Gladiator » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ മാക്സിമസ് ഡെസിമസ് മെറിഡിയസ് എന്ന പടനായകന്റെ പേര് റോമൻ സാമ്രാജ്യത്തിന്റെ ചരിത്രപുസ്തകങ്ങളിൽ എവിടെയെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ, സിനിമയിലല്ലാതെ? മാർക്കസ് ഒറേലിയസ് ചക്രവർത്തിയും അദ്ദേഹത്തിന്റെ പുത്രൻ, കൊമോഡസും ഒക്കെ റോമാചരിത്രത്തിൽ ഉള്ള കഥാപാത്രങ്ങൾ തന്നെ. പക്ഷേ മാർക്കസ് ഒറേലിയസിന്റെ വലംകൈയ്യും വിശ്വസ്തനുമായിരുന്ന പടത്തലവൻ മാക്സിമസ് എവിടെ നിന്നും വന്നു. റോമൻ സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് ഡേവിഡ് ഫ്രാൻസോണിയും റിഡ്‌ലി സ്കോട്ടും ചേർന്ന് സമ്മർദ്ധമായി തിരുകിക്കയറ്റിയ ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണ് മാക്സിമസ്. പക്ഷേ, മാക്സിമസിൽ പല ചരിത്രനായകന്മാരെയും നമുക്ക് കാണാൻ സാധിക്കും. സ്പാർട്ടക്കസും സിൻസിനാറ്റസും മുതൽ ബെൻഹർ വരെ. അതെ, എല്ലാം തികഞ്ഞൊരു നായകനെ ചരിത്രത്തിലേക്ക് ഒരു നൂലിലെന്നപോലെ കെട്ടിയിറക്കിയിരിക്കുകയാണ് റിഡ്‌ലി സ്‌കോട്ട്.
റസ്സൽ ക്രോവിനെ കേന്ദ്രകഥാപാത്രമാക്കി റിഡ്‌ലി സ്‌കോട്ട് സംവിധാനം നിർവ്വഹിച്ച ഹിസ്റ്റോറിക് അഡ്വെഞ്ചർ ആക്ഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ഗ്ലാഡിയേറ്റർ. ഡേവിഡ് ഫ്രാൻസോണി, ജോൺ ലോഗൻ, വില്യം നിക്കോൾസൻ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ജോൺ മത്തീസൺ ഛായാഗ്രഹണവും പീട്രോ സ്‌കാലിയ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഹാൻസ് സിമ്മറും ലിസ ജറാർഡും ചേർന്നാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തി മാർക്കസ് ഒറേലിയസ് തന്റെ മകൻ കമോഡസിനോട് തന്റെ പിൻഗാമിയാവാൻ എന്തുകൊണ്ടും യോഗ്യൻ വിശ്വസ്തനും കഴിവുറ്റവനുമായ പടത്തലവൻ മാക്സിമസാണെന്ന് തുറന്നുപറയുന്നു, തന്റെ പിൻഗാമിയാവാൻ കാമോഡസിന് മികവില്ല എന്നുകൂടി അയാൾ വെളിപ്പെടുത്തുന്നു. തന്റെ അച്ഛന്റെ മനസ്സറിഞ്ഞ കമോഡസ്, മാർക്കസ് ഒറേലിയസിനെ നിഷ്ക്കരുണം വധിച്ച് അധികാരം സ്വന്തമാക്കുന്നു. പുതിയ ചക്രവർത്തിയായി സ്വയം പ്രഖ്യാപിക്കുന്ന കമോഡസ്, പടത്തലവൻ മാക്സിമസിനോട് തന്നോട് കൂറ് കാണിക്കാൻ ആവശ്യപ്പെടുന്നു. ഇത് നിരാകരിക്കുന്ന മാക്സിമസിനെ തുറുങ്കിലടക്കാൻ തന്റെ സൈനികരോട് കൽപ്പിക്കുന്നു. പക്ഷേ, തന്നെ പിടികൂടാൻ വന്നവരെ വധിച്ച് വീട്ടിലേക്ക് രക്ഷപ്പെടുന്ന മാക്സിമസ് അവിടെ കണ്ടത് ശത്രുക്കൾ തന്റെ കുടുംബത്തെ മുഴുവൻ കൊന്നുതള്ളിയതായിട്ടാണ്. അടിമകളാൽ വീണ്ടെടുക്കപ്പെടുന്ന മാക്സിമസിനെ അവർ ഗ്ലാഡിയേറ്റർ പരിശീലകൻ പ്രോക്സിമോക്ക് വിൽക്കുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ മാക്സിമസ് ഡെസിമസ് മെറിഡിയസ് എന്ന സേനാനായകന്റെ വേഷത്തിലെത്തിയിരിക്കുന്നത് റസ്സൽ ക്രോവാണ്. തന്റെ കുടുംബം നഷ്ടപ്പെട്ടതിന്റെ ദുഃഖവും പ്രതികാരത്തിന്റെ ക്രോധവുമെല്ലാമടങ്ങിയ മാക്സിമസിന്റെ കഥാപാത്രം റസ്സലിന്റെ കൈയ്യിൽ സുരക്ഷിതമായിരുന്നു. സ്വന്തം അച്ഛനെ കൊന്ന മകൻ, കൊമോഡസായി അഭിനയിച്ചിരിക്കുന്നത് ജോക്വിൻ ഫീനിക്‌സാണ്. വളരെ കുറച്ചു സമയമേ ഉളളൂ എങ്കിലും റോമാ ചക്രവർത്തി മാർക്കസ് ഒറേലിയസായി അഭിനയിച്ച റിച്ചാർഡ് ഹാരിസ് തകർത്തു. കോനീ നീൽസൺ (ലുസില്ല), ഒലിവർ റീഡ് (അന്റോണിയസ് പ്രോക്സിമോ), ഡെറിക് ജേക്കബി (സെനറ്റർ ഗ്രാഷ്യസ്), ജിമോൻ ഹോൻസോ (ജൂബ), റാൽഫ് മൊള്ളർ (ഹേഗൻ), ടോമി ഫ്ലാനഗൻ (സിസെറോ), ഡേവിഡ് സ്‌കോഫീൽഡ് (സെനറ്റർ ഫാൽകോ), ജോൺ ശ്രാപ്നേൽ (സെനറ്റർ ഗയസ്), ടോമസ് അരേന (ജനറൽ ക്വിന്റസ്), സ്‌പെൻസർ ട്രീറ്റ് ക്ലാർക് (ലൂസിയസ് വെറസ്), ഡേവിഡ് ഹെമിങ്‌സ് (കാസ്യസ്), സ്വെൻ ഓലെ ടോർസൺ (ടിഗ്രിസ് ഓഫ് ഗൗൾ), ഓമിദ് ജലിലി (അടിമ വ്യാപാരി), ജിയാനിനെ ഫാസിയോ (മാക്സിമസിന്റെ ഭാര്യ), ജോർജിയോ കാന്ററിനി (മാക്സിമസിന്റെ മകൻ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ചിത്രം, മികച്ച നടൻ (റസ്സൽ ക്രോ), മികച്ച വസ്ത്രാലങ്കാരം (ജാന്റി യേറ്റ്സ്), മികച്ച ശബ്ദവിന്യാസം (സ്കോട്ട് മില്ലെൻ, ബോബ് ബീമർ, കെൻ വെസ്റ്റൻ), മികച്ച വിഷ്വൽ എഫെക്റ്റ്സ് (ജോൺ നെൽസൺ, നീൽ കൊർബൗൾഡ്, ടിം ബുർകി, റോബ് ഹാർവി) എന്നീ വിഭാഗങ്ങളിലായി അഞ്ച് ഓസ്കാർ പുരസ്‌കാരങ്ങളാണ് ഗ്ലാഡിയേറ്റർ സ്വന്തമാക്കിയത്. മെൽഗിബ്സണ് ഓഫർ ചെയ്യപ്പെട്ട വേഷമാണ് അവസാനം റസ്സൽ ക്രോയിൽ എത്തിപ്പെട്ടത്. റോമാ സാമ്രാജ്യത്തിന്റെ യഥാർത്ഥ ചരിത്രത്തിൽ തന്റെ അച്ഛൻ മാർക്കസ് ഒറേലിയസിന്റെ മരണശേഷം അധികാരമേറ്റെടുത്ത കൊമോഡസ് ഗ്ലാഡിയേറ്റർ പോരാട്ടങ്ങളിൽ വളരെ തൽപ്പരനും സ്വയം ഗ്ലാഡിയേറ്ററായി ഗോദയിൽ തിളങ്ങിയവനുമായിരുന്നു. ഹെർക്കുലീസിന്റെ പുനർജ്ജന്മം എന്നായിരുന്നു അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. കൊമോഡസിനെ സ്വന്തം സഹോദരി ലുസില്ലയും മറ്റു സെനറ്റർമാരും ഗൂഡാലോചന നടത്തി വധിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, അത് പരാജയപ്പെട്ടതിനെ തുടർന്ന് മുഴുവൻ സെനറ്റർമാരെയും കൊമോഡസ് വധിച്ചു. ലുസില്ലയെ നാടുകടത്തുകയാണുണ്ടായത് എന്ന് പറയപ്പെടുന്നു. പിന്നീട് കൊമോഡസിനെ അദ്ദേഹത്തിന്റെ കാമുകി മാർസ്യയും പുതിയ ചേംബർലൈൻ ഇലക്റ്റസും പുതിയ കമാണ്ടർ ക്വിന്റസും ചേർന്ന് വിഷംകൊടുത്ത് കൊല്ലാൻ ശ്രമിച്ചു. പക്ഷേ, വിഷം പോലും അയാൾക്കുമുന്നിൽ തോറ്റു. അവസാനം നാർസിസസ് എന്ന ഗ്ലാഡിയേറ്റർ കൊമോഡസിനെ ചതിയിലൂടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സംഭവങ്ങളെല്ലാം കൂട്ടിയിണക്കി മാക്സിമസ് എന്ന സാങ്കൽപ്പിക കഥാപാത്രത്തെ കൂടി ഉൾപ്പെടുത്തിയിട്ടാവണം ഗ്ലാഡിയേറ്റർ എന്ന ചിത്രത്തിൻറെ സൃഷ്ടി പൂർത്തിയാക്കിയത് (അഭിപ്രായം വ്യക്തിപരം).
8.5/10 · IMDb
76% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ