ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Mucize 2 Aşk aka Miracles Of Love

 


 Mucize 2: Aşk aka Miracles Of Love » ᴀ ʀᴇᴛᴀʟɪᴀᴛᴇ


■ ഒരു ഇൻസ്റ്റാ റീലിലൂടെ ഈ വർഷമാണ് മുജിസെ എന്ന ടർക്കിഷ് സിനിമ മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. മലയാളികളുടെ അകമഴിഞ്ഞ സ്നേഹത്തിന് മുജിസെയുടെ നായകൻ മെർട്ട് തുറാക്ക് രണ്ട് പ്രാവശ്യമാണ് ഇൻസ്റ്റായിലൂടെ തന്നെ നന്ദി അറിയിച്ചത്. മുജിസെ ഒന്നാം ഭാഗത്തിലെ നായികയായ സെദാ തോസുനും മലയാളം പരിഭാഷയോട് കൂടിയ ആ ഇൻസ്റ്റാ റീൽ ഷെയർ ചെയ്തുകൊണ്ട് മലയാളികളോടുള്ള തന്റെ നന്ദി രേഖപ്പെടുത്തി. മലയാളികൾക്കിടയിൽ മുജിസെയുടെ വൻപ്രചാരത്തേക്കുറിച്ച് പറയുമ്പോൾ എംസോണിനെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ തീർച്ചയായും അതൊരു നന്ദി കേടാവും. മലയാളികളെ ലോകത്തെ ഏതൊരു സിനിമയും കാണാൻ പ്രാപ്തരാക്കിയത് ഒരു അർത്ഥത്തിൽ എംസോൺ തന്നെയാണ്. എംസോണിന് വേണ്ടി അൻസാർ കെ. യൂനുസ് ഒരുക്കിയ മലയാളം പരിഭാഷയോട് കൂടിയുള്ള ഇൻസ്റ്റാ റീലാണ് ലക്ഷക്കണക്കിന് മലയാളികൾക്കിടയിൽ തരംഗമായതും. ഇൻസ്റ്റാ റീൽ കാരണം മുജിസെയുടെ ഒന്നാം ഭാഗം തിരഞ്ഞുപിടിച്ചു കണ്ട എത്രപേർ അതിന്റെ രണ്ടാം ഭാഗമായ മുജിസെ 2 : അഷ്‌ക്ക് കണ്ടു എന്നറിയില്ല. പക്ഷേ, മുജിസെ കണ്ട് ഇഷ്ടപ്പെട്ടവർ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഒന്നാണ് അതിന്റെ രണ്ടാം ഭാഗം.




■ ഒന്നാം ഭാഗത്തിലെ പോലെ തന്നെ മാസൂൺ കിർമിസ്‌ഗുൽ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചതാണ് രണ്ടാം ഭാഗമായ മുജിസെ 2: അഷ്‌ക്കും. ഒന്നാം ഭാഗം ഒരു സംഭവ കഥയെ അടിസ്ഥാനമാക്കിയുള്ളത് ആയതുകൊണ്ട് തന്നെ രണ്ടാം ഭാഗവും ആ സംഭവ കഥയുടെ തുടർച്ചയാണ്. ഒന്നാം ഭാഗത്തിലെ ഏതാണ്ട് അതേ പിന്നണി പ്രവർത്തകർ തന്നെയാണ് രണ്ടാം ഭാഗത്തിന് വേണ്ടിയും പരിശ്രമിച്ചിട്ടുള്ളത്. സോയ്ക്കുത് തുറാൻ ചായഗ്രഹണവും ഹംദി ഡെനീസ്, ഡെനീസ് കയിക് എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ആദ്യ ഭാഗത്തിന്റെ റിവ്യൂവിൽ പറഞ്ഞത് ഞാൻ ഇവിടെയും ആവർത്തിക്കുകയാണ്. അതിമനോഹരമാണ് സിനിമയിലെ പല ഫ്രെയിമുകളും. അതുകൊണ്ട് തന്നെ കുറഞ്ഞ റെസൊല്യൂഷനിലുള്ള ഫയലിന് തല വെച്ചുകൊണ്ട് സിനിമയുടെ ദൃശ്യ മനോഹാരിത ഒരിക്കലും മിസ്സ്‌ ഔട്ട് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. തൗഫീഖ് അക്ബാസ്‌ലി, യിൽദിരെ ഗുർജൻ, സംവിധായകൻ മാസൂൺ എന്നിവരാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.




✍sʏɴᴏᴘsɪs                


■ ആദമിന് ഹവ്വയോടുള്ള പ്രണയമാണല്ലോ മനുഷ്വകുലത്തിന് നാമ്പിട്ടത്. ഒന്നാം ഭാഗം പറഞ്ഞത് അസീസ് എന്ന അത്ഭുതത്തേക്കുറിച്ചാണെങ്കിൽ രണ്ടാം ഭാഗം പറയുന്നത് പ്രണയം പ്രവർത്തിക്കുന്ന മഹാത്ഭുതങ്ങളെക്കുറിച്ചാണ്. മുജിസേയുടെ ആദ്യ ഭാഗം എവിടെ നിർത്തിയോ അവിടെ നിന്നും മുജിസെ 2 ആരംഭിക്കുകയാണ്. ഏഴ് വർഷത്തെ അജ്ഞാത ജീവിതത്തിന് ശേഷം ഒരു മഹാത്ഭുതമായി തിരിച്ചെത്തിയ അസീസും അയാളുടെ ഭാര്യ മിസ്ഗിനും. മിസ്ഗിൻ അസീസിന് സംഭവിച്ച, അല്ല.. അസീസിന്റെയും മിസ്ഗിന്റെയും ജീവിതത്തിൽ സംഭവിച്ച അത്ഭുതങ്ങളെക്കുറിച്ച് അസീസിന്റെ കുടുംബത്തോട് പറയുകയാണ്. അസീസിന്റെ പിതാവിന്റെ ധൈര്യത്തിനു പകരമായി സ്വന്തം ജീവിതം തന്നെ ത്യജിക്കേണ്ടി വന്ന ഹതഭാഗ്യയിരുന്നു മിസ്ഗിൻ എന്ന പെൺകുട്ടി. തന്റെ ജീവൻ രക്ഷിച്ച ദാവൂദിനോട് മിസ്ഗിന്റെ ഉപ്പ ചോദിച്ചു : നിങ്ങൾക്ക് വിവാഹ പ്രായമായ മകനുണ്ടോ? ഉണ്ടെന്ന് പറഞ്ഞ ദാവൂദിനോട് "ഞാൻ നിങ്ങളുടെ മകന് എന്റെ മകളെ വിവാഹം ചെയ്തു തരും" എന്നൊരു വാക്ക് നൽകി. തന്റെ മകൻ ഒരു വികലാംഗൻ ആണെന്നുള്ള ദാവൂദിന്റെ ഏറ്റുപറച്ചിലിനൊന്നും അയാൾ ചെവി കൊടുത്തില്ല. അങ്ങനെ മിസ്ഗിൻ അസീസിന്റെ മണവാട്ടിയായി ആ ഗ്രാമത്തിലേക്ക് വന്നു. അസീസിനെ അവൾ ആദ്യമായി കാണുന്നത് അവളുടെയാ വിവാഹ ദിവസമായിരുന്നു. തന്റെ ജീവിതത്തേക്കുറിച്ച്, തന്റെ ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ നെയ്തെടുത്ത ആ പെൺകുട്ടിയുടെ സ്വപ്‌നങ്ങൾ ഒരു ചില്ലുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്നവൾ ആശിച്ചു. തന്റെ ജീവിതം മുഴുവൻ ചുമക്കാൻ ഒരു ഭാരം അല്ലാഹു തനിക്ക് നൽകിയെന്നവൾ പരിതപ്പിച്ചു. പക്ഷേ, അസീസ് എന്ന മനുഷ്യൻ അവളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ നിമിഷം "അയാൾ തന്നെയാണ് തന്റെ ജീവിതം" എന്ന് മനസ്സിലുറപ്പിച്ച് അവൾ ജീവിക്കാൻ ആരംഭിച്ചു. പക്ഷേ, അന്യന്റെ വേദന കണ്ടു സന്തോഷിക്കാൻ മാത്രം അറിയുന്ന കുറച്ചാളുകൾക്ക് മുൻപിൽ അവരുടെ ജീവിതം ഒരു യുദ്ധ ഭൂമിയായി. അങ്ങനെ അവർ ആ ഗ്രാമത്തിൽ നിന്നും കുറച്ചു സ്വസ്ഥത അന്വേഷിച്ചു രക്ഷനേടുകയാണ്. മാഹിർ എന്ന അധ്യാപകന്റെ പിന്തുണയോടെ അവർ മാഹിറിന്റെ പട്ടണത്തിലെത്തി. മാഹിറിന്റെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും അവരെ സന്തോഷപൂർവ്വം വരവേറ്റു. അവർക്ക് അവിടെ ഒരു ജീവിതം നൽകി. ബഹത്തിൻ, അലി എന്നിങ്ങനെ നന്മ വറ്റാത്ത ഒരുപറ്റം മനുഷ്യർ അവർക്ക് തണലായി. പക്ഷേ, ഗ്രാമത്തിലെ ജനങ്ങളെക്കാൾ ക്രൂരന്മാരാണ് പട്ടണത്തിലുള്ളവർ എന്ന് തിരിച്ചറിയാൻ അസീസും മിസ്ഗിനും വൈകിപ്പോയി. അസീസിന് അത്ഭുതം സംഭവിച്ചത് ഒന്നാം ഭാഗത്തിൽ കണ്ടുവെങ്കിൽ അത് എങ്ങനെയാണ് സംഭവിച്ചത് എന്ന് പറയുന്നതാണ് രണ്ടാം ഭാഗം. പക്ഷേ, ഈ സിനിമ അസീസിലും മിസ്ഗിനിലും മാത്രം ഒതുങ്ങുന്നതല്ല..




👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        


■ "ഇതൊക്കെ അവന്റെ അഭിനയമാണെങ്കിൽ അവനൊരു അവാർഡ് കൊടുക്കണം" എന്നതായിരുന്നു മെർട് തുറാക്കിന്റെ അസീസായുള്ള അസാധ്യ പ്രകടനത്തേക്കുറിച്ച് ഒരു ട്രോളിൽ കണ്ടത്. താൻ ചെയ്തു ഫലിപ്പിച്ച അതേ കഥാപാത്രത്തെ തുടർന്നും അവതരിപ്പിക്കുകയെന്നത് അദ്ദേഹത്തിനൊരു വെല്ലുവിളി ആയിരുന്നിരിക്കില്ല എന്ന് കരുതാം. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിയത് മാഹിറിനെ അവതരിപ്പിച്ച ഫിക്രത് കുസ്‌കൻ എന്ന നടനാണ്. കാരണം ഒന്നാം ഭാഗത്തിൽ തലാത് ബുലൂത് എന്ന നടൻ, വേറൊരു നടനെ ആ സ്ഥാനത്തേക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം അതിമനോഹരമാക്കി വെച്ച ആ കഥാപാത്രത്തിലേക്ക് മറ്റൊരു വരുന്നു. അതിലും വലിയൊരു വെല്ലുവിളി ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഇല്ല എന്ന് പറയാം. അഭിനേതാവ് മാറിയതിലെ ഒരു അതൃപ്തി തുടക്കം തൊട്ട് പ്രേക്ഷകർക്ക് തോന്നിയേക്കാം. കാരണം, ഫിക്രത് എന്ന നടൻ തലാത് ചെയ്ത മാഹിറിനെ അനുകരിക്കുകയായിരുന്നില്ല, മാഹിറിനെ താനാക്കി മാറ്റുകയായിരുന്നു. അവസാനത്തിലേക്ക് എത്തുമ്പോൾ ഫിക്രത് ചെയ്തു വെച്ച മാഹിർ എന്ന മൈൽസ്റ്റോണിലേക്ക് തലാത്തിനെപ്പോലും സങ്കൽപ്പിക്കാൻ കഴിയാതെ പോയി. മാഹിറെന്ന കഥാപാത്രത്തിന് പുറമേ നായികയായ മിസ്ഗിനിലേക്കും കാസ്റ്റിംഗ് പുതിയതായിരുന്നു. ആദ്യ ഭാഗത്തിൽ മിസ്ഗിനെ അവതരിപ്പിച്ച സെദായ്ക്ക് കാര്യമായിട്ട് ചെയ്യാൻ ഒന്നുമില്ലായിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ മിസ്ഗിനായി എത്തിയ ബിരൻ ദാമ്ല യിൽമാസിന് പിടിപ്പത് പണിയായിരുന്നു. ബിരൻ അതിമനോഹരമായി തന്നെ അത് അവതരിപ്പിച്ചിട്ടുണ്ട്. ബഹാത്തിനായി വേഷമിട്ട ഏർദാൽ ഒസിഗ്‌ജിലാറിന്റെ പ്രകടനത്തെയും എടുത്ത് പറയണം. ബഹാത്തിൻ - അദാര ലവ് സ്റ്റോറി എത്ര മനോഹരം. 




📎 ʙᴀᴄᴋwᴀsʜ


■ മുജിസെയുടെ നേർത്തുടർച്ചയാണ് എന്നുള്ളത് കൊണ്ടു തന്നെ രണ്ടാം ഭാഗം കാണുന്നവർ ആദ്യ ഭാഗം തീർച്ചയായും കണ്ടിരിക്കുക. മുജിസെ 2വിനെക്കുറിച്ച് പറയുമ്പോൾ വ്യക്തിപരമായി വലിയൊരു നഷ്ടബോധം എനിക്കുണ്ട്. എന്തെന്നാൽ അൻസാർ കെ. യൂനുസ്‌ ചെയ്ത മലയാളം പരിഭാഷയോടെ മുജിസെ ആദ്യ ഭാഗം കണ്ടു ആവേശം കയറിയിരിക്കുമ്പോഴാണ് അതിനൊരു രണ്ടാം ഭാഗമുണ്ടെന്ന് അറിഞ്ഞത്. അങ്ങനെ രണ്ടാം ഭാഗത്തിന് പരിഭാഷ ഒരുക്കാൻ അതിയായ മോഹമായിരുന്നു. പക്ഷേ, അജ്മൽ സി. ഹുസൈൻ അത് അൽപ്പനാളുകൾക്ക് മുൻപ് തന്നെ പൂർത്തിയാക്കി സബ്‌മിറ്റ് ചെയ്തിരുന്നത് പിന്നീടാണ് അറിഞ്ഞത്. അൽപ്പം അസൂയയോടെയാണെങ്കിലും പറയട്ടെ, അജ്മലിന്റെ പരിഭാഷയും അടിപൊളിയായിരുന്നു. പരിഭാഷ ജസ്റ്റ് മിസ്സായെങ്കിലും മുജിസെ ആദ്യ ഭാഗത്തിന്റെ ആവേശത്തിൽ രണ്ടാം ഭാഗത്തിന് വേണ്ടി ഞാൻ ജീവിതത്തിലാദ്യമായി ഒരു പോസ്റ്റർ അങ്ങ് തീർത്തു. ഞാൻ അൺഒഫീഷ്യലായിട്ട് ചെയ്ത പോസ്റ്റർ പിൽക്കാലത്ത് പലരും തെറ്റിദ്ധരിച്ചു ഉപയോഗിക്കുകയും ചെയ്തു.




7.2/10 · IMDb




Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...