The Greatest Showman » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ സ്വപ്നങ്ങളില്ലാത്ത മനുഷ്യരുണ്ടാകുമോ. ചിലർക്ക് ഡോക്ട്ടറാകണം, ചിലർക്ക് എഞ്ചിനീയറാകണം.. അല്ലെങ്കിൽ പാട്ടുകാരനാവണം, ഡാൻസറാവണം.. അങ്ങനെയങ്ങനെ മോഹങ്ങളും ലക്ഷ്യങ്ങളും നിറഞ്ഞതാണ് മനുഷ്യനെന്ന സാമൂഹ്യജീവിയുടെ ജീവിതം. എല്ലാ മോഹങ്ങളും പൂവണിയിക്കാൻ പറ്റുന്നവരുണ്ടാവുക വിരളം. പക്ഷേ, തങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി പരിശ്രമിച്ചവർക്ക് മാത്രമേ വിജയമുണ്ടായിട്ടുള്ളൂ ഇതുവരെ. അബ്ദുൽ കലാം പറഞ്ഞതുപോലെ "ഡ്രീം, ഡ്രീം, ഡ്രീം.. നിങ്ങൾ സ്വപ്നം കാണൂ." തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ ഓടിയ, തന്റെ സ്വപ്നങ്ങളെ സ്വന്തമാക്കിയ ഒരാളുടെ കഥയാണ് ഇത്.
ഹ്യൂഗ് ജാക്ക്മാനെ കേന്ദ്രകഥാപാത്രമാക്കി മൈക്കൽ ഗ്രേസ്സി സംവിധാനം നിർവ്വഹിച്ച മ്യൂസിക്കൽ ബയോഗ്രഫി ഹോളിവുഡ് ചിത്രമാണ് ദി ഗ്രേറ്റെസ്റ്റ് ഷോമാൻ. മൈക്കൽ ഗ്രേസിയുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ ഏറ്റവും പ്രഗത്ഭ ഷോമാൻ ആയി അറിയപ്പെട്ട P.T. ബാർണത്തിന്റെ ജീവിതകഥയിൽ ഒരൽപ്പം ഫിക്ഷനും ചേർത്ത് ജെന്നി ബിക്‌സും ബിൽ കൊണ്ടനുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സീമസ് മക്ഗാർവി ഛായാഗ്രഹണവും ടോം ക്രോസ്സ്, റോബർട്ട് ഡഫി, ജോ ഹഷിങ്, മൈക്കൽ മക്കുസ്‌കർ, ജോൻ പോൾ, സ്‌പെൻസർ സസ്സർ എന്നിവർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു.
✍sʏɴᴏᴘsɪs
■ ഹാലെറ്റ് കുടുംബത്തിന് വേണ്ടി ജോലി ചെയ്തിരുന്ന ഒരു സാധാരണ തയ്യൽക്കാരനും സത്രം സൂക്ഷിപ്പുകാരനുമായിരുന്ന ഒരച്ഛന്റെ മകനായിട്ടാണ് P.T.ബാർണം ജനിച്ചത്. ഹാലെറ്റിന്റെ മകൾ ചാരിറ്റിയുമായി ബാർണം അടുത്തു. പക്ഷേ, ചാരിറ്റിയെ അവളുടെ സ്കൂൾ പഠനം പൂർത്തിയാക്കാൻ ഹാലെറ്റ് പട്ടണത്തിലേക്ക് കൊണ്ടുപോയി. എന്നാൽ ബാർണം കത്തുകളിലൂടെയും മറ്റും അവളുമായുള്ള ബന്ധം തുടർന്നുകൊണ്ടേയിരുന്നു. ബാർണത്തിന് രണ്ടു സ്വപ്നങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് ചാരിറ്റി ഹാലെറ്റിനെ ജീവിതസഖിയാക്കുക, മറ്റൊന്ന് ഒരു മികച്ച ഷോമാനായി പ്രശസ്തിയിലും സമ്പന്നതയിലുമുള്ളൊരു ജീവിതം നയിക്കുക. യുവാവായ ബാർണം ചാരിറ്റിയുടെ വീട്ടിൽ ചെന്ന് ചങ്കൂറ്റത്തോടെ അവളെ വിളിച്ചിറക്കിക്കൊണ്ട് വന്നു ജീവിതസഖിയാക്കുന്നു. ഒരു ഷിപ്പിങ് കമ്പനിയിലെ ക്ലാർക്കായി കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് രണ്ട് പെൺമക്കളടങ്ങിയ ആ കുടുംബം ജീവിച്ചു പോന്നു. ബാർണം എപ്പോഴും ചാരിറ്റിയോട് പറയുന്ന പോലെ, "ഇതല്ല ഞാൻ നിനക്കുവേണ്ടി സ്വപ്നം കണ്ട ജീവിതം." ഷിപ്പിങ് കമ്പനിയെ ബാങ്ക് ജപ്തി ചെയ്യുന്നതോടെ ബാർണത്തിന് ഉള്ള ജോലി കൂടി നഷ്ടപ്പെടുന്നു. ഒരു നല്ല സംരംഭം തുടങ്ങാനുള്ള ഐഡിയയുമായി ഒരു ബാങ്കിനെ സമീപിക്കുന്ന ബാർണത്തിന് ബാങ്ക് വലിയൊരു തുക ലോൺ നൽകുന്നു. അങ്ങനെയാണ് മാൻഹാട്ടനിലെ മ്യൂസിയം ബാർണം വാങ്ങുന്നത്. മെഴുക്പ്രതിമകൾ മാത്രമുള്ള മ്യൂസിയം ജനങ്ങളാൽ ആകർഷിക്കപ്പെടുന്നില്ല. ബാർണത്തിന്റെ രണ്ട് പെണ്മക്കളുടെ ഐഡിയ പോലെ "ജീവനുള്ള എന്തെങ്കിലും വിചിത്രമായത്" കണ്ടെത്താൻ അവർ പരസ്യം കൊടുത്തു. അങ്ങനെ വിചിത്ര രൂപവും ഭാവവും കഴിവുകളെല്ലാമുള്ള മനുഷ്യർ ബാർണത്തെ തേടിയെത്താൻ തുടങ്ങി. ബാർണത്തിന്റെ ദി ഗ്രേറ്റെസ്റ്റ് ഷോ അവിടെ നിന്നും തുടങ്ങുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ P.T.ബാർണമായി ഹ്യൂഗ് ജാക്ക്മാനാണ് അഭിനയിച്ചിരിക്കുന്നത്. ബാർണത്തിന്റെ പ്രണയവും ജീവിതം വെട്ടിപ്പിടിക്കാനുള്ള ആസക്തിയുമൊക്കെ ഭംഗിയായി പ്രതിഫലിപ്പിച്ചിരിക്കുന്നു ഹ്യൂഗ്. പണവും പ്രശസ്തിയും എങ്ങനെ ഒരാളെ മാറ്റുന്നു എന്നുകൂടി വ്യക്തമാക്കിത്തരുന്നുണ്ട് ഈ സിനിമ. കുഞ്ഞു ബാർണമായി അഭിനയിച്ചിരിക്കുന്നത് എല്ലിസ് റുബിനാണ്. മിഷേലി വില്യംസ് (ചാരിറ്റി ഹാലെറ്റ്), സ്‌കൈലാർ ഡൺ (കുഞ്ഞു ചാരിറ്റി), സാക് എഫ്രോൺ (ഫിലിപ് കാർലൈൽ, ഈ കഥാപാത്രം ബാർണത്തിന്റെ പാർട്ട്ണറായിരുന്ന ജെയിംസ് ആന്റണി ഹാർവിയിൽ നിന്നും ഇൻസ്പിരേറ്റഡാണ്), റെബേക്ക ഫെർഗുസൺ (ജെന്നി ലിൻഡ്), സെൻഡേയ (ആൻ വീലർ, ട്രപ്പീസ്), കീല സെറ്റിൽ (ലെറ്റി ലുട്സ്, താടിയുള്ള സ്ത്രീ), യഹ്യ അബ്ദുൽമതീൻ (W.D.വീലർ, ട്രപ്പീസ്), നടാഷ ല്യു ബോർഡിസോ (ഡെങ് യാൻ, ചൈനീസ് ബ്ലേഡ്), പോൾ സ്പാർക്സ് (ജെയിംസ് ഗോർഡൻ ബെന്നെറ്റ്, ന്യൂയോർക് ഹെറാൾഡ് സ്ഥാപകൻ), സാം ഹംഫ്രി (ചാൾസ് സ്ട്രാട്ടൻ, ജനറൽ ടോം തംബ്), ഓസ്റ്റിൻ ജോൺസൻ (കരോളിൻ ബാർണം, മകൾ), കാമെറോൺ സീലി (ഹെലൻ ബാർണം, മകൾ), എറിക് ആൻഡേഴ്സൺ (മി. ഓമാലി, മുൻമോഷ്ടാവ്), ഡാനിയേൽ എവെരിഡ്ജ് (പൊക്കം കൂടിയ മനുഷ്യൻ), ക്യോഫ് കോൾമാൻ & മിഷേയ് പെട്രോനെല്ലി (ആൽബിനോ ഇരട്ടകൾ), ഷാനോൻ ഹോൾട്സഫെൽ (പ്രിൻസ് കോൺസ്റ്റന്റയ്ൻ, ശരീരം മുഴുവൻ പച്ചകുത്തിയ മനുഷ്യൻ), ലൂസിയാനോ അക്യൂന (ഫെഡോർ ജെഫ്‌റ്റിചേവ്, ദി ഡോഗ് ബോയ്), ഡാനിയേൽ സൺ & യുസാകു കൊമോറി (സയാമീസ് ഇരട്ടകൾ), ജോനാഥൻ റീഡേവിഡ് (ഫ്രാങ്ക് ലെന്റിനി, മൂന്നുകാലുള്ള മനുഷ്യൻ), നിക്ക് ജാന്റ്സ് (ജെഫ് ഹാരിസ്, ജഗ്ലർ), ഗെയ്ൽ റാങ്കിൻ (വിക്ടോറിയ രാജ്ഞി), വിൽ സ്വെൻസൺ (ഫിലോ ബാർണം, അച്ഛൻ), ഫ്രഡറിക് ലിനെ (ബെഞ്ചമിൻ ഹാലെറ്റ്, ചാരിറ്റിയുടെ അച്ഛൻ), കാതറിൻ മീസിൽ (ഹന്ന ഹാലെറ്റ്, ചാരിറ്റിയുടെ അമ്മ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs
■ സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയായതുകൊണ്ട് തന്നെ സംഗീതത്തെക്കുറിച്ച് പ്രത്യേകം എഴുതാമെന്ന് വിചാരിച്ചു. "വോഓഒഒഓ, ലേഡീസ് & ജെന്റ്സ്.. ദിസ് ഈസ് ദി മൊമെന്റ് യൂ ഹാവ് വെയ്റ്റഡ് ഫോർ" എന്ന പാട്ടോടുകൂടിയാണ് സിനിമ തുടങ്ങുന്നത് തന്നെ. ജോൺ ഡെബിനിയും ജോസഫ് ട്രപ്പനീസുമാണ് സിനിമയിലുടനീളം മുഴങ്ങുന്ന മനോഹരമായ സംഗീതത്തിന്റെ സൃഷ്ടാക്കൾ.11 പാട്ടുകളാണ് സിനിമയിലുള്ളത്. അതിൽ ഒമ്പതും ബെഞ്ച് പസേക്കും ജസ്റ്റിൻ പോളും ചേർന്ന് രചിച്ചതാണ്. അഭിനേതാക്കളായ ഹ്യൂഗ് ജാക്ക്മാൻ, സാക് എഫ്രോൺ, സെൻഡയ, കീല സെറ്റിൽ, മിഷേലി വില്യംസ്, ഡാനിയേൽ എവെരിഡ്ജ്, ഓസ്റ്റിൻ ജോൺസൻ, കാമെറോൺ സീലി എന്നിവർ തന്നെയാണ് സിനിമയിലെ പാട്ടുകളും ആലപിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ ലോറൻ ആൾറെഡും (ജെന്നി ലിൻഡ്), സിവ് സൈഫ്മാനും (കുഞ്ഞു ബാർണം) പാടിയിരിക്കുന്നു.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച സംഗീത രചനയ്ക്കുള്ള ഓസ്കാർ നോമിനേഷൻ നേടിയിരുന്നു ദി ഗ്രേറ്റെസ്റ്റ് ഷോമാൻ. അമേരിക്കയിലെ എക്കാലത്തെയും മികച്ച ഷോമാനായിരുന്ന P.T.ബാർണത്തിന്റെ ജീവിതകഥയാണ് തിരക്കഥയാക്കിയിരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിൽ പലപ്പോഴായി സംഭവിച്ച കാര്യങ്ങൾ ക്രമം മാറ്റിയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന് സിനിമയിൽ ബാർണം & ഹാർവി സർക്കസിന്റെ തുടക്കമാണ് പ്രതിപാദിച്ചിരിക്കുന്നത്, ബാർണം തന്റെ അറുപതാം വയസ്സിന് ശേഷം മാത്രമാണ് സർക്കസ് സംരംഭത്തിലേക്ക് തിരഞ്ഞത്. സ്വീഡിഷ് നൈറ്റിങ് ഗേൾ ജെന്നി ലിന്റുമൊത്തുള്ള ടൂർ കൺസേർട്ട് അതിന് മുൻപേ നടന്നതും.
7.8/10 · IMDb
55% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ