Captain Phillips » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ടോം ഹാങ്ക്സിനെ നായകനാക്കി പോൾ ഗ്രീൻഗ്രാസ്സ് സംവിധാനം ചെയ്ത ബയോഗ്രഫിക്കൽ ത്രില്ലറാണ് ക്യാപ്റ്റൻ ഫിലിപ്പ്സ്. അമേരിക്കൻ ചരക്കുകപ്പലിന്റെ ക്യാപ്റ്റനായിരുന്ന റിച്ചാർഡ് ഫിലിപ്പിന്റെ ജീവിത കഥയായ "A Captain's Duty: Somali Pirates, Navy Seals, and Dangerous Days at Sea" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ബില്ലി റേയാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. സോമാലിയൻ കടൽക്കൊള്ളക്കാരെക്കുറിച്ച് കേൾക്കാത്തവർ വിരളമായിരിക്കും. കപ്പലുകളെ ആക്രമിച്ച് അതിലെ മുതലും പണവും കവരുക, അല്ലെങ്കിൽ കപ്പലിലെ യാത്രക്കാരെ ബന്ദികളാക്കി കോടികൾ മോചന ദ്രവ്യം ആവശ്യപ്പെടുക തുടങ്ങിയവ ജീവിതോപാധിയായി സ്വീകരിച്ചിരിക്കുന്ന സൊമാലിയക്കാർ. സാധാരണ ഇത്തരം സിനിമകളിൽ ബന്ദികളാക്കപ്പെടുന്നവരുടെ നിസ്സഹായാവസ്ഥയും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളും മാത്രമേ പ്രതിപാദിക്കാറുള്ളൂ. പക്ഷെ അതിൽനിന്നും വ്യത്യസ്തമായി കൊള്ളക്കാരുടെ ജീവിതവും അവരനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും അവരുടെ ദരിദ്ര ചുറ്റുപാടുകളും വരച്ചുകാട്ടാൻ ശ്രമിച്ചിട്ടുണ്ട് ഈ സിനിമയിൽ. കപ്പലുകൾ ആക്രമിച്ച് ദശലക്ഷക്കണക്കിന് ഡോളർ നേടിയെങ്കിലും അവരിൽ ഭൂരിഭാഗവും തുടർന്നും ദാരിദ്ര്യത്തിൽ തന്നെ ജീവിക്കുന്നു. കൊള്ള അവരുടെ ജീവിതോപാധി മാത്രമാണ്. അവർക്കതൊരു ക്രൈം ആകുന്നില്ല. ക്യാപ്റ്റൻ ഫിലിപ്പിനോട് ഒരിക്കൽ കൊള്ളസംഘത്തിന്റെ തലവൻ മൂസ് വീരവാദം പറയുന്നത് കേൾക്കാം : "കഴിഞ്ഞ തവണ ഞങ്ങളൊരു ഗ്രീക്ക് കപ്പൽ റാഞ്ചിയെടുത്തിട്ട് കിട്ടിയത് ആറ് ദശലക്ഷത്തോളം ഡോളറായിരുന്നു." അപ്പോൾ ഫിലിപ്പ്സ് ചോദിക്കുന്നുണ്ട് : "പിന്നെ എന്താണ് നിങ്ങൾ ഇവിടെ". ഈ ഒരൊറ്റ സംഭാഷണത്തിൽ നിന്ന് തന്നെ ചൂഷണത്തിന്റെ ആഴം വ്യക്തമാക്കിത്തരുന്നുണ്ട് സംവിധായകൻ.
✍sʏɴᴏᴘsɪs
■ റിച്ചാർഡ് ഫിലിപ്പ് ക്യാപറ്റനായ മെസ്‌ക്ക് അലബാമ എന്ന അമേരിക്കൻ ചരക്കുകപ്പൽ ഒമാനിലെ സലാലയിൽ നിന്നും കെനിയയിലെ മോംബാസയിലേക്ക് പുറപ്പെടുന്നു. സോമാലിയൻ തീരത്തിനരികിലൂടെ സഞ്ചരിക്കുന്ന കപ്പലിനെ സോമാലിയൻ കടൽക്കൊള്ളക്കാർ പിന്തുടർന്നു പിടികൂടുന്നു. കപ്പലിലെ ജോലിക്കാരെ വിജയകരമായി സംരക്ഷിക്കുന്ന ക്യാപ്റ്റനെ സോമാലിയൻ കൊള്ളസംഘം തട്ടിക്കൊണ്ടുപോകുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ടോം ഹാങ്ക്‌സാണ് ക്യാപ്റ്റൻ റിച്ചാർഡ് ഫിലിപ്പായി അഭിനയിച്ചിരിക്കുന്നത്. ടോമിന്റെ അഭിനയ പ്രതിഭയുടെ ഉന്നതി തൊട്ടറിഞ്ഞ നിമിഷമായിരുന്നു ക്ലൈമാക്സിനോടടുത്ത് മൂന്ന് കൊലപാതകങ്ങൾക്ക് നേരിട്ട് സാക്ഷിയാകേണ്ടി വരുമ്പോഴുള്ള ക്യാപ്റ്റൻ ഫിലിപ്പിന്റെ ഞെട്ടലും അതിൽ നിന്നും മനസ്സിനെ തിരിച്ചെടുക്കാൻ കഴിയാതിരിക്കുമ്പോഴുള്ള മാനസിക സംഘർഷവും ടോം അവതരിപ്പിച്ച രീതി. പിന്നെ എടുത്തു പറയേണ്ടത് കപ്പൽ റാഞ്ചിയ കൊള്ളസംഘത്തിന്റെ തലവൻ അബ്ദുവലി മൂസ് ആയി അഭിനയിച്ച ബർഖാദ് അബ്ദിയുടെ പ്രകടനമാണ്. താൻ ഏറ്റെടുത്ത ദൗത്യത്തിൽ നിന്നും പിന്മാറാൻ കഴിയാതെ വരുമ്പോഴുള്ള നിസ്സഹായതയും ചില നേരത്ത് ക്യാപ്റ്റൻ റിച്ചാർഡ് ഫിലിപ്പിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം പറയാൻ കഴിയാതെ വരുമ്പോഴുള്ള നിസ്സംഗതയും ബർഖാദ് അബ്ദി ഭംഗിയായി അവതരിപ്പിച്ചു. ബർഖാദ് അബ്ദിറഹ്മാൻ (അദാൻ ബിലാൽ), ഫൈസൽ അഹ്മദ് (നൂർ നജീ), മഹത് എം.അലി (വാലിദ് എൽമി), കാതറിൻ കീനർ (ആൻഡ്രിയ ഫിലിപ്പ്സ്), മൈക്കൽ ഷെർനസ് (ഷൈൻ മർഫി - ഫസ്റ്റ് ഓഫീസർ, അലബാമ), ഡേവിഡ് വർഷോഫ്സ്കി (മൈക്ക് പെറി), കോറി ജോൺസൻ (കെൻ ക്വിൻ), ക്രിസ് മുൾകി (ജോൺ ക്രോനൻ), മാർക്ക് ഹോൾഡൻ (വില്യം റയോസ്), യുൽ വാസ്‌ക്വസ് (ഫ്രാങ്ക് കാസ്റ്റിലാനോ - കമാണ്ടിംഗ് ഓഫീസർ, യു.എസ്.എസ്), മാക്സ് മാർട്ടിനി (യു.എസ്. നേവി സീൽ കമാണ്ടർ), ഒമർ ബർദൗനി (നെഗോഷ്യേറ്റർ), മുഹമ്മദ് അലി (അസദ്), ഇസാഖ് ഫറ സമദർ (ഹ്യൂഫാണ്) തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs
■ ബാരി അക്രോയ്‌ഡാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വളരെ ഭംഗിയായ ജലോപരിതല ഫ്രെയ്മുകളും മറ്റുംകൊണ്ട് മനോഹരമാക്കിയിരിക്കുന്നു ബാരി.
■ ക്രിസ്റ്റഫർ റൂസാണ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്.
🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs
■ ഹെൻറി ജാക്ക്മാനാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. രക്ഷാദൗത്യത്തിന് പശ്ചാത്തലമായി വന്ന ഉദ്വേഗജനകമായ സംഗീതം കിടിലനായിരുന്നു.
📎 ʙᴀᴄᴋwᴀsʜ
■ ആറ് ഓസ്കാർ നോമിനേഷനുകൾ നേടിയ ചിത്രമായിരുന്നെങ്കിലും ഒരെണ്ണം പോലും അവാർഡാക്കി മാറ്റുവാൻ സാധിച്ചില്ല. മികച്ച ചിത്രം, മികച്ച സഹനടൻ (ബർഖാദ് അബ്ദി), മികച്ച അഡാപ്റ്റഡ് തിരക്കഥ, മികച്ച ചിത്രസംയോജനം, മികച്ച ശബ്ദസംയോജനം, മികച്ച ശബ്ദമിശ്രണം എന്നിവയിലായിരുന്നു നോമിനേഷനുകൾ. ഒരുപാട് കാശുണ്ടാക്കിയിട്ട് അമേരിക്കയിൽ പോവണം, കാറ് വാങ്ങണം എന്നൊക്കെ ആഗ്രഹിച്ചിരുന്ന മൂസിന്റെ ജീവിതാഭിലാഷങ്ങളിൽ ഒന്ന് എന്തായാലും നടപ്പായി. കപ്പൽ റാഞ്ചിയ കുറ്റത്തിന് യു.എസ്. ഫെഡറൽ കോടതി 2011ൽ മൂസിനെ 33 വർഷത്തെ തടവിന് ശിക്ഷിച്ചു. ഇപ്പോഴും അമേരിക്കയിലെ ജയിലിൽ തടവിലാണ് മൂസ്.
7.8/10 · IMDb
93% · Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ