The Boys » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ മനുഷ്യ നന്മയ്ക്കായി തിന്മയ്ക്കെതിരെ പോരാടാൻ നിയോഗിക്കപ്പെട്ട അമാനുഷിക ശക്തിയുള്ളവരെയാണ് സൂപ്പർ ഹീറോസ് എന്ന് വിളിക്കുന്നത്. ആദ്യം ഫാന്റസിയായും പിന്നീട് സയൻസ് ഫിക്ഷനായും കുട്ടികളെ രസിപ്പിക്കാനായി അവതരിപ്പിക്കപ്പെട്ട സൂപ്പർ ഹീറോസ് കഥകൾ കോമിക് സ്ട്രിപ്പുകളായും സിനിമകളായും പ്രായഭേദമന്യേ ജനകീയത കൈവരിച്ചു. ഡിസി എന്ന ഡിറ്റെക്റ്റീവ് കോമിക്സും മാർവൽ കോമിക്സുമായിരുന്നു ഈ രംഗത്തെ എക്കാലത്തെയും ചിരവൈരികൾ. ഇവിൽ സൂപ്പർമാനും സിമ്പയോട്ട് സ്‌പൈഡർമാനുമൊക്കെ സൂപ്പർഹീറോസ് വില്ലന്മാരായാലുള്ള ഭവിഷ്യത്തുകളുടെ മിന്നായങ്ങൾ ചില സിനിമകളിൽ കാണിച്ചിരുന്നു. എന്നാൽ സൂപ്പർ ഹീറോസ് ചെയ്യുന്ന തിന്മകൾക്കെതിരെ പോരാടുന്ന അമാനുഷിക ശക്തികൾ ഒന്നുമില്ലാത്ത കുറച്ച് സാധാരണ മനുഷ്യരെ ഹീറോകളാക്കി ഒരു വ്യത്യസ്ത തീമിൽ അണിയിച്ചൊരുക്കിയ സീരീസാണ് ആമസോൺ പ്രൈമിന്റെ ദി ബോയ്സ്. അവഞ്ചേഴ്‌സും ജസ്റ്റിസ് ലീഗുമൊക്കെ സിനിമകളായപ്പോൾ അത് കൊച്ചു കുട്ടികൾക്ക് കൂടി ആസ്വദിക്കാൻ പറ്റാവുന്ന തരത്തിൽ വയലൻസുകളും അശ്ലീലതയുമൊക്കെ മാക്സിമം ഒഴിവാക്കിയാണ് ദൃശ്യവൽക്കരിച്ചിട്ടുള്ളതെങ്കിലും ചൈൽഡ് ഓഡിയൻസിനെ ഒട്ടും പരിഗണിക്കാതെയുള്ള വയലൻസിന്റെയും അശ്ലീലതയുടേയുമൊക്കെ എക്സ്ട്രീമിറ്റിയാണ് ദി ബോയ്സ്.
■ ഗാരത് എന്നിസും ഡാറിക്ക് റോബർട്ട്സണും ക്രിയേറ്റ് ചെയ്ത ദി ബോയ്സ് എന്ന പേരിൽ തന്നെയുള്ള കോമിക് സീരീസിനെ ആസ്പദമാക്കി ആമസോൺ പ്രൈമിന് വേണ്ടി എറിക് ക്രിപ്കെ ഡെവലപ്പ് ചെയ്ത സൂപ്പർ ഹീറോ ബ്ലാക്ക് കോമഡി ആക്ഷൻ ത്രില്ലർ സീരീസാണ് ദി ബോയ്സ്. ഡിസിയുടെ തന്നെ ഉപവിഭാഗമായിരുന്ന വൈൽഡ് സ്റ്റോമായിരുന്നു ദി ബോയ്സിന്റെ പ്രസാധകർ. എറിക് ക്രിപ്കെയടക്കം 13 പേരാണ് ഇതുവരെയിറങ്ങിയ 16 എപ്പിസോഡുകൾ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ക്രിസ്റ്റഫർ ലെനർട്സാണ് ദി ബോയ്സിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ സൂപ്പർ ഹീറോസിനെ മുഖങ്ങളാക്കി ബിസിനസ്സ് നടത്തുന്ന വൗട്ട് എന്നൊരു കോർപ്പറേറ്റ് കമ്പനി. വൗട്ടിനു കീഴിൽ അമേരിക്കയെ ക്രിമിനൽസിൽ നിന്നും രക്ഷിക്കാനായി നിയുക്തരാക്കപ്പെട്ട ഏഴ് സൂപ്പർ ഹീറോസ് അടങ്ങുന്ന ദി സെവൻ എന്ന സുപ്രീം ടീം. ദി സെവനിലെ അംഗങ്ങൾക്ക് ലോകമെങ്ങുമായി കോടിക്കണക്കിനു ആരാധകർ. പക്ഷേ, പ്രത്യക്ഷത്തിൽ ലോകത്തെ രക്ഷിക്കുന്ന സൂപ്പർ ഹീറോസ് ആണെങ്കിലും തങ്ങളുടെ സൂപ്പർ ഹീറോ അബിലിറ്റി വ്യക്തിപരമായ നേട്ടങ്ങൾക്കും പണത്തിനും വേണ്ടി ഉപയോഗിക്കുന്നവരായിരുന്നു ദി സെവനിലെ ഒട്ടുമിക്ക അംഗങ്ങളും. വൗട്ടിന് വേണ്ടതും കച്ചവടം മാത്രമായിരുന്നു. അമേരിക്കൻ മിലിട്ടറിയിൽ കൂടി ദി സെവനെ തിരുകിക്കയറ്റി ലോകത്തെ സുപ്രീമുകൾ ആവുക എന്നതായിരുന്നു മാഡലിൻ സ്റ്റിൽവൽ നയിക്കുന്ന വൗട്ടിന്റെ പരമമായ ലക്ഷ്യം. ഒരിക്കൽ ദി സെവനിലെ അംഗവും ലോകത്തെ ഏറ്റവും വേഗതയുള്ള മനുഷ്യൻ എന്ന സ്ഥാനപ്പേരിന് അർഹനുമായ A-ട്രെയിൻ, ഹ്യൂയി കാംബെൽ എന്ന ചെറുപ്പക്കാരന്റെ പ്രണയിനി റോബിന്റെ മരണത്തിന് കാരണക്കാരനാവുന്നു. A-ട്രെയിനിന്റെ കടുത്ത ആരാധകനായിരുന്ന ഹ്യൂയി നിയമനടപടികളുമായി മുന്നോട്ട് പോകുന്നു. റോബിന്റെ മരണം ഒരു ബാങ്ക് കവർച്ച തടയുന്നതിനിടയിൽ സംഭവിച്ച ഒരു കൈയ്യബദ്ധമാക്കി മാറ്റാൻ A-ട്രെയിൻ പരമാവധി ശ്രമിക്കുന്നു. അധികാരികളിൽ നിന്നോ വൗട്ടിൽ നിന്നോ തനിക്ക് നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയ ഒരു സാധാരണ ഇലക്ട്രോണിക് ഷോപ്പ് സെയിൽസ്മാനായ ഹ്യൂയി നിരാശനായിരിക്കുന്നതിനിടയിൽ സിഐഎ ഏജന്റ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ബില്ലി ബുച്ചർ എന്നൊരാൾ സഹായത്തിനെത്തുന്നു. കറപ്റ്റഡ് സൂപ്പർ ഹീറോസിനെതിരെ പോരാടുന്ന ബില്ലി ബുച്ചറിന്റെ നേതൃത്വത്തിക്കുന്ന ദി ബോയ്സ് എന്ന ആന്റി സൂപ്പർഹീറോ ടീമിലേക്ക് അങ്ങനെ ഹ്യൂയിയും എത്തുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ പെർഫോമൻസ് വൈസ് പറയുകയാണെങ്കിൽ ആളൊരു നാറിയാണെങ്കിലും ഹോംലാന്ററിന്റെ തട്ട് താണ് തന്നെയിരിക്കും. ഡിസിയുടെ ഇവിൽ സൂപ്പർമാൻ എന്ന കഥാപാത്രത്തിനോട് 100% നീതിപുലർത്തുന്നതായിരുന്നു ഹോംലാന്റർ. കടുക്മണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാൽ തവിടുപൊടിയാവുമായിരുന്ന മൂഡ് സ്വിങ്ങിന്റെ അതിപ്രസരമുള്ള ഹോംലാന്റർ എന്ന കഥാപാത്രം അത്രകണ്ട് ആന്റണി സ്റ്റാർ എന്ന നടൻ മനോഹരമാക്കിയിട്ടുണ്ട്. കാൾ അർബൻ അവതരിപ്പിച്ച നായക കഥാപാത്രം ബില്ലി ബുച്ചറിനെക്കുറിച്ച് പറയുകയാണെങ്കിൽ ആളൊരു നന്മ മരം ഒന്നുമല്ലെങ്കിലും ഇഷ്ടപ്പെട്ടു പോകും. തന്റെ സാഹചര്യങ്ങൾ കാരണം വയലൻസിലേക്ക് ഇറങ്ങിപ്പുറപ്പെട്ട ദി ബോയ്സിലെ നല്ലവനായ ഉണ്ണി, ഹ്യൂയി കാംബെലിനെ അവതരിപ്പിച്ച ജാക്ക് ക്വയ്ഡും ഗംഭീരമായിരുന്നു. ദി സെവനിലെ ഒരേയൊരു നന്മ മനസ്സിനുടമയായ സ്റ്റാർലൈറ്റ് എന്ന ആനിയെ അവതരിപ്പിച്ചിരിക്കുന്നത് എറിൻ മോറിയാർട്ടിയാണ്. ലാസ് അലോൺസോ അവതരിപ്പിച്ച മദേഴ്സ് മിൽക്കും ടോമർ കാപോണിന്റെ ഫ്രഞ്ചിയുമെല്ലാം അടിപൊളിയായിരുന്നു. രണ്ടാം സീസൺ അടക്കി ഭരിച്ച സ്റ്റോംഫ്രണ്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അയ ക്യാഷിനെയും എടുത്തു തന്നെ പറയണം. ഡോമിനിക് മക്എലിഗോട്ട് (ക്വീൻ മേവ്), ചെയ്‌സ് ക്രാഫോഡ് (ദി ഡീപ്പ്), കാരൻ ഫുകുഹാര (കിമികൊ), ജെസ്സി ഉഷർ (A-ട്രെയിൻ), നതാൻ മിച്ചൽ (ബ്ലാക്ക് നോയിർ), എലിസബത് ഷൂവേ (മാഡലിൻ സ്റ്റിൽവൽ), ക്ലോഡിയ ഡൗമിറ്റ് (വിക്ടോറിയ ന്യൂമാൻ), ഷാന്റേൽ വാൻസാന്റൻ (ബെക്ക ബുച്ചർ), കോൾബി മിനിഫി (ആഷ്‌ലി ബാരറ്റ്), ലൈല റോബിൻസ് (ഗ്രേസ് മല്ലോറി), ബ്രിട്ടണി അലെൻ (പോപ് ക്ലോ), ജിയാൻകാർലോ എസ്‌പാസിറ്റൊ (സ്റ്റാൻ എഡ്ഗർ) തുടങ്ങി വന്നവരും പോയവരുമെല്ലാം സ്ക്കോർ ചെയ്ത മറ്റൊരു സീരീസ് ഞാൻ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.
📎 ʙᴀᴄᴋwᴀsʜ
■ ദി ബോയ്സിലെ അൾട്ടിമേറ്റ് സൂപ്പർ ഹീറോസ് ടീമായ ദി സെവനെ മാർവലിന്റെ അവഞ്ചേഴ്‌സുമായും ഡിസിയുടെ ജസ്റ്റിസ് ലീഗുമായുമൊക്കെ താരതമ്യം ചെയ്യാമെങ്കിലും ദി ബോയ്സിലെ സൂപ്പർ ഹീറോസ് കൂടുതൽ അടുത്ത് നിൽക്കുന്നത് ഡിസിയോടാണ്. നേരത്തേ പറഞ്ഞതുപോലെ ദി ബോയ്സിലെ ഹോംലാന്ററിന് ഏറ്റവും സാമ്യം സൂപ്പർമാന്റെ ഡാർക്ക് സൈഡായ ഇവിൽ സൂപ്പർമാനുമായാണ്. ചെറിയൊരു ശതമാനം അവഞ്ചേഴ്സിന്റെ ക്യാപ്റ്റൻ അമേരിക്കയോടും. ഹോംലാന്റർ മുതലിങ്ങോട്ട് ക്വീൻ മേവ് - വണ്ടർ വുമൺ, ബ്ലാക്ക് നോയിർ - ബാറ്റ്മാൻ, ദി ഡീപ്പ് - അക്വാമാൻ, A-ട്രെയിൻ - ഫ്ലാഷ് തുടങ്ങി ദി ബോയ്സിൽ വരുന്ന ഓരോ സൂപ്പർ ഹീറോ കഥാപാത്രത്തിനും ഒരു ഡിസി ക്യാരക്റ്റർ ഷെയ്ഡ് കാണാൻ കഴിയും. ദി ബോയ്സിൽ പ്രത്യക്ഷപ്പെടുന്ന ട്രാൻസ്‌ലൂസന്റ് എന്ന കഥാപാത്രം സീരീസിന് വേണ്ടി മാത്രം സൃഷ്ടിച്ചതാണ്. ഗ്രാഫിക് നോവലിൽ ദി സെവനിൽ ട്രാൻസ്‌ലൂസന്റിന് പകരം മറ്റൊരു സൂപ്പർ ഹീറോ ആയിരുന്നു. വൗട്ടിൻറെ തലവ മാഡലിൻ സ്റ്റിൽവെൽ എന്ന കഥാപാത്രവും രണ്ടാം സീസണിൽ വരുന്ന സ്റ്റോം ഫ്രണ്ട് എന്ന സൂപ്പർഹീറോ കഥാപാത്രവും ദി ബോയ്സിന്റെ സ്ഥാപക ഗ്രേസ് മലോറിയും നോവലിൽ പുരുഷ കഥാപാത്രങ്ങളായിരുന്നു.
8.7/10 . IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ