ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Joji

 


Joji » ᴀ ʀᴇᴛᴀʟɪᴀᴛᴇ


■ ജോജിയിലൂടെ ദിലീഷ് പോത്തനും ഫഹദ് ഫാസിലും മൂന്നാമതും ഒന്നിക്കുമ്പോൾ മറ്റൊരു ഹിറ്റ് എന്നതിലുപരി മറ്റൊരു മികച്ച ചിത്രം കൂടി ലഭിച്ചിരിക്കുകയാണ് മലയാളത്തിന്. ഇനി ദിലീഷ് പോത്തൻ ചിലപ്പോൾ മനസ്സിൽ പോലും ചിന്തിചിട്ടില്ലാത്ത പോത്തേട്ടൻ ബ്രില്യൻസുകളുടെ വരവാണ്. ഫഹദ് ഇല്ലായിരുന്നില്ലെങ്കിൽ താനൊരു സംവിധയകൻ ആവില്ലായിരുന്നു എന്ന് തുറന്നു പറഞ്ഞ ദിലീഷ് പോത്തന് ഫഹദാണോ, അതോ ഫഹദിന് ദിലീഷ് പോത്തനാണോ ഒഴിച്ചു കൂടാൻ പറ്റാത്ത ചേരുവ എന്നതൊരു ചോദ്യമാണെങ്കിലും മലയാളികൾക്ക് ഈ രണ്ടു ചേരുവകളും ഒന്നിക്കുമ്പോഴാണ് രുചികരമായൊരു സദ്യ പോലോത്ത സിനിമകൾ കിട്ടുന്നത്. ദിലീഷ് പോത്തൻ ജോജി എന്ന സിനിമ ഉണ്ടാക്കിയതും ഒരുപാട് ചേരുവകൾ ചേർത്താണ്. വില്യം ഷേക്സ്പിയറിന്റെ വിശ്വവിഖ്യാത നാടകം മാക്ബെത്തും മലയാളത്തിലെ അതുല്യ സംവിധായകൻ അതിമനോഹര സൃഷ്ടികളിൽ ഒന്നായ ഇരകൾ എന്ന സൈക്കോളജിക്കൽ ത്രില്ലർ സിനിമയും സമം ചേർത്തു അതിലേക്ക് കേരളത്തെ പിടിച്ചു കുലുക്കിയ കൂടത്തായി കൊലപാതക കേസിട്ട് ഭംഗിയായി പാചകം ചെയ്തെടുത്ത രുചികരമായൊരു സദ്യയാണ് ജോജി എന്ന സൈക്കോളജിക്കൽ ക്രൈം ഡ്രാമാ മലയാള ചിത്രം. മാക്ബെത്തും ഇരകളും കൂടത്തായിയും എങ്ങനെയാണ് ജോജിയാവുന്നത് എന്നുള്ളത് സ്പോയ്ലർ ആവും എന്നുള്ളത് കൊണ്ട് തന്നെ അവസാനത്തിലേക്ക് വെക്കുന്നു. ജോജിയിറങ്ങി ദിവസങ്ങൾക്കു ശേഷമുള്ള റിവ്യൂ ആയത് കൊണ്ട് തന്നെ ഇതൊരു വെറും റിവ്യൂ ആക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. പോത്തേട്ടൻ പോലും മനസ്സിൽ ആലോചിക്കാത്ത ബ്രില്യൻസുകളിലേക്കും ഹിഡൻ റെഫെറൻസുകളിലേക്കും ഏവർക്കും സ്വാഗതം.


■ ശ്യാം പുഷ്കരൻ തിരക്കഥ രചിച്ചു ദിലീഷ് പോത്തൻ സംവിധാനം നിർവ്വഹിച്ച ബ്ലാക്ക് കോമഡി ക്രൈം ഡ്രാമാ മലയാള ചിത്രമാണ് ജോജി. ഷൈജു ഖാലിദ് ചായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കുട്ടിക്കാനത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രം ഒരു ഡാർക്ക് മൂഡിലാണ് ഷൈജു റീലിലേക്ക് പകർത്തിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് എവിടെയോ കേട്ടു മറന്ന ഒരു പ്രതീതിയുണ്ടായിരുന്നു. അത് കൃത്യമായ അളവിൽ കൃത്യമായ സ്ഥലത്ത് പ്ലേസ് ചെയ്തതും ഒരു ബ്രില്യൻസായി ഞാൻ കണക്കാക്കുന്നു.


✍sʏɴᴏᴘsɪs                


■ കുട്ടിക്കാനത്തെ അതിസമ്പന്ന ക്രിസ്റ്റ്യൻ കുടുംബമായ പനച്ചേൽ തറവാടിന്റെ അധിപനായിരുന്നു പനച്ചേൽ കുട്ടപ്പൻ എന്ന പ്രമാണി. കർക്കശകാരനും സ്വേച്ഛാധിപതിയുമായ അയാൾക്ക് ജോമോൻ, ജെയ്സൺ, ജോജി എന്നിങ്ങനെ മൂന്ന് മക്കൾ. കണ്ണെത്താ ദൂരത്തിലുള്ള സ്വത്തുവകകളും ബിസിനസ്സും കൈമുതലായിട്ടുള്ള പനച്ചേൽ കുട്ടപ്പൻ തന്റെ മക്കളെ പ്രജകളാക്കി ഒരു രാജാവിനെപ്പോലെ വാണു. മൂത്ത മകനായ ജോമോൻ തോട്ടവും മറ്റും നോക്കി നടത്തിയപ്പോൾ പനച്ചേൽ കുടുംബത്തിന്റെ കടയും ബിസിനസ്സും നോക്കി നടത്തുകയായിരുന്നു രണ്ടാമത്തെ മകൻ ജെയ്സന്റെ ചുമതല. എഞ്ചിനീയറിങ് ഡ്രോപ്പ് ഔട്ടായ മൂന്നാമത്തെ മകൻ ജോജി, പ്രത്യേകിച്ച് പറയാൻ പണിയൊന്നുമില്ലാത്ത ഒരു അലസ സ്വഭാവക്കാരനായിരുന്നു. ടൂറിസ്റ്റുകളെ പ്രതീക്ഷിച്ചു ഒരു കുതിരയെ വളർത്തിയിരുന്ന ജോജിക്ക് കൊറോണ വന്നതോടെ അവന്റെ അപ്പനിൽ നിന്നും ഇരന്നു കിട്ടുന്നത് മാത്രമായിരുന്നു ഏക വരുമാന മാർഗം. ഇവരെക്കൂടാതെ, ഡിവോഴ്‌സ്ഡ് ആയ ജോമോന്റെ ഏക മകൻ പോപ്പിയും ജെയ്സന്റെ ഭാര്യ ബിൻസിയുമടങ്ങുന്നതാണ് പനച്ചേൽ കുടുംബം. ഒരു ദിവസം, പറമ്പിലെ കുളം നന്നാക്കുന്നതിനിടയിൽ അരോഗദൃഡഗാത്രനും പ്രായം തളർത്താത്ത പോരാളിയുമായ പനച്ചേൽ കുട്ടപ്പൻ സ്ട്രോക്ക് വന്ന് കിടപ്പിലാവുന്നു. അന്ന് വരെ പനച്ചേൽ കുടുംബത്തിനെ കൈവെള്ളയിൽ കൊണ്ടു നടന്നിരുന്ന കുട്ടപ്പൻ എന്ന ഗൃഹനാഥന്റെ വീഴ്ച്ചയിൽ മൂന്ന് മക്കളും ഇനിയെന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നു...


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        


■ ജോജി എന്ന കഥാപാത്രം മറ്റു നടന്മാർക്ക് വെല്ലുവിളിയാണെങ്കിൽ ഫഹദ് ഫാസിൽ എന്ന അഭിനേതാവിന് അതായിരുന്നു സേഫ് സോൺ. പുള്ളി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നൊരു സംശയം നിലനിൽക്കുമ്പോൾ തന്നെ ജോജി എന്ന കഥാപാത്രത്തെ ഒരു മൈൽസ്റ്റോൺ ആക്കി വെച്ചിട്ടുണ്ട് ഫഹദ് ഫാസിൽ എന്ന പ്രതിഭ. പനച്ചേൽ കുട്ടപ്പനെ അതിഗംഭീരമായി അവതരിപ്പിച്ച സണ്ണി പി.എൻ എന്ന നടന് എവിടെയോ കണ്ടു മറന്ന മുഖമായിരുന്നു. അതെ, ആട് തോമയെ മെരുക്കാൻ പൂക്കോയി ഇറക്കിയ സാക്ഷാൽ തൊരപ്പൻ ബാസ്റ്റിൻ തന്നെയായിരുന്നു അത്. ജോമോനായി എത്തിയ ബാബുരാജ് ശരിക്കും വിസ്മയിപ്പിച്ചു എന്ന് തന്നെ പറയാം. നായകന്റെ അടി വാങ്ങാൻ മാത്രം വിധിക്കപ്പെട്ട വില്ലൻ കഥാപാത്രങ്ങളിലേക്ക് മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിരുന്ന ബാബുരാജിന് അതിൽ നിന്നും മോക്ഷം നൽകുന്നത് സോൾട്ട് & പെപ്പർ എന്ന സിനിമയിലൂടെ ആഷിഖ് അബുവായിരുന്നു. അന്ന്, "ചേട്ടാ, രണ്ട് രാധാസ്" എന്നും പറഞ്ഞുകൊണ്ട് കോമഡി റോളുകൾ തന്റെ കൈയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച ബാബുരാജ് ജോമോനിലൂടെ തെളിയിച്ചത് സീരിയസ് വേഷങ്ങളും തന്നെ വിശ്വസിച്ചേൽപ്പിക്കാം എന്നാണ്. പണിയറിയാവുന്നൊരു സംവിധായകന്റെ കൈയ്യിൽ കിട്ടിയാൽ താനൊരു പത്തരമാറ്റ് തങ്കമാണെന്ന് ഡോ. ഫെലിക്സിലൂടെ ഷമ്മി തിലകനും തെളിയിച്ചു.  എടുത്തു പറയേണ്ട മറ്റൊരു പ്രകടനമാണ് ജെയ്സന്റെ ഭാര്യ ബിൻസിയായി വേഷമിട്ട ഉണ്ണി മായയുടേത്. ജെയ്സനായി വേഷമിട്ട ജോജി മുണ്ടക്കയത്തിന്റേത് ആദ്യ സിനിമയാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. ഫാദർ കെവിനായി വേഷമിട്ട ബേസിൽ ജോസഫ് ശരിക്കും ഞെട്ടിച്ചു എന്ന് തന്നെ പറയാം. പോപ്പിയായി അഭിനയിച്ചിരിക്കുന്നത് അലിസ്റ്റർ അലക്സാണ്.


📎 ʙᴀᴄᴋwᴀsʜ


■ ഇനി പറയാൻ പോകുന്നത് മാക്ബെത്തും ഇരകളും കൂടത്തായിയും എങ്ങനെ ജോജി എന്ന സിനിമയായി മാറുന്നു എന്നതിനെക്കുറിച്ചാണ്. സ്പോയ്ലറുകൾ വരും എന്നുള്ളത് കൊണ്ട് തന്നെ ജോജി എന്ന സിനിമ കാണാത്തവർ ദയവായി തുടർന്നുള്ള വീഡിയോ കാണാതിരിക്കുക.


എന്തായിരുന്നു വില്യം ഷേക്സ്പിയറുടെ മാക്ബെത്ത്?


സ്ക്കോട്ട്ലാൻഡ് രാജാവ് ഡങ്കന്റെ ധീരനായൊരു സൈന്യാധിപനായിരുന്നു മാക്ബെത്ത്. ഒരു ദിവസം മാക്ബെത്ത് സ്ക്കോട്ട്ലാന്റിന്റെ രാജാവായിതീരുമെന്ന് മൂന്ന് ദുർമന്ത്രവാദിനികൾ അയാളോട് പ്രവചിക്കുന്നു. ഇത് മാക്ബെത്തിൽ അധികാരക്കൊതിയും അത്യാഗ്രഹവും നിറയ്ക്കുന്നു. മാക്ബെത്തിന്റെ ഭാര്യ അയാളിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി അയാൾ രാജാവിനെ കൊല്ലാൻ തീരുമാനിക്കുന്നു. അങ്ങനെ ഡങ്കൻ രാജാവിനെ വധിച്ച മാക്ബത്ത് സ്ക്കോട്ട്ലാന്റ് സിംഹാസനം കൈക്കലാക്കുന്നു. പക്ഷേ, ഒരു തെറ്റിനെ മറക്കാൻ ഒരായിരം തെറ്റുകൾ തന്നെ വേണ്ടി വരും എന്ന് പറയുന്നത് പോലെ തന്റെ തെറ്റിനെ മറയ്ക്കാൻ വേണ്ടി മാക്ബെത്തിന് തന്നെ സംശയിച്ച ഓരോരുത്തരെയായി കൊല്ലേണ്ടി വരികയാണ്. അങ്ങനെ മാക്ബെത്ത് ഒരു സ്വേച്ഛാധിപതിയായി മാറുകയാണ്. മാക്ബെത്തിന്റെ പാപങ്ങൾക്ക് ഉത്തരവാദി അയാൾ എന്ന പോലെ തന്നെ അയാളെ അതിനായി നിരന്തരം പ്രേരിപ്പിച്ച അയാളുടെ ഭാര്യ ലേഡി മാക്ബെത്ത് അയാളെക്കാളും ആ തെറ്റിൽ പങ്കുകാരിയാണ്. ജോജിയിലേക്ക് വരുമ്പോൾ ജോജിയാണ് ഈ സിനിമയിലെ അധികാരക്കൊതി മൂത്ത മാക്ബെത്ത്. തന്റെ അപ്പൻ മരിച്ചാൽ കുടുംബത്തിന്റെ സ്വത്ത് തനിക്ക് ലഭിക്കുമെന്ന് വിശ്വസിച്ച ജോജി, സ്ട്രോക്കിൽ നിന്നും തിരിച്ചു ജീവിതത്തിലേക്ക് വരും എന്ന് തോന്നിച്ച തന്റെ അപ്പൻ പനച്ചേൽ കുട്ടപ്പനെ കൊല്ലാൻ തീരുമാനിക്കുന്നു. അത് അവൻ ഒറ്റയ്‌ക്കെടുത്ത തീരുമാനം അല്ലായിരുന്നു. ജോജിയെ ആ തീരുമാനത്തിലേക്ക് എത്തിച്ചത് തന്റെ അപ്പൻ പനച്ചേൽ കുട്ടപ്പന് തന്നോടുള്ള പെരുമാറ്റം എന്നതിലുപരി തന്റെ ജ്യേഷ്ഠത്തിയമ്മയായ ബിൻസിയുടെ പ്രേരണ കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ജോജിയിലെ ലേഡി മാക്ബെത്ത് ബിൻസിയാണ്. പനച്ചേൽ കുട്ടപ്പൻ മരിച്ചാലുള്ള പ്ലാനിങ് ബിൻസി ആദ്യമേ ചെയ്തു വെച്ചിരുന്നു. അയാൾ ജീവിതത്തിലേക്ക് മടങ്ങി വരുന്നത് അവളുടെ പ്ലാനിങ്ങുകൾ തകർക്കുമെന്ന് അവൾ ഭയപ്പെട്ടിരുന്നു. "കോടീശ്വരാ" എന്ന ഡോ. ഫെലിക്സിന്റെ മോഹിപ്പിക്കുന്ന വാക്കുകളെക്കാൾ ജോജിയെക്കൊണ്ട് സ്വന്തം അപ്പനെ കൊല്ലുക എന്ന തീരുമാനം എടുപ്പിച്ചത് "നല്ല കാലം മുഴുവൻ നിനക്കൊക്കെ സ്ലാബിന്റെ പുറത്ത് ഭക്ഷണം കഴിക്കാനാണ് യോഗം“ എന്ന ബിൻസിയുടെ കുറ്റപ്പെടുത്തുന്ന വാക്കുകളായിരുന്നു. തന്റെ അപ്പനോട് തന്റെ ആവശ്യങ്ങൾ നേരിട്ട് സംസാരിക്കാനുള്ള ധൈര്യം ജോജി സംഭരിക്കുന്നതും അവിടെ നിന്നായിരുന്നു. അപ്പനെ അയാളുടെ മരുന്ന് മാറ്റി ജോജി കൊല്ലാൻ ശ്രമിക്കുന്ന സീനുകളുടെ പരിണാമം ശ്രദ്ധിച്ചാൽ തന്നെ ബിൻസിയുടെ സ്വാധീനം മനസ്സിലാക്കാൻ സാധിക്കും. ആദ്യം മരുന്ന് ഡപ്പി പോക്കറ്റിലിട്ട് കൊണ്ട് തെല്ല് ഭയത്തോടെ അപ്പന്റെ മുറിയിലേക്ക് ചെന്നിരുന്ന ജോജി, പിന്നീടത് ബിൻസി കണ്ടു എന്നും അവളുടെ മൗന സമ്മതം തനിക്കുണ്ട് എന്നും മനസ്സിലാക്കിയപ്പോൾ വളരെ കൂളായി തന്നെ മരുന്ന് ഡപ്പിയും കൈയ്യിൽ പിടിച്ചു അപ്പന്റെ മുറിയിലേക്ക് പോകുന്ന ജോജിയെ കാണാം. അപ്പന്റെ മരണ ശേഷം "മരിച്ചവരൊന്നും തിരിച്ചു വരില്ലെടാ, ജീവിച്ചിരിക്കുന്നവരെ പേടിച്ചാൽ മതി" എന്ന ബിൻസിയുടെ ആശ്വാസ വാക്കുകളായിരിക്കാം താനാണ് കുറ്റം ചെയ്തത് എന്ന് മനസ്സിലാക്കിയ ജ്യേഷ്ഠൻ ജോമോനെ ഇല്ലാതാക്കാൻ ജോജിക്ക് കിട്ടിയ പ്രചോദനം.


കെ.ജി. ജോർജ്ജിന്റെ ഇരകൾ


മലയാളത്തിലെ ഏറ്റവും മികച്ചൊരു സൈക്കോ കഥാപാത്രം ഏതാണെന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം കെ.ബി. ഗണേഷ് കുമാർ ഇരകളിൽ അവതരിപ്പിച്ച ബേബി എന്ന കഥാപാത്രമാണ്.  ഇരകളിലേക്ക് വരുമ്പോൾ അതിസമ്പന്നനായ മാത്തുക്കുട്ടി മുതലാളിക്ക് ഉണ്ടായിരുന്നതും മൂന്ന് പുത്രന്മാരാണ്. മൂത്തവൻ കോശി അപ്പനെ ബിസിനസ്സിൽ സഹായിക്കുന്നു, ജോജിയിലെ ജെയ്സണുമായി സാമ്യം. രണ്ടാമൻ സണ്ണി ഒരു മദ്യപാനിയാണ്, ജോജിയിലെ ജോമോനുമായി സാമ്യം. പക്ഷേ, രണ്ട് കഥാപാത്രങ്ങളുടെയും സ്വഭാവങ്ങൾ പരസ്പരം മാറ്റിയിട്ടിട്ടുണ്ട്. എന്നാൽ മൂന്നാമൻ ബേബി, ഒരു എഞ്ചിനീയറിങ് വിദ്യാർഥിയാണ്. ജോജിയാണെങ്കിൽ എഞ്ചിനീയറിങ് ഡ്രോപ്പ് ഔട്ട് ആണ്. ഇരകളിലെ ബേബി ഒരു കംപ്ലീറ്റ് സൈക്കോ ആണെങ്കിൽ ജോജി അങ്ങനെ ആയിപ്പോകുന്നതാണ്. ജോജി കൊല്ലുന്നത് സ്വത്തിന് വേണ്ടിയാണെങ്കിൽ ബേബിയുടേത് സൈക്കോസിസ് മാത്രമാകുന്നു. ഇവിടെയാണ് മാക്ബെത്തിനെ ഇറക്കി ശ്യാംപുഷ്കരൻ ജോജിയെ മറ്റൊന്നാക്കി മാറ്റിയിരിക്കുന്നത്. ഇരകളിൽ മൂന്ന് പുത്രന്മാർക്ക് പുറമേ മാത്തുകുട്ടി മുതലാളിക്ക് ഒരു മകൾ കൂടിയുണ്ട് എന്നതാണ് മാറ്റം.


ഇനി ജോജിയും കൂടത്തായിയും


കൂടത്തായി സയനൈഡ് മർഡർ കേസ് എക്സ്ക്ലൂസിവ് ന്യൂസ്‌ ആയി ഓടിത്തുടങ്ങിയപ്പോൾ തന്നെ അതിനെ ആസ്പദമാക്കി സീരിയലും സിനിമയുമിറക്കാൻ പലരും മത്സരിച്ചു. മുക്തയെ നായികയാക്കി കൂടത്തായി എന്ന പേരിൽ തന്നെ ഒരു സീരിയൽ കഴിഞ്ഞ വർഷം ഫ്‌ളവേഴ്‌സ് ടിവിയിൽ എയർ ചെയ്തു. ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു ലാലേട്ടനെ നായകനാക്കി സിനിമ വരുമെന്ന് ഊഹാപോഹങ്ങൾ വന്നു. കൂടാതെ കൂടത്തായി കൊലപാതകങ്ങളെ ആസ്പദമാക്കി ഡിനി ഡാനിയേൽ എന്ന സീരിയൽ നടിയെ നായികയാക്കി സംവിധായകൻ റോണക്സ് ഫിലിപ്പും മറ്റൊരു സിനിമ പ്രഖ്യാപിച്ചു. പക്ഷേ, കൂടത്തായി കൊലപാതകത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ആദ്യ സിനിമയാവാൻ ഭാഗ്യം ലഭിച്ചത് ദിലീഷ് പോത്തന്റെ ജോജിക്കാണ്. ജോളി ജോസഫ് എന്ന സ്ത്രീ പതിനാല് വർഷത്തിനിടയിൽ ഒരു കുടുംബത്തിലെ ആറ് പേരെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രമാദമായൊരു കേസായിരുന്നു കൂടത്തായി കേസ്. കൂടത്തായി ജോജിയായി വരുമ്പോൾ എന്തൊക്കെയാണ് സിമിലാരിറ്റീസ് എന്ന് നോക്കാം. ആദ്യം തന്നെ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ശ്രദ്ധിക്കാം.. ജോ-ജി. ജോ-ളി എന്ന പേരിനോടുള്ള സാദൃശ്യം ഒരു യാദൃശ്ചികതയായി തോന്നുന്നില്ല. ജോളി സയനൈഡ് നൽകിയാണ് കുടുംബത്തിലുള്ളവരെ കൊല്ലുന്നതെങ്കിൽ ജോജി സ്വന്തം അപ്പനെ കൊല്ലുന്നത് ഗുളിക നൽകിയായിരുന്നു. ജോളിക്ക് കുടുംബത്തിൽ നിന്ന് തന്നെ പിന്തുണ ലഭിച്ചിരുന്നു എന്ന പോലെ തന്നെ ജോജിക്ക് മൗന പിന്തുണയുമായി സഹോദരൻ ജൈസന്റെ ഭാര്യ ബിൻസിയുമുണ്ടായിരുന്നു.


ഇനി ജോജിയിലെ ചില പോത്തേട്ടൻ ബ്രില്യൻസുകളും ഹിഡൻ ഡേറ്റെയിൽസും.


ദിലീഷ് പോത്തൻ, താൻ മുൻപ് സംവിധാനം ചെയ്ത രണ്ട് സിനിമകളുടെ ടൈറ്റിലുകളിലും താൻ എന്ത് പ്രമേയമാണോ സിനിമയിൽ പറയാൻ ഉദ്ദേശിക്കുന്നത്, അത് തന്ത്രപൂർവ്വം ഉൾപ്പെടുത്തിയിരുന്നു. മഹേഷിന്റെ പ്രതികാരത്തിൽ ഒരു കലി പൂണ്ട മനുഷ്യൻ ആണായിടുന്ന പോലത്തെ ഒരു മിനിമൽ വളരെ വ്യക്തമായി തന്നെ ടൈറ്റിലിൽ ഉപയോഗിച്ചിരുന്നു. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലേക്ക് വരുമ്പോൾ അതിന്റെ ടൈറ്റിൽ എഴുതിയിരിക്കുന്നത് തന്നെ മനുഷ്യ വിസർജ്യത്തോട് സാമ്യമുള്ള തരത്തിലായിരുന്നു. അങ്ങനെയുള്ള പോത്തേട്ടൻ തന്റെ മൂന്നാമത്തെ സിനിമയായ ജോജിയുടെ ടൈറ്റിലിലും എന്തെങ്കിലും ഒളിച്ചു കടത്താതിരിക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു. ജോജിക്ക് എന്തുകൊണ്ട് മലയാളത്തിൽ പോസ്റ്ററില്ല എന്നതും എന്നെ വല്ലാതെ ചിന്തിപ്പിച്ചു. അങ്ങനെ ജോജിയുടെ ടൈറ്റിൽ വിശദമായി പരിശോധിക്കുന്നതിനിടയിൽ ഞാനാ സത്യം തിരിച്ചറിഞ്ഞു.., മഹേഷിന്റെ പ്രതികാരത്തിലും തൊണ്ടുമുതലും ദൃക്സാക്ഷിയിമിലുമൊക്കെ പ്രമേയത്തെ മാത്രമാണ് പോത്തേട്ടൻ കാണിച്ചതെങ്കിൽ ജോജിയുടെ ടൈറ്റിൽ തന്നെ കട്ട സ്പോയ്ലർ ആണ്. ജോജിയുടെ രണ്ട് കൊലപാതകങ്ങളും ജോജിയുടെ ടൈറ്റിലിൽ പോത്തേട്ടൻ വരച്ചിട്ടിട്ടുണ്ട്. ജോജി എന്ന ടൈറ്റിലിലെ രണ്ടാമത്തെ അക്ഷരമായ O യുടെ നടുക്ക് ഒരു ക്യാപ്‌സ്യൂൾ പോത്തേട്ടൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ജോജി തന്റെ അപ്പൻ കുട്ടപ്പനെ കൊന്നത് ഗുളിക കൊടുത്തായിരുന്നല്ലോ. ജോജി എന്ന ടൈറ്റിലിന്റെ അവസാനത്തെ അക്ഷരമായ I ക്ക് വേട്ടറ്റത് പോലെ തോന്നുന്നത് എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല, യഥാർത്ഥത്തിൽ അത് എയർ പിസ്റ്റളിന്റെ പെല്ലറ്റ് തുളച്ചു കയറിയ അടയാളമാണ്. അതും കൃത്യം കഴുത്ത് ഭാഗത്തും. ജോജി തന്റെ ജ്യേഷ്ഠൻ ജോമോനെ കൊന്നത് എയർ പിസ്റ്റൾ കൊണ്ട് കഴുത്തിൽ ഷൂട്ട് ചെയ്തിട്ടായിരുന്നല്ലോ. ജോജിയിലെ രണ്ട് J കൾക്കും ജോജി സ്ഥിരമായി ഉപയോഗിക്കുന്ന ചൂണ്ടയുടെ ഹുക്കിനോടാണ് സാദൃശ്യം എന്നതും ചിലർ പോത്തേട്ടൻ ബ്രില്യൻസ് ആയി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇനിയുള്ള ബ്രില്യൻസുകൾക്ക് കമന്റ് ബോക്സ് സാക്ഷി..



 


                      

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs       

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി