A Separation » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ലോകസിനിമയിൽ സംവിധാന മികവ് കൊണ്ട് ഒരുപക്ഷേ ഹോളിവുഡ് സംവിധായകരേക്കാൾ പ്രശസ്തി സ്വന്തമാക്കിയ ചിലരുണ്ട്. അകീര കുറസോവയൊക്കെ അതിലെ ആദ്യ പേരുകാരനാണെങ്കിലും പേർഷ്യൻ മണ്ണിൽ നിന്നും വന്ന രണ്ടുപേരാണിപ്പോൾ എന്റെ ചർച്ചാവിഷയം, മാജിദ് മജീദിയും അസ്ഗർ ഫർഹാദിയും. മജീദിയുടെ മാസ്റ്റർപീസുകൾ പലതും പിറന്നു കഴിഞ്ഞുവെങ്കിലും അസ്ഗർ ഫർഹാദിയുടെ ശരിക്കുള്ള മാസ്റ്റർപീസ് ഇനിയാണ് വരാനിരിക്കുന്നത് എന്ന വിശ്വാസക്കാരനാണ് ഞാൻ. അസ്ഗറിന്റെ രണ്ട് സിനിമകളാണ് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. കൈകാര്യം ചെയ്തിരിക്കുന്ന വിഷയത്തിലെ ഗൗരവം കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി എണ്ണപ്പെട്ടിട്ടുള്ളതാണ് ഫർഗാദിയുടെ "ഏ സെപറേഷൻ." നിസ്സാരകാര്യത്തിന് വരെയുള്ള മാതാപിതാക്കളുടെ വേർപിരിയൽ തീരുമാനം മക്കളെയും കുടുംബത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ച്ചയായിരുന്നു ഏ സെപറേഷൻ.
■ അസ്ഗർ ഫർഹാദി തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച ഫാമിലി ഡ്രാമാ പേർഷ്യൻ ചിത്രമാണ് ഏ സെപറേഷൻ. മഹ്‌മൂദ് കലാരി ഛായാഗ്രഹണവും ഹയിദെഹ് സഫിയാരി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സത്താർ ഒരാക്കിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ പതിനൊന്ന് വയസ്സുകാരിയായ തന്റെ മകൾ തെർമിക്ക് വളരാനുള്ള ചുറ്റുപാടല്ല ഇറാനിലുള്ളത് എന്ന മുൻധാരണയുള്ള സിമിൻ അവരുടെ ഭർത്താവിനെയും മകളെയും കൂട്ടി വിദേശത്ത് പോയി ജീവിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ സിമിന്റെ ഭർത്താവ് നാദിർ, അൽഷിമേഴ്‌സ് രോഗിയും പടുവൃദ്ധനുമായ തന്റെ പിതാവിനെ ഉപേക്ഷിച്ച് വിദേശത്തേക്ക് പുറപ്പെടാൻ ഒരുക്കമല്ലായിരുന്നു. മറ്റൊരു കാര്യത്തിലും ഒരു അഭിപ്രായവ്യത്യാസവുമില്ലാത്ത സിമിനും നാദിറും തമ്മിൽ ഈയൊരു കാര്യത്തിൽ ഭിന്നത രൂപപ്പെടുന്നു. സിമിൻ വിവാഹമോചനത്തിന് അപേക്ഷിക്കുന്നു. പക്ഷേ, ഈയൊരു നിസ്സാരകാര്യത്തിന് വിവാഹമോചനം അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ജഡ്ജ് അവരെ മടക്കുന്നു. എങ്കിലും സിമിൻ നാദിറിനെ ഉപേക്ഷിച്ച് സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുന്നു. തെർമിക്ക് അവളുടെ പിതാവിനോടൊപ്പം തുടരാനായിരുന്നു താല്പര്യം. സിമിൻ വീടുവിട്ടതിൽ പിന്നെ രോഗിയായ അച്ഛനെ പരിചരിക്കാനും വീട് നോക്കാനുമായി സിമിന്റെ തന്നെ ശുപാർശയിൽ റസിയ എന്നൊരു വീട്ടുജോലിക്കാരിയെ നിയമിക്കുന്നു. സുമയ്യ എന്ന കൊച്ചുപെൺകുട്ടിയുടെ മാതാവും ഗർഭിണിയുമായ റസിയ അവരുടെ മകളുമായി ജോലിയിൽ പ്രവേശിക്കുന്നു. ജോലിയിൽ വളരെ ആത്മാർത്ഥതയുണ്ടായിരുന്ന റസിയയുടെ സേവനം പക്ഷേ പിന്നീട് നാദിറിനും തെർമിക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഉപ്പോളം വരുമോ ഉപ്പിലിട്ടത്..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ സിമിനായി ലൈല ഹാത്തമിയും അവരുടെ ഭർത്താവ് നാദിറായി പെയ്‌മാൻ മുഹാദിയും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. റസിയയായി എത്തിയ സാറാ ബയേത്തിന്റെയും തെർമിയായി അഭിനയിച്ച സറീന ഫർഹാദിയുടെയും പ്രകടനങ്ങളും മോശമല്ലായിരുന്നു. റസിയയുടെ ഭർത്താവ് ഹോജയായി വേഷമിട്ടിരിക്കുന്നത് ഷഹാബ് ഹുസൈനിയാണ്. സുമയ്യയായി അഭിനയിച്ച കൊച്ചുകുട്ടി, കിമിയ ഹുസൈനി പോലും ചില രംഗങ്ങളിൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്. അലി അസ്ഗർ ഷഹ്ബാസി (നാദിറിന്റെ പിതാവ്), ഷിറിൻ യസ്ദാൻബക്ഷ് (സിമിന്റെ മാതാവ്), മെറിലാ സാറെ (മിസ്സിസ് ഗഹ്‌റായ്, തെർമിയുടെ ടീച്ചർ), ബബാക് കരീമി (ന്യായാധിപൻ), സോഹിബാനു സൊൽഖദ്‌ർ (അസം), മുഹമ്മദ് ഇബ്റാഹീമിയൻ (ജഡ്ജ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്ക്കാരം സ്വന്തമാക്കിയ ഏ സെപറേഷനാണ് ഓസ്കാർ നേടുന്ന ആദ്യ ഇറാനിയൻ ചിത്രം. ഗോൾഡൻ ഗ്ലോബിലെയും മികച്ച വിദേശഭാഷാ ചിത്രം ഇതുതന്നെയായിരുന്നു. സംവിധായകൻ അസ്ഗർ ഫർഹാദിയുടെ മകൾ തന്നെയായിരുന്നു തെർമിയായി അഭിനയിച്ച സറീന ഫർഗാദി. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് സത്താർ ഒരാക്കിയാണെന്നു നേരത്തേ പറഞ്ഞിരുന്നെങ്കിലും കൗതുകകരമായ വസ്തുത ഈ സിനിമയ്ക്ക് ആദ്യാവസാനം വരെ പശ്ചാത്തല സംഗീതമുണ്ടായിരുന്നില്ല എന്നതാണ്, എൻഡ് ക്രെഡിറ്റ്സിൽ ഒഴിച്ച്.
8.3/10 . IMDb
99% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ