Desperado » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഹോളിവുഡിൽ ഇതിന് മുൻപ് തോക്ക് ഇത്ര സ്റ്റൈലിഷായി ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത് ക്ലിന്റ് ഈസ്റ്റ്‌വുഡാണ്. വിഖ്യാത സംവിധായകൻ റോബർട്ട് റോഡ്രിഗസിന്റെ "മെക്സിക്കോ ട്രയോളജി"യിലെ രണ്ടാമത്തെ ചിത്രമാണ് ഡെസ്‌പെരാഡോ. മെക്സിക്കൻ നടൻ കാർലോസ് ഗല്ലാർഡോയെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിച്ച "എൽ മരിയാഷി"യുടെ തകർപ്പൻ വിജയത്തിന് ശേഷം അതിന്റെ തുടർച്ചയായാണ് അന്റോണിയോ ബന്ദെറാസിനെ നായകനാക്കി റോബർട്ട് റോഡ്രിഗസ് ഡെസ്‌പെരാഡോ ചെയ്യുന്നത്. ഡെസ്‌പെരാഡോയാവട്ടെ ആദ്യ ഭാഗത്തെ വെല്ലുന്ന വിജയമായി. തുടർന്ന് അന്റോണിയോ ബന്ദെറാസിനെ തന്നെ നായകനാക്കി വൺസ് അപ്പോൺ ഏ ടൈം ഇൻ മെക്സിക്കോ എന്നൊരു സീക്വലും കൂടി അദ്ദേഹം ചെയ്തു, അത് പിന്നീട് മെക്സിക്കോ ട്രയോളജി എന്നറിയപ്പെട്ടു. മികച്ചൊരു തിരക്കഥയുടെ പിന്തുണയില്ലെങ്കിലും ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ പ്രതീക്ഷിക്കുന്നവർക്ക് ധൈര്യമായി ഡെസ്‌പെരാഡോ കാണാനിരിക്കാം.
■ റോബർട്ട് റോഡ്രിഗസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച അമേരിക്കൻ നിയോ ആക്ഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ഡെസ്‌പെരാഡോ. ഗില്ലർമോ നവരോ ഛായാഗ്രഹണവും സംവിധായകൻ റോബർട്ട് റോഡ്രിഗസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ലോസ് ലോബോസാണ് മനോഹരമായ പശ്ചാത്തല സംഗീതത്തിന്റെ ശില്പികൾ. ലോസ് ലോബോസ് ഒരു വ്യക്തിയല്ല, വളരെ പ്രശസ്തമായ അമേരിക്കൻ റോക്ക് ബാൻഡ് സംഘമാണ് ലോസ് ലോബോസ്. മറ്റൊരു പ്രശസ്ത അമേരിക്കൻ റോക്ക് ബാൻഡ് സംഘമായ ടിറ്റോ & ടാറന്റുലയും ഡെസ്‌പെരാഡോയിൽ പ്രവർത്തിച്ചിട്ടുണ്ട്.
✍sʏɴᴏᴘsɪs
■ മെക്സിക്കൻ മയക്കുമരുന്ന് മാഫിയയുടെ നിയന്ത്രണത്തിലുള്ള മെക്സിക്കോയിലെ ഒരു ചെറുപട്ടണത്തിലെ തരാസ്‌കോ ബാർ. ബുസെയ്‌മി എന്നൊരു അമേരിക്കക്കാരൻ അവിടെ മദ്യപിക്കാനെത്തുന്നു. ബാറിലെ വെയ്റ്ററോട് അയാൾ മെക്സിക്കോയിലെ മറ്റൊരു ബാറിൽ വെച്ചു നടന്ന താൻ ദൃക്‌സാക്ഷിയായൊരു വെടിവെപ്പിനെക്കുറിച്ചുള്ള കഥ പറഞ്ഞു തുടങ്ങുന്നു, തന്റെ ഗിറ്റാർ പെട്ടിക്കുള്ളിൽ നിറച്ചു വെച്ച വെടിക്കോപ്പുകളുമായി മയക്കുമരുന്ന് മാഫിയയെ തെരഞ്ഞുപിടിച്ചു വെടി വെച്ചു കൊല്ലുന്ന നായകൻ എൽ മരിയാഷി. ഒരു കെട്ടുകഥ പോലെ അയാളുടെ കഥ കേട്ടിരുന്ന ബാർ വെയ്റ്റർ പക്ഷേ, 'ബുച്ചോ' എന്ന പേര് കേൾക്കുമ്പോൾ ഞെട്ടിത്തരിക്കുന്നു. കാരണം മെക്സിക്കൻ മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ബുച്ചോ. സ്വന്തം കാമുകിയെ തന്റെ മുന്നിലിട്ട് വെടി വെച്ചു കൊന്നുകളഞ്ഞ ബുച്ചോയുടെ മാഫിയ സംഘത്തോട് അടങ്ങാത്ത പകയുമായി നടക്കുന്നവനാണ് നമ്മുടെ നായകൻ. ബുച്ചോയെ കണ്ടെത്തി അയാളെ കൊന്ന് പ്രതികാരം ചെയ്യുക എന്നുള്ളതാണ് അയാളുടെ ജീവിതലക്ഷ്യം. ആരാണ് എൽ മരിയാഷി?
"അതൊരു ജിന്നാണ് ബഹൻ"!!
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ അന്റോണിയോ ബന്ദാരെസാണ് എൽ മരിയാഷിയായി വേഷമിട്ടിരിക്കുന്നത്. അന്റോണിയോയുടെ അപാരമായ സ്ക്രീൻ പ്രസൻസാണ് എടുത്ത് പറയേണ്ടത്, മാസ്സെന്ന് വെച്ചാൽ എജ്ജാതി മാസ്സ്. കരോലിന എന്ന ബുക്‌ഷോപ്പ് ഉടമയായ നായികയായി സൽമ ഹയേക്ക് എത്തുന്നു. സൽമയെക്കുറിച്ചു പറയുകയാണെങ്കിൽ 'ചൊർക്കിന്റെ കട്ട"!! ബുച്ചോയെന്ന നായകന് പോന്ന വില്ലന്റെ വേഷം ചെയ്തിരിക്കുന്നത് ജോക്കിം ഡി അൽമെയ്ഡയാണ്. സ്റ്റീവ് ബുസെയ്‌മി (ബുസെയ്‌മി), ചീച്ച് മരിൻ (ബാർ വെയ്റ്റർ), ക്വന്റിൻ ടാരന്റിനോ, ടിറ്റോ ലാറിവ (താവോ), എയ്ഞ്ചൽ അവെയ്‌ൽസ് (സാമിറ), ഡാനി ട്രെജോ (നവജാസ്), അബ്രഹാം വേർഡുസ്‌കോ (നിനോ), കാർലോസ് ഗല്ലാർഡോ (കാമ്പ), ആൽബർട്ട് മൈക്കൽ ജൂനിയർ (ക്വിനോ), ഡേവിഡ് അൽവാർഡൊ (ബഡ്ഡി), എയ്ഞ്ചലാ ലാൻസ (ടൂറിസ്റ്റ് പെൺകുട്ടി), മൈക്ക് മോറോഫ് (ശ്രഗ്), റോബർട്ട് അർവാലോ, ജറാർഡോ മോസ്‌ക്കോസോ (പള്ളി വികാരി), പീറ്റർ മാർക്വറ്റ് (മോക്കോ), കോൺസുലോ ഗോമസ് (ഡോമിനോ), ജെയ്മി ഡി ഹൊയോസ് (ബിഗോട്ടൻ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ സൽമ ഹയേകിന്റെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായിരുന്നു ഡെസ്‌പെരാഡോ. ജെന്നിഫർ ലോപസ് അഭിനയിക്കാനിരുന്ന വേഷമായിരുന്നു കരോലിന. എൽ മരിയാഷി എന്ന ആദ്യ ഭാഗത്തിലെ നായകനായി അഭിനയിച്ച കാർലോസ് ഗല്ലാർഡോ നായകൻറെ ഉറ്റസുഹൃത്തുക്കളിലൊരാളായ "കാമ്പ"യായി അതിഥി വേഷത്തിലെത്തിയിരിക്കുന്നു. പ്രശസ്ത മെക്സിക്കൻ ഗായകനും ടിറ്റോ &ടാറന്റുല റോക്ക് ബാന്റിന്റെ സ്ഥാപകനുമായ ടിറ്റോ ലാറിവയും പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്വന്റിൻ ടാരന്റിനോയുടെ ഡെസ്‌പെരാഡോയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
7.2/10 . IMDb
61% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ