സാങ്കേതിക വിദ്യകളായ സ്മാർട്ട് ഫോൺ, ലാപ്ടോപ് തുടങ്ങിയവയൊക്കെ കാണാമെങ്കിലും കാർ, കെട്ടിടങ്ങൾ, ടിവി, ഡ്രെസ്സിങ് മുതലായവയൊക്കെ എൺപതുകളിലെ സിനിമകളിൽ കണ്ടതുപോലെയുള്ളവയായിരുന്നു. സീരീസ് അൺറിയലാണെന്ന് സ്ഥാപിക്കാൻ ക്രിയേറ്ററുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള ഇടപെടലുകളിൽ ചിലതാണ് ഇവയെന്ന് കരുതുന്നു. അല്ലെങ്കിൽ പ്രേക്ഷകരെക്കൊണ്ട് നൊസ്റ്റാൾജിയ അയവിറക്കിക്കാനുള്ള ഒരു മികച്ച തന്ത്രം. ലോറി, ഹോം അലോൺ ഫിലിം സീരീസൊക്കെ ചെയ്തിട്ടുള്ള പ്രശസ്ത സംവിധായകൻ ജോൺ ഹ്യൂഗ്സിന്റെ കടുത്ത ആരാധികയായിരുന്നു എന്നുള്ളതും ഇതിന് അടിവരയിടുന്നു. സൗത്ത് വെയിൽസിലെ 2016 മുതൽ പൂട്ടിക്കിടക്കുന്ന കേർലിയോൻ ക്യാമ്പസാണ് സീരീസിലെ പ്രശസ്തമായ മൂർഡേയ്ൽ ഹൈസ്‌കൂളിന് പശ്ചാത്തലമായിരിക്കുന്നത്.
8.3/10 . IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ