The Curious Case Of Benjamin Button » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഒരിക്കലെങ്കിലും ബാല്യകാലത്തേക്ക് തിരിച്ചു പോവണം എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവുമോ. ആർത്തുല്ലസിച്ചു കളിച്ചു നടന്ന ആ സ്കൂൾ പഠനകാലത്തേക്ക്. ഒരിക്കൽ കൂടി ബാല്യം ആസ്വദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവരുണ്ടാവുമോ. പഠിക്കുക എന്നല്ലാത്ത ഒരു ബാധ്യതയും ഇല്ലാതിരുന്ന ആ കാലം പലരും നഷ്ടബോധത്തോടെ മാത്രം ഓർക്കുന്നതെന്തുകൊണ്ടാണ്. എന്നാൽ ആദ്യം മുതിർന്നവരുടെ ലോകത്തും പിന്നീട് കുട്ടികളുടെ ലോകത്തും ജീവിക്കാൻ ഭാഗ്യം (ഒരു പക്ഷേ ദൗർഭാഗ്യം) ലഭിച്ച ഒരാളുടെ കഥയാണിത്.
ബ്രാഡ് പിറ്റിനെയും കെയ്റ്റ് ബ്ലാഞ്ചറ്റിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡേവിഡ് ഫിഞ്ചർ സംവിധാനം നിർവ്വഹിച്ച ഫാന്റസി റൊമാന്റിക് ഹോളിവുഡ് ചിത്രമാണ് ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ. F.സ്കോട്ട് ഫിറ്റ്സ്ജെറാൾഡ് എഴുതിയ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കി എറിക് റോത്താണ് തിരക്കഥയെഴുതിയിരിക്കുന്നത്. ക്ലോഡിയോ മിറാൻഡ ഛായാഗ്രഹണവും കിർക് ബാക്സ്റ്ററും ആംഗസ് വാളും ചേർന്ന് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. അലക്‌സാന്ദ്രെ ഡെസ്പ്ലാറ്റിന്റേതാണ് പശ്ചാത്തല സംഗീതം.
✍sʏɴᴏᴘsɪs
■ ഒന്നാം ലോകമഹായുദ്ധം അവസാനിച്ച ആ രാത്രിയിലാണ് ബെഞ്ചമിൻ ബട്ടൺ ജനിച്ചത്. പക്ഷേ, ബെഞ്ചമിന് ജന്മം നൽകിയ ഉടനെ അവന്റെ അമ്മയ്ക്ക് ജീവൻ വെടിയേണ്ടി വന്നു. അവന്റെ അമ്മ അവന്റെ അച്ഛൻ, തോമസ് ബട്ടനോട് അവസാനമായി ഒരൊറ്റ കാര്യമേ ആവശ്യപ്പെട്ടുള്ളൂ, തന്റെ കുഞ്ഞിനെ സുരക്ഷിതനായി വളർത്തണം. കുഞ്ഞിനെ കണ്ട തോമസ് ഞെട്ടി, ഒരു വൃദ്ധന്റെ ശരീരഘടനയിൽ പിറന്നവനായിരുന്നു ആ കുഞ്ഞ്. ശാപമേറ്റതുപോലെ ദുഃഖിതനായ തോമസ് കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് പാഞ്ഞു, അവനെ എവിടെയെങ്കിലും കളയണം അതുമാത്രമായിരുന്നു അയാളുടെ മനസ്സിൽ. ഒരു നഴ്‌സിംഗ് ഹോമിന്റെ സ്റ്റെപ്പിൽ കുഞ്ഞിനെ ഉപേക്ഷിച്ച് അയാൾ ഇരുട്ടിൽ മറഞ്ഞു. പക്ഷേ, നഴ്‌സിംഗ് ഹോം നടത്തിപ്പുകാരായ ക്വീനിയും അവരുടെ ഭർത്താവ് ടിസ്സി വെതേഴ്‌സും അവനെ സ്വന്തമെന്നപോലെ വളർത്തി. ബെഞ്ചമിൻ വളർന്നു, കാഴ്ച്ചയിൽ തനി വൃദ്ധനായ അവൻ യഥാർത്ഥത്തിൽ ഒരു കൊച്ചുകുട്ടിയാണെന്ന് ക്വീനിക്കും ടിസ്സിക്കും മറ്റു കുറച്ചുപേർക്കും മാത്രമേ അറിയാമായിരുന്നുള്ളൂ. ബാക്കിയുള്ളവർ അവനോട് ഒരു വൃദ്ധനോടെന്നപോലെയാണ് പെരുമാറിയത്. തന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് അവൻ ഏഴുവയസ്സുകാരിയായ ഡെയ്സിയെ പരിചയപ്പെടുന്നത്. തന്റെ അമ്മൂമ്മയ്ക്കൊപ്പം നഴ്‌സിംഗ് ഹോമിലെത്തിയ ഡെയ്സിയും ബെഞ്ചമിനും വളരെ പെട്ടെന്ന് കൂട്ടുകാരായി. പക്ഷേ, ബെഞ്ചമിന്റെ പിന്നീടുള്ള വളർച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവന് പ്രായം കൂടുന്നതിനനുസരിച്ച് അവന്റെ ശരീരത്തിന് പ്രായം കുറഞ്ഞുകൊണ്ടിരുന്നു. ഡെയ്സിക്കോ പ്രായമേറിക്കൊണ്ടുമിരുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ബെഞ്ചമിൻ ബട്ടണായി ബ്രാഡ് പിറ്റ് വേഷമിട്ടിരിക്കുന്നു. ബ്രാഡ് പിറ്റ് പല മേക്കോവറുകളിലൂടെ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കൂടെ ഡെയ്‌സിയായി അഭിനയിച്ച കെയ്റ്റ് ബ്ലാഞ്ചെറ്റും ഞെട്ടിച്ചു. ബെഞ്ചമിന്റെ വാർദ്ധക്യത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം മനോഹരമാക്കിയതിന് ബെഞ്ചമിന്റെ വാർദ്ധക്യകാലം അവതരിപ്പിക്കാൻ റോബർട്ട് ടവേഴ്സ്, പീറ്റർ ഡൊണാൾഡ് ബദലമെന്റി, ടോം എവെരെറ്റ് എന്നിവരെ കാസ്റ്റ് ചെയ്ത ലാറയ് മെയ്‌ഫീൽഡിനോടാണ് നന്ദി പറയേണ്ടത്. ബെഞ്ചമിന്റെ ബാല്യം സ്‌പെൻസർ ഡാനിയേൽസ് (12), ചാന്റ്ലെർ കാന്റർബറി (8), ചാൾസ് ഹെൻറി വൈസൺ (6) എന്നിവരാണ് അവതരിപ്പിച്ചിരിക്കുന്നത്. വൃദ്ധയായ ഡെയ്‌സിയായി അഭിനയിച്ചിരിക്കുന്നത് ഫിലിസ് സോമെർവില്ലെയാണ്. എല്ലി ഫാനിങ് (7), മാഡിസൺ ബീറ്റി (10) എന്നിവർ ഡെയ്സിയുടെ ബാല്യവും കൈകാര്യം ചെയ്തിരിക്കുന്നു. തരാജി P.ഹെൻസൺ (ക്വീനി), ജൂലിയ ഓർമോണ്ട് (കരോലിൻ ഫുള്ളർ), ജേസൺ ഫ്ലെമിംഗ് (തോമസ് ബട്ടൺ), മഹേർശല അലി (ടിസ്സി വെതേഴ്സ്), ജാരെദ് ഹാരിസ് (ക്യാപ്റ്റൻ മൈക് ക്ലാർക്), എലിയാസ് കോട്ടീസ് (മി. ഗേറ്റ്യൂ), റ്റിൽഡ സ്വിന്റോൺ (എലിസബത്ത് അബോട്ട്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച കലാസംവിധാനം (ഡൊണാൾഡ് ഗ്രഹാം ബർട്ട്, വിക്ടർ J.സോൾഫോ), മികച്ച മെയ്ക്കപ്പ് (ഗ്രെഗ് കാനോം), മികച്ച വിഷ്വൽ എഫെക്ട്സ് (എറിക് ബർബാ, സ്റ്റീവ് പ്രീഗ്, ബർട് ഡാൽട്ടൻ, ക്രെയ്ഗ് ബാരൻ) എന്നീ വിഭാഗങ്ങളിലായി മൂന്ന് ഓസ്കാർ പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
7.8/10 · IMDb
72% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ