Gone Girl » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനുമായി ഇന്ത്യയിലടക്കം പല രാജ്യങ്ങളിലെയും സർക്കാറുകൾ നിയമങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സ്ത്രീകൾ പറയുന്നതെന്താണോ അതിന് ഒരു ദൃക്‌സാക്ഷി വിവരണത്തെക്കാൾ വിലകല്പിക്കുന്നു. ഈ നിയമം സ്ത്രീസുരക്ഷയ്ക്ക് ഒരുപാട് സഹായകരമാണെങ്കിലും പലയിടത്തും ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ആഴ്ച്ചകൾക്ക് മുൻപ് ഒരു യുവാവ് തന്റെ ആത്മഹത്യക്ക് തൊട്ടുമുൻപ് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. അതിൽപ്പറയുന്ന കാര്യം അയാളുടെ ഭാര്യയും കുടുംബവും അയാളെ പീഡിപ്പിക്കുന്നു എന്നും അത് പോലീസ് സ്റ്റേഷനിൽ പറഞ്ഞിട്ട് ഉദ്യോഗസ്ഥർ അയാളെ വിശ്വസിക്കാൻ കൂട്ടാക്കുന്നില്ല എന്നുമാണ്, മാത്രവുമല്ല ഭാര്യയുടെ കുടുംബം അയാൾക്കെതിരെ കൊടുത്ത കേസ് അതിശക്തമായി തന്നെ നിലനിൽക്കുന്നു. തെളിവ് സഹിതം അയാളത് പൊതുസമൂഹത്തിന് തുറന്നുകാണിച്ച് പൊതുസമൂഹം അയാളെ വിശ്വസിച്ചു തുടങ്ങിയപ്പോഴേക്കും അയാൾ ഈ ഭൂമിയിൽ നിന്നും പോയിരുന്നു എന്നതായിരുന്നു ഏറെ സങ്കടകരം. ഗോൺ ഗേൾ എന്ന ഈ സിനിമ കാലികപ്രസക്തമാവുന്നത് ഇവിടെയാണ്.
■ ഡേവിഡ് ഫിഞ്ചർ സംവിധാനം നിർവഹിച്ച സൈക്കോളജിക്കൽ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ഗോൺ ഗേൾ. ഗില്ലിയൻ ഷീബർ ഫ്ലിൻ അവരുടെ തന്നെ ബെസ്റ്റ് സെല്ലർ നോവലായ ഗോൺ ഗേൾ പ്രമേയമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജെഫ് ക്രോണൻവേത്ത് ഛായാഗ്രഹണവും കിർക് ബാക്സ്റ്റർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ട്രെന്റ് റെസ്‌നോറും അറ്റിക്കസ് റോസും ചേർന്നാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്..
✍sʏɴᴏᴘsɪs
■ നിക്ക് ഡണിന്റെയും അയാളുടെ ഭാര്യ ആമി എലിയട്ടിന്റെയും അഞ്ചാം വിവാഹവാർഷിക ദിനമായിരുന്നു അന്ന്. അതിരാവിലെ നിക്കിന്റെ ഇരട്ടസഹോദരികൂടിയായ മാർഗോ ഡൺ നടത്തുന്ന അവരുടെ കുടുംബ ബിസിനസ്സായ ദി ബാറിൽ പോയി വീട്ടിൽ മടങ്ങിയെത്തുന്ന നിക്ക് തന്റെ ഭാര്യയെ കാണാനില്ലെന്ന സത്യം മനസ്സിലാക്കുന്നു. ആമിയുടെ തിരോധാനത്തിൽ ദുരൂഹത തോന്നിയ നിക്ക് ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുന്നു. ആമിയുടെ തിരോധാനത്തെക്കുറിച്ചു അന്വേഷിക്കാനെത്തുന്ന ഡിറ്റക്റ്റീവ് റോണ്ട ബോണി ആമി കൊല്ലപ്പെട്ടതാകാമെന്നുള്ള നിഗമനത്തിലെത്തുന്നു. പക്ഷേ, സംശയത്തിന്റെ മുന ചൂണ്ടുന്നത് ആമിയുടെ ഭർത്താവ് നിക്കിലേക്കായിരുന്നു. എഴുത്തുകാരായ ആമിയുടെ മാതാപിതാക്കൾ "അമേസിങ് ആമി" എന്ന പ്രശസ്തമായ കുട്ടികളുടെ പുസ്തകം രചിക്കാൻ കാരണമായത് ആമിയുടെ ജീവിതമായതുകൊണ്ട് തന്നെ ആമിയുടെ തിരോധാനം മാധ്യമ ശ്രദ്ധയാകർഷിക്കുന്നു. ആമി എവിടെപ്പോയി?
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ സങ്കീർണ്ണ വ്യക്തിത്വത്തിനുടമയായ ആമി എലിയട്ട് ഡണിന്റെ വേഷത്തിൽ ഞെട്ടിക്കുന്ന പ്രകടനം നടത്തിയിരിക്കുകയാണ് റൊസാമുണ്ട് പൈക്ക്. ഒരു തരത്തിലും പിടി തരാത്തൊരു കഥാപാത്രം, ശരിക്കും അതാണ് "അമേസിങ് ആമി." ബെൻ അഫ്ലക്കാണ് ആമിയുടെ ഭർത്താവ് നിക്ക് ഡണിന്റെ വേഷത്തിലെത്തിയിരിക്കുന്നത്. നിക്കിന്റെ ഇരട്ട സഹോദരിയായ മാർഗോ ഡൺ ആയി അഭിനയിച്ചിരിക്കുന്നത് കാരി കൂനാണ്. നീൽ പാട്രിക് ഹാരിസ് (ഡെസി കോളിങ്‌സ്), ടൈലർ പെറി (ടാന്നേർ ബോൾട്ട്, നിക്കിന്റെ വക്കീൽ), കിം ഡിക്കെൻസ് (ഡിറ്റക്റ്റീവ് റോണ്ട ബോണി), പാട്രിക് ഫ്യുഗിറ്റ് (ജെയിംസ് ഗിൽപ്പിൻ, റോണ്ടയുടെ അസിസ്റ്റന്റ്), മിസ്സി പൈൽ (എലെൻ അബോട്ട്), എമിലി ററ്റജോവ്‌സ്‌കി (ആൻഡി ഫിറ്റ്സ്ജറാൾഡ്, നിക്കിന്റെ കാമുകി), കേസി വിൽസൺ (നോയല്ലെ ഹൊത്തോൺ), ലോല കിർക് (ഗ്രെറ്റ), ബോയ്‌ഡ് ഹോൾബ്രൂക് (ജെഫ്), ലിസ ബെയ്ൻസ് (മാരിബെത്ത് എലിയട്ട്, ആമിയുടെ അമ്മ), ഡേവിഡ് ക്ലെനൻ (റാൻഡ് എലിയട്ട്, ആമിയുടെ അച്ഛൻ), സേല വാർഡ് (ഷാരോൺ ഷീബർ, ടിവി അവതാരക), സ്കൂട്ട് മക്നയറി (ടോമി ഒഹാര) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ റൊസാമുണ്ട് പൈക്കിന് മികച്ച നടിക്കുള്ള ഓസ്കാർ നാമനിർദേശം നേടിക്കൊടുത്ത ചിത്രമാണ് ഗോൺ ഗേൾ. ബ്രാഡ് പിറ്റിന് വെച്ച വേഷമായിരുന്നു ബെൻ അഫ്ലെക്കിൽ എത്തിച്ചേർന്നത്. സേത് റോഗനെയും റയാൻ റെയ്‌നോൾഡ്‌സിനെയും ആ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. റൊസാമുണ്ട് ചെയ്ത വേഷത്തിന് ജെസീക്ക ചാസ്റ്റെയ്‌നെയും പരിഗണിച്ചിരുന്നു. IMDbയുടെ ടോപ് 250 മൂവി ലിസ്റ്റിൽ വരുന്ന ഡേവിഡ് ഫിഞ്ചറുടെ മൂന്നാമത്തെ ചിത്രമാണ് ഗോൺ ഗേൾ. സെവനും ഫൈറ്റ്ക്ലബുമാണ് ആദ്യ രണ്ട് ചിത്രങ്ങൾ.
8.1/10 . IMDb
88% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ