The Roundup » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കൊറിയൻ ലാലേട്ടൻ ഡോൺ ലീയുടെ മരണമാസ്സ് തിരിച്ചുവരവ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്നൊരു സിനിമയാണ് ദി റൗണ്ട്അപ്പ്. കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള കൊറിയൻ നടൻ ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ കാണൂ, ഡോൺ ലീ എന്ന മാ ഡോങ് സ്യോക്ക്. അദ്ദേഹത്തിന്റെ മാസ്സ് ഇൻട്രോയും ക്ലാസ്സ് ചിരിയും ആറ്റിട്യൂഡുമുള്ള വീഡിയോകൾക്ക് ഷോർട്ട്സിലും റീൽസിലുമൊക്കെ ഇപ്പോഴും വൻ ഡിമാന്റ് ആണ്. സ്ക്രീൻപ്രെസ്സൻസ് കൊണ്ട് പ്രേക്ഷകരെ കോരിതരിപ്പിക്കുന്ന ഹൈലി ഇൻഫ്ലെയിമബിൾ സ്റ്റാർ. സൂപ്പർഹീറോ സിനിമകളിൽ അല്ലാതെ ഒരു നായകൻ എതിരാളിയെ അടിച്ചു പറപ്പിച്ചാൽ ഇപ്പോഴത്തെ പ്രേക്ഷകർ അതിനെ ഇല്ലോജിക്കൽ എന്ന് തുറന്ന് പറയുന്ന അതേ സമയത്ത് It's possible എന്ന് പറയണമെങ്കിൽ നായകന്റെ പേര് ഡോൺ ലീ എന്നായിരിക്കണം. സലിംകുമാറിന്റെ കണ്ണൻ സ്രാങ്ക് മായാവിയെക്കുറിച്ച് പറഞ്ഞ ഈ ഡയലോഗിലേക്ക് ഡോൺ ലീയെ സങ്കൽപ്പിക്കുകയാണെങ്കിൽ അത് തികച്ചും സത്യമാണെന്ന് തോന്നുന്നുണ്ടെങ്കിൽ സ്വാഭാവികം എന്നേ പറയാനുള്ളൂ. കൃത്യമായിപ്പറഞ്ഞാൽ മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഡോൺ ലീ കൊറിയൻ ഇൻഡസ്ട്രിയിലേക്ക് മടങ്ങിവരുന്നത്. അതിനിടയിൽ അണ്ണൻ ഹോളിവുഡിലും ഒന്ന് പോയി വന്നു, സാക്ഷാൽ മാർവെലിന്റെ ദി എറ്റേണലിൽ അഭിനയിക്കാൻ. അപ്പോഴും ഒരു ചെറിയ ഷോർട്ട് ഫിലിമിലൂടെ ഡോൺ ലീ തന്റെ സാന്നിധ്യം അറിയിക്കാനും മറന്നില്ല.
■ 2017-ലിറങ്ങി സൂപ്പർഹിറ്റായ ദി ഔട്ട്ലോസ് എന്ന ക്രൈം ആക്ഷൻ ത്രില്ലറിന്റെ സീക്വലാണ് ദി റൗണ്ട്പ്പ് അല്ലെങ്കിൽ ദി ഔട്ട്ലോസ് 2. തിരിച്ചുവരവിലെ ആദ്യ പടത്തിൽ തന്നെ കൊറിയൻ ബോക്സ്‌ഓഫീസിലെ ഈ വർഷത്തെ ഹയസ്റ്റ് ഗ്രോസർ റെക്കോർഡ് ഇങ്ങു തൂക്കി. കൊറിയൻ ബോക്സ്ഓഫീസിലെ എക്കാലത്തെയും ഹയസ്റ്റ് ഗ്രോസിങ് സിനിമകളുടെ പട്ടികയിൽ എക്സ്ട്രീം ജോബിനും ദി അഡ്മിറലിനും പിന്നിൽ മൂന്നാം സ്ഥാനവും ഈ സിനിമ സ്വന്തമാക്കി. കൊറിയയിലെ ഗാരിബോങ് ഡോങ്ങിൽ യഥാർത്ഥത്തിൽ നടന്ന ഗാങ്സ്റ്റർ വാറും ക്രൈമുമൊക്കെയാണ് ദി ഔട്ട്ലോസിന് പ്രമേയമായതെങ്കിൽ ദി റൗണ്ട്അപ്പ്, ഫിലിപ്പിൻസ് കേന്ദ്രമാക്കി 2008നും 2012നും ഇടയിൽ നടന്ന സീരിയൽ കിഡ്നാപ്പിങ്ങുകളിൽ നിന്നും കൊലപാതകങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ഫിക്ഷനലൈസ് ചെയ്ത കഥയാണ്.
✍sʏɴᴏᴘsɪs
■ ഗാരിബോങ് ഡോങ്ങിലെ ഗാങ്സ്റ്ററുകളെയും കുറ്റകൃത്യങ്ങളെയും തുടച്ചു നീക്കിയതിനു നാല് വർഷങ്ങൾക്ക് ശേഷമാണ് ദി റൗണ്ട്അപ്പ് ആരംഭിക്കുന്നത്. വിയറ്റ്‌നാമിലെ കൊറിയൻ എംബസിയിൽ കൊറിയക്കാരനായ ഒരു പിടികിട്ടാപ്പുള്ളി കീഴടങ്ങിയതായുള്ള ഒരു വാർത്ത സോക് ദോ അംഗമായിട്ടുള്ള കൊറിയൻ പൊലീസ് ഡീറ്റെക്റ്റീവ് ടീമിന് ലഭിക്കുന്നു. കീഴടങ്ങിയ കുറ്റവാളിയെ കൊറിയയിലേക്ക് തിരിച്ചുകൊണ്ട് വരിക എന്ന ദൗത്യവുമായി സോക് ദോയും അയാളുടെ ക്യാപ്റ്റൻ ജ്യോൻ ഇല്ലും വിയറ്റ്‌നാമിലേക്ക് തിരിക്കുന്നു. പക്ഷേ, കുറ്റബോധം തോന്നിയപ്പോഴാണ് കീഴടങ്ങിയത് എന്ന അയാളുടെ വാദത്തിൽ സംശയം തോന്നിയ സോക് ദോ പ്രതിയെ പിടിച്ചു കുടയുന്നതിലൂടെ ടൂറിസ്റ്റുകളെ കേന്ദ്രീകരിച്ചു തട്ടിക്കൊണ്ടു പോകലും കൊലപാതകവും നടത്തി വരികയായിരുന്ന ഒരു വൻ ഗ്യാങ്ങിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നു. കൊറിയയിലെ വൻകിട ബിസിനസ്സ് ഉടമയുടെ ഏകമകനേയും ഇതേ ക്രിമിനൽ സംഘം തട്ടിക്കൊണ്ടു പോയിരുന്നു. ക്രിമിനൽ സംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സോക് ദോയുടെ നേതൃത്വത്തിൽ പോലീസ് ശ്രമിക്കുന്നു..
അതേ സമയം ഏകമകന്റെ തിരോധനത്തിൽ പ്രതികാരം ചെയ്യാനായി ആ വൻകിട വ്യവസായിയും ഇറങ്ങിത്തിരിക്കുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുകയാണ്.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ പതിവുപോലെ നുറുങ്ങു ഹാസ്യങ്ങളും ഓങ്കിയടിച്ചാൽ ഒന്നര ടൺ വെയ്റ്റുള്ള അടികളുമായി സോക് ദോയായി ഡോൺ ലീയുടെ അഴിഞ്ഞാട്ടം തന്നെയായിരുന്നു സംഭവിച്ചത്. ഏത് വില്ലനും അയാൾക്ക് മുൻപിൽ പെട്ടാൽ ഒന്ന് പതറും. ദി ഔട്ട്ലോസിൽ നിന്നും ദി റൗണ്ട്അപ്പിലേക്ക് വരുമ്പോൾ എന്റെ ഏറ്റവും വലിയ ആകാംക്ഷ, യൂൻ ക്യെ സ്യാങ് ഒരു ബെഞ്ച് മാർക്ക് ആക്കി വെച്ച ജാങ്-ചെൻ എന്ന വില്ലനെ കവച്ചുവെക്കാൻ കെൽപ്പുള്ള ഒരു വില്ലനെ ഇതിൽ ലഭിക്കുമോ എന്നത് തന്നെയായിരുന്നു. സോൺ സ്യോക്കൂ അവതരിപ്പിച്ച കാങ് ഹേ എന്ന ചോര കണ്ടു അറപ്പുമാറിയ വില്ലൻ കഥാപാത്രം ഒരു തരത്തിൽ സംതൃപ്തി നൽകിയെങ്കിലും ജാങ്-ചെൻ ഇപ്പോഴും ഒരു ബെഞ്ച്മാർക്ക് ആയിത്തന്നെ നിലനിൽക്കുന്നു. ഇതിനൊരു കാരണം ജാങ്-ചെനെ ചിലപ്പോഴെങ്കിലും സോക് ദോക്ക് ഒരു എതിരാളിയായി കാണാൻ സാധിക്കുമായിരുന്നു എന്നത് തന്നെയാണ്. ദി ഔട്ട്ലോസിൽ പരീക്ഷിച്ചു വിജയിച്ച ജാങ്-സൂവിനെപോലത്തെ ചില കോമിക് കഥാപാത്രങ്ങളെ വീണ്ടും കൊണ്ടുവന്നു വിജയിപ്പിക്കാൻ കഴിഞ്ഞു എന്നതും ഒരു പോസിറ്റീവ് തന്നെയാണ്.
📎 ʙᴀᴄᴋwᴀsʜ
■ ദി റൗണ്ട്അപ്പിന്റെ റിലീസിനു മുൻപ് തന്നെ ദി ഔട്ട്ലോസ് ഒരു ഫ്രാഞ്ചസിയായി എടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഡോൺ ലീ വെളിപ്പെടുത്തിയിരുന്നു. മൂന്നാംഭാഗത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണെന്ന ഡോൺ ലീയുടെ വിശദീകരണവും ഒരു മൂന്നാംഭാഗം പ്രേക്ഷകർക്ക് ഉറപ്പ് തരുന്നുണ്ട്. അപ്പോഴും ദി ഔട്ട്ലോസിന്റെ ബോളിവുഡ് റീമേക്ക് ആയ രാധേ പോലുള്ള ദുരന്തത്തിനു ഇനിയും സാക്ഷിയാകേണ്ടി വരുമോ എന്നൊരു ഭയവും ദി റൗണ്ട്അപ്പിന്റെ വൻവിജയം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. ദുരന്തമാണെങ്കിലും ഒഫീഷ്യൽ ആണല്ലോ എന്നൊരു ആശ്വാസം അപ്പോഴുമുണ്ട്. വയലൻസ് സീനുകളുടെ അതിപ്രസരം ആരോപിച്ചു വിയറ്റ്‌നാമിൽ ദി റൗണ്ട്അപ്പിന് നിരോധനം ഉണ്ടായിരുന്നു. പക്ഷേ, വിയറ്റ്‌നാമിലെ ഏറ്റവും വലിയ നഗരം എന്നറിയപ്പെടുന്ന ഹോചിമിൻ സിറ്റിയെ നെഗറ്റീവ് ആയി പോട്രൈ ചെയ്തതാണ് ബാനിനുള്ള യഥാർത്ഥ കാരണമെന്നാണ് കരക്കമ്പികൾ. സ്വാഭാവികം.
7.2/10 . IMDb
93% . Rotten Tomatoes
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ