ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Braveheart


Braveheart » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ പതിമൂന്നാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെ കിടുകിടെ വിറപ്പിച്ച സ്കോട്ട്ലാന്റ് സ്വാതന്ത്ര്യ പോരാളി സർ വില്ല്യം വാലസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. "മാപ്പ് എന്ന ഒരേയൊരു വാക്ക് മാത്രം പറഞ്ഞാൽ മതി നിനക്ക് പെട്ടെന്നുള്ളൊരു മരണം തരാം, അല്ലെങ്കിൽ ജീവനോടെ ക്രൂരമായി പിച്ചിച്ചീന്തിയുള്ള മരണമായിരിക്കും നിനക്ക് വിധിക്കുക" എന്ന് വാലസിന് മജിസ്‌ട്രേറ്റ് അവസാന അവസരം കൊടുത്തപ്പോഴും, തന്റെ ഹൃദയത്തിലേക്ക് മൂർച്ചയുള്ള കഠാര കുത്തിയിറക്കിയപ്പോഴും ആ ധീരനായ പോരാളി ഒറ്റ വാക്കേ പറഞ്ഞുള്ളൂ "സ്വാതന്ത്ര്യം". വാലസിന്റെ വെട്ടിയെടുത്ത തല ലണ്ടൻ ബ്രിഡ്ജിൽ കെട്ടിത്തൂക്കിയിട്ടിട്ടും അധികാരികളുടെ കോപമടങ്ങിയില്ല. വാലസിന്റെ ശരീരം പല കഷ്ണങ്ങളാക്കി ലോകത്തിന്റെ പല ഭാഗത്ത് അവർ പ്രദർശനത്തിന് വെച്ചു, ഇനിയൊരു വാലസ് ഉണ്ടാവാതിരിക്കാൻ. ജീവിച്ചിരിക്കുന്ന വാലസിനെക്കാൾ അവർ ഭയപ്പെട്ടത് കൊല്ലപ്പെട്ട വാലസിനെയായിരുന്നു. അതിനാൽ വാലസിന്റെ ശരീരാവശിഷ്ടങ്ങൾ അവർ മറ്റാരുമറിയാതെ രഹസ്യമായി എവിടെയോ മറച്ചു. റോമാ സാമ്രാജ്യം അടിമകളുടെ പോരാളി സ്പാർട്ടക്കസിനു വിധിച്ച അതേ വിധി..

William Wallace: Every Man Dies, Not Every Man Truly Lives.


മെൽ ഗിബ്‌സൺ സംവിധാനം നിർവ്വഹിച്ച റൊമാന്റിക് ആക്ഷൻ ഹിസ്റ്റോറിക് എപിക് വാർ ഹോളിവുഡ് ചിത്രമാണ് ബ്രേവ്ഹെർട്ട്. അദ്ദേഹം തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൈൻഡ് ഹാരിയുടെ ദി വാലസ് എന്നറിയപ്പെടുന്ന ക്ലാസ്സിക് കവിതയെ ആസ്പദമാക്കി രണ്ടാൽ വാലസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ജോൺ ടോൾ ഛായാഗ്രഹണവും സ്റ്റീവൻ റോസെൻബ്ലം എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ജെയിംസ് ഹോർണറിന്റെതാണ് മനോഹരമായ പശ്ചാത്തല സംഗീതം.


✍sʏɴᴏᴘsɪs               

■ പതിമൂന്നാം നൂറ്റാണ്ടിൽ സ്കോട്ട്ലാൻഡ് ഭരിച്ചിരുന്ന അലക്‌സാണ്ടർ മൂന്നാമന്റെ മരണശേഷം ഇംഗ്ലണ്ടിലെ എഡ്വേർഡ് ഒന്നാമൻ സ്കോട്ട്ലൻഡിനെ അധിനിവേശപ്പെടുത്തി. അലക്‌സാണ്ടറിന് അവകാശികളില്ലായിരുന്നു. എഡ്വേഡിന്റെ ഭരണത്തിന് കീഴിൽ സ്കോട്ട്ലാൻഡിലെ ജനങ്ങൾ സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരായി, എഡ്വേഡിന്റെ അനുയായികളുടെ ക്രൂരതകൾക്കും പീഡനങ്ങൾക്കും ഇരയാക്കപ്പെട്ടവരായി. തന്റെ അച്ഛന്റെയും സഹോദരന്റെയും മരണശേഷം കുഞ്ഞു വില്ല്യം വാലസ് വളർന്നത് അമ്മാവന്റെ കൂടെയായിരുന്നു, ജന്മനാട്ടിൽ നിന്നകന്ന്. വളരെ നല്ലവനായിരുന്ന അമ്മാവൻ അവന് വിദ്യാഭ്യാസവും ആയോധനകലയിൽ പരിശീലനവും നൽകി. യുവാവായി ജന്മനാട്ടിൽ തിരിച്ചെത്തിയ വാലസ് കളിക്കൂട്ടുകാരി മുറോണുമായി പ്രണയത്തിലായി, ഏറെ താമസിയാതെ അവർ രഹസ്യമായി വിവാഹിതരായി. പക്ഷേ ആ സന്തോഷത്തിന് ക്ഷണ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. സ്കോട്ട്ലാൻഡിലെ സാധാരണക്കാരുടെ സന്തോഷങ്ങൾക്കിടയിൽ വിലങ്ങുതടിയായി അവർ വന്നു, ക്രൂരന്മാരായ ഇംഗ്ലീഷ് പട്ടാളം. വാലസിന്റെ പ്രാണന്റെ പാതിയായിരുന്ന മുറോണെ ഒരു ഇംഗ്ലീഷ് സൈനികനെ ആക്രമിച്ചു എന്ന കുറ്റത്തിന് വധശിക്ഷയ്ക്കിരയാക്കി, വാലസിന് രക്ഷിക്കാൻ സാധിച്ചില്ല. പക്ഷേ, പ്രണയിനിയെ നഷ്ടപ്പെട്ട വാലസ് ഇംഗ്ലീഷ് പട്ടാളത്തിനെതിരെ പടയൊരുക്കി. ഇംഗ്ലീഷ് സാമ്രാജ്യത്തെ തന്നെ വിറപ്പിച്ച വില്ല്യം വാലസിന്റെ പടയോട്ടമായിരുന്നു പിന്നീട്..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ മെൽ ഗിബ്‌സനാണ് വില്ല്യം വാലസിനെ അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തിപരമായി എനിക്കേറ്റവും ഇഷ്ടപ്പെട്ട മെൽ ഗിബ്‌സൺ കഥാപാത്രമായിരുന്നു വാലസ്. കാതറീൻ മക്കോർമാകാണ് വാലസിന്റെ കളിക്കൂട്ടുകാരിയും ആദ്യ പ്രണയിനിയുമായിരുന്ന മുറോൺ മക്ക്ലനോഗിന്റെ വേഷം അഭിനയിച്ചിരിക്കുന്നത്. കുഞ്ഞു വാലസായി ജെയിംസ് റോബിൻസണും കുഞ്ഞു മുറോണായി മൈറി കാൽവിയും അഭിനയിച്ചിരിക്കുന്നു. വാലസിനോട് അനുരാഗ വിവശയാകുന്ന ഫ്രഞ്ച് രാജകുമാരി ഇസബെല്ലയുടെ വേഷത്തിലെത്തിയിരിക്കുന്നത് സോഫി മാർക്യൂവാണ്. ആംഗസ് മക്ഫഡിയെൻ (റോബർട്ട്‌ ദി ബ്രൂസ്), പാട്രിക് മക്കോഹൻ (എഡ്വേഡ് ഒന്നാമൻ രാജാവ്), ബ്രെൻഡൻ ഗ്ലേസൺ (ഹാമിഷ്), പീറ്റർ ഹാർലി (എഡ്വേഡ് രാജകുമാരൻ), ജെയിംസ് കോസ്മോ (കാംപെൽ), ഡേവിഡ് ഓഹാര (സ്റ്റീഫൻ ഓഫ് അയർലൻഡ്), ഇയാൻ ബാന്നെൻ (ബ്രൂസിയുടെ അച്ഛൻ), സീൻ മക്കിൻലി (മക്ക്ലനോ), ബ്രയാൻ കോക്സ് (ആർഗിൽ വാലസ്), സീൻ ലാവ്‌ലർ (മാൽക്കം വാലസ്), സാൻഡി നെൽസൺ (ജോൺ വാലസ്), മാൽകം ടൈർണി (മജിസ്‌ട്രേറ്റ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ മികച്ച ചിത്രം, മികച്ച സംവിധായകൻ (മെൽ ഗിബ്‌സൺ), മികച്ച ഛായാഗ്രഹണം (ജോൺ ടോൾ), മികച്ച ശബ്ദ സങ്കലനം (ലോൻ ബെൻഡർ, പെർ ഹാൽബെർഗ്), മികച്ച മേക്കപ്പ് (പീറ്റർ ഫ്രാമ്പ്ടൺ, പോൾ പാറ്റിൻസൺ, ലോയിസ് ബർവെൽ) എന്നീ വിഭാഗങ്ങളിലായി അഞ്ച് ഓസ്കാർ അവാർഡുകളാണ് ബ്രേവ്ഹെർട്ട് വാരിക്കൂട്ടിയത്. സ്കോട്ട്ലാൻഡിലെ എഡിൻബെർഗ് കോട്ടയിൽ കണ്ട വില്ല്യം വാലസിന്റെ പ്രതിമയുടെ പിന്നിലെ ചരിത്രം തേടിയുള്ള അന്വേഷണമാണ് രണ്ടാൽ വാലസിന് ബ്രേവ്ഹെർട്ട് എന്ന മനോഹരമായ തിരക്കഥ സമ്മാനിച്ചത് എന്നത് കൗതുകകരമായ വസ്തുതയാണ്.


8.4/10 · IMDb
77% · Rotten Tomatoes
                     

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...