Searching » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ സാങ്കേതിക വിദ്യ ഇത്രയധികം പുരോഗതി പ്രാപിച്ചിരിക്കുന്ന വർത്തമാനകാലത്തിൽ ലോകം ഒരു വിരൽത്തുമ്പിലേക്കെന്ന പോലെ ചുരുങ്ങിയിരിക്കുകയാണ്. പണ്ടത്തെ പോലെ കലുങ്കിലും കട വരാന്തകളിലും വെടി പറഞ്ഞിരിക്കുന്ന സൗഹൃദങ്ങൾ ഇന്ന് വിരളമാണ്. സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകൾ കലുങ്കുകളായി സങ്കല്പിച്ചുകൊണ്ടുള്ള സൗഹൃദങ്ങളാണിപ്പോൾ വളർന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ വളർച്ച ഒരു തരത്തിൽ നല്ലതും മറ്റൊരു തരത്തിൽ ദുശിച്ചതുമാണ്. സൈബറിടങ്ങളിലെ ഇടപെടലുകൾ വർദ്ധിച്ചത് കൊണ്ട് തന്നെ സൈബർ കുറ്റകൃത്യങ്ങളും വളരെയധികം വർദ്ധിച്ചു. പല കുറ്റകൃത്യങ്ങളിലും തുമ്പുണ്ടാക്കാൻ പോലീസിനെ ഒരു തരത്തിൽ സഹായിക്കുന്നതും സോഷ്യൽമീഡിയയാണ് എന്നത് മറ്റൊരു വസ്തുത. കേരളാപോലീസ് വരെ അവരുടെ ഫേസ്ബുക് പേജിന് ലൈക്കും ചോദിച്ചു വരുന്നത് സോഷ്യൽ മീഡിയയെ എങ്ങനെ അവരുടെ ജോലി എളുപ്പമാക്കുന്ന തരത്തിൽ ഉപയോഗിക്കാം എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. സെർച്ചിങ് എന്ന സിനിമ പറയുന്നത് ടെക്‌നോളജി ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണാത്മകയാണ്. ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ളൊരു വ്യത്യസ്ത മെയ്‌ക്കിങ്ങാണ് സെർച്ചിങ് പരീക്ഷിച്ചിരിക്കുന്നത്.
■ അനീഷ് ചഗന്റി സംവിധാനം നിർവ്വഹിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് സെർച്ചിങ്. സംവിധായകൻ അനീഷും സേവ് ഒഹാന്യനുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജുവാൻ സെബാസ്റ്റ്യൻ ബറോൺ ഛായാഗ്രഹണവും നിക്ക് ജോൺസൺ, വിൽ മെറിക് എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ടോറിൻ ബോറൗദാലെയുടേതാണ് പശ്ചാത്തല സംഗീതം.
✍sʏɴᴏᴘsɪs
■ തന്റെ ഭാര്യ പമേലയുടെ മരണശേഷം പതിനാറുകാരിയായ മകൾ മാർഗോട്ടിനൊപ്പം ജീവിക്കുന്ന ഡേവിഡ് കിം. അമ്മയില്ലാത്ത ദുഃഖം ഒരിക്കലും അയാൾ മകളെ അറിയിച്ചില്ല, അതുകൊണ്ട് തന്നെ ഭാര്യയെ ഓർമ്മിപ്പിക്കുന്ന വാക്കുകളും മറ്റും അയാൾ മകളോടുള്ള തന്റെ സംഭാഷണത്തിൽ നിന്നുമൊഴിവാക്കി. ഒരേ വീട്ടിലായിരുന്നെങ്കിലും അവരുടെ സംഭാഷണങ്ങൾ അധികവും സോഷ്യൽ മീഡിയ ചാറ്റിങ്ങിലൂടെയായിരുന്നു. ഒരു ദിവസം രാത്രി മാർഗോട്ട് അവളുടെ സുഹൃത്തിന്റെ വീട്ടിൽ ഗ്രൂപ്പ് സ്റ്റഡീസിന് പോവുന്നു. പിറ്റേന്നുണർന്ന ഡേവിഡ്, മാർഗോട്ട് തന്നെ മൂന്ന് പ്രാവശ്യം വിളിക്കാൻ ശ്രമിച്ചതായി മനസ്സിലാക്കുന്നു. അവളെ സോഷ്യൽ മീഡിയയിലൂടെയും ഫോണിലൂടെയും ബന്ധപ്പെടാൻ അയാൾ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മാത്രവുമല്ല മാർഗോട്ടിന്റെ ലാപ്ടോപ് വീട്ടിൽ മറന്നു വെച്ചിരുന്നു. മാർഗോട്ടിനെ കാണാതായി എന്ന നിഗമനത്തിലെത്തുന്ന അയാൾ പോലീസിന്റെ സഹായം തേടുന്നു. മകൾ മറന്നു വെച്ചു പോയ ലാപ്ടോപ് തന്നെയാണ് അവളെ കണ്ടെത്താനുള്ള കച്ചിത്തുരുമ്പെന്ന് ഡേവിഡ് മനസ്സിലാക്കുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ജോൺ ചോയാണ് ഡേവിഡ് കിം ആയി അഭിനയിച്ചിരിക്കുന്നത്. ഡേവിഡിന്റെ ഭാര്യ പമേല നാം കിം ആയി സാറാ സോണും മകൾ മാർഗോട്ട് കിംമായി മിഷേലി ലായും വേഷമിട്ടിരിക്കുന്നു. ഡെബ്ര മെസ്സിങ് (ഡിറ്റക്റ്റീവ് റോസ്മേരി വിക്ക്), ജോസഫ് ലീ (പീറ്റർ കിം, ഡേവിഡിന്റെ സഹോദരൻ), സ്റ്റീവൻ മൈക്കൽ ഐഷ് (റോബർട്ട് വിക്ക്, റോസ്മേരിയുടെ മകൻ), റിക് സറാബിയ (റാൻഡി കാർട്ടോഫ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ വെറും പതിമൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ചൊരു സിനിമയാണ് സെർച്ചിങ്. പക്ഷേ ഈ സിനിമ ചിത്രീകരിക്കാനുള്ള ഒരുക്കങ്ങൾക്ക് തന്നെ ഏതാണ്ട് രണ്ട് വർഷത്തോളമെടുത്തു. 2017ലിറങ്ങിയ ഒരു മഞ്ചുവാര്യർ ചിത്രത്തിൻറെ റഫറൻസ് എങ്ങനെ ഒരു ഹോളിവുഡ് ചിത്രത്തിൽ വന്നു എന്നാലോചിച്ചപ്പോൾ ഞാനാദ്യം യാദൃശ്ചികമെന്ന നിഗമനത്തിലാണെത്തിയത്. പിന്നീടാണ് ഞാൻ സംവിധായകന്റെ പേരിലെ ഇന്ത്യൻ ചുവ ശ്രദ്ധിക്കുന്നത്. അനീഷ് ചഗന്റിയുടെ മാതാപിതാക്കൾ ആന്ധ്രാപ്രദേശിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തവരാണ്. എന്തായാലും ഒരു മലയാള സിനിമയെ ഹോളിവുഡിലേക്കുയർത്തിയതിനു ആദ്യമായി അനീഷിന് നന്ദി പറയുന്നു. ഏതാണാ സിനിമ എന്നത് സസ്പെൻസായി തന്നെയിരിക്കട്ടെ, എന്തെന്നാൽ അതാണ് സെർച്ചിങ്ങിന്റെ നട്ടെല്ല്. മോഷണക്കുറ്റം ഒരിക്കലും ആരോപിക്കുന്നില്ല, കാരണം ഇതിന്റെ മേയ്ക്കിങ് അത്രയ്ക്കും വ്യത്യസ്തമാണ്, ചെറിയൊരു ഭാഗത്ത് മാത്രമാണ് ആ സിനിമ ഇൻസ്പയർ ചെയ്തിട്ടുമുള്ളൂ. യാദൃശ്ചികത തന്നെയായിരിക്കാം ചിലപ്പോൾ, പക്ഷേ എന്നിലെ നിരൂപകന് സംശയരോഗം കൂടുതലാണ്.
7.7/10 . IMDb
92% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ