Pan's Labyrinth » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ചെറിയ കുട്ടികൾ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ അവരെക്കൊണ്ട് കഴിപ്പിക്കാനും അവരെ ഉറക്കാനും വേണ്ടി അമ്മമാരും മുത്തശ്ശിമാരും അത്ഭുതാവഹമായ പല സാങ്കൽപ്പിക കഥകളും പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. മലയാളത്തിൽ മുത്തശ്ശിക്കഥകളെന്നും യക്ഷിക്കഥകളെന്നും വിളിക്കപ്പെട്ട ഇത്തരം സാങ്കൽപ്പിക കഥകളാണ് ഫെയറി ടെയ്ൽസ്. ആലീസ് ഇൻ വണ്ടർലാൻഡ്, ബ്യൂട്ടി & ദി ബീസ്റ്റ്, സിൻഡ്രല്ല, ലിറ്റിൽ മെർമെയ്‌ഡ്, സ്നോ വൈറ്റ് തുടങ്ങി ഇംഗ്ലീഷിൽ പ്രശസ്തമായ പല ഫെയറി ടെയ്‌ലുകളും സിനിമയായിട്ടുണ്ട്. ഇത്തരം ഫെയറി ടെയ്‌ലുകൾ കുട്ടികളെ ഏറെ സ്വാധീനിക്കുന്നുമുണ്ട്. ഒരു ഫെയറി ടെയ്ലിനെ യഥാർത്ഥ ജീവിതവുമായി അതിമനോഹരമായി ബന്ധിപ്പിച്ചിരിക്കുകയാണ് വിശ്വവിഖ്യാത സ്പാനിഷ് ചലച്ചിത്രകാരൻ 'ഡെൽ ടോറോ' പാൻസ് ലാബിറിന്തിലൂടെ.
■ ഗുല്ലെർമോ ഡെൽ ടോറോ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച മെക്സിക്കൻ/സ്പാനിഷ് ഡാർക് ഫാന്റസി ഡ്രാമാ ചിത്രമാണ് പാൻസ് ലാബിറിന്ത്. ഗുല്ലെർമോ നവാരോ ഛായാഗ്രഹണവും ബെർണാഡ് വിലാപ്ലാന എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജാവിയർ നവാരെയുടെ മനോഹരമായ പശ്ചാത്തല സംഗീതമാണ് പാൻസ് ലാബിറിന്തിന്റെ മറ്റൊരു ഹൈലൈറ്റ്.
✍sʏɴᴏᴘsɪs
■ ഭൗമാന്തര ലോകത്തിന്റെ രാജാവിന്റെ ഒരേയൊരു പുത്രിയായിരുന്നു മോനാ രാജകുമാരി. ഒരിക്കൽ അവൾ മനുഷ്യലോകത്തെക്കുറിച്ചൊരു സ്വപ്നം കാണുന്നു. മനുഷ്യലോകത്തിൽ ആകൃഷ്ടയായ അവൾ അവിടം സന്ദർശിക്കണമെന്ന അതിയായ ആഗ്രഹവുമായി ഭൗമാന്തര ലോകത്തിന്റെ കാവൽക്കാരെ കബളിപ്പിച്ച് അവിടെ നിന്നും രക്ഷപ്പെടുന്നു. പക്ഷേ ഭൂമിയിലെ അതി കാഠിന്യമേറിയ സൂര്യപ്രകാശം അവളുടെ കാഴ്ച്ചയെയും ഓർമ്മകളെയും മറയ്ക്കുന്നു. അവളൊരു രാജകുമാരിയാണെന്ന സത്യം പോലും അവൾ മറന്നു പോകുന്നു. അങ്ങനെ അവസാനം അവൾ ജീവൻ വെടിയുകയാണ്. പ്രിയ പുതിയായ മോനാ രാജകുമാരിയെ അതിയായി സ്നേഹിക്കുന്ന ഭൗമാന്തര ലോകത്തിന്റെ രാജാവ്, അവൾ ഭൂമിയുടെ ഏതെങ്കിലും കോണിൽ പുനർജ്ജനിക്കുമെന്നും അവളുടെ ആത്മാവ് ഭൗമാന്തര ലോകത്തേക്ക് മടങ്ങിയെത്തുമെന്നും അതിയായി വിശ്വസിക്കുന്നു. അതിനായി ഭൂമിയിൽ പലയിടത്തും അദ്ദേഹം ലാബിറിന്തുകൾ (രാവണൻ കോട്ടയ്ക്ക് സമാനമായ സങ്കീർണ്ണമായ വഴികളുള്ള ഇടം) നിർമിച്ചു. ഇതാണാ അത്ഭുത സാങ്കൽപ്പിക കഥ. നാല്പതുകളിലെ ആഭ്യന്തര യുദ്ധം കൊണ്ട് കലുഷിതമായ സ്‌പെയിനിന്റെ പശ്ചാത്തലത്തിൽ സിനിമയാരംഭിക്കുന്നു. ഫെയറി ടെയ്‌ലുകളിൽ ഒരുപാട് വിശ്വസിക്കുന്ന ഒഫെലിയ എന്ന പെൺകുട്ടി തന്റെ ഗർഭിണിയായ അമ്മയോടൊപ്പം ഫ്രാൻകോയിസ്റ്റുകളുടെ ക്യാപ്റ്റനായ അവളുടെ രണ്ടാനച്ഛൻ വിദാലിന്റെയടുത്തേക്ക് പുറപ്പെടുന്നു. അവിടെ വെച്ച് പുൽച്ചാടി വർഗ്ഗത്തിൽപ്പെട്ട ഒരു പ്രാണിയെ പിന്തുടർന്ന് അവളൊരു പഴയ ലാബിറിന്ത് തോട്ടത്തിന്റെ കവാടത്തിലേക്കെത്തുന്നു. വിദാലിന്റെ വേലക്കാരി മെഴ്‌സിഡസ് അവളെ പിന്തിരിപ്പിക്കുന്നു. പക്ഷേ, അന്ന് രാത്രി ഒഫെലിയയുടെ മുറിയിലേക്ക് വീണ്ടും ആ പ്രാണിയെത്തുന്നു. അതവളെ വീണ്ടും ലാബിറിന്ത് തോട്ടത്തിലേക്ക് എത്തിക്കുന്നു. അവിടെ ആടിന്റെ തലയുള്ളൊരു ചെകുത്താൻ അവളെ സ്വീകരിക്കുന്നു. ഭൗമാന്തര ലോകത്തിലെ രാജകുമാരി മോനയാണ് ഒഫെലിയ എന്ന സത്യം അത് അവളെ അറിയിക്കുന്നു. മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയാക്കിയാലേ ഒഫെലിയയ്ക്ക് മോനാ രാജകുമാരിയായി ഭൗമാന്തര ലോകത്തേക്ക് മടങ്ങിപ്പോവാൻ കഴിയൂ എന്ന് ആ ചെകുത്താൻ അവളോട് വെളിപ്പെടുത്തുന്നു..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഇവാന ബക്കീരയാണ് ഒഫെലിയയായി അഭിനയിച്ചിരിക്കുന്നത്. വിദാലെന്ന ക്രൂരനായ ഫ്രാൻകോയിസ്റ്റ് ക്യാപ്റ്റനായി വേഷമിട്ടിരിക്കുന്നത് സെർജി ലോപ്പസാണ്. വിദാലിന്റെ വേലക്കാരി മെഴ്സിഡസിനെ അവതരിപ്പിച്ചിരിക്കുന്നത് മാരിബെൽ വെർദൂവാണ്. ഡഫ് ജോൺസായിരുന്നു ആടിന്റെ മുഖമുള്ള ചെകുത്താൻ രൂപത്തിനുള്ളിലെ ആ മനുഷ്യൻ. അയാൾ തന്നെയായിരുന്നു കുട്ടികളെ ഭക്ഷിക്കുന്ന ആ വിചിത്ര മനുഷ്യനും. അര്യാഡ്നാ ഗിൽ (കാർമെൻ, ഒഫെലിയയുടെ അമ്മ), അലക്സ് ആംഗുലോ (ഡോക്ടർ ഫെരീരോ), മനോലോ സോലോ (ലെഫ്. ഗാർസിസ്), സെസാർ വീ (ലെഫ്. സെറാനോ), റോജർ സസാമേജർ (പെഡ്രോ, മെഴ്സിഡസിന്റെ സഹോദരൻ), ഫെഡറികോ ലൂപ്പി (ഭൗമാന്തര ലോകത്തെ രാജാവ്), ഫ്രാൻസിസ്‌കോ വിദാൽ (സാകേർഡോട്ട്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച ഛായാഗ്രഹണം (ഗുല്ലർമോ നവാരോ), മികച്ച കലാസംവിധാനം (യൂജീൻയോ കബാലറോ, പിലാർ റിവോൾട്ട), മികച്ച മെയ്ക്കപ്പ് (ഡേവിഡ് മാർട്ടി, മോണ്ട്സെ റിബെ) എന്നിവയ്ക്കുള്ള ഓസ്കാർ പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. ഹോളിവുഡിലും കൂടി ഇറങ്ങുന്ന തരത്തിൽ എടുക്കണമെന്ന ആവശ്യവുമായി പല നിർമ്മാതാക്കളും ഡെൽ ടോറോയെ സമീപിച്ചിരുന്നെങ്കിലും പല തരം കോംപ്രമൈസിനും വഴങ്ങേണ്ടി വരും എന്ന് വിശ്വസിച്ച അദ്ദേഹം വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. മാത്രവുമല്ല ഈ ചിത്രത്തിന് ഇംഗ്ലീഷ് സബ്ടൈറ്റിൽ ചെയ്തിരിക്കുന്നത് ഡെൽ ടോറോ തന്നെയായിരുന്നു. ഡെൽ ടോറോ അദ്ദേഹത്തിൻറെ കുട്ടിക്കാലത്ത് സ്ഥിരമായി കണ്ടിരുന്നൊരു ലൂസിഡ് ഡ്രീമിൽ നിന്നാണ് പാൻസ് ലാബിറിന്തിലെ ആടിന്റെ തലയുള്ള വിചിത്ര ജീവിയുടെ രൂപം പ്രചോദനം കൊണ്ടിട്ടുള്ളത്.
8.2/10 . IMDb
95% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ