Kadhalan » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ പ്രഭുദേവയേയും നഗ്മയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ബ്രഹ്‌മാണ്ഡ സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രമാണ് കാതലൻ. കെ.ടി.കുഞ്ഞുമോനും ശങ്കറും ഒന്നിച്ച രണ്ടാമത്തെ ചിത്രമായ ഇത് അവരൊന്നിച്ച ആദ്യ ചിത്രമായ ജെന്റിൽമാൻ" പോലെ തന്നെ വൻ ഹിറ്റായിരുന്നു. ഡാൻസിന് പ്രാധാന്യമുള്ള സിനിമ എന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും പ്രഭുദേവ നായകനായതുകൊണ്ട് മാത്രമല്ലേ ഡാൻസിനിത്ര പ്രാധാന്യം വന്നത് എന്ന് തിരിച്ച് ചിന്തിച്ച് നോക്കുന്നത് എന്തായാലും നല്ലതാണ്. ശങ്കർ തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ വെറുമൊരു പോലീസ് കോൺസ്റ്റബിളിന്റെ മകനായ കോളേജ് വിദ്യാർത്ഥി, പ്രഭുവിന് തമിഴ്‌നാട് ഗവർണർ കാകർലാ സത്യനാരായണ മൂർത്തിയുടെ മകളായ ശ്രുതിയോട് പ്രണയം തോന്നുന്നു. നല്ലൊരു വെസ്റ്റേൺ ഡാൻസറായ പ്രഭു, ശ്രുതിയുടെ ഇഷ്ടം പിടിച്ചു പറ്റാൻ വേണ്ടി അവൾ പഠിക്കുന്ന ഭരതനാട്യ സ്കൂളിൽ ചേർന്നു പഠിക്കുന്നു. പ്രഭുവുമായി പ്രണയബദ്ധയായ ശ്രുതിയെ പിന്തിരിപ്പിക്കാൻ ഗവർണർ ശ്രമിക്കുന്നു. അതിനായി പ്രഭുവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുന്നു. ശ്രുതിയുമായുള്ള പ്രണയമുപേക്ഷിച്ചാൽ വെറുതെ വിടാം എന്ന് പോലീസ് പ്രഭുവിനെ ഭീഷണിപ്പെടുത്തുന്നു. പക്ഷേ..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ പ്രഭുദേവ (പ്രഭു), നഗ്മ (ശ്രുതി), വടിവേലു (വസന്ത്), എസ്.പി.ബാലസുബ്രഹ്മണ്യം (കതിരേഷൻ - പ്രഭുവിന്റെ അച്ഛൻ), ഗിരീഷ് കർണാട് (ഗവർണർ കാകർലാ), രഘുവരൻ (മല്ലികാർജുന) തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഡാൻസിന് പ്രാധാന്യം നൽകിയിരിക്കുന്ന ഈ സിനിമയിൽ പ്രഭുദേവയുടെ അസാമാന്യ പ്രകടനം തന്നെയായിരുന്നു ഹൈലൈറ്റ്. നഗ്മയും നന്നായി സപ്പോർട്ട് ചെയ്തു. പിന്നെ എടുത്തുപറയേണ്ട ഒരാൾ വടിവേലുവാണ്. വടിവേലുവിന്റെ കോമഡികൾ ഈ സിനിമയ്‌ക്കൊരു മുതൽക്കൂട്ട് തന്നെയായിരുന്നു. വടിവേലുവിന്റെ കഥാപാത്രം സിനിമയിലെ ഒരു രംഗത്ത് പ്രതിപാദിക്കുന്ന "ജിൽ ജുങ് ജുക്" എന്ന പേര് വെച്ച് പിൽക്കാലത്ത് സിദ്ധാർഥ് നായകനായി ഒരു സിനിമ തന്നെയിറങ്ങി.
📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs
■ ജീവയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സിനിമയിലെ പാട്ട് സീനുകൾ മനോഹരമാക്കിയതിന്റെ ഒരു പങ്ക് ജീവയ്ക്കുള്ളതാണ്. ബി. ലെനിനും വി.ടി. വിജയനും ചേർന്നാണ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്.
🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs
■ എ.ആർ. റഹ്‌മാൻ സംഗീതം ചെയ്ത ഗാനങ്ങളായിരുന്നു ഈ ചിത്രത്തിലെയും പ്രത്യേകത. "മുക്കാലാ മുഖാബല, ഉർവ്വശീ ഉരവ്വശീ തുടങ്ങി സിനിമയിലെ ഒട്ടുമിക്ക ഗാനങ്ങളും അക്കാലത്തെ സെൻസേഷണലുകളായിരുന്നു. പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരം കൊറിയോഗ്രാഫി ചെയ്ത ചിത്രത്തിലെ എല്ലാ ഡാൻസ് സീനുകളും മനോഹരങ്ങളായിരുന്നു. പ്രഭുദേവയിലെ മികച്ച ഡാൻസറെ ആവോളം പ്രയോജനപ്പെടുത്തി എന്നും പറയാം.
📎 ʙᴀᴄᴋwᴀsʜ
■ 1994ലെ മികച്ച ചിത്രം, മികച്ച സംവിധായൻ (ശങ്കർ), മികച്ച നടി (നഗ്മ), മികച്ച സംഗീത സംവിധായകൻ (എ.ആർ.റഹ്‌മാൻ) എന്നീ വിഭാഗങ്ങൾക്കുള്ള ഫിലിം ഫെയർ അവാർഡുകൾ ഈ ചിത്രത്തിനായിരുന്നു. ആ വർഷത്തെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് പി.ഉണ്ണികൃഷ്ണന് നേടിക്കൊടുത്തതും എ.ആർ.റഹ്‌മാന് മികച്ച സംഗീത സംവിധായകനുള്ള തമിഴ്‌നാട് സ്റ്റേറ്റ് അവാർഡ് നേടിക്കൊടുത്തതും ഈ ചിത്രമാണ്. മറ്റൊരു പ്രത്യേകത, ചിയാൻ വിക്രമാണ് പ്രഭുദേവയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്. നഗ്മയ്ക്ക് വേണ്ടി പ്രശസ്ത നടി സരിതയും..
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ