The Mountain II (DAG II) » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ "അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഉറക്കമൊഴിച്ചു കാവൽ നിൽക്കുന്നതുകൊണ്ടാണ് നമ്മൾ ഇന്ത്യക്കാർ സമാധാനത്തോടെ ഉറങ്ങുന്നത്" എന്ന് ക്ലീഷേ ആയിട്ട് കേൾക്കുന്നതാണ്. അതിന്റെ യാഥാർഥ്യം മനസ്സിലാക്കണമെങ്കിൽ ഒരിക്കലെങ്കിലും ശത്രുരാജ്യത്തോട് അടുത്ത് കിടക്കുന്ന അതിർത്തിപ്രദേശങ്ങൾ ഒന്ന് സന്ദർശിക്കണം. അല്ലെങ്കിൽ മേജർ രവിയുടെ യുദ്ധസിനിമകളെങ്കിലും കാണണം (ട്രോളല്ല). സിനിമാപ്രേമിയായ എന്റെയൊരു സുഹൃത്ത് മലയാളം സബ്‌ടൈറ്റിലും ചോദിച്ച് സമീപിക്കുമ്പോഴാണ് ഈ സിനിമയേക്കുറിച്ചു ഞാനാദ്യമായി കേൾക്കുന്നത്. മറ്റുപലരെയും പോലെ ഈ ചിത്രത്തിൻറെ IMDb റേറ്റിങ്ങാണ് ഇതിലേക്കെന്നെ ആകർഷിച്ചത്. ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ ഷോഷാങ്ക് റിഡെംപ്‌ഷനും ദി ഗോഡ്ഫാദറും വരെ IMDb റേറ്റിങ്ങിൽ 9.2ൽ നിൽക്കുമ്പോൾ ദി മൗണ്ടൈൻ II എന്ന ഈ തുർക്കിഷ് ചിത്രത്തിൻറെ റേറ്റിങ് 9.5 ആണ്. എന്നാലതൊന്ന് കണ്ടുകളയാം എന്ന് എനിക്കും തോന്നി. ദി മൗണ്ടൈൻ എന്ന ഹിറ്റ് തുർക്കിഷ് യുദ്ധ ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് ഈ ചിത്രം.
■ തുർക്കിഷ് ആക്ഷൻ ത്രില്ലർ യുദ്ധ സിനിമയായ ദി മൗണ്ടൈന്റെ കഥയും തിരക്കഥയും എഡിറ്റിങ്ങും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ആൽപർ കാഗ്ലറാണ്. മെഹ്‌മദ് ബസാറനാണ് ഛായാഗ്രാഹകൻ. പോൾ ഇംഗ്ലീഷ്‌ബിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ഐ.എസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ തുർക്കിഷ് മാധ്യമപ്രവർത്തകയായ സെയ്ദ ബെലാബന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് ഐ.എസ് അധിനിവേശ ഇറാഖിലെത്തുകയാണ് ലെഫ്. കേണൽ വെയ്‌സലിന്റെ നേതൃത്വത്തിലുള്ള തുർക്കിഷ് കമാണ്ടോ സംഘം. തുർക്കിഷ് സൈന്യത്തെ സെയ്ദയെപ്പോലെ ഇത്രയധികം വിമർശിച്ച മറ്റൊരു മാധ്യമപ്രവർത്തക തുർക്കിയിൽ മറ്റാരും ഇല്ലെങ്കിലും തങ്ങളുടെ കഴിവും ആത്മാർത്ഥതയും പോരാട്ടവീര്യവും അവരെ നേരിട്ട് തന്നെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യവും കൂടിയുണ്ടായിരുന്നു വെയ്‌സലിന്റെ നേതൃത്വത്തിലുള്ള കമാണ്ടോ സംഘത്തിന്. രക്ഷാദൗത്യം വിജയകരമായി നിർവഹിച്ച സൈന്യത്തെ പക്ഷേ അഭിനന്ദിക്കുന്നതിന് പകരം പിന്നെയും വിമർശനങ്ങൾ ചൊരിയുകയായിരുന്നു സെയ്ദ ചെയ്തത്. സെയ്ദ എന്ന മാദ്ധ്യമപ്രവർത്തകയുടെ വാക്കുകളും വിമർശനങ്ങളും അവരോരോരുത്തരുടേയും ജീവിതം തന്നെ മാറ്റിമറിക്കുന്നു. സെയ്ദയെ രക്ഷിച്ചു തുർക്കിയിലേക്ക് മടങ്ങുന്ന വഴിയിൽ അവരെത്തിപ്പെട്ടത് ഐ.എസ്. തീവ്രവാദികളാൽ ഏത് നിമിഷവും ആക്രമിക്കപ്പെടാവുന്ന ഒരു തുർക്കിഷ് അതിർത്തിഗ്രാമത്തിലായിരുന്നു. സെയ്ദയെ രക്ഷിക്കുക എന്ന ചുമതല മാത്രമുണ്ടായിരുന്ന സൈന്യത്തിന് മുൻപിൽ രണ്ട് ചോദ്യങ്ങളുയരുന്നു. സെയ്ദയെയും കൊണ്ട് തിരിച്ചു സുരക്ഷിതരായി തുർക്കിയിലേക്ക് മടങ്ങണോ അതോ നിസ്സഹായരായ ആ തുർക്കിഷ് ഗ്രാമീണരെ തീവ്രവാദികളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ അവിടെ തന്നെ നിലകൊള്ളണോ?
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ കാഗ്ലർ എർത്തുഗ്രുൽ (ഫസ്റ്റ് ലെഫ്. ഓഗസ് കാഗ്ലർ), അഹു തുർക്ക്പെൻസ് (സെയ്ദ ബെലാബൻ), ഉഫുക് ബെയ്‌റക്റ്റർ (ബെകിർ ഓസ്‌ബി), ബേഡി അകിൻ (ബോറൻ), മുറാത് അർകിൻ (ആരിഫ് സയാർ), ഒസാൻ അഖാക് (സിയാ), എയ്റുൽ അരുളർ (എനെഗുൽ), എമിർ ബെൻഡെർലിയോഗ്ലു, അതിൽഗാൻ ഗുമുസ് (മുസ്തഫ സാഹിൻ), അർമഗൻ ഓഗസ് (ബേബാർസ് യുസെൽ), അഹ്മത് പിനാർ (അഷ്റഫ് കുല്ലു), മുറാത് സെറെസ്ലി (ലഫ്. കേണൽ വെയ്‌സൽ ഗോക്മുസ), അസെല്ല്യ ഒസ്‌കാൻ (നബാത്) തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ യഥാർത്ഥ ജീവിതത്തിൽ സൈനികരായ പലരും ഈ സിനിമയിൽ വേഷമിട്ടിട്ടുണ്ട്. അതിലൊരാളായിരുന്ന യൂനുസ് ഏംറെ ഉകാർ എന്ന സൈനികൻ സിനിമയ്ക്ക് ശേഷമുണ്ടായ ഒരു സൈനിക ഓപ്പറേഷനിൽ വീരമൃത്യു വരിച്ചു. കമാണ്ടോ സംഘത്തിലെ ഏഴ് പേരും നാല് മാസത്തോളം കഠിനമായ സൈനിക പരിശീലനം ലഭിച്ചവരാണ്. സിനിമയിൽ ഉപയോഗിച്ച എല്ലാ ആയുധങ്ങളും ഒറിജിനലായിരുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.
9.5/10 · IMDb
Riγαs Ρυliκκαl
Link?
മറുപടിഇല്ലാതാക്കൂhttps://t.me/cinemaguru/65
ഇല്ലാതാക്കൂ