Nobody Knows » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ മനസ്സിൽ ഒത്തിരി വിങ്ങലുകൾ ബാക്കി വെച്ചിട്ടാണ് "നോബഡി നോസ്" എരിഞ്ഞു തീർന്നത്. നിങ്ങളൊരു കുട്ടിയുടെ മാതാവോ പിതാവോ ആണെങ്കിൽ നോബഡി നോസ് നിങ്ങളുടെ ഹൃദയത്തെ രണ്ടായി മുറിച്ചിരിക്കുമെന്നത് തീർച്ചയാണ്. യൂക്കിയുടെ കുഞ്ഞുമുഖം ഒരു തീരാനൊമ്പരമായി ഹൃദയത്തിന്റെ ആഴങ്ങളിൽ കിടപ്പുണ്ട്. ഇത്രയും വേദനിപ്പിച്ചൊരു കഥ നടന്ന സംഭവമാണെന്നറിഞ്ഞപ്പോൾ ഞാനേറെ ഞെട്ടി. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയുടെ അടുത്തുള്ള തെരുവായിരുന്ന സുഗാമോയിൽ 1988ൽ ഒരമ്മ തന്റെ നാല് ചെറിയ കുട്ടികളെ ഒരു അപ്പാർട്ട്മെന്റിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ഒരു സംഭവമുണ്ടായി. ഒൻപത് മാസങ്ങൾക്ക് ശേഷം അധികൃതർ സംഭവമറിഞ്ഞു സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടികൾ ഭക്ഷണം കിട്ടാതെ അസ്ഥികൂടപ്പരുവമായിരുന്നു. ഈ യഥാർത്ഥ സംഭവത്തെ പ്രമേയമാക്കിയിട്ടാണ് നോബഡി നോസ് എന്ന ചിത്രം പിറക്കുന്നത്. സുഗാമോ അബാൻഡൻമെന്റ് ഇൻസിഡന്റിന്റെ കൂടുതൽ വിശദീകരണത്തിലേക്ക് കടന്നാൽ സ്പോയ്ലർ ആയിപ്പോവുമോ എന്ന ശങ്കയുള്ളതുകൊണ്ട് അതിന് മുതിരുന്നില്ല.
■ ഹിരോകാസു കൊറീഡാ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച ജാപ്പനീസ് ഡ്രാമാ ചിത്രമാണ് നോബഡി നോസ്. യുതാക യമാസാകി ഛായാഗ്രഹണവും സംവിധായകൻ ഹിരോകാസു കൊറീഡാ തന്നെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഗോന്റിറ്റിയും ടകാക്കോ റ്റാറ്റെയും ചേർന്നൊരുക്കിയ പശ്ചാത്തല സംഗീതത്തിന് നമ്മള് എവിടെയോ കേട്ട് മറന്ന, അല്ലെങ്കിൽ ആസ്വദിച്ചൊരെ മനോഹര സംഗീതത്തിന്റെ സൗന്ദര്യമുണ്ടായിരുന്നു. പക്ഷേ, അവസാന മിനിറ്റുകളിൽ ആ സംഗീതത്തിന് മനസ്സിനെ മുറിപ്പെടുത്താൻ തക്ക മൂർച്ചയുണ്ടായിരുന്നു.
NB: ഇതൊരു സ്ലോ പേസ് മൂവിയാണ്. അതുകൊണ്ട് തന്നെ ത്രില്ലറുകളെയും ട്വിസ്റ്റുകളെയും "മാത്രം" സ്നേഹിക്കുന്നവർ ഇതിന് തല വെക്കരുത്.
✍sʏɴᴏᴘsɪs
■ അഞ്ചിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമുള്ള നാല് സഹോദരങ്ങളുടെ കഥയാണ് നോബഡി നോസ് പറയുന്നത് (അകീര, ക്യോക്കോ, ഷിഗേരു, യൂകി). കീക്കോ ഫുകുഷിമ എന്ന യുവതിയായിരുന്നു അവരുടെയെല്ലാവരുടെയും അമ്മയെങ്കിലും നാല് പേർക്കും നാല് അച്ഛന്മാരായിരുന്നു. പഴയ താമസസ്ഥലത്ത് നിന്നും ടോക്യോയിലെ പുതിയൊരു വാടക അപ്പാർട്ട്മെന്റിലേക്ക് അവർ താമസം മാറ്റുന്നതാണ് കഥാരംഭം. മൂത്ത മകൻ പന്ത്രണ്ട് വയസ്സുകാരനായ അകീരയെ മാത്രമാണ് കീക്കോ തന്റെ മകനെന്ന നിലയിൽ വീട്ടുടമസ്ഥന് പരിചയപ്പെടുത്തുന്നുള്ളൂ. കീക്കോയുടെ ചെറിയ കുട്ടികളായ ഷിഗേരുവിനെയും യൂക്കിയെയും സ്യൂട്ട്കേസുകളിൽ ഒളിപ്പിച്ചായിരുന്നു അപ്പാർട്ട്മെന്റിനുള്ളിൽ എത്തിച്ചത്. അകീരയുടെ തൊട്ട് താഴെയുള്ള പെൺകുട്ടി ക്യോക്കോ പിന്നീട് ഒറ്റയ്‌ക്കെത്തി വീട്ടുടമസ്ഥൻ കാണാതെ അപ്പാർട്ട്മെന്റിൽ കടക്കുന്നു. അകീരയൊഴികെയുള്ള മൂന്ന് കുട്ടികൾ വീട്ടുടമയുടെ അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് അവിടെ താമസിക്കുന്നത് എന്നുള്ളതുകൊണ്ട് തന്നെ അവർക്ക് പുറത്തുപോവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. കീക്കോ കുട്ടികളെയാരെയും സ്‌കൂളിലും വിട്ടിരുന്നില്ല. പ്രത്യക്ഷത്തിൽ തന്റെ കുട്ടികളോട് ഒരുപാട് സ്നേഹം കാണിക്കുന്ന കീക്കോ ജോലിയാവശ്യാർത്ഥം കുറച്ചുനാൾ അവരെ വിട്ടുനിൽക്കുകയും പിന്നീട് തിരിച്ചുവരികയും ചെയ്യുന്നുണ്ട്. അപ്പോഴൊക്കെ ഇളയ മൂന്ന് കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല പന്ത്രണ്ട് വയസ്സുകാരൻ അകീരയ്ക്കായിരുന്നു. തനിക്കൊരാളെ ഇഷ്ടമാണെന്നും അയാൾ സമ്മതിച്ചാൽ നമുക്കൊരുമിച്ചൊരു വലിയ വീട്ടിലേക്ക് മാറാമെന്നും കീക്കോ ഒരിക്കൽ അകീരയോട് പറയുന്നുണ്ട്. പക്ഷേ, ഒരു ദിവസം തന്റെ മക്കളെ തനിച്ചാക്കി ക്രിസ്മസിന് വരാമെന്നും പറഞ്ഞു വീടുവിട്ടുപോകുന്ന കീക്കോ പിന്നീടൊരിക്കലും തിരിച്ചുവരുന്നില്ല. കുട്ടികളുടെ ജീവിതച്ചിലവിന് തുച്ഛമായ പണം മാത്രം ബാക്കി വെച്ചിട്ടായിരുന്നു അവൾ പോയത്. തന്റെ അമ്മ ഇനിയൊരിക്കലും തിരിച്ചു വരില്ല എന്ന് മനസ്സിലാക്കുന്ന അകീര തന്റെ സഹോദരങ്ങളെ ഇതൊന്നുമറിയിക്കാതെ വളർത്താൻ ശ്രമിക്കുകയാണ്. പന്ത്രണ്ടാം വയസ്സിൽ അവനൊരു കുടുംബനാഥനായി മാറുകയായിരുന്നു. പക്ഷേ നന്നായി പുലർത്തണമെങ്കിൽ പണം തന്നെ വേണം. അതിന് ജോലി വേണം. ഒരു പന്ത്രണ്ട് വയസ്സുകാരന് നിയമപരമായി ജോലി ചെയ്യാൻ കഴിയില്ലായിരുന്നു. അവരുടെ കൈയ്യിൽ ബാക്കിയുണ്ടായിരുന്ന ഓരോ നാണയത്തുട്ടുപോലും തീർന്നുകൊണ്ടിരിക്കുകയായിരുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ യുയാ യാഗിര (അകീര ഫുകുഷിമ), ആയു കിറ്റോറ (ക്യോക്കോ ഫുകുഷിമ), ഹിയീ കിമുറ (ഷിഗേരു ഫുകുഷിമ), മൊമോക്കോ ഷിമിസു (യൂകി ഫുകുഷിമ) എന്നീ നാലുകുട്ടികളിലൂടെയാണ് നോബഡി നോസിന്റെ യാത്ര. അകീരയായി വേഷമിട്ട യുയായുടേത് അവിശ്വസനീയ പ്രകടനം തന്നെയായിരുന്നു. ക്യോക്കോയായി അഭിനയിച്ച ആയുവിന്റെ പ്രകടനവും മികച്ചതായിരുന്നു. ഇവരുടെയെല്ലാം അമ്മ, കീക്കോ ഫുകുഷിമയായി വേഷമിട്ടിരിക്കുന്നത് യൂവാണ്. ഇടയ്ക്ക് വെച്ച് ആകിരയുടെ കൂട്ടുകാരിയായി വന്ന് അവരിലൊരാളായി മാറുന്ന സാക്കി മിസുഗുച്ചി എന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിനിയുടെ വേഷമവതരിപ്പിച്ച ഹനേ കാന്റെ അഭിനയവും കൊള്ളാമായിരുന്നു. കാസൂമി കുഷിദ (വീട്ടുടമസ്ഥൻ), യുയിക്കോ ഒകാമോട്ടോ (വീട്ടുടമസ്ഥന്റെ ഭാര്യ), സെയ് ഹിരാസുമി (സൂപ്പർമാർക്കറ്റ് മാനേജർ), റിയോ കസെ (സൂപ്പർമാർക്കറ്റിലെ ജോലിക്കാരൻ), യുച്ചി കിമുറ (സുഗിഹാര, ടാക്സി ഡ്രൈവർ), കെനിച്ചി എൻഡോ (പച്ചിൻകോ, പാർലർ ജോലിക്കാരൻ), സുസുമു തെരാജിമ (ബേസ്ബോൾ കോച്ച്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ നോബഡി നോസിലെ അകീരയായി അസാമാന്യ പ്രകടനം നടത്തിയതിന് യുയാ യാഗിരയ്ക്ക് കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. സുഗാമോ ഇൻസിഡന്റിന്റെ അതേപടിയുള്ള പകർത്തിയെഴുത്തല്ല നോബഡി നോസ്. സുഗാമോയിൽ ശരിക്കും അഞ്ചുകുട്ടികളായിരുന്നു. ജനിച്ചയുടനെ മരിച്ച ഒരു പിഞ്ചുകുഞ്ഞിന്റെ ശവശരീരവും അപ്പാർട്ട്മെന്റിലെത്തിയപ്പോൾ അധികൃതർക്ക് ലഭിച്ചിരുന്നു. നോബഡി നോസിൽ ഈ അഞ്ചാമത്തെ കുട്ടിയെക്കുറിച്ചു എവിടെയും പ്രതിപാദിക്കുന്നില്ല.
8.1/10 . IMDb
92% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ