Apollo 13 » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ടോം ഹാങ്ക്സിനെ നായകനാക്കി റോൺ ഹൊവാർഡ് സംവിധാനം നിർവ്വഹിച്ച അമേരിക്കൻ സ്‌പെയ്‌സ് ഡോക്യൂഡ്രാമാ സിനിമയാണ് അപ്പോളോ 13. 1969ൽ നീൽ ആംസ്‌ട്രോങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ കാല് കുത്തിയതിന് ശേഷം പത്തോളം പേർ ചന്ദ്രനിലിറങ്ങിയിട്ടുണ്ടെങ്കിലും ചന്ദ്രനിൽ കാല് കുത്തി എന്ന കഥ തന്നെ കെട്ടിച്ചമച്ചതാണെന്ന് വിശ്വസിക്കുന്നവർ ഈ നൂറ്റാണ്ടിലുമുണ്ട്. അപ്പോളോ 11ന്റെ വിജയകരമായ ദൗത്യത്തിന് ശേഷവും നാസ ചാന്ദ്ര ദൗത്യം നിർത്തിരുന്നില്ല. ആ വർഷം തന്നെ ആറു പേരുള്ള ചാന്ദ്രദൗത്യവുമായി അപ്പോളോ 12 പറന്നു. പക്ഷേ അതൊരു പരാജയമായിരുന്നു. അതിന് ശേഷമാണ് മൂന്ന് പേരെയും കൊണ്ട് ചന്ദ്രനിലിറങ്ങുക എന്ന നാസയുടെ മൂന്നാമത്തെ ദൗത്യവും പേറി 1970ൽ അപ്പോളോ 13 പറക്കുന്നത്. അപ്പോളോ 13 ദൗത്യത്തിന്റെ ക്യാപ്റ്റൻ ജിം ലോവേലിൻറെ Lost Moon: The Perilous Voyage Of Apollo 13 എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി വില്യം ബ്രോയിൽസും അൽ റെയ്‌നർട്ടും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡീൻ ക്യൂൻടെയാണ് ഛായാഗ്രഹണവും ഡാനിയേൽ പി. ഹാൻലിയും മൈക്ക് ഹില്ലും ചേർന്ന് ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ജെയിംസ് ഹോർണറാണ്.
✍sʏɴᴏᴘsɪs
■ 1969ൽ നീൽ ആംസ്‌ട്രോങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തിയ അന്നത്തെ രാത്രി തന്റെ വീട്ടിൽ വെച്ച് നടത്തിയ പാർട്ടിയിൽ വെച്ച് മൂന്ന് തവണ ബഹിരാകാശ നടത്തിയിട്ടുള്ള ആസ്ട്രോനെറ്റ് ജിം ലോവെൽ താൻ അപ്പോളോ 8ൽ ചന്ദ്രന്റെ തൊട്ടടുത്തെത്തിയ നിമിഷം തന്റെ ഭാര്യ, മരിലിനോട് വിവരിക്കുന്നു. മൂന്നുമാസങ്ങൾക്ക് ശേഷം നാസ തലവൻ ഡീകെ സ്ലേയ്ട്ടൻ ജിമ്മിനെ വിളിച്ച് ചാന്ദ്ര ദൗത്യത്തിന് ഒരുക്കിയിരുന്ന അലൻ ഷെഫേർഡിന്റെ ടീമിന് ചില കാരണങ്ങൾക്കൊണ്ട് അതിന് സാധിക്കില്ലെന്നും പകരം ജിമ്മിന്റെ നേതൃത്വത്തിൽ അപ്പോളോ 13ൽ ചന്ദ്രദൗത്യത്തിന് നിർദേശം കൊടുക്കുന്നു. കെൻ മാറ്റിങ്‌ലിയെയും ഫ്രെഡ് ഹൈസിനെയും അപ്പോളോ 13 ദൗത്യ ടീമായി പ്രഖ്യാപിച്ച് ട്രെയിനിങ് നൽകുന്നു. പക്ഷേ ചാന്ദ്ര ദൗത്യത്തിന്റെ തൊട്ടടുത്തുള്ള ദിവസം കെൻ മാറ്റിങ്‌ലിക്ക് മീസിൽസ് ലക്ഷണങ്ങളുണ്ടെന്ന് ആരോപിച്ച് ടീമിൽ നിന്നൊഴിവാക്കുന്നു. പകരം ജാക്ക് സ്വിഗെർട്ടെന്ന പുതിയ അംഗത്തെ നൽകുന്നു. നിർഭാഗ്യ നമ്പറെന്ന് അന്ധവിശ്വാസമുള്ള 13 പോലെ നിർഭാഗ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീട്.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ പരിചയസമ്പന്നനായ ബഹിരാകാശയാത്രികനും അപ്പോളോ 13ന്റെ കമ്മാൻഡറുമായിരുന്ന ജിം ലോവേലായി വേഷമിട്ടിരിക്കുന്നത് ടോം ഹാങ്ക്‌സാണ്. ടോമിന്റെ അഭിനയത്തെക്കുറിച്ച് ഇനിയും പറയാൻ മുതിർന്നാൽ ബോറടിക്കും എന്നുള്ളതുകൊണ്ട് ഞാനതിലേക്ക് കടക്കുന്നില്ല. കെവിൻ ബേക്കൺ (ജാക്ക് സ്വിഗെർട്ട്), ബിൽ പാക്സ്റ്റൻ (ഫ്രെഡ് ഹൈസ്), ഗാരി സിനിസ് (കെൻ മാറ്റിങ്‌ലി), എഡ് ഹാരിസ് (ജീനി ക്രാൻസ്), കാതലീൻ ക്വിൻലാൻ (മരിലിൻ ലോവേൽ), ക്രിസ് എല്ലിസ് (ഡീകെ സ്ലേയ്ട്ടൻ), ജോ സ്പാനോ (ക്രിസ് ക്രാഫ്റ്റ്, നാസ ഡയറക്ടർ), ഡേവിഡ് ആൻഡ്രൂസ് (പീറ്റ് കോൺറാഡ്, അപ്പോളോ 12 കമാൻഡർ), ട്രേസി റീനെർ (മേരി ഹൈസ്), മാർക്ക് വീലർ (നീൽ ആംസ്ട്രോങ്), ലാറി വില്യംസ് (എഡ്വിൻ ആൽഡ്രിൻ), മേരി കെയ്റ്റ് ഷെൽഹാർഡ് (ബാർബറ, ലോവേലിൻറെ മൂത്തമകൾ), മാക്സ് എലിയട്ട് സ്‌ലൈഡ് (ജെയിംസ്, ലോവേലിൻറെ മൂത്ത മകൻ), എമിലി ആൻ ലോയ്ഡ് (സൂസൻ, ലോവേലിൻറെ ഇളയമകൾ), മൈക്കോ ഹ്യൂഗ്‌സ് (ജെഫ്രി, ലോവേലിൻറെ ഇളയമകൻ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ടെക്നിക്കലായ പൂർണ്ണതയുള്ളൊരു സിനിമയായിരിക്കണം തന്റേതെന്ന് നിർബന്ധമുണ്ടായിരുന്ന സംവിധായകൻ റോൺ ഹൊവാർഡ് നാസയുടെ അസ്‌ട്രോനെറ്റ് ടെക്നിക്കൽ അസിസ്റ്റന്റായി കുറച്ചുനാൾ ജോലി ചെയ്തു. ബഹിരാകാശപേടകത്തിലെ ഭൂഗുരുത്വമില്ലാത്ത അവസ്ഥ ഒറിജിനാലിറ്റിയോടെ ചിത്രീകരിക്കാൻ നാസ ട്രൈനിങ്ങിനായി ഉണ്ടാക്കിയ ഭൂഗുരുത്വാകര്ഷണം കുറച്ച എയർക്രാഫ്റ്റ് ഉപയോഗിക്കാനുള്ള പെർമിഷനും ഹൊവാർഡ് നേടിയെടുത്തു. മികച്ച ചിത്രത്തിനടക്കം ഒമ്പത് ഓസ്കാർ നോമിനേഷനുകൾ നേടിയ അപ്പോളോ 13, മികച്ച ചിത്രസംയോജനത്തിനും ശബ്ദമിശ്രണത്തിനുമുള്ള ഓസ്കാറുകൾ നേടി.
Riγαs Ρυliκκαl
ഈ സിനിമയുടെ ലിങ്ക് ഉണ്ടോ
മറുപടിഇല്ലാതാക്കൂ