The Dictator » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ചരിത്രത്തിൽ ഏകാധിപതികളുടെ സ്ഥാനം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. വാഴ്ത്തപ്പെട്ട ഏകാധിപതികളും ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലേക്ക് എറിയപ്പെട്ട ഏകാധിപതികളുമുണ്ട്. ഭരണം നല്ലതായാലും ചീത്തയായാലും ഏകാധിപത്യമെന്നത് ആദ്യാവസാനം അസ്വാതന്ത്ര്യത്തിന്റേതാണ്. സ്വന്തം ജനങ്ങളെ ഭരണാധികാരികളുടെ വിധിവിലക്കുകളാൽ അടിച്ചമർത്തി ഭരിക്കുന്നതിനെ ഏകാധിപത്യമെന്നും സ്വേച്ഛാധിപത്യമെന്നും വിളിക്കാം. സ്വേച്ഛാധിപതികൾ എല്ലാക്കാലവും ജനങ്ങളുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ കടപുഴകി വീണിട്ടേയുള്ളൂ. പക്ഷേ, സ്വേച്ഛാധിപതികളെ വീഴ്ത്തി സ്വാതന്ത്ര്യം നേടാൻ മുന്നിൽ നിന്നവർ പിന്നെപ്പിന്നെ സ്വയം സ്വേച്ഛാധിപതികളായി മാറിയ ചരിത്രവും ഒട്ടനവധിയാണ്. സ്വേച്ഛാധിപതി എന്ന പേര് കേൾക്കുമ്പോൾ ആദ്യം വരുന്ന പേരുകാരൻ എന്തായാലും അഡോൾഫ് ഹിറ്റലറെന്ന ജർമ്മൻകാരനായിരിക്കും. പക്ഷേ, ചരിത്രം ഉണ്ടായ കാലം മുതൽക്കേ സ്വേച്ഛാധിപതികളും ഉണ്ടായിട്ടുണ്ട്. രാജഭരണങ്ങൾ ഏറെക്കുറെ സ്വേച്ഛാധിപത്യത്തിന്റേതായിരുന്നു എന്ന് തന്നെ പറയാം. ജൂലിയസ് സീസർ, ഈജിപ്ഷ്യൻ ഫറോവമാർ, അലക്‌സാണ്ടർ, നെപ്പോളിയൻ, ഫ്രാങ്കോ മുതൽ ഹിറ്റ്‌ലർ, മുസോളിനി, സ്റ്റാലിൻ, മാവോ, ഈദി അമീൻ, കിം ജോങ് ഇൽ, ഫിഡൽ കാസ്ട്രോ, ഹ്യൂഗോ ഷാവേസ് തുടങ്ങി ഒട്ടനവധി സ്വേച്ഛാധിപതികൾക്ക് ചരിത്രം സാക്ഷ്യം വഹിച്ചു. മുഅമ്മർ ഗദ്ദാഫി, സദ്ദാം ഹുസൈൻ, ഹുസ്നി മുബാറക്, സൈനുൽ ആബിദീൻ ബിൻ അലി, അലി അബ്ദുല്ലാഹ് സല തുടങ്ങി നമ്മുടെ കാലത്ത് മുല്ലപ്പൂ വിപ്ലവത്തിലൂടെയും മറ്റും കടപുഴക്കപ്പെട്ട വന്മരങ്ങൾക്ക് നാം തന്നെ സാക്ഷി. റോബർട്ട് മുഗാബെ, കിം ജോങ് ഉൻ, നിക്കൊളാസ് മഡുറോ തുടങ്ങി ഇന്നും തുടരുന്ന ഏകാധിപത്യ സർക്കാരുകളും. ഏകാധിപത്യമെന്ന അടിച്ചമർത്തലിനെ നർമ്മത്തിൽ ചാലിച്ച് ഒലക്കക്കിട്ട് അടിച്ചിരിക്കുകയാണ് ദി ഡിക്റ്റേറ്ററിൽ. ഇപ്പഴത്തെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിതാവും മുൻ ഉത്തരകൊറിയൻ ഏകാധിപതിയുമായ കിം ജോങ് ഇലിന്റെ "പാവനസ്മരണയിൽ" തുടങ്ങുന്ന ദി ഡിക്റ്റേറ്ററിലെ അഡ്മിറൽ ജനറൽ അലാദിൻ കിം ജോങ് ഉൻ, ഗദ്ദാഫി, ഈദി അമീൻ തുടങ്ങി പല സ്വേച്ഛാധിപതികളുടെയും പ്രതീകമാണ്.
■ ലാറി ചാൾസ് സംവിധാനം നിർവഹിച്ച പൊളിറ്റിക്കൽ സറ്റയർ കോമഡി ഹോളിവുഡ് ചിത്രമാണ് ദി ഡിക്റ്റേറ്റർ. സാഷ ബറോൺ കോഹൻ, അലെക് ബെർഗ്, ഡേവിഡ് മാൻഡൽ, ജെഫ് സ്കാഫർ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ലോറൻസ് ഷെർ ഛായാഗ്രഹണവും ഗ്രെഗ് ഹെയ്ഡൻ, എറിക് കിസ്സാക് എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സാഷ കോഹന്റെ ജ്യേഷ്ഠനായ എറൺ ബറോൺ കൊഹാനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ പശ്ചിമാഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന വാഡിയ എന്ന രാജ്യം (തികച്ചും സാങ്കൽപ്പികം). എണ്ണപ്പാടങ്ങൾ കൊണ്ട് സമ്പുഷ്ടമായ ആ രാജ്യം വർഷങ്ങളായി അഡ്മിറൽ ജനറൽ അലാദീൻ എന്ന ഏകാധിപതിയുടെ ഭരണത്തിന് കീഴിലാണ്. അങ്ങേയറ്റം സ്ത്രീവിരുദ്ധനും ജൂതവിരുദ്ധനും പാശ്ചാത്യവിരുദ്ധനുമായ അലാദിൻ വിമർശന സ്വരങ്ങളെ തത്സമയം തന്നെ കൊന്നൊടുക്കിയിരുന്നു. തന്റെ രാജ്യത്തെ ഭാഷാ നിഘണ്ടുവിലെ പല വാക്കുകളും അയാൾ അലാദിൻ എന്ന തന്റെ പേരിലേക്ക് മാറ്റി. ഉത്തരകൊറിയയടക്കമുള്ള ഏകാധിപത്യ സ്വഭാവമുള്ള രാജ്യങ്ങളുമായി മാത്രമേ ബാന്ധവം പുലർത്തിയിരുന്നുള്ളൂ. ഒസാമ ബിൻ ലാദന് (ഒസാമയുടെ ഇരട്ടയെയാണ് കൊന്നത് എന്നാണ് ചിത്രത്തിൽ പറയുന്നത്) അഭയം കൊടുത്തിരുന്ന അലാദിൻ ഇസ്രയേലിനെ ആക്രമിക്കാനായി ന്യൂക്ലിയർ ആയുധങ്ങൾ വികസിപ്പിച്ചുകൊണ്ടിരുന്നു. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ അലാദിനും അയാളുടെ രൂപസാദൃശ്യമുള്ള ഇരട്ടകളെ ഉപയോഗിച്ചിരുന്നു. അലാദിന്റെ വലതുകൈയായി പ്രവർത്തിച്ചിരുന്ന അയാളുടെ അമ്മാവൻ തമീർ തന്നെയായിരുന്നു ഭരണം പിടിച്ചെടുക്കാനായി അലാദിനെ വധിക്കാൻ ശ്രമിച്ചിരുന്നത്. ഒരു വധശ്രമത്തിൽ അലാദിന്റെ അപരൻ കൊല്ലപ്പെടുന്നതോടെ അലാദിൻ ആട്ടിടയനായ ഒരു അപരനെ പകരം നിയമിക്കുന്നു. ഒരിക്കൽ യുഎന്നിന്റെ ക്ഷണം സ്വീകരിച്ച് അലാദിൻ ന്യൂയോർക്കിൽ ജനങ്ങളെ അഭിസംബോധന ചെയ്യാനായി പുറപ്പെടുന്നു. പക്ഷേ, തമീർ അയച്ച വാടകക്കൊലയാളി ക്ലെയ്ടൺ ഇടയ്ക്ക് വെച്ച് അലാദിനെ തട്ടിക്കൊണ്ടുപോകുന്നു.
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ മുൻപ് ബോറാതായി വിസ്മയിപ്പിച്ച സാഷ ബറോൺ കോഹൻ തന്നെ അഡ്മിറൽ ജനറൽ അലാദിനായി നമ്മെ വിസ്മയിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകയും സർവ്വോപരി ഫെമിനിസ്റ്റുമായ സോയയായി അന്ന ഫാരിസാണ് വേഷമിട്ടിരിക്കുന്നത്. സോയ മാറുന്ന സ്ത്രീ മുന്നേറ്റത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്. ബെൻ കിങ്‌സ്‌ലിയാണ് അലാദിന്റെ അമ്മാവൻ തമീറിനെ അവതരിപ്പിച്ചിരിക്കുന്നത്. ജേസൺ മൻസൂക്കാസ് (ന്യൂക്ലിയർ നദാൽ), ജോൺ സി. റെയ്ലി (ക്ലെയ്ടൻ), ബോബി ലീ (മി. ലാവോ), സയ്ദ് ബദ്രിയ (ഒമർ), അദീൽ അക്തർ (മറൂഷ്), എഡ്‌വേഡ് നോർട്ടൻ, മെഗാൻ ഫോക്സ്, സൂസൻ സെയ്ക്സ് (എട്ര), ക്രിസ് എലിയട്ട് (മി. ഓഗ്‌ഡെൻ), ഫ്രെഡ് മേലാമെദ് (ന്യൂക്ലിയർ സയന്റിസ്റ്റ് ഹെഡ്), ജെസീക്ക സെന്റ് ക്ലെയ്‌ർ (ഡെനിസെ), കാതറിൻ ഹാൻ (ഗർഭിണി), അന്ന കാതറീന (ആഞ്ചല മെർക്കൽ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ചിത്രത്തിൻറെ പ്രമേയത്തിന്റെ കാര്യമാത്ര പ്രസക്തികൊണ്ട് തന്നെ പല രാജ്യങ്ങളും ദി ഡിക്റ്റേറ്ററിനെ പ്രദർശിപ്പിക്കാൻ വിമുഖത കാണിച്ചു. താജിസ്ക്കിസ്ഥാനിൽ പൂർണ്ണമായും ദി ഡിക്റ്റേറ്റർ നിരോധിച്ചപ്പോൾ കസാഖ്സ്ഥാനിൽ രണ്ടാഴ്ച്ചത്തെ പ്രദർശനത്തിന് ശേഷം ദി ഡിക്റ്റേറ്ററെ വിലക്കി. മലേഷ്യയിലെ തിയറ്ററുകളിൽ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചപ്പോൾ പാകിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലും വെട്ടിക്കൂട്ടിയ കോപ്പിയാണ് പ്രദർശിപ്പിച്ചത്. ദി ഡിക്റ്റേറ്ററിൽ അഡ്മിറൽ ജനറൽ അലാദിൻ ഭരിക്കുന്നത് വാഡിയ എന്ന സാങ്കൽപ്പിക രാജ്യത്തായിരുന്നെങ്കിലും വാഡിയയ്ക്ക് കൃത്യമായ ഭൂപടവും ദേശീയ പതാകയും ദേശീയ ഗാനവും വരെ സിനിമയുടെ അണിയറക്കാർ സൃഷ്ടിച്ചിരുന്നു. ഭൂപടപ്രകാരം എറിട്രിയയാണ് വാഡിയയ്ക്ക് വേണ്ടി ഉപയോഗിച്ചതെന്ന് കരുതുന്നു. ഇതിന് മുൻപ് സ്റ്റീവൻ സ്പീൽബെർഗിന്റെ ടോം ഹാങ്ക്സ് ചിത്രം ദി ടെർമിനലിന് വേണ്ടിയായിരുന്നു ക്രക്കോഷ്യ എന്ന സാങ്കൽപ്പിക രാജ്യത്തിന് വേണ്ടി ഭൂപടവും മറ്റും നിർമ്മിക്കപ്പെട്ടിരുന്നത് എന്ന് തോന്നുന്നു.
6.4/10 . IMDb
57% . Rotten Tomatoes
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ