The Pianist » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ "രണ്ടുലോകമഹായുദ്ധങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഹോളിവുഡിനെ ആശയദാരിദ്ര്യം ബാധിച്ചേനെ" എന്ന് ഏതോ ഒരു സിനിമാപ്രേമി പറഞ്ഞത് ഓർമ്മിക്കുന്നു. കാരണം അത്രത്തോളം സിനിമകളാണ് രണ്ട് ലോകമഹായുദ്ധങ്ങളെയും പ്രമേയമാക്കി ലോകസിനിമകളിൽ വന്നിട്ടുള്ളത്. അതിൽ തന്നെ രണ്ടാം ലോകമഹായുദ്ധമാണ് ഏറ്റവും കൂടുതൽ സിനിമകൾക്ക് വിഷയമായിട്ടുള്ളത്. യുദ്ധത്തിന്റെ ഭീകരതയെക്കാൾ ഹിറ്റ്ലറുടെ നാസി ഗവൺമെന്റ് ജൂതന്മാർക്കെതിരെ നടത്തിയ മനുഷ്വത്വ രഹിതമായ നരവേട്ടയുടെ ക്രൂരമുഖമാണ് ദി പിയാനിസ്റ്റിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. മനുഷ്യനെ കഷ്ണം കഷ്ണമായി നുറുക്കുന്ന SAW സീരീസ്, Wrong Turn സീരീസ് മുതലായവ പോലോത്ത ഒരുപാട് ക്രൂരമുഖമുള്ള സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും മനസ്സിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയത് ദി പിയാനിസ്റ്റ് തന്നെയാണ്. കണ്മുന്നിൽ വിശപ്പിന്റെ കാഠിന്യത്താൽ ജീവൻ പൊലിഞ്ഞു വീഴുന്ന കുരുന്നുകളെപ്പോലും കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോവേണ്ടി വരുന്ന നായകൻറെ നിസ്സഹായത നമ്മെ ഒരുപാട് ചിന്തിപ്പിക്കും.
അഡ്രിയൻ ബ്രോഡിയെ കേന്ദ്രകഥാപാത്രമാക്കി റോമൻ പൊളാൻസ്കി സംവിധാനം നിർവഹിച്ച ബയോഗ്രഫിക്കൽ & ഹിസ്റ്റോറിക്കൽ എപിക് വാർ ഹോളിവുഡ് ചിത്രമാണ് ദി പിയാനിസ്റ്റ്. വ്ലാഡിസ്‌ലോ സ്പിൽമാൻ എന്ന വിഖ്യാത പോളിഷ് പിയാനിസ്റ്റിന്റെ "ദി പിയാനിസ്റ്റ്" എന്ന പേരിൽ തന്നെയുള്ള ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി റൊണാൾഡ് ഹാർവുഡാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പാവേൽ എഡെൽമാൻ ഛായാഗ്രഹണവും ഹെർവ് ഡി ലൂസ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു.
✍sʏɴᴏᴘsɪs
■ വാഴ്സായിൽ കുടുംബത്തോടൊപ്പം സന്തുഷ്ടനായി കഴിഞ്ഞിരുന്ന ഒരു ജൂത പിയാനിസ്റ്റായിരുന്നു വ്ലാഡിസ്‌ലോ സ്പിൽമാൻ. വാഴ്സാ റേഡിയോ സ്റ്റേഷനിൽ അദ്ദേഹം പിയാനോ വായിച്ചുകൊണ്ടിരിക്കുമ്പഴാണ് ജർമ്മൻ നാസി പട്ടാളം സ്റ്റേഷനിൽ ബോംബ് വർഷിക്കുന്നത്. ജർമ്മനിയുടെ പോളണ്ട് അധിനിവേശത്തിന്റെ ആരംഭമായിരുന്നു അത്. ആക്രമണത്തിൽ നിന്നും നിസാരപരിക്കുകളോടെ രക്ഷപ്പെടുന്ന സ്പിൽമാൻ വീട്ടിലെത്തുമ്പോൾ കാണുന്നത് തന്റെ കുടുംബം പലായനം ചെയ്യാൻ ഒരുങ്ങുന്നതായിട്ടായിരുന്നു. അച്ഛനും അമ്മയും ഒരു സഹോദരനും രണ്ടു സഹോദരിമാരുമടങ്ങിയ ആ ചെറിയ ജൂത കുടുംബത്തിന്റെ കഷ്ടകാലം അവിടെ തുടങ്ങുകയായിരുന്നു. പോളണ്ട് ജർമ്മനിയുടെ അധിനിവേശത്തിന് കീഴിലാവുന്നതോടെ ഹിറ്റ്ലറുടെ ഗെസ്റ്റപ്പോ പോലീസ് ജൂതന്മാരെ വേർതിരിക്കാൻ ആരംഭിക്കുന്നു, വാഴ്സാ ഗെറ്റോ എന്ന പ്രത്യേക ജൂത ജില്ലയുണ്ടാക്കി ജൂതന്മാരെയെല്ലാം അവിടെ പാർപ്പിക്കുന്നു. വിശപ്പും ദാഹവും മൂലം ജൂതർ ഒന്നൊന്നായി പൊലിയാൻ തുടങ്ങുകയായിരുന്നു പിന്നീട്. സ്പിൽമാന്റെ ജീവിതത്തിൽ നിന്ന് സുഖവും സന്തുഷ്‌ടിയും ഉറ്റവരും ഉടയവരും എന്തിന്, ഭക്ഷണം വരെ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരുന്നു. സ്പിൽമാൻ എന്ന പിയാനിസ്റ്റിന്റെ അതിജീവനത്തിനുള്ള പോരാട്ടമായിരുന്നു പിന്നീട്..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ അഡ്രിയെൻ ബ്രോഡിയാണ് വ്ലാഡിസ്‌ലോ സ്പിൽമാനായി അഭിനയിച്ചിരിക്കുന്നത്. അഡ്രിയനെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല, അസാമാന്യ പ്രകനമായിരുന്നു അദ്ദേഹത്തിന്റേത്. ഉറ്റവരെ നഷ്ടപ്പെട്ടതിനു ശേഷം ശവശരീരങ്ങൾക്കു നടുവിലൂടെ വികാരാധീനനായുള്ള ആ നടപ്പ് മാത്രം മതി അഡ്രിയാനിലുള്ള നടന്റെ പ്രതിഭ വായിച്ചറിയാൻ. തോമസ് ക്രെഷ്മാൻ (ക്യാപ്റ്റൻ വിൽം ഹോസൻഫീൽഡ്), ഫ്രാങ്ക് ഫിൻലെ (സാമുവേൽ സ്പിൽമാൻ), മൗറീൻ ലിപ്മാൻ (എഡ്വേർഡ സ്പിൽമാൻ), എമിലിയ ഫോക്സ് (ദൊറോത്ത), എഡ് സ്റ്റോപ്പാഡ് (ഹെൻറിക് സ്പിൽമാൻ), ജൂലിയ റെയ്‌നർ (റെജിന സ്പിൽമാൻ), ജെസീക്ക കെയ്റ്റ് മെയർ (ഹലീന സ്പിൽമാൻ), റൊണാൻ വിബെർട്ട് (ആന്ദ്രേജ് ബോഗുക്കി), റൂത്ത് പ്ലാറ്റ് (ജനീന ബോഗുക്കി), ആന്ദ്രേവ് ടീർനൻ (സലാസ്), മിച്ചൽ സെബ്രോവ്സ്കി (ജുറേക്), റോയ് സ്‌മൈൽസ് (ഇസ്‌ഹാഖ് ഹെല്ലർ), റിച്ചാർഡ് റൈഡിങ്സ് (മി. ലിപ), ഡാനിയേൽ കൽറ്റാഗിറോൺ (മജോറിക്), വാലൻന്റൈൻ പെൽക (ദൊറോത്തയുടെ ഭർത്താവ്) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs
■ വോഷി കിലറാണ് പശ്ചാത്തല സംഗീതം നൽകി ദി പിയാനിസ്റ്റിന്റെ പ്രേക്ഷകരെ ഇത്രയധികം വികാരാധീനരാക്കിയിരിക്കുന്നത്. ഫ്രഡറിക് ഫ്രാങ്കോയിസ് ചോപ്‌മാൻ എന്ന വിഖ്യാത പോളിഷ് പിയാനിസ്റ്റിന്റെയും ബീതോവന്റെയും സംഗീതശകലങ്ങളാണ് ചിത്രത്തിലെ പിയാനോ വായനകൾ ഹൃദ്യമാക്കുന്നത്. ചിത്രത്തിൽ ഒരേയൊരു തവണ ദൊറോത്ത വായിക്കുന്ന സോളോ സംഗീതം ജൊഹാൻ സെബാസ്റ്റ്യൻ ബാഷ് എന്ന ജർമ്മൻ സംഗീതജ്ഞന്റെതാണ്.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച നടൻ (അഡ്രിയെൻ ബ്രോഡി), മികച്ച സംവിധായകൻ (റോമൻ പൊളാൻസ്കി), മികച്ച തിരക്കഥ (റൊണാൾഡ് ഹാർവുഡ്) എന്നീ വിഭാഗങ്ങളിലായി മൂന്ന് ഓസ്കാർ പുരസ്‌കാരങ്ങളാണ് ദി പിയാനിസ്റ്റ് സ്വന്തമാക്കിയത്. കെയ്ൻസ് ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരവും സ്വന്തമാക്കി. സിനിമയിൽ തന്റെ പിയാനോ വായനക്ക് ഒറിജിനാലിറ്റി ലഭിക്കുന്നതിനായി മാസങ്ങളോളമാണ് അഡ്രിയെൻ പിയാനോ പഠിച്ചത്. ശരിക്കും അദ്ദേഹം തന്നെ പിയാനോ വായിക്കുന്നതായി പ്രേക്ഷകർക്ക് തോന്നാനുള്ള കാരണം അതായിരുന്നു. ബ്രോഡിയുടെ പിയാനോ വായന പിന്നീട് വിഖ്യാത പോളിഷ് പിയാനിസ്റ്റും നടനുമായ ജാനുസ് ഒലെനിസാക് ഡബ്ബ് ചെയ്തതാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
8.5/10 · IMDb
95% · Rotten Tomatoes
Riγαs Ρυliκκαl
Good review
മറുപടിഇല്ലാതാക്കൂThanks 😊
ഇല്ലാതാക്കൂNice one
മറുപടിഇല്ലാതാക്കൂThanks😊
ഇല്ലാതാക്കൂ