Bedevilled » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഒരു അടിച്ചമർത്തപ്പെട്ട പെണ്ണ്, തന്നെ ഉപദ്രവിച്ചവരോടും തന്റെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയവരോടും, രക്ഷിക്കാൻ കേണപേക്ഷിച്ചിട്ടും കരുണ കാണിക്കാതെ മുഖം തിരിച്ചു നിന്നവരോടും പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടാൽ എങ്ങനെയിരിക്കും. അതെ, ഇതൊരു പെണ്ണിന്റെ പ്രതികാരത്തിന്റെ കഥയാണ്. സ്വയം ഒരു കനലായ് ജ്വലിച്ച് ചുറ്റുമുള്ളതെല്ലാം ഒരഗ്നിയായ് വിഴുങ്ങാൻ നിശ്ചയിച്ച ഒരു പെണ്ണിന്റെ കഥ. പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനുപോലും തടുക്കാനാവില്ല എന്നൊരു പഴഞ്ചൊല്ല് തന്നെയുണ്ട് മലയാളത്തിൽ. സ്യോ യോങ് ഹീ, ജി സുങ് വോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജാങ് ച്യോൽ സൂവാണ് ഈ സ്ത്രീപ്രാധാന്യമുള്ള സൈക്കോളജിക്കൽ, ഹൊറർ, ആക്ഷൻ ത്രില്ലർ കൊറിയൻ സിനിമ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന ജാങ് ച്യോൽ സൂവിന്റെ ആദ്യ സംവിധാന സംരഭമായിരുന്ന ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ചോയ് ക്വാങ് യുങ്ങാണ്. ഛായാഗ്രഹണം കിം ഗി തെയും ചിത്രസങ്കലനം കിം മി ജൂയും നിർവ്വഹിച്ചിരിക്കുന്നു. കിം തേ സ്യോങ്ങാണ് ഇതിന് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന, സിയോളിലെ ഒരു ബാങ്കിൽ മികച്ച ഒരു സ്ഥാനത്ത് ജോലി ചെയ്യുന്ന ഹേ വോൻ എന്ന പെണ്ണിൽ നിന്നാണ് കഥ തുടങ്ങുന്നത്. മറ്റുള്ളവരോട് ഒരു കരുണയും കാണിക്കാത്ത, സ്വന്തം കാര്യത്തിന് മാത്രം മുൻതൂക്കം കൊടുക്കുന്ന അവളെ സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിന് ബാങ്ക് ഒരാഴ്ച്ചത്തേക്ക് സസ്‌പെൻഡ് ചെയ്യുന്നു. തന്റെ മാനസിക സമ്മർദ്ധത്തിൽ നിന്നും ഒരു മുക്തിനേടാനും ഒരു മാറ്റമാഗ്രഹിച്ചും അവൾ സിയോളിൽ നിന്നും കുറച്ച് അകലെയുള്ള മൂഡോ എന്ന ഒറ്റപ്പെട്ട ദ്വീപിലേക്ക് ഒരാഴ്ച്ച താമസത്തിന് പോവാൻ തീരുമാനിക്കുന്നു. എട്ടുപത്താളുകൾ മാത്രം താമസിക്കുന്ന ആ കൊച്ചു ദ്വീപിൽ അവൾക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. തന്റെ ബാല്യകാലം അവൾ ആ ദ്വീപിൽ ആ കൂട്ടുകാരിക്കൊപ്പമാണ് ചെലവഴിച്ചത്. ശരിക്കും ഇത് ആ കൂട്ടുകാരിയുടെ കഥയാണ്. ഏകദേശം മുപ്പത് വർഷത്തോളം ആ ദ്വീപൊഴിച്ച് പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ച ബോക് നാമിന്റെ കഥ. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമെത്തുന്ന തന്റെ കൂട്ടുകാരിയെ ബോക് നാം നന്നായി പരിചരിക്കുന്നു. തന്റെ ഭർത്താവിൽ നിന്നും അയാളുടെ സഹോദരനിൽ നിന്നും ബന്ധുക്കളിൽ നിന്നും മാനസികമായും ശാരീരികമായും ഒരുപാട് പീഡനങ്ങൾ സഹിക്കേണ്ടി വരുന്ന അവൾ തന്റെ മകളെ സിയോളിൽ കൊണ്ടുപോയി വിദ്യാഭ്യാസം കൊടുക്കാൻ ആഗ്രഹിക്കുന്നു. ഭർത്താവിന് മകളോടുള്ള പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്ന അവൾ അക്കാര്യം ഹോ വാനിനോട് പറയുന്നു, മകളെയും തന്നെയും സിയോളിലേക്ക് കൊണ്ടുപോവണമെന്നു അപേക്ഷിക്കുന്ന ബോക് നാമിനെ ഹോ വാൻ അവഗണിക്കുന്നു. പിറ്റേന്ന് പുലർച്ചെയുള്ള ബോട്ടിൽ സിയോളിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്ന ബോക് നാം പിടിക്കപ്പെടുന്നു.
Statutory Warning : അതിഭീകരമായ വയലൻസും മറ്റുമുള്ളതിനാൽ കുട്ടികളെയും ഗർഭിണികളെയും ഈ സിനിമ കാണിക്കരുത്.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ സ്യോ യോങ് ഹീയാണ് കിം ബോക് നാം എന്ന നായികാകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യപകുതിയിൽ മറ്റുള്ളവരുടെ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന തനി നാടൻ സ്ത്രീകഥാപാത്രം പ്രേക്ഷകരിൽ സഹതാപം നിറയ്ക്കും. പക്ഷേ രണ്ടാം പകുതിയിൽ ബോക് നാം എന്ന കഥാപാത്രം വേറൊരു തലത്തിലേക്കുയരുന്നു. സ്യോ യോങിന്റെ നായികാകഥാപാത്രം കിടിലൻ തന്നെയായിരുന്നു. ഹേ വോൻ എന്ന മറ്റൊരു പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് ജി സുങ് വോനാണ്. നമുക്ക് ചുറ്റും കാണുന്ന പലരുടെയും പ്രതീകം തന്നെയായിരുന്നു ഹേ വോൻ, ചിലപ്പോൾ നമ്മൾ തന്നെയായിരുന്നു ഹേ വോൻ എന്ന് പറയേണ്ടിയിരിക്കുന്നു. സഹജീവികളോട് കരുണ കാണിക്കാത്ത, അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന, സ്വന്തം കാര്യം മാത്രമാണ് വലുതെന്ന് കരുതുന്ന പുത്തൻ ജീവിതരീതിയുടെ പ്രതീകം. ആ കഥാപാത്രത്തോട് പ്രേക്ഷകർക്ക് ദേഷ്യം തോന്നിയിട്ടുണ്ടെങ്കിൽ അത് ജി സുങ് വോൻ എന്ന നടിയുടെ വിജയമാണ്. പാർക്ക് ജ്യോങ് ഹാക് (മാൻ ജോങ്), ബേക് സ്യു റ്യുന് (അമ്മായി), ബേ സുങ് വൂ (ച്യോൽ ജോങ്), ഓഹ് യോങ് (ഡ്യുക് സൂ), ലീ ജി ഓൻ (കിം യോൻ ഹീ), കിം ജ്യോങ് ഏ (പാ ജുവിന്റെ വല്യമ്മ), സോൺ യോങ് സുൻ (സുൻ യിയുടെ വല്യമ്മ), ലീ മ്യോങ് ജാ (ഗേ തങ്ങിന്റെ വല്യമ്മ), യു സുൻ ച്യോൽ (വൃദ്ധൻ), ജോ ദ്യോക് ജെ (സ്യോ - പോലീസ് ഓഫീസർ), ചേ ഷി ഹ്യോൻ (മി റാൻ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ആ വർഷത്തെ മികച്ച നടിക്കുള്ള പല അവാർഡുകളും സ്യോ യോങ് ഹീക്കായിരുന്നു. കൂടാതെ 2010ലെ കാൻ ഫിലിം ഫെസ്റ്റിവെൽ ക്രിട്ടിക്സ് വീക്കിൽ പ്രീമിയറിന് അവസരം കിട്ടിയ ചിത്രം കൂടിയായിരുന്നു ഇത്.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ