Mulholland Drive » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഈ സിനിമ കണ്ടുതീർത്തപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യമായി ഓടിയെത്തിയത് പ്രിത്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം നിർവ്വഹിച്ച മുംബൈ പോലീസ് എന്ന മലയാള സിനിമയാണ്. ഒരു അപകടത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഓർമ്മ നഷ്ടപ്പെടുന്ന ആന്റണി മോസ്സസ് എന്ന പോലീസ് ഉദ്യോഗസ്ഥനെ തന്റെ ഉറ്റസുഹൃത്തിന്റെ കൊലപാതകത്തിന് പിന്നിലുള്ള നിഗൂഢതയുടെ ചുരുളഴിക്കാൻ ഏൽപ്പിക്കുന്ന അസാധാരണ കഥ സിനിമയാക്കിയ മുംബൈ പോലീസും രണ്ട് സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളായി അവതരിപ്പിച്ച മുൾഹോളണ്ട് ഡ്രൈവ് എന്ന ഹോളിവുഡ് സിനിമയും തമ്മിൽ പലയിടത്തും സാമ്യം തോന്നിയത് ചിലപ്പോൾ യാദൃശ്ചികമായിരിക്കാം (അഭിപ്രായം വ്യക്തിപരം). നവോമി വാട്ട്സിനെയും ലോറ ഹാരിങ്ങിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡേവിഡ് ലിഞ്ച് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച നിയോ-നോയിർ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ഹോളിവുഡ് ചിത്രമാണ് മുൾഹോളണ്ട്. പീറ്റർ ഡെമിങ് ഛായാഗ്രഹണവും മേരി സ്വീനി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ആദ്യാന്ത്യം നിഗൂഢതമുറ്റുന്ന പശ്ചാത്തല സംഗീതം കൊണ്ട് സിനിമയുടെ മൂഡ് സന്തുലിതമാക്കിയിരിക്കുന്നത് ആഞ്ചെലോ ബദലമെന്റിയാണ്.
✍sʏɴᴏᴘsɪs
■ മുൾഹോളണ്ട് ഡ്രൈവിൽ നടന്ന ഒരു കാർ അപകടത്തിൽ നിന്നും നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുന്ന ഒരു പെൺകുട്ടി രക്ഷപ്പെടാൻ വേണ്ടി ഹോളിവുഡിലെ ഒരു അപ്പാർട്ട്മെന്റിലേക്ക് ഒളിച്ചു കടക്കുന്നു. തന്റെ അമ്മായിയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റായ അവിടേക്ക് സിനിമാ മോഹവുമായി ബെറ്റി എൽംസ് എന്ന പെൺകുട്ടി താമസിക്കാൻ വരുന്നു. പരിക്കുപറ്റി അപ്പാർട്ട്മെന്റിൽ അഭയംതേടിയ പെൺകുട്ടിയെ കണ്ടെത്തുന്ന ബെറ്റിയോട് അവൾ അപകടത്തിൽ തലയ്ക്ക് പരിക്കുപറ്റിയതിനു ശേഷം താൻ ആരാണെന്നോ എവിടെ നിന്നാണെന്നോ ഓർമ്മ വരുന്നില്ലെന്ന് പറയുന്നു. ബെറ്റി അവളുടെ ഐഡന്റിറ്റി കണ്ടെത്താൻ സഹായിക്കാമെന്ന് ഉറപ്പ് കൊടുക്കുന്നു. മറ്റൊരിടത്ത്, തന്റെ ചിത്രത്തിൽ കമീല റോഡ്‌സ് എന്ന പെൺകുട്ടിയെ പ്രധാന വേഷത്തിൽ അഭിനയിപ്പിക്കണമെന്ന് കൽപ്പിക്കുന്ന മാഫിയാ അംഗങ്ങളോട് ദേഷ്യപ്പെട്ട് സംവിധായകൻ ആദം കെഷെർ ചർച്ചാമുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ നവോമി വാട്ട്സ് (ബെറ്റി എൽംസ്), ലോറ ഹാരിങ് (റിറ്റ) എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ ആദം കെഷെറിന്റെ വേഷത്തിലെത്തിയിരിക്കുന്നത് ജസ്റ്റിൻ തെറോക്ക്‌സാണ്. ആഞ്ചെലോ ബദലമെന്റി (ലൂയിജി കാസ്റ്റിഗ്ലിയനെ), റോബർട്ട് ഫോർസ്റ്റർ (ഡിറ്റക്റ്റീവ് ഹാരി മക്നൈറ്റ്), ആൻ മില്ലർ (കൊക്കോ), മൈക്കൽ J.ആൻഡേഴ്സൺ (മി. റോക്ക്), ബില്ലി റേ സൈറസ് (ജീനി), ചാഡ് എവെരെറ്റ് (ജിമ്മി കാറ്റ്സ്), മെല്ലിസ ജോർജ്ജ് (കമീല റോഡ്‌സ്), ഡാൻ ഹെഡയ (വിൻസെൻസോ കാസ്റ്റിഗ്ലിയനെ), ജിയനെ ബെയ്റ്റ്‌സ് (ഐറീൻ), ലീ ഗ്രാൻഡ് (ലൂയിസ് ബോന്നർ), ബ്രെന്റ് ബ്രിസ്‌കോ (ഡിറ്റക്റ്റീവ് നീൽ), പാട്രിക് ഫിഷ്ലർ (ഡാൻ), മോണ്ടി മോണ്ട്ഗോമെറി (കൗബോയ്), ബൊന്നി ആരോൻസ് (ബം), കാതറിൻ ടൗണി (സിന്തിയ ജെൻസൺ), മാർക്ക് പെല്ലെഗ്രിനോ (ജോ മെസ്സിങ്), ലോറി ഹെറിങ് (ലോറൈൻ കെഷർ), റെന റിഫൽ (ലാനി), റിറ്റ തഗർട്ട് (ലിന്നി ജെയിംസ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ഡേവിഡ് ലിഞ്ചിന് മികച്ച സംവിധായകനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു.ഇരുപത്താം നൂറ്റാണ്ടിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു ഡേവിഡ് ലിഞ്ചിന്റെ ഈ ചിത്രം. വെറും ഫോട്ടോഗ്രാഫ്സ് കൊണ്ടുമാത്രമാണ് ലിഞ്ച് തന്റെ സിനിമയിലെ നായികമാരെ തെരഞ്ഞെടുത്തത്. എങ്കിലും നവോമിയുടേതും ലോറയുടേതും അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു. സംവിധായകനുമായുള്ള അഭിമുഖത്തിനായി വരുന്നതിനിടയിൽ തന്റെ കഥാപാത്രം പോലെ തന്നെ ലോറയും കാറപകടത്തിൽപ്പെട്ടു എന്നത് യാദൃശ്ചികതയാണ്.
IMDb ⭐ 8/10
Rotten Tomatoes 🍅 83%
Riγαs Ρυliκκαl




Kaananam
മറുപടിഇല്ലാതാക്കൂ