ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Zack Snyder's Justice League



Zack Snyder's Justice » ᴀ ʀᴇᴛᴀʟɪᴀᴛᴇ


■ സ്നൈഡർ കട്ട് ജസ്റ്റിസ് ലീഗ് അഥവാ സാക്ക് സ്നൈഡറിന്റെ മാത്രം ജസ്റ്റിസ് ലീഗ്. 2017ൽ ഇറങ്ങി ഡിസാസ്റ്റർ ആയിപ്പോയ ഡിസിയുടെ ജസ്റ്റിസ് ലീഗ് മുതൽ കേട്ടു തുടങ്ങിയതാണ് സ്നൈഡർ കട്ട് വരുന്നൂ സ്നൈഡർ കട്ട് വരുന്നൂ എന്ന്. ഡിസി ആരാധകർ സോഷ്യൽ മീഡിയ ഒന്നാകെ പോസ്റ്റർ ഒട്ടിച്ചു നടന്നിട്ടും എനിക്കൊരു വിശ്വാസവും ഇല്ലായിരുന്നു ഒരു പരാജയപ്പെട്ട സിനിമയ്ക്ക് അതിന്റെ സംവിധായകന്റെ വേർഷൻ വരുമെന്ന്. ഇത് പക്ഷേ, ഞാനൊക്കെ പുച്ഛത്തോടെ നോക്കിക്കണ്ട ഡിസി ആരാധകരുടെ പോസ്റ്റർ ഒട്ടിപ്പിന്റെയൊക്കെ വിജയം തന്നെയാണ്. അവരുടെ അർഹതയ്ക്കുള്ള അംഗീകാരമാണ്. എന്താണ് സ്നൈഡർ കട്ട്? 2017ൽ ഡിസി അവരുടെ തിരിച്ചു വരവും സ്വപ്നം കണ്ട് ഇറക്കിയ ജസ്റ്റിസ് ലീഗ് എന്ന ബ്രഹ്‌മാണ്ട സിനിമ ബോക്സ് ഓഫീസിൽ മൂക്കുംകുത്തി വീണതിന് പിന്നിൽ ഒരു ചതിയുടെ കഥയുണ്ട്. വാർണർ ബ്രോസ് എന്ന വൻകിട പ്രൊഡക്ഷൻ കമ്പനി സാക്ക് സ്നൈഡർ എന്ന സംവിധായകനെ ചതിച്ച കഥ.  സാക്ക് സ്നൈഡർ വാർണർ ബ്രോസുമായി ഒരുമിച്ച ആദ്യ ഡിസി സിനിമ വാച്ച്മെൻ ആയിരുന്നു. സൂപ്പർഹീറോസ് സിനിമകൾക്ക് റിവ്യൂ എഴുതില്ല എന്ന് പറഞ്ഞ് മുഖം തിരിച്ചു നടന്നിരുന്ന എന്നെ ആദ്യമായി ഒരു സൂപ്പർഹീറോ സിനിമയ്ക്ക് റിവ്യൂ എഴുതാൻ നിർബന്ധിച്ച ലക്ഷണമൊത്ത ഒരു സൂപ്പർഹീറോ സിനിമയായിരുന്നു സാക്ക് സ്നൈഡർ സംവിധാനം ചെയ്ത വാച്ച്മെൻ. സാക്ക് സ്നൈഡർ എന്ന സംവിധായകന്റെ എല്ലാ കഴിവും പ്രകടമായിരുന്നു ആ ചിത്രത്തിൽ. ഇന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സൂപ്പർ ഹീറോ സിനിമ വാച്ച്മെൻ തന്നെയാണ്. പറഞ്ഞുവരുന്നത്, സാക്ക് സ്നൈഡറെ വാർണർ ബ്രോസിന് വല്ലാണ്ടങ്ങു ബോധിച്ചു. കോമിക്സ് ഇൻഡസ്ട്രിയിൽ എന്ന പോലെ തന്നെ ഫിലിം ഇൻഡസ്ട്രിയിലും ഡിസിയുടെ ബദ്ധ വൈരികളായ മാർവൽ, മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സ് എന്നൊരു ഫ്രാഞ്ചസി തുടങ്ങിയതോടെ ഡിസിയുടെ കണ്ടക ശനി ആരംഭിച്ചു. അയൺമാൻ ഫിലിം സീരീസിലൂടെ തുടങ്ങിയ MCU, 2012ൽ അവഞ്ചേഴ്സ് എന്ന ബ്രഹ്‌മാസ്ത്രം പുറത്തെടുത്തതോടെ ഡിസി ബഹുദൂരം പിന്നിലായിക്കൊണ്ടിരുന്നു. അങ്ങനെ കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോവുകയാണെന്ന് തിരിച്ചറിഞ്ഞ ഡിസി, ഡിസി എക്സ്റ്റൻഡഡ് യൂണിവേഴ്സ് എന്ന ഫ്രാഞ്ചസി ആരംഭിച്ചു പ്രാണവായു അന്വേഷിച്ചു. ഡിസിയെ രക്ഷിക്കാനുള്ള ചരിത്ര ദൗത്യം വാർണർ ബ്രോസ് ഏൽപ്പിച്ചത് അവർക്കേറ്റവും പ്രിയപ്പെട്ട സാക്ക് സ്നൈഡറെ തന്നെയായിരുന്നു. അങ്ങനെ ഡിസിയുടെ ഐക്കൺ സൂപ്പർ ഹീറോയായ സൂപ്പർമാന്റെ ഒറിജിൻ സ്റ്റോറിക്ക് റീബൂട്ടായി വന്ന മാൻ ഓഫ് സ്റ്റീൽ എന്ന സിനിമയിലൂടെ സാക്ക്, വാർണർ ബ്രോസിന് തന്നിലുള്ള വിശ്വാസം അരക്കിട്ടുറപ്പിച്ചു. മാൻ ഓഫ് സ്റ്റീലിന്റെ നിർമ്മാതാക്കളിൽ ഒരാൾ സാക്ഷാൽ ക്രിസ്റ്റഫർ നോളനായിരുന്നു. പക്ഷേ, DCEUവിലെ രണ്ടാമത്തെ സിനിമയായ ബാറ്റ്മാൻ Vs സൂപ്പർമാൻ തുടക്കത്തിൽ റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറിയെങ്കിലും നെഗറ്റീവ് റിവ്യൂകളുടെ കുത്തൊഴുക്കിൽ രണ്ടാമത്തെ ആഴ്ച്ച ബോക്സ്ഓഫീസിൽ മൂക്കുംകുത്തി വീണു. അവിടെ നിന്നും ഡിസിക്ക് എഴുന്നേൽക്കാൻ പോലും സാധിച്ചില്ല. ബില്ല്യൺ ഡോളർ പ്രതീക്ഷിച്ചു പുറത്തിറക്കിയ പ്രിയപ്പെട്ട സിനിമയുടെ പരാജയ കാരണം സംവിധായകൻ സ്നൈഡർ ആണെന്ന് വാർണർ ബ്രോസ് വിശ്വസിച്ചു. അവിടെ മുതൽ അവർക്ക് സ്നൈഡറോടുള്ള സമീപനത്തിൽ മാറ്റം വരാൻ തുടങ്ങി. MCUവിലെ ചിത്രങ്ങൾ പണം വാരിക്കൂട്ടി മുന്നേറുന്നതും വാർണർ ബ്രോസിന്റെ കല്ലുകടിക്ക് ഒരു കാരണമായി. എങ്കിലും മാർവലിന്റെ അവഞ്ചേഴ്സിന് വെല്ലുവിളിയുയർത്താനായി ജസ്റ്റിസ് ലീഗ് എന്ന സിനിമ ഡിസി മുന്നോട്ട് വെച്ചപ്പോൾ അതിന്റെ സംവിധായകനായി സാക്ക് സ്നൈഡറെ തന്നെ മനസ്സില്ലാ മനസ്സോടെ വാർണർ ബ്രോസ് സമ്മതിച്ചു. ജസ്റ്റിസ് ലീഗ് തന്റേതായ ശൈലിയിൽ ചിത്രീകരിച്ച സ്നൈഡർക്ക് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിനിടയിൽ തന്റെ മകൾ ഓട്ടം സ്നൈഡറുടെ ആത്മഹത്യ കാരണം വിട്ടു നിൽക്കേണ്ടി വന്നു. പക്ഷേ, വാർണർ ബ്രോസിന്റെ ചതി ആരംഭിക്കുന്നത് ഇവിടെയായിരുന്നു. സാക്ക് സ്നൈഡറുടെ ജീവതത്തിൽ സംഭവിച്ച ട്രാജഡി വാർണർ ബ്രോസ് മുതലെടുത്തു. ജസ്റ്റിസ് ലീഗ് അവഞ്ചേഴ്സ് ഒക്കെപ്പോലെ കളർ ആവണം, ഹ്യൂമർ വേണം, പ്രേക്ഷകർ സ്വീകരിക്കണം എന്നൊക്കെ ആഗ്രഹിച്ച വാർണർ ബ്രോസ് പോസ്റ്റ് പ്രൊഡക്ഷന് സ്നൈഡറുടെ പകരക്കാരനായി ജോസ് വെഡനെ കൊണ്ടുവന്നു. ആര്? MCUവിന്റെ അഹങ്കാരങ്ങളായ ആദ്യ രണ്ട് അവഞ്ചേഴ്സ് സിനിമകൾ സംവിധാനം നിർവ്വഹിച്ച അതേ ജോസ് വെഡൻ. "എന്തിന് അവഞ്ചേഴ്സ് പോലൊരു സിനിമയാക്കണം, ദാ.. അവഞ്ചേഴ്സ് തന്നെ പിടിച്ചോ.." എന്നും പറഞ്ഞു ജോസ് ജസ്റ്റിസ് ലീഗിന് വേണ്ടി സ്നൈഡർ ചെയ്ത പല സീൻസും വെട്ടിക്കൂട്ടി, പോരാത്തതിന് തന്റെ സംഭാവനകളായി കുറച്ചധികം സീൻസും റീഷൂട്ട് ചെയ്തു രണ്ട് മണിക്കൂറുള്ളൊരു സിനിമ വാർണർ ബ്രോസിന്റെ കൈവെള്ളയിൽ വെച്ചു കൊടുത്തു. സിനിമയുടെ പ്രീമിയർ കണ്ട നോളൻ സ്നൈഡറോട് പറഞ്ഞത്, "ജസ്റ്റിസ് ലീഗ് നീ കാണരുത്, നിന്റെ ഹൃദയം തകരും" എന്നായിരുന്നു. നോളന്റെ ഉപദേശം അക്ഷരം പ്രതി അനുസരിച്ച സ്നൈഡർ 2017ൽ ഇറങ്ങിയ ജസ്റ്റിസ് ലീഗ് ഇതുവരെ കണ്ടിട്ടില്ല, മറിച്ചായിരുന്നെങ്കിൽ "ഇതെന്റെ ഗർഭമല്ലാ, എന്റെ ഗർഭം ഇങ്ങനെയല്ലാ.." എന്ന് വാവിട്ടു കരഞ്ഞേനെ. അങ്ങനെയെങ്കിൽ സ്നൈഡർ ഷൂട്ട് ചെയ്ത മറ്റൊരു ജസ്റ്റിസ് ലീഗ് പാരലൽ യൂണിവേഴ്‌സിലുണ്ട് എന്ന് ഉറച്ചു വിശ്വസിച്ച ഒരുകൂട്ടം ഡിസി ഫാൻസ്‌ "We Want Snyder Cut" എന്നും ഹാഷ്ടാഗ് ഇട്ടു അവരുടെ യുദ്ധം തുടങ്ങി. പക്ഷേ, പലരും തമാശയായി തള്ളിയ ആ വിരൽ തുമ്പ് വിപ്ലവത്തെ പല സെലിബ്രിറ്റികളും ഏറ്റെടുക്കാൻ തുടങ്ങി. അവസാനം ജസ്റ്റിസ് ലീഗിലെ അഭിനേതാക്കൾ തന്നെ പിന്തുണയുമായി എത്തി. ആരാധകരും ജസ്റ്റിസ് ലീഗിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും അടക്കം സ്നൈഡർ കട്ട് പുറത്തിറക്കണമെന്ന് ആവശ്യവുമായി പെറ്റീഷനിൽ ഒപ്പുവെച്ചു. അവസാനം പ്രൊഡക്ഷൻ ഭീമനായ വാർണർ ബ്രോസിന് സമ്മതിക്കേണ്ടി വന്നു. 2020ൽ സ്നൈഡർ കട്ട് ജസ്റ്റിസ് ലീഗ് OTT പ്ലാറ്റ്ഫോമായ HBO MAXലൂടെ പുറത്തിറങ്ങുമെന്ന് സാക്ക് സ്നൈഡർ തന്നെ പ്രഖ്യാപിച്ചു. താൻ മുൻപ് ഷൂട്ട് ചെയ്ത രംഗങ്ങളും പുതിയതായി ഷൂട്ട് ചെയ്ത രംഗങ്ങളും കോർത്തിണക്കി നാല് മണിക്കൂറുള്ളൊരു ജസ്റ്റിസ് ലീഗ് സ്നൈഡർ "ഇതാണ് ഞാൻ കണ്ട സ്വപ്നം, ഇതാണെന്റെ ജസ്റ്റിസ് ലീഗ്" എന്നും പറഞ്ഞു പ്രേക്ഷകരുടെ കൈവെള്ളയിൽ വെച്ചു കൊടുത്തു.




■ ക്രിസ് ടെറിയോയാണ് ജസ്റ്റിസ് ലീഗിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്വൽ എഫെക്റ്റ്സിന് പ്രാധാന്യമുള്ള ഒരു സൂപ്പർ ഹീറോ സിനിമയ്ക്ക് എന്തിനാണ് മികച്ച ഛായാഗ്രഹണം എന്നതിനുള്ള ഉത്തരം വളരെ മനോഹരമായി തന്നെ പറഞ്ഞിരിക്കുകയാണ് ഫാബിയൻ വാഗ്നർ എന്ന സിനിമാറ്റോഗ്രാഫർ. ഈ സിനിമയിൽ എഡിറ്റിങ്ങിനുള്ള പ്രാധാന്യം എന്താണെന്ന് പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ. ഡേവിഡ് ബ്രണ്ണറാണ് എഡിറ്റർ. ടോം ഹോൾക്കൻബോർഗിന്റെ മാസ്മരിക ബിജിഎം കൂടി ചേർന്നപ്പോൾ ജസ്റ്റിസ് ലീഗിന് അർഹതപ്പെട്ട ജസ്റ്റിസ് ലഭിച്ചു എന്ന് തന്നെ പറയാം.




✍sʏɴᴏᴘsɪs                


■ 2017ൽ ഇറങ്ങി നാണം കെട്ടു തിയറ്ററിൽ നിന്നും മടങ്ങിയ ജസ്റ്റിസ് ലീഗ് എന്ന സിനിമയുടെ കഥയിൽ നിന്നും ഒരു മാറ്റവുമില്ല സ്നൈഡറുടെ സ്വന്തം ജസ്റ്റിസ് ലീഗിന്. പക്ഷേ, ജോസ് വെഡൻ വെട്ടി മാറ്റിയ പല സീനുകളും കഥാപാത്രങ്ങളും തന്നെയാണ് വാർണർ ബ്രോസിന്റെ ജസ്റ്റിസ് ലീഗും സ്നൈഡറുടെ ജസ്റ്റിസ് ലീഗും തമ്മിലുള്ള പ്രധാന വ്യത്യാസം. പിന്നെ മെയ്ക്കിങ്ങും. ഡിസിയിലെ അല്ല, സാക്ഷാൽ മാർവലിന്റെ താനോസിനെക്കാൾ ശക്തനായ വില്ലൻ കഥാപാത്രമായ ഡാർക്ക്സെയ്ഡിനെ വരെ ജോസ് വെഡൻ വെട്ടി മാറ്റിയിരുന്നു 2017ലെ ജസ്റ്റിസ് ലീഗിൽ എന്നറിയുക. ആയിരം വർഷങ്ങൾക്ക് മുൻപ് മൂന്ന് മദർബോക്സുകൾ യോജിപ്പിച്ചുണ്ടാക്കിയ എനർജിയുടെ സഹായത്തോടെ ഭൂമി കീഴടക്കാൻ വന്ന അപ്പോകോളിപ്‌സിന്റെ ദൈവമായ ഡാർക്ക്സെയ്ഡിനും അയാളുടെ പാരാഡെമോൺ സൈന്യത്തിനും ഭൂമിയിലുള്ള അറ്റ്ലാന്റിയനുകളും ആമസോണുകളും ഒളിമ്പിയൻ ദൈവങ്ങളും മനുഷ്യരും ഗ്രീൻ ലാന്റേണിന്റെ സഹായത്തോടെ ഒരുമിച്ചു നിന്ന് പ്രതിരോധിച്ചത് കാരണം ആ ശ്രമം ഉപേക്ഷിച്ചു മടങ്ങേണ്ടി വരുന്നു. ആ മൂന്ന് മദർബോക്സുകൾ ഭൂമിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അറ്റ്ലാന്റിയനുകളും ആമസോണുകളും പിന്നെ മനുഷ്യരും ഓരോ മദർബോക്സുകളായി സൂക്ഷിച്ചു വെച്ചു. ആയിരം വർഷങ്ങൾക്ക് ശേഷം ഡാർക്ക്സെയ്ഡിന്റെ സേവകരിൽ ഒരാളായ സ്റ്റെപ്പൻവോൾഫിനെ ആ മൂന്ന് മദർബോക്സുകളും തിരിച്ചെടുക്കാനുള്ള ചുമതലയേൽപ്പിച്ചു ഭൂമിയിലേക്ക് അയക്കുന്നു. മൂന്ന് മദർബോക്സുകളും വീണ്ടും യോജിപ്പിച്ചു ഭൂമിയെ അപ്പോകോളിപ്സ് ആക്കി മാറ്റിയെടുക്കുകയാണ് സ്റ്റെപ്പൻവോൾഫിന്റെ ചുമതല. സൂപ്പർമാൻ എന്ന ഭൂമിയിലെ ഏറ്റവും ശക്തനായ ആയ സൂപ്പർഹീറോയുടെ മരണത്തിന് ശേഷമുള്ള ഭൂമി, അഥവാ Dawn Of Justiceന് ശേഷമുള്ള ഭൂമി. സൂപ്പർമാൻ ഇല്ലാത്ത ഭൂമിയെ തനിക്ക് ഒറ്റയ്ക്ക് രക്ഷിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ബാറ്റ്മാൻ, ബ്രൂസ് വെയ്ൻ ഭൂമിയിലെ മറ്റു സൂപ്പർഹീറോകളായ അക്വാമാൻ, വണ്ടർവുമൺ, ദി ഫ്ലാഷ്, സൈബോർഗ് എന്നിവരെ ഒരുമിപ്പിച്ചു തിന്മയ്ക്കെതിരെ പോരാടാൻ ജസ്റ്റിസ് ലീഗ് എന്നൊരു ടീം ഉണ്ടാക്കാൻ ശ്രമിക്കുന്നു. പക്ഷേ, ഡാർക്ക്സെയ്ഡിന്റെ വെറുമൊരു സേവകനായ സ്റ്റെപ്പൻവോൾഫിനെ തടയാനുള്ള കരുത്ത് പോലും സൂപ്പർമാൻ ഇല്ലാത്ത ജസ്റ്റിസ് ലീഗിന് അസാധ്യമായിരുന്നു. സൂപ്പർമാൻ ഇല്ലാതെ എങ്ങനെ ജസ്റ്റിസ് ലീഗ് യൂണിവേഴ്‌സിലെ ഏറ്റവും പവർഫുളായ വില്ലന്മാർക്കെതിരെ പോരാടും..?




👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        


■ ബെൻ അഫ്ലക്ക്, ഹെൻറി കവിൽ, ഗാൾ ഗാഡോട്ട്, ജേസൺ മോമോവ, റേ ഫിഷർ, എസ്ര മില്ലർ, ആമി ആഡംസ്, ഡയാനെ ലൈൻ ആമ്പർ ഹിയേഡ്, ജാർദ് ലെറ്റോ,കോണി നീൽസൻ തുടങ്ങി വമ്പൻ താരനിര തന്നെയുണ്ട് ജസ്റ്റിസ് ലീഗിൽ.




📎 ʙᴀᴄᴋwᴀsʜ


■ ഇതാദ്യമല്ല വാർണർ ബ്രോസ് പൊതുജനത്തിന്റെ വൻസമ്മർദ്ദത്തിന്റെ ഫലമായി ഒരു സിനിമയുടെ ഡയറക്ട്ടേഴ്സ് കട്ട് പുറത്തിറക്കുന്നത്. ക്രിസ്റ്റഫർ റീവ്സിനെ നായകനാക്കി ഡിസി മുൻപിറക്കിയ സൂപ്പർമാൻ സിനിമയുടെ രണ്ടാം ഭാഗമായ സൂപ്പർമാൻ 2വിലും ഏതാണ്ട് ഇതേ പ്രശ്നം നടന്നിട്ടുണ്ട്. അന്ന് സിനിമയുടെ സംവിധായകനായ റിച്ചാർഡ് ഡോണറെ പുറത്താക്കി നിർമ്മാതാക്കൾ റിച്ചാർഡ് ലെസ്റ്റർ എന്നൊരു സംവിധായകനെ പകരം നിയമിച്ചു. പടം ഒന്നാം ഭാഗത്തിന്റെ അത്ര വന്നില്ല എന്ന് വിമർശകർ അടക്കം പറഞ്ഞു. ഏകദേശം രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം അതിൽ ലോയിസ് ലൈനായി അഭിനയിച്ച മാർഗോട്ട് കിഡർ സൂപ്പർമാൻ 2വിനൊരു റിച്ചാർഡ് ഡോണർ കട്ട് നിലനിൽക്കുന്നുണ്ടെന്ന് ഒരു ഇന്റർവ്യൂവിൽ വിളിച്ചു പറഞ്ഞു. അന്നും ആരാധകർ ഫാൻ പെറ്റിഷൻ ഒപ്പുവെച്ചു കൊണ്ട് പ്രതിഷേധം പ്രകടിപ്പിച്ചു. അവസാനം വഴങ്ങിയ വാർണർ ബ്രോസ് കമ്പനി മാർഗോട്ട് കിഡറിന്റെ ഇന്റർവ്യൂ നടന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം 2006ൽ സൂപ്പർമാൻ 2 : ദി റിച്ചാർഡ് ഡോണർ കട്ട് പുറത്തിറക്കി.  ജോസ് വെഡൻ ഷൂട്ട് ചെയ്ത ഒരൊറ്റ സീൻ പോലും സ്നൈഡർ തന്റെ സിനിമയിൽ ഉപയോഗിച്ചിട്ടില്ല. ജസ്റ്റിസ് ലീഗ് ഡിസിയിലെ സൂപ്പർഹീറോസിന്റെ ഒരു ടീം അഫിലിയേഷൻ ആണെങ്കിൽ സ്നൈഡർ കട്ട് ജസ്റ്റിസ് ലീഗിലെ, "ജസ്റ്റിസ്" എന്ന വാക്ക് സാക്ക് സ്നൈഡർ എന്ന സംവിധായകന് ലഭിച്ച നീതിയാണ്. സ്നൈഡർ തന്റെ മരിച്ചുപോയ മകൾ ഓട്ടത്തിനാണ് സിനിമ സമർപ്പിച്ചിരിക്കുന്നതും. സ്നൈഡർ താൻ മുൻപ് ഷൂട്ട് ചെയ്ത ജസ്റ്റിസ് ലീഗിലേതിനേക്കാൾ വെറും അഞ്ച് മിനിറ്റുകൾ മാത്രമുള്ള ഷോട്ടുകളേ പുതുതായി ഷൂട്ട് ചെയ്തിട്ടുള്ളൂ എന്നാണ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്. അതായത് രണ്ട് മണിക്കൂറോളമുള്ള സീനുകളാണ് വാർണർ ബ്രോസും ജോസ് വെഡനും ചേർന്നു വെട്ടി മാറ്റിയത് എന്നർത്ഥം. നാല് മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമ പ്രേക്ഷകരായ നാം തെല്ലും ബോറടിയില്ലാതെ ആസ്വദിച്ചു കണ്ടു തീർത്തെങ്കിൽ അതാണ് ഒരു മികച്ച സംവിധായകന്റെ വിജയവും. മിസ്റ്റർ സാക്ക് സ്നൈഡർ, താങ്കൾ മികച്ചൊരു സംവിധായകനാണ്. ഡിസിയെ ഉയർത്തെഴുന്നേൽപ്പിക്കാൻ ആർജ്ജവമുള്ളൊരു സംവിധായകൻ ഉണ്ടെങ്കിൽ, അത് താങ്കളാണ്. ഹാറ്റ്സ് ഓഫ്.




8.4/10 . IMDb



 


                      

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...