Peranbu » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തുന്ന മമ്മൂട്ടി, മുൻപ് ചെയ്ത മൂന്ന് ചിത്രങ്ങളിലും നിരൂപകരുടെ പ്രശംസ വേണ്ടുവോളം ഏറ്റുവാങ്ങിയ റാം; രണ്ടുപേരും ഒരുമിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു മമ്മൂട്ടി പേരൻപിലഭിനയിച്ചത് എന്നതും പ്രതീക്ഷകൾക്ക് മൂർച്ച കൂട്ടി. തന്റെ ഒരു ഇടർച്ച കൊണ്ടുപോലും പ്രേക്ഷകരെ കരയിപ്പിച്ച മമ്മൂട്ടിയെന്ന നടനവിസ്മയത്തെ തിരികെ തരുമോ പേരൻപ്? ഷാങ്‌ഹായ് ഫിലിം ഫെസ്റ്റിവലിലും റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചപ്പോൾ ലോക സിനിമാസ്വാദകരുടെയും നിരൂപകരുടെയും കൈയ്യടികൾ ഏറ്റുവാങ്ങിയ പേരൻപ് ഇന്ത്യയിലെ വെള്ളിത്തിരയിൽ തെളിയുമ്പോൾ അതിലേക്ക് കണ്ണ് കൂർപ്പിക്കുകയാണ് പ്രേക്ഷകർ.
■ കാട്രതു തമിഴ്, തങ്കമീങ്കൾ, തരമണി എന്നീ നിരൂപകപ്രശംസകൾ ഒരുപാട് നേടിയ മൂന്ന് ചിത്രങ്ങൾക്ക് ശേഷം റാം തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന തമിഴ് ഇമോഷണൽ ഡ്രാമാ ചലച്ചിത്രമാണ് പേരൻപ്. തങ്കമീങ്കൾക്ക് മികച്ച തമിഴ് ചിത്രത്തിനുള്ളതടക്കം മൂന്ന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. തേനി ഈശ്വർ ഛായാഗ്രഹണവും സൂര്യ പ്രഥമൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. യുവാൻ ശങ്കർ രാജയാണ് സംഗീതം നൽകിയിരിക്കുന്നത്. തേനി ഈശ്വറിന്റെ ക്യാമറയായാലും യുവാൻ സംഗീതസംവിധാനം ചെയ്ത ഗാനങ്ങളായാലും (നാലും അതിസുന്ദരം) "ക്ലാസ്സിക്" എന്ന ഒറ്റപ്പേരിട്ട് വിളിക്കാം.
✍sʏɴᴏᴘsɪs
■ പ്ലോട്ട് കൂടുതൽ ഇതൾവിരിയിക്കാൻ ആഗ്രഹിക്കുന്നില്ല. അച്ഛൻ - മകൾ ബന്ധത്തിന്റെ മനോഹരമായ ചിത്രസാക്ഷാത്കാരമാണ് പേരൻപ്. ഭാര്യ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിയതിനെ തുടർന്ന് ജോലി സ്ഥലത്ത് നിന്നും നഗരത്തിലെ തന്റെ വീട്ടിലേക്ക് മടങ്ങി വരുന്ന അമുദവൻ. സ്പാസ്റ്റിക് പാരലൈസിസ് എന്ന രോഗാവസ്ഥയിലുള്ള അമുദവന്റെ ഒരേയൊരു മകളെ പരിചരിക്കാൻ വേറെയാരുമില്ല. കുട്ടി ബഹളം വെക്കുന്നെന്ന അയൽക്കാരുടെ പരാതി കാരണം അമുദവന് പാപ്പയെയും കൂട്ടി പ്രകൃതി രമണീയമായൊരു ഉൾഗ്രാമത്തിലേക്ക് മാറേണ്ടി വരുന്നു. അവിടെ പാപ്പ സന്തോഷവതിയായിരുന്നു, മരങ്ങളും കിളികളും മനോഹരമായ പ്രകൃതിയുമായി കളിച്ചും ചിരിച്ചും അവൾ വളരുന്നു. വളർന്നു കൗമാരത്തിലെത്തുന്ന പാപ്പായെ പരിചരിക്കാനും ഒരു പെൺകുട്ടിയുടെ വളർച്ചയുടെ ഘട്ടത്തിൽ അവൾക്ക് ലഭിക്കേണ്ട ഒരു അമ്മയുടെ പിന്തുണ തനിക്ക് നൽകാൻ കഴിയില്ലെന്നിരിക്കെ അമുദവൻ പ്രതിസന്ധിയിലാവുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ പേരൻപിന്റെ റിലീസിന് മുൻപ് തന്നെ മമ്മൂട്ടിയെന്ന നടനെ പല നിരൂപകരും പാടിപ്പുകഴ്ത്തിയിരുന്നു, റോട്ടർഡാമിലെയും ഷാങ്ഹായിയിലെയും പ്രദർശങ്ങളിലൂടെ അമുദവനെ ലോകസിനിമാസ്നേഹികൾ നെഞ്ചിലേറ്റിയതായിരുന്നു. പേരൻപിൽ മമ്മൂട്ടിയെന്ന അഭിനേതാവിനെ നമുക്കൊരിക്കലും കാണാൻ സാധിക്കില്ല, മറിച്ച് പേരൻപിലുണ്ടായിരുന്നത് അമുദവൻ എന്ന അച്ഛൻ മാത്രമായിരുന്നു. അമരത്തിലെ അച്ചൂട്ടി, മൃഗയയിലെ വാറുണ്ണി, മുന്നറിയിപ്പിലെ സി.കെ.രാഘവൻ, വിധേയനിലെ ഭാസ്കർ പട്ടേലർ, സൂര്യമാനസത്തിലെ പുട്ടുറുമീസ്, ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ, നിറക്കൂട്ടിലെ രവിവർമ്മ, പത്തേമാരിയിലെ പള്ളിക്കൽ നാരായണൻ, വർഷത്തിലെ വേണു, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ തുടങ്ങി ഒരുപിടി മികച്ച കഥാപാത്രങ്ങളുടെ മുൻനിരയിൽ തന്നെ സ്ഥാനമുണ്ടായിരിക്കും പേരൻപിലെ അമുദവന്. മമ്മൂട്ടിയെന്ന നടൻ നിറഞ്ഞാടിയപ്പോൾ ആ നടനവിസ്മയത്തിന് ഒപ്പത്തിനൊപ്പം മത്സരിച്ച മറ്റൊരാളുണ്ട് പേരൻപിൽ, അമുദവന്റെ മകൾ പാപ്പായായി അഭിനയിച്ച സാദന. തങ്കമീങ്കളിലെ ചെല്ലമ്മയെ അവിസ്മരണീയമാക്കിയതിനു മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ സാദനയ്ക്ക് പേരൻപിലെ പാപ്പ മറ്റൊരു ദേശീയ പുരസ്കാരം കൊണ്ടുവരുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. പാപ്പായായി ജീവിക്കുകയായിരുന്നു സാദന. മൂന്നാമത് പേരൻപിൽ എടുത്ത് പറയാനുള്ളത് മലയാളികളുടെ സ്വന്തം അഞ്ജലി അമീറിന്റെ മീരയെന്ന കഥാപാത്രത്തെയാണ്. മലയാളികൾക്ക് ശരിക്കും അഭിമാനമായേക്കും വരുന്ന നാളുകളിൽ അഞ്ജലി അമീർ. അഞ്ജലി (വിജയലക്ഷ്മി), സമുദ്രക്കനി, വടിവുക്കരസി (അമുദവന്റെ അമ്മ), അരുൾദോസ്, ലിവിങ്സ്റ്റൺ (വീട്ടുടമ), പാവൽ നവഗീതൻ (ബാബു) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ പത്തേമാരിയിലെ പള്ളിക്കൽ നാരായണന് ശേഷം മമ്മൂട്ടിയ്ക്ക് ഇത്രയ്ക്കും ശക്തമായൊരു കഥാപാത്രം നൽകി മമ്മൂട്ടിയെന്ന നടനവിസ്മയത്തെ മലയാളികൾക്ക് തിരിച്ചു തന്നതിന് സംവിധായകൻ റാമിനോട് ആദ്യം നന്ദിയറിയിക്കുന്നു. ഈ വർഷത്തെ ദേശീയ പുരസ്‌കാരത്തിന് അമുദവനെയും പാപ്പയെയും വെല്ലാൻ ഇനിയൊരു മിറക്കിൾ തന്നെ സംഭവിക്കണം.
NB: ഇന്ത്യൻ സിനിമ എക്കാലവും ദർശിച്ച മികച്ച ചിത്രങ്ങളിൽ ഒന്നാണിത്, അതുകൊണ്ട് തന്നെ ഇമോഷണൽ രംഗങ്ങളും നിശബ്ദതയും വരുമ്പോൾ കൂവാനും ബഹളം വെക്കാനുമായിട്ട് തിയറ്ററിൽ കയറുന്നവർ ദയവുചെയ്ത് ഈ സിനിമയുമായി അകലം പാലിക്കേണ്ടതാണ്.
5/5 . MyRating
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ