ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Color Of Paradise


The Color Of Paradise » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഹൃദയം കൊണ്ട് സിനിമ പിടിക്കുന്നൊരു സംവിധായകനാണ് മാജിദ് മജീദി. അദ്ദേഹത്തിന്റെ സിനിമകളിൽ അത്രത്തോളം ജീവിതമുണ്ട്, ജീവിത യാഥാർഥ്യങ്ങളുണ്ട്, നനവുള്ള കണ്ണീരുണ്ട്. ദൈവത്തെ കണ്ടവരുണ്ടോ? കനിവാർന്ന മനുഷ്യമുഖമായി ഒരു തവണയെങ്കിലും ദൈവത്തെ കാണാത്ത ആരെങ്കിലുമുണ്ടോ. കേരളം പ്രളയജലത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ രക്ഷാകരങ്ങളായി വന്ന മുക്കുവരുടെ മുഖങ്ങളിൽ ദൈവത്തെ കണ്ട എത്രയോ മലയാളികളുണ്ട്. വിശക്കുന്നവന്റെ മുൻപിൽ ഭക്ഷണമാണ് ദൈവമെന്ന് ഗാന്ധിജി പറഞ്ഞിരിക്കുന്നു. ലോകത്തിന്റെ വർണ്ണങ്ങളൊന്നുപോലുമറിയാൻ ഭാഗ്യമില്ലാത്ത അന്ധർക്ക് കാഴ്ച്ചയല്ലേ ദൈവം. കാഴ്ച്ചയുള്ളവർ അന്ധരായി അഭിനയിച്ച ഒരുപാട് സിനിമകൾ നമ്മൾ കണ്ടിരിക്കുന്നു. പക്ഷേ, ഒരു യഥാർത്ഥ അന്ധബാലനായ മുഹ്സിൻ റംസാനിയെക്കൊണ്ട് വിസ്മയം തീർത്തിരിക്കുകയാണ് മാജിദ് മജീദി ഇവിടെ.


■ മാജിദ് മജീദി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഫാമിലി ഡ്രാമാ പേർഷ്യൻ ചിത്രമാണ് ദി കളർ ഓഫ് പാരഡൈസ്. മുഹമ്മദ്‌ ദാവൂദി ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻദൂസ്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അലിറേസ കോഹൻഡെയ്റിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ ടെഹ്റാനിലെ ഒരു അന്ധവിദ്യാലത്തിൽ കുട്ടികൾക്ക് മൂന്നുമാസത്തെ അവധിക്കാലം ആരംഭിക്കുകയാണ്. കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ അവരുടെ മാതാപിതാക്കൾ വന്നുകൊണ്ടിരിക്കുന്നു. അങ്ങനെ ഒരു കുട്ടിയൊഴികെ എല്ലാവരെയും അവരുടെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടുപോയി. മുഹമ്മദിന്റെ രക്ഷിതാവ് ഇതുവരെയും വന്നില്ല. അവന്റെ അദ്യാപകൻ അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഏറ്റവുമൊടുവിൽ അവന്റെ പിതാവ് ഹാഷിം അവിടെ വന്നു. പക്ഷേ, അയാൾക്ക്‌ അവനെ കൂട്ടാൻ ആഗ്രഹമില്ലായിരുന്നു. എങ്ങനെയെങ്കിലും മുഹമ്മദിന്റെ സംരക്ഷണം കുറച്ച് കാലത്തേക്ക് കൂടി ഏറ്റെടുക്കാമോ എന്നയാൾ അധികൃതരോട് കെഞ്ചി. ഇതൊരു വിദ്യാലയമാണ്, അനാഥാലയമല്ല എന്ന് അദ്യാപകർ മറുപടി പറഞ്ഞു. അങ്ങനെ മനസ്സില്ലാ മനസ്സോടെ അയാൾ മുഹമ്മദിനെ ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. അവിടെ മുഹമ്മദിനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നൊരു മുത്തശ്ശിയുണ്ട്. രണ്ട് സഹോദരിമാരുണ്ട്, ബഹാരേയും ഹനിയേയും. അവന്റെ മാതാവ് നേരത്തെ മരിച്ചുപോയിരുന്നു. ഒരു കൽക്കരിപ്പാടത്തെ ജോലിക്കാരനായ ഹാഷിമിന് ഇനിയൊരു വിവാഹംകൂടി കഴിക്കണമെന്നാണ് ആഗ്രഹം. അതിന് അന്ധനായ മുഹമ്മദിനെ അയാൾക്ക്‌ എങ്ങനെയെങ്കിലും ഒഴിവാക്കിയേ തീരൂ..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ യഥാർത്ഥ ജീവിതത്തിലും പൂർണ്ണമായി അന്ധനായ മുഹ്സിൻ റംസാനിയാണ് മുഹമ്മദ്‌ എന്ന അന്ധബാലനായി വിസ്മയിപ്പിച്ചിരിക്കുന്നത്. ഹുസെയ്ൻ മഹ്‌ജൂബ് മുഹമ്മദിന്റെ കണിശക്കാരനായ പിതാവ് ഹാഷിമിന്റെ വേഷം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സാലിമേ ഫെയ്സി (മുത്തശ്ശി), എൽഹാം ഷെറിം (ഹനിയ), ഫറഹ്നാസ് സഫാരി (ബഹാരേ), മുഹമ്മദ്‌ റഹ്‌മാനി (അന്ധവിദ്യാലയത്തിലെ അദ്യാപകൻ), സഹ്‌റ മിസാനി (അന്ധവിദ്യാലയത്തിലെ അദ്യാപിക), കമാൽ മീർകരീമി (അന്ധവിദ്യാലത്തിലെ പ്രിൻസിപ്പാൾ), മുർതാസ ഫത്തേമി (അന്ധനായ ആശാരി), മസൂമേ സീനാതി (പ്രതിശ്രുത വധു), അഹ്മദ് അമീന്യൻ (വധുവിന്റെ പിതാവ്), മുഖദ്ദം ബെഹ്‌ബെഹാനി (ഗ്രാമത്തിലെ സ്കൂൾ പ്രിൻസിപ്പാൾ), ബെഹ്‌സാദ്‌ റഫി (ഗ്രാമത്തിലെ സ്കൂൾ അദ്യാപകൻ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ. 


📎 ʙᴀᴄᴋwᴀsʜ

■ ചിൽഡ്രൻ ഓഫ് ഹെവൻറെ ചിത്രീകരണത്തിനിടവേളയിൽ സംവിധായകൻ മാജിദ് മജീദി ടെഹ്റാനിലെ ഒരു അന്ധവിദ്യാലയം സന്ദർശിക്കുകയുണ്ടായി. ഒരു അന്ധബാലനെ അവന്റെ പിതാവ് തിരസ്കരിക്കാൻ ശ്രമിച്ച അനുഭവം അവിടത്തെ ഒരു അദ്യാപകൻ മാജിദ് മജീദിയുമായി പങ്കുവെച്ചു. അതാണ്‌ മാജിദ് മജീദിയെ കളർ ഓഫ് പാരഡൈസിലേക്ക് നയിച്ചത്. കളർ ഓഫ് പാരഡൈസിൽ മുഹമ്മദ്‌ തന്റെ അന്ധനായ മരപ്പണിയാശാനോട് ഹൃദയത്തിൽ തട്ടുന്ന ഒരു ഡയലോഗ് പറയുന്നുണ്ട് : "ഒരിക്കൽ എന്റെ ടീച്ചർ ഞങ്ങളോട് പറഞ്ഞു, സാധാരണ മനുഷ്യരേക്കാൾ ദൈവം നിങ്ങളെ  സ്നേഹിക്കുന്നു, കാരണം നിങ്ങൾ അന്ധരായതുകൊണ്ട്. പക്ഷേ ഞാൻ പറഞ്ഞു, ദൈവം ഞങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ ദൈവത്തെ കാണാൻ ഞങ്ങൾക്ക് കണ്ണുകൾ നൽകുമായിരുന്നില്ലേ.." ഈ വാചകം മുഹമ്മദിനെ അവതരിപ്പിച്ച മുഹ്സിൻ റംസാനിയുടെ സ്വന്തം വാക്കുകൾ തന്നെയായിരുന്നു. ഇറാന്റെ അന്നത്തെ പ്രസിഡന്റ് മുഹമ്മദ്‌ ഖതാമി കളർ ഓഫ് പാരഡൈസിലെ മുഹ്സിൻ റംസാനിയുടെ പ്രകടനം കണ്ടിട്ട് ടെഹ്റാനിൽ അവനൊരു വീട് വെച്ചുകൊടുത്തിരുന്നു. ദി കളർ ഓഫ് പാരഡൈസ് ഒരുപാട് ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു..



8.2/10 . IMDb
87% . Rotten Tomatoes



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...