Malèna » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഒരു കൗമാരക്കാരന്റെ അല്ലെങ്കിൽ കൗമാരക്കാരിയുടെ ചിന്തകളിൽ എന്തൊക്കെയായിരിക്കും. നമ്മെക്കാൾ പ്രായം കുറഞ്ഞ ആരെങ്കിലും എന്തെങ്കിലും കുസൃതി കാണിച്ചിട്ട് അത് മറച്ചു പിടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നമ്മൾ പറയുന്നൊരു കാര്യമുണ്ട്, നമ്മളുടെയൊക്കെ കൗമാരകാലത്ത് മുതിർന്നവർ നമ്മളോട് പറഞ്ഞിരുന്ന അതേ കാര്യം; "നിന്റെയൊക്കെ പ്രായം കഴിഞ്ഞിട്ടു തന്നെയാ ഞാനും ഈ പ്രായത്തിലെത്തിയത്" എന്ന്. സത്യത്തിൽ എന്താണതിന്റെ പൊരുൾ? ഇമ്മാതിരി ചാപല്യങ്ങളൊക്കെ അവർക്കുമുണ്ടായിരുന്നു (നമ്മൾക്കും 😉)എന്ന്. കൗമാരകാലത്ത് നമ്മൾക്ക് സൗന്ദര്യമുള്ള എന്തിനോടും ആകർഷണം തോന്നും. എതിർലിംഗത്തിൽ പെട്ട മുതിർന്നവരോട്; ഫ്രാങ്കായിട്ട് പറയട്ടെ, പഠിപ്പിക്കുന്ന ടീച്ചർമാരോട് പോലും റൊമാൻസ് തോന്നും. ലൈംഗികത എന്താണെന്നറിയാനുള്ള ത്വര കൗമാരകാലത്ത് പ്രകൃതിനിയമമാണ്. മോണിക്ക ബെല്ലൂച്ചിയെയും ഗിസപ്പെ സുൽഫാരോയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗിസപ്പെ ടോർനറ്റോറി തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച റൊമാന്റിക് കോമഡി ഇറ്റാലിയൻ ചിത്രമാണ് മലേന. ലാജോസ് കോൽറ്റായ് ഛായാഗ്രഹണവും മാസ്സിമോ ക്വാഗ്ലിയ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. എന്യോ മോറിക്കോണിയുടെ മനോഹരമായ സംഗീതം പശ്ചാത്തലമായി ഒഴുകുന്നു.
✍sʏɴᴏᴘsɪs
■ രണ്ടാം ലോകമഹായുദ്ധകാലത്തെ സിസിലിയിലുള്ള ഒരു കൊച്ചുപട്ടണത്തിൽ നിന്നും കഥ തുടങ്ങുന്നു. പന്ത്രണ്ടുവയസ്സുകാരനായ റെനാറ്റോ അവന്റച്ഛൻ വാങ്ങിക്കൊടുത്ത പുതിയ സൈക്കിളുമായി കൂട്ടുകാരുടെയടുത്തെത്തുന്നു. കൂട്ടുകാർക്കൊപ്പം നേരംപോക്ക് പറഞ്ഞിരിക്കുമ്പഴാണ് അവൻ ആദ്യമായി അതിസുന്ദരിയായ ആ യുവതിയെ കാണുന്നത്. മലേന, അവളുടെ വശ്യമായ സൗന്ദര്യത്തിൽ നഗരത്തിലെ പുരുഷന്മാർ മോഹിതരായി, പെണ്ണുങ്ങൾ അവളോട് അസൂയപ്പെട്ടു. നഗരത്തിലെ വലിയ ഭവനത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന അവളുടെ ഭർത്താവ് ആഫ്രിക്കയിൽ സൈനികസേവനം നടത്തുകയാണ്. അവൾക്ക് സ്വന്തമെന്ന് പറയാൻ നഗരത്തിലെ മറ്റൊരു കോണിൽ തനിച്ച് താമസിക്കുന്ന അച്ഛൻ മാത്രമേയുള്ളൂ. റെനാറ്റോക്ക് അവളോട് അടങ്ങാത്ത മോഹമായിരുന്നു, അവളെ രഹസ്യമായി അവൻ പിന്തുടർന്നു. അവൾ അശ്രദ്ധമായി വലിച്ചിട്ട പലതിലും അവൻ അവളെ തിരഞ്ഞു. ഒരു ദിവസം അവളെത്തേടി ഒരു വാർത്തയെത്തുന്നു. അവളുടെ ജീവിതം തന്നെ മാറ്റിമറിച്ച വാർത്ത. അവളുടെ ഭർത്താവ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ മലേന എന്ന മദ്ദലേന സ്‌കോർഡിയയായി അഭ്രപാളികളിലെത്തുന്നത് തന്റെ സൗന്ദര്യം കൊണ്ട് പ്രേക്ഷകരെ മോഹിപ്പിച്ച, ഇപ്പോഴും മോഹിപ്പിച്ചു കൊണ്ടേയിരിക്കുന്ന ഇറ്റാലിയൻ മാദകത്തിടമ്പ് മോണിക്ക ബെല്ലൂച്ചിയാണ്. മലേനയുടെ സൗന്ദര്യത്തിൽ മയങ്ങി വീണ പന്ത്രണ്ടുകാരൻ റെനാറ്റോ അമൊറോസോയായി ഗിസപ്പെ സുൽഫാരോ അഭിനയിച്ചിരിക്കുന്നു. "ഹേയ്.. സുൽഫാരോ.. നീ തന്നെയായിരുന്നില്ലേ ഞങ്ങൾ.." ലൂസിയാനോ ഫെഡറികോ (റെനാറ്റോയുടെ അച്ഛൻ), മെറ്റിൽഡ പിയനാ (റെനാറ്റോയുടെ അമ്മ), പിയട്രോ നൊട്ടാറിയാനി (പ്രൊ. ബോൻസിഗ്നോർ), ഗേറ്റാനോ അറോനിക്ക (നിനോ സ്‌കോർഡിയ - മലേനയുടെ ഭർത്താവ്), ഗിൽബെർട്ടോ ഇഡോണി (അഡ്വ. സെന്റോർബി) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ഛായാഗ്രഹണം, മികച്ച പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിൽ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. മലയാളി ഹൗസിൽ ഒരിക്കൽ റോസിൻ ജോളി പറഞ്ഞത് മലേനയിലെ പല രംഗങ്ങൾ കണ്ടപ്പഴും എനിക്ക് ഓർമ്മ വന്നു "ദൈവമേ, എനിക്കെന്തിന് ഇത്രയും സൗന്ദര്യം തന്നു!!!"
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ