Children Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഒരിക്കൽ ഒരു സിനിമാ ചർച്ചക്കിടയിൽ ലോകത്തിലെ ഏറ്റവും മികച്ച സിനിമ ഷോഷാങ്ക് റിഡെംപ്‌ഷനാണോ അതോ ദി ഗോഡ്ഫാദറാണോ എന്നൊരു ചോദ്യം ഞാൻ ചോദിച്ചു. ചിലർ പറഞ്ഞു അത് ദി ഗോഡ്ഫാദർ ആണെന്ന്, മറ്റുചിലർ ഷോഷാങ്ക് റിഡെംപ്‌ഷൻ ആണെന്നും. എന്നാൽ അതൊന്നുമല്ല, ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റാണെന്ന് കുറച്ചുപേരും കാസാബ്ലാങ്കയാണെന്ന് ചിലരും പറഞ്ഞു. പക്ഷേ, അതിനിടയിൽ ഒരാൾ മാത്രം വേറിട്ടൊരു അഭിപ്രായം പറഞ്ഞു, ലോകത്തിലെ ഏറ്റവും മികച്ച ചിത്രം, അത് മാജിദ് മജീദിയുടെ "ചിൽഡ്രൻ ഓഫ് ഹെവൻ" ആണ്. മാജിദ് മജീദി എന്ന സംവിധായകനെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഞാനെന്ന സിനിമാപ്രേമി അദ്ദേഹത്തിന്റെ ഒരു സിനിമ പോലും അതുവരെ കാണാൻ ശ്രമിക്കാത്തതിൽ ലജ്ജിച്ചു തലതാഴ്ത്തി. അയാൾ പറഞ്ഞത് സത്യമാണോ അതോ വെറും തള്ളാണോ എന്നറിയാൻ എന്നിലെ സിനിമാപ്രേമിക്ക് ആകാംക്ഷയായി. ഒരു ജോഡി ഷൂവും രണ്ട് കൊച്ചു കുട്ടികളെയും കൊണ്ട് വിസ്മയം തീർക്കാൻ മാജിദ് മജീദിക്കേ സാധ്യമാകൂ എന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇതിന് മുൻപ് (ഞാൻ മുൻപ് കണ്ട ക്രമപ്രകാരം) പ്രോപ്പർട്ടി കൊണ്ട് അത്ഭുതം കാണിച്ചത് കാസ്റ്റവേയിലെ വിൽസൺ എന്ന ബേസ്‌ബോളിലൂടെ റോബർട്ട് സെമാക്കിസാണ്. കുട്ടികൾ ദൈവത്തിന്റെ സമ്മാനമാണ്, അവരുടെ പുഞ്ചിരിയല്ലേ ഭൂമി സ്വർഗമാക്കുന്നത്.
■ മാജിദ് മജീദി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച പേർഷ്യൻ ഫാമിലി ഡ്രാമാ ചിത്രമാണ് ചിൽഡ്രൻ ഓഫ് ഹെവൻ. പർവീസ് മലേക്സാദേ ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻഡൂസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കെയ്‌വാൻ ജഹാൻഷാഹിയാണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ രണ്ട് കൊച്ചുകുട്ടികളാണ് ഈ ചിത്രത്തെ പ്രധാനകഥാപാത്രങ്ങൾ. അലിയും സഹ്റയും, സഹോദരങ്ങളായിരുന്നു. അലിയുടെ കൈയ്യിൽ തുന്നിച്ചു കൊണ്ടുവരാനേൽപ്പിച്ച സഹ്റയുടെ ഒരു ജോഡി കീറിപ്പറിഞ്ഞ ഷൂകൾ നഷ്ടമാവുന്നതോടെയാണ് കഥയുടെ തുടക്കം. മാതാപിതാക്കളോടൊപ്പം ഒരു കൊച്ചു വാടകവീട്ടിൽ താമസിച്ചിരുന്ന അവർക്ക് ഒരു പുതിയ ജോഡി ഷൂവിനെക്കുറിച്ചു ചിന്തിക്കുന്നത് പോലും അപ്രാപ്യമായിരുന്നു. സഹ്‌റ ഷൂ നഷ്ടപ്പെട്ട കാര്യം ഉമ്മയോടോ ഉപ്പയോടോ പറഞ്ഞാൽ തല്ല് കിട്ടുമെന്ന് ഭയന്ന അലി തന്റെ അനിയത്തിയെ കൈയിലെടുക്കാൻ പലപണിയും പയറ്റി. എന്നാൽ തന്റെ സഹോദരനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന സഹ്റയ്ക്ക് അലിയെ ഒറ്റുകൊടുക്കാൻ കഴിയുമായിരുന്നില്ല, പക്ഷേ തന്റെ ഷൂ നഷ്ടമായതിൽ വളരെയധികം ദുഃഖമുണ്ടുതാനും. ഷൂ ഇല്ലാതെ സഹ്റയ്ക്ക് സ്കൂളിൽ പോവാൻ കഴിയുമായിരുന്നില്ല, ഷൂ നഷ്‌ടമായ രഹസ്യം പുറത്തറിയാനും പാടില്ല. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സഹ്റയുടെ സ്കൂൾ സമയം കഴിഞ്ഞയുടനെയാണ് മൂന്നാം ക്ലാസുകാരനായ അലിയുടെ സ്കൂൾ സമയം തുടങ്ങുന്നത്. സഹ്റയ്ക്ക് സ്കൂളിൽ പോവാൻ തന്റെ ക്യാൻവാസ് ഷൂ നൽകുന്ന അലി അവൾക്കുമുൻപിൽ ഒരു നിബന്ധനവെച്ചു, സ്കൂൾ കഴിഞ്ഞയുടനെ ഷൂ അലിയെ തിരിച്ചേല്പിക്കണം. എന്നാലേ അലിക്ക് അതിട്ടുകൊണ്ട് സ്കൂളിൽ പോകാൻ കഴിയൂ. അങ്ങനെ സ്കൂളിൽ നിന്ന് വീട്ടിലേക്കും വീട്ടിൽ നിന്ന് സ്‌കൂളിലേക്കുമുള്ള കുട്ടികളുടെ ഓട്ടമത്സരം തുടങ്ങുകയായി..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ അമീർ ഫാറൂഖ് ഹാശിമിയാനാണ് അലിയെന്ന മൂന്നാം ക്ലാസുകാരന്റെ വേഷത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുന്നത്. അലിയുടെ അനിയത്തി സഹ്റയുടെ വേഷത്തിലെത്തിയ ബഹാറെ സിദ്ദീഖിയുടെ പ്രകടനവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. റേസ നജി (ഉപ്പ), ഫെരെഷ്‌തേ സരാബന്റി (ഉമ്മ), ദാരിയസ് മുഖ്താരി (അലിയുടെ അദ്യാപകൻ), നഫീസേ ജാഫർ-മുഹമ്മദിനെ (റോയാ), മുഹമ്മദ് ഹസ്സൻ ഹുസ്സൈനിയൻ (റോയയുടെ ഉപ്പ), മുഹമ്മദ് ഹുസൈൻ ഷാഹിദി (അലി റേസ), കാസിം അസ്ഗർപൂർ (അലി റേസയുടെ മുത്തശ്ശൻ), ബെഹ്‌സാദ് റാഫി (അലിയുടെ കായികാദ്യാപകൻ), മാസും ദയർ (റോയയുടെ ഉമ്മ), അബ്ബാസലി റൂമൻദി (ചെരുപ്പുകുത്തി), ജാഫർ സെയ്ഫുല്ലാഹി (പച്ചക്കറി കടക്കാരൻ), സഹ്‌റ മിർസായ് (സഹ്റയുടെ അദ്ധ്യാപിക), സാറ സമാനി (സഹ്റയുടെ കായികാധ്യാപിക), ദാവൂദ് ഷംസ് (ഷൂ വിൽപ്പനക്കാരൻ) തുടങ്ങിയവരാണ് മറ്റുപ്രധാന വേഷങ്ങൾ അഭിനയിച്ചിരിക്കുന്നത്.
📎 ʙᴀᴄᴋwᴀsʜ
■ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നാമനിർദേശം ലഭിച്ചിരുന്നു. കൂടാതെ ധാരാളം ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. ഓസ്കാർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ലഭിച്ച ആദ്യ ഇറാനിയൻ ചിത്രമാണ് മാജിദ് മജീദിയുടെ മൂന്നാമത്തെ ചിത്രമായ ചിൽഡ്രൻ ഓഫ് ഹെവൻ. ദർശീൽ സഫാരിയെയും സിയാ വസ്താനിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ പ്രിയദർശൻ "ബം ബം ബോലേ" എന്ന പേരിൽ ചിൽഡ്രൻ ഓഫ് ഹെവനെ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിരുന്നു.
8.3/10 . IMDb
82% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ