A Taxi Driver » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ പേര് സൂചിപ്പിക്കുന്നപോലെ ഇതൊരു ടാക്സി ഡ്രൈവറുടെ കഥയാണ്. എന്നാൽ ഇതൊരു ടാക്സി ഡ്രൈവറുടെ മാത്രം കഥയല്ല, ഒരു മാധ്യമപ്രവർത്തകന്റെകൂടി കഥയാണ്. ഒരു ദുരന്തചിത്രം അല്ലെങ്കിൽ വീഡിയോ സെൻസേഷനലായി മാറുമ്പോൾ പല രീതിയിലുള്ള കമന്റുകൾ നമുക്ക് കാണാൻ സാധിക്കും. "ആ ചിത്രം/വീഡിയോ എടുത്ത മാധ്യമപ്രവർത്തകൻ വിഷാദരോഗിയാണ്. അത് പകർത്തുന്ന നേരം കൊണ്ട് അയാൾക്ക് അവരെ രക്ഷിക്കാമായിരുന്നല്ലോ" എന്നൊക്കെ. പക്ഷേ, ആരെങ്കിലും അതിന്റെ പിന്നിലെ യഥാർത്ഥ കഥ ചികഞ്ഞു പോയിട്ടുണ്ടോ. ദുരന്തത്തിൽപ്പെട്ടവരെ ആ ലേഖകന്റെ ശ്രമഫലമായിട്ടായിരിക്കും ചിലപ്പോൾ രക്ഷിച്ചിട്ടുണ്ടാവുക. ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുൻപിൽ തന്നെയുണ്ടല്ലോ. രക്തം മരവിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തുമ്പോൾ ഉള്ളുപിടക്കാത്തവരാണോ മാധ്യമ പ്രവർത്തകർ. അവർക്കുള്ളിലും ഒരു മനുഷ്യഹൃദയമുണ്ട് എന്ന് ഒരിക്കലെങ്കിലും ഈ ആരോപണമുന്നയിക്കുന്നവർ ചിന്തിച്ചിട്ടുണ്ടോ. തുടക്കത്തിൽ ഇതിലെ ടാക്സി ഡ്രൈവർ ഒരു സ്വാർത്ഥനാണെന്ന് പ്രേക്ഷകന് തോന്നാം. പക്ഷേ, അയാൾക്കുള്ളിലും ഒരു മനുഷ്യഹൃദയമുണ്ടായിരുന്നു. അതാണ് അയാളെ ഹീറോയാക്കിയത്. ഒരു ജനതയെ രക്ഷിച്ച ഹീറോ. അയാൾ ഇന്നും അജ്ഞാതനായി തുടരുന്നു..
■ ജങ്-ഹൂൻ സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമാ കൊറിയൻ ചിത്രമാണ് "ഏ ടാക്സി ഡ്രൈവർ". ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ മിന്നിത്തിളങ്ങി നിൽക്കുന്ന 1980ലെ ഗ്വാങ്‌ജു ജനാധിപത്യ വിപ്ലവത്തെ ആസ്പദമാക്കി യോം-യുനയാണ് ഇതിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗോ നാക്-സ്യോൻ ഛായാഗ്രഹണവും കിം സാങ്-ബുമും കിം ജേ-ബുമും ചേർന്ന് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ത്രസിപ്പിക്കുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ജോ യോങ്-വൂക്കാണ്.
✍sʏɴᴏᴘsɪs
■ സിയോളിൽ പ്രൈവറ്റ് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന കിം മാൻ-സ്യോബാണ് ഈ കഥയിലെ നായകൻ. ഭാര്യ മരിച്ചു പോയ അയാൾ തന്റെ പതിനൊന്നു വയസ്സുകാരിയായ മകളുമൊന്നിച്ചു ഒരു വാടകവീട്ടിൽ കഴിയുന്നു. അന്നത്തെ അന്നത്തിന് വേണ്ടി തന്നെ കഷ്ടപ്പെട്ടിരുന്ന അയാളെ വീട്ടുടമസ്ഥയ്ക്ക് കൊടുക്കാനുള്ള വാടക കുടിശ്ശികയായ ഒരു ലക്ഷം വോൻ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. വാടകകുടിശ്ശിക തീർത്ത് തന്റെ അഭിമാനം സംരക്ഷിക്കണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അയാൾ ഒരു റസ്റ്ററന്റിൽ വെച്ച് ഒരു കമ്പനി ടാക്സി ഡ്രൈവർ തന്റെ സഹപ്രവർത്തകനുമായി തനിക്ക് ഒരു ഓട്ടം കിട്ടിയ കാര്യം ചർച്ച ചെയ്യുന്നത് കേട്ടത്. ഒരു വിദേശി, സിയോളിൽ നിന്ന് ഗ്വാങ്‌ജുവിലേക്കും തിരിച്ചു കർഫ്യൂവിന് മുൻപ് സിയോളിലേക്കും എത്തിച്ചുകൊടുത്താൽ ഒരു ലക്ഷം വോൻ നൽകാമെന്ന് ഓഫർ ചെയ്തിരിക്കുന്നു. സൗത്ത് കൊറിയയിലെ പട്ടാള അടിച്ചമർത്തൽ ഭരണത്തിനെതിരെ പ്രക്ഷോഭം ശക്തമായിരുന്ന സമയമായിരുന്നു അത്. ഗ്വാങ്‌ജുവിൽ സമരം അതിന്റെ മൂർധന്യത്തിലായിരുന്നു. ഗ്വാങ്‌ജുവിലേക്കും ഗ്വാങ്‌ജുവിൽ നിന്നും പുറത്തേക്കുമുള്ള എല്ലാ വഴികളും പട്ടാളഭരണകൂടം അടച്ചിരിക്കുന്നു. ഹിൻസ്പീറ്റർ എന്ന അതിസാഹസികമായ ജർമ്മൻ മാധ്യമപ്രവർത്തകനായിരുന്നു ആ യാത്രക്കാരൻ. വിദേശ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയ സമയത്ത് ഒരു മിഷനറി എന്ന വ്യാജേന അയാൾ സിയോളിൽ വിമാനമിറങ്ങിയതായിരുന്നു. ദക്ഷിണ കൊറിയയിലെ ജനാധിപത്യ വിപ്ലവത്തെ പുറംലോകത്തെ വെളിച്ചത്തിലേക്കെത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു ലക്ഷം വോൻ എന്ന് കേട്ടപാടെ നമ്മുടെ കഥാനായകൻ കിം തന്റെ പ്രൈവറ്റ് ടാക്സിയും കൊണ്ട് ഹിൻസ്പീറ്ററിനെ റാഞ്ചി. പക്ഷേ, ഗ്വാങ്‌ജു അയാളുടെ ജീവചരിത്രം തന്നെ മാറ്റിമറിക്കുകയായിരുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ കിം മാൻ-സ്യോബ് എന്ന പ്രൈവറ്റ് ടാക്സി ഡ്രൈവറായി വേഷമിട്ടിരിക്കുന്നത് സോങ് കാങ്-യാണ്. തുടക്കത്തിൽ സ്വാർത്ഥനാണെന്ന് തോന്നിക്കുന്ന ടാക്സി ഡ്രൈവറുടെ പെരുമാറ്റം കോമഡിയിലൂടെയും ഇമോഷൻ രംഗങ്ങളിലൂടെയും സോങ് കാങ്-ഹോ ഭംഗിയായി അവതരിപ്പിച്ചു. ജുർഗൻ ഹിൻസ്പീറ്റർ എന്ന സാഹസികനായ ജർമ്മൻ മാധ്യമപ്രവർത്തകന്റെ വേഷം തോമസ് ക്രേഷ്മാൻ ഗംഭീരമാക്കിയിട്ടുണ്ട്. ഒരു ദുരന്തം ഒപ്പിയെടുക്കുമ്പോൾ മാധ്യമപ്രവർത്തകന്റെ മനോവികാരം എങ്ങനെയായിരിക്കുമെന്ന് ക്രേഷ്മാൻ അതിമനോഹരമായി പ്രകടിപ്പിച്ചിട്ടുണ്ട്. യൂ ഹേ-ജിൻ (ഹ്വാങ് തേ-സൂൾ, ഗ്വാങ്‌ജു ടാക്സി ഡ്രൈവർ), റ്യു ജുൻ-യോൾ (ഗു ജേ-സിക്, ഗ്വാങ്‌ജു സർവകലാശാലാ വിദ്യാർഥി), പാർക് ഹ്യുക്-ക്വോൻ (ചോയ്, ഗ്വാങ്‌ജു മാധ്യമപ്രവർത്തകൻ), ഉം തേ-ഗൂ (സെർജെന്റ് പാർക്), യൂ യൂൻ-മി (യൂൻ-ജ്യോങ്, കിംമിന്റെ മകൾ), ചോയ് ഗ്വി-ഹ്വാ (DSC തലവൻ), ലീ ജ്യോങ്-യൂൻ (ഹ്വാങ് തേ-സൂളിന്റെ ഭാര്യ), ഡാനിയേൽ ജോയ് ആൽബ്രൈറ്റ് (ഡേവിഡ് ജോൺ, BBC ലേഖകൻ), ജുങ് ജിൻ-യങ് (ലീ, സ്യോൾ മാധ്യമപ്രവർത്തകൻ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ചിത്രം, മികച്ച നടൻ (സോങ് കാങ്-ഹോ), മികച്ച സംഗീതം (ജോ യോങ്-വൂക്ക്), ജനപ്രിയ ചിത്രം എന്നിവയ്ക്കുള്ള ബ്ലൂ ഡ്രാഗൺ പുരസ്കാരങ്ങൾ നേടി. ഭരണകൂടഭീകരതയ്‌ക്കെതിരെയുള്ള സന്ദേശം പേറുന്ന ചിത്രമായതുകൊണ്ട് തന്നെ ചൈനയിൽ ഈ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗ്വാങ്‌ജുവിൽ ദക്ഷിണകൊറിയൻ ഭരണകൂടം ചെയ്ത അതേ ജനാധിപത്യ അടിച്ചമർത്തലുകൾ 1989ൽ ചൈനീസ് ഭരണകൂടവും നടത്തിയിട്ടുണ്ട്. ദക്ഷിണകൊറിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഏഴാമത്തെ ദക്ഷിണകൊറിയൻ ചിത്രമാണ് "ഏ ടാക്സി ഡ്രൈവർ."
7.8/10 . IMDb
96% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ