Spartacus » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ കിർക് ഡഗ്ലസിനെ കേന്ദ്രകഥാപാത്രമാക്കി സ്റ്റാൻലി കുബ്രിക് സംവിധാനം നിർവ്വഹിച്ച എപിക് ഹിസ്റ്റോറിക്കൽ & ബയോഗ്രഫിക്കൽ ഹോളിവുഡ് ചിത്രമാണ് സ്പാർട്ടക്കസ്. റോമൻ റിപ്പബ്ലിക്കിനെ കിടുകിടാ വിറപ്പിച്ച മൂന്നാം അടിമയുദ്ധത്തിന് നായകത്വം വഹിച്ച അടിമകളുടെ വിപ്ലവ നായകൻ സ്പാർട്ടക്കസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഹൊവാർഡ് ഫാസ്റ്റ് എഴുതിയ സ്പാർട്ടക്കസ് എന്ന നോവലിനെ ആസ്പദമാക്കി ഡാൽട്ടൻ ട്രമ്പോയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. റസ്സൽ മെറ്റി ഛായാഗ്രഹണവും റോബർട്ട് ലോറൻസ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. അലക്സ് നോർത്തിന്റെ മനോഹരമായ പശ്ചാത്തലസംഗീതമാണ് സിനിമയെ നയിക്കുന്നത്.
✍sʏɴᴏᴘsɪs
■ ഒരു ഖനിയിൽ വെച്ചാണ് ലെന്റലസ് ബറ്റിയാറ്റസ് എന്ന സമ്പന്നൻ സ്പാർട്ടക്കസ് എന്ന ത്രാഷ്യൻ അടിമയെ കണ്ടുമുട്ടുന്നത്. തന്റെ നിസഹകരണ മനോഭാവം കൊണ്ട് ഉടമസ്ഥർ വെള്ളം പോലും നൽകാതെ കൊല്ലാൻ കിടത്തിയിരുന്ന സ്പാർട്ടക്കസിനെ ലെന്റലസ് വാങ്ങി തന്റെ ഗ്ലാഡിയേറ്റർ പരിശീലനകളരിയിലെത്തിക്കുന്നു. അവിടെ വെച്ചാണ് സ്പാർട്ടക്കസ്, വരീന്യ എന്ന സുന്ദരിയായ അടിമസ്ത്രീയെ പരിചയപ്പെടുന്നത്. ഒരു ദിവസം റോമൻ സെനറ്ററും സൈനികമേധാവിമാരിൽ ഒരാളുമായ മാർക്കസ് ലിസിന്യാസ് ക്രാഷസ്, ഗ്ലാഡിയേറ്റർ കളരിയുടമ ലെന്റലസിനെ കാണാൻ ഹെലേന ഗ്ലാബ്രസിനും അവരുടെ സഹോദരൻ മാർക്കസ് ഗ്ലാബ്രസിനുമൊപ്പം എത്തുന്നു. കൂടെ മാർക്കസ് ഗ്ലാബ്രസിന്റെ പ്രതിശ്രുത വധു ക്ലോഡിയ മാരിയസുമുണ്ടായിരുന്നു. കളരിയിലെ ഏറ്റവും മികച്ച ഗ്ലാഡിയേറ്ററുകൾ തമ്മിലുള്ള മാമാങ്കം (പോരാട്ടത്തിൽ തോൽക്കുന്നയാൾ കൊല്ലപ്പെടും) കാണണം എന്നായിരുന്നു അവരുടെ ആവശ്യം. മാമാങ്കത്തിന് ആദ്യം നിഷേധിക്കുന്ന ബറ്റിയാറ്റസിനെ വൻതുക പ്രതിഫലം നൽകി ക്രാഷസ് സമ്മതിപ്പിക്കുന്നു. മാമാങ്കത്തിന് സ്പാർട്ടക്കസിനെയടക്കം നാലുപേരെ തെരഞ്ഞെടുക്കുന്നു. രണ്ടാമത്തെ പോരാട്ടത്തിൽ സ്പാർട്ടക്കസ് ഡ്രാബയോട് പരാജയപ്പെടുന്നു. പക്ഷേ, സ്പാർട്ടക്കസിനെ കൊല്ലാൻ വിസമ്മതിക്കുന്ന ഡ്രാബയെ ക്രാഷസിന്റെ അംഗരക്ഷകർ വധിക്കുന്നു. തന്റെ പ്രണയിനി വരീന്യയെ ബറ്റാട്യസ് ക്രാഷസിനു വിറ്റു എന്നറിയുന്ന സ്പാർട്ടക്കസ് അക്രമാസക്തനാവുന്നു. സ്പാർട്ടക്കസിന്റെ നേതൃത്വത്തിൽ എഴുപത് അടിമകൾ ലെന്റലസിന്റെ സുരക്ഷാതലവൻ മാഴ്‌സലോയെയും സുരക്ഷാഭടന്മാരെയും വധിച്ച് കളരിയിൽ നിന്നും സ്വാതന്ത്ര്യം നേടുന്നു. കൂടുതൽ അടിമകൾ സ്പാർട്ടക്കസിനൊപ്പം ചേരുന്നു. അവരൊരു വലിയ സൈന്യമായി റോമൻ റിപ്പബ്ലിക്കിനെ തന്നെ വെല്ലുവിളിക്കുന്നു. മുഴുവൻ അടിമകളുടെയും മോചനത്തിനായി. സ്പാർട്ടക്കസ് തന്നെ പറയുന്നു "റോമാക്കാരുടെ യാതൊന്നും ഞങ്ങൾക്ക് വേണ്ട. ഞങ്ങൾക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യം മാത്രം"..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ കിർക് ഡഗ്ലസാണ് സ്പാർട്ടക്കസിന്റെ വേഷം അനശ്വരമാക്കിയിരിക്കുന്നത്. സ്പാർട്ടക്കസിന്റെ പ്രണയിനി വരീന്യയായി ജീൻ സിമ്മൺസ് അഭിനയിച്ചിരിക്കുന്നു. ലോറൻസ് ഒലിവർ (ക്രാഷസ്), ചാൾസ് ലോട്ടൻ (ഗ്രാഷസ്), പീറ്റർ ഉസ്റ്റിനോവ് (ലെന്റലസ് ബറ്റാട്യസ്), ടോണി കുർട്ടിസ് (അന്റോണിയസ്), ജോൺ ഗാവിൻ (ജൂലിയസ് സീസർ), ജോൺ ദാൽ (മാർക്കസ് ഗ്ലാബ്രസ്), നിന ഫോച്ച് (ഹെലേന ഗ്ലാബ്രസ്), ജോൺ അയർലണ്ട് (ക്രിക്സസ്), ഹെർബെർട് ലോം (ടിഗ്രനാസ് ലെവൻഡാസ്), ചാൾസ് മക്ഗ്രോ (മർസെലസ്), ജോഹാന്ന ബേൺസ് (ക്ലോഡിയ മോറ്യ), ഹരോൾഡ് J.സ്റ്റോൺ (ഡേവിഡ്), വൂഡി സ്ട്രോഡ് (ഡ്രാബ), പീറ്റർ ബ്രോക്കോ (റമോൺ), പോൾ ലാംബെർട്ട് (ഗനിക്കസ്). ജോൺ ഹോയ്റ്റ് (കയസ്) എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച സഹനടൻ (പീറ്റർ ഉസ്റ്റിനോവ്), മികച്ച കലാസംവിധാനം (അലക്സാണ്ടർ ഗോലിറ്റ്സൻ, എറിക് ഓർബോം, റസ്സൽ A.ഗോസ്‌മാൻ, ജൂലിയ ഹെറോൺ), മികച്ച ഛായാഗ്രാഹകൻ (റസ്സൽ മെറ്റി), മികച്ച വസ്ത്രാലങ്കാരം (ആർലിംഗ്ടൺ വല്ലെസ്, ബിൽ തോമസ്) എന്നീ വിഭാഗങ്ങളിലായി നാല് ഓസ്കാറുകൾ സ്വന്തമാക്കിയ ചിത്രമാണ് സ്പാർട്ടക്കസ്. മികച്ച എഡിറ്റിങ്ങിനും പശ്ചാത്തല സംഗീതത്തിനുമുള്ള നോമിനേഷനുകളും ലഭിച്ചിരുന്നു. റോമൻ ചരിത്രം പരിശോധിച്ചാൽ കാണാനാവുന്ന രസകരമായൊരു വസ്തുത, ജീവിച്ചിരിക്കുന്ന സ്പാർട്ടക്കസിനേക്കാൾ അവർ ഭയന്നത് മരിച്ച സ്പാർട്ടക്കസിനെയായിരുന്നു എന്നതായിരുന്നു. അതുകൊണ്ട് തന്നെ കുരിശിൽ തറയ്ച്ചു കൊന്ന സ്പാർട്ടക്കസിന്റെ മൃതദേഹത്തിന്റെ ഒരു അവശിഷ്ടം പോലും അവർ ബാക്കി വെച്ചില്ല, വില്യം വാലസിനോട് ഇംഗ്ലീഷുകാർ ചെയ്തതുപോലെ.
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ