Blue Velvet » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്ന സിനിമകളുടെ രാജാവെന്ന് വിലയിരുത്തപ്പെടുന്ന സംവിധായകനാണ് ഡേവിഡ് ലിഞ്ച്. അദ്ദേഹമെടുത്ത ഭൂരിപക്ഷം സിനിമകളുടെയും കഥയെന്തെന്ന് അറിയാൻ വിക്കിപീഡിയയെ ആശ്രയിക്കേണ്ടി വന്നവരാണ് സിനിമാപ്രേമികളും. ഡേവിഡ് ലിഞ്ചിന്റെ ഒറ്റ കാഴ്ചയിൽ മനസ്സിലാക്കാൻ പറ്റുന്ന ചിത്രങ്ങളിൽ ഒന്നായി പലരും ചൂണ്ടിക്കാണിക്കുന്ന സിനിമയാണ് ബ്ലൂ വെൽവെറ്റ്. അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളിൽ ഒന്ന്. യൗവനത്തിന്റെ കൗതുകകരമായ സ്വഭാവസവിശേഷതകളിലൊന്നാണ് അവരുടെ അന്വേഷണാത്മക ത്വര. നിഗൂഢമായി തോന്നുന്ന എന്തെങ്കിലും വസ്തുവോ പേരോ സ്ഥലമോ കണ്ണിൽപ്പെട്ടാൽ അതിന്റെ പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ അവരുടെ ഉപബോധമനസ്സെങ്കിലും ശ്രമിച്ചുകൊണ്ടിരിക്കും. ഈ അന്വേഷണാത്മക ത്വരയെ മികച്ചൊരു കലാസൃഷ്ടിയുടെ പിറവിക്കായി ഉപയോഗിച്ചിരിക്കുകയാണ് പ്രിയ സംവിധായകൻ.
■ ഡേവിഡ് ലിഞ്ച് തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫ്രഡറിക് എൽമ്സ് ഛായാഗ്രഹണവും ഡ്വെയ്ൻ ഡൻഹാം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. എയ്ഞ്ചലോ ബദലമെന്റിയുടെതാണ് പശ്ചാത്തല സംഗീതം.
✍sʏɴᴏᴘsɪs
■ തന്റെ അച്ഛൻ ഹോസ്പിറ്റലിലാണെന്നറിഞ്ഞു കോളേജിൽ നിന്നും ലീവെടുത്ത് അച്ഛനെക്കാണാൻ വന്നതാണ് ജെഫ്രി ബ്യുമോണ്ട്. ഹോസ്പിറ്റലിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയിൽ അവനൊരു മനുഷ്യന്റെ ചെവി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നു. ആ ചെവിയുമായി അവൻ അടുത്തുള്ള പോലീസ് ഡിറ്റക്റ്റീവ്, ജോൺ വില്യംസിന്റെ അടുത്തെത്തുന്നു. ഒരു കത്രികകൊണ്ട് ഛേദിക്കപ്പെട്ടതാവാം ആ ചെവി എന്ന നിഗമനത്തിലെത്തുന്ന ഡിറ്റക്റ്റീവ് ജോൺ ചെവിക്ക് പിന്നിലെ നിഗൂഢതയുടെ ചുരുളയിക്കാമെന്നു ജെഫ്രിക്ക് ഉറപ്പുകൊടുക്കുന്നു. ഡിറ്റക്റ്റീവ് ജോണിന്റെ മകൾ സാൻഡിയുമായി മുൻപരിചയമുണ്ടായിരുന്ന ജെഫ്രി അവളെ വീണ്ടും കാണാനിടയാകുന്നു. ജെഫ്രിയുടെ വീടിന്റെ പരിസരത്തുള്ള ഫ്ലാറ്റിൽ താമസിക്കുന്ന ദൊറോത്തി വാലൻസ് എന്ന സ്ത്രീക്ക് ഈ കേസുമായി ബന്ധമുണ്ടാകാം എന്ന് സാൻഡി പറയുന്നത് ജെഫ്രിയുടെ ഉള്ളിലെ അന്വേഷണാത്മകതയെ ഉണർത്തുന്നു. സാൻഡിയെ കൂട്ടുപിടിച്ചു കേസിന് പിന്നിലെ രഹസ്യം പുറത്തുകൊണ്ടുവരാൻ ജെഫ്രി ശ്രമിക്കുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ കൈൽ മക്ലക്ലനാണ് ജെഫ്രി ബ്യുമോണ്ട് ആയി വെള്ളിത്തിരയിലെത്തിയിരിക്കുന്നത്. ദൊറോത്തി വാലൻസായുള്ള ഇസബെല്ലി റോസെല്ലിനിയുടെ തകർപ്പൻ പ്രകടനമായിരുന്നു ബ്ലൂ വെൽവെറ്റിന്റെ ഹൈലൈറ്റ്. സാൻഡി വില്യംസായി വേഷമിട്ടിരിക്കുന്നത് ലോറ ഡേർണാണ്. ഫ്രാങ്ക് ബൂത്തെന്ന വില്ലൻ കഥാപാത്രമവതരിപ്പിച്ച ഡെന്നിസ് ഹോപ്പറിന്റേതും മികച്ച പ്രകടനമായിരുന്നു. ജോർജ് ഡിക്കേഴ്‌സൺ (ഡിറ്റക്റ്റീവ് ജോൺ വില്യംസ്), ഹോപ്പ് ലാങ് (മിസ്സിസ് പാം വില്യംസ്), ഡീൻ സ്റ്റോക്ക്വെൽ (ബെൻ), പ്രിസില്ല പോയിന്റർ (മിസ്സിസ് ഫ്രാൻസസ് ബ്യുമോണ്ട്), ഫ്രാൻസസ് ബേ (ബാർബറ അമ്മായി), ജാക്ക് ഹാർവി (ടോം ബ്യുമോണ്ട്), കെൻ സ്റ്റോവിറ്റ്സ് (മൈക്ക്), ബ്രാഡ് ഡൗറിഫ് (റെയ്മണ്ട്), ജാക്ക് നാൻസ് (പോൾ), J.മൈക്കൽ ഹണ്ടർ (ഹണ്ടർ), ഡിക്ക് ഗ്രീൻ (ഡോൺ വാലൻസ്), ഫ്രെഡ് പിക്ലെർ (ഡിറ്റക്റ്റീവ് ടോം ഗോർഡൻ/ യെല്ലോ മാൻ) തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ ഡേവിഡ് ലിഞ്ചിന് മികച്ച സംവിധായകനുള്ള ഓസ്കാർ നോമിനേഷൻ നേടിക്കൊടുത്ത ചിത്രമാണ് ബ്ലൂ വെൽവെറ്റ്. ഡേവിഡ് ലിഞ്ചിന്റെ തന്നെ പിൽക്കാലത്ത് ഹിറ്റായ ഹോളിവുഡ് ചിത്രം ട്വിൻ പീക്‌സിന് പ്രചോദനമായത് ഈ ചിത്രമാണ്. ഇസബെല്ലി റോസെല്ലിനി, കൈൽ മക്ലക്ലൻ, ഡെന്നിസ് ഹോപ്പർ, ലോറ ഡേർൺ എന്നിവരുടെ കരിയറിലെ തന്നെ മികച്ചവയായിത്തീർന്ന ദൊറോത്തി വാലൻസ്, ജെഫ്രി ബ്യുമോണ്ട്, ഫ്രാങ്ക് ബൂത്ത്, സാൻഡി വില്യംസ് എന്നീ കഥാപാത്രങ്ങൾ യഥാക്രമം ഡെബ്ബി ഹാരി, വാൽ കിൽമർ, സ്റ്റീവൻ ബെർക്കോഫ്, മോളി റിങ്‌വാൾഡ് എന്നീ അഭിനേതാക്കളാൽ പല കാരണങ്ങളാൽ നിരാകരിക്കപ്പെട്ടവയായിരുന്നു. അവർക്ക് വിലക്കപ്പെട്ട കനി ഇസബെല്ലിക്കും കൈലിനും ഡെന്നിസിനും ലോറക്കും വിധിക്കപ്പെട്ട കനിയായി മാറുകയായിരുന്നു..
7.8/10 . IMDb
94% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ