The Salesman » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ലോകസിനിമയെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ എന്നെ ഏറ്റവുമധികം ആകർഷിച്ചിട്ടുള്ള സംവിധായകരിൽ ഒരാളാണ് ഇറാനിയൻ സംവിധായകനായ അസ്ഗർ ഫർഹാദി. അദ്ദേഹത്തിൻറെ സിനിമകളിലെല്ലാം ജീവിതമുണ്ട്, ജീവിത ബന്ധങ്ങളുണ്ട്. സിനിമകൾക്ക് ഒരിക്കലും പൂർണ്ണമായും റിയലിസ്റ്റിക് ആവാൻ സാധിക്കില്ല എന്ന് കുറച്ചു നാൾ മുൻപ് സംവിധായകൻ ലാൽ ജോസ് അഭിപ്രായപ്പെട്ടുകൊണ്ട്. പക്ഷേ, അദ്ദേഹത്തിൻറെ അഭിപ്രായത്തെ പൂർണ്ണമായും ഖണ്ഡിക്കുന്നതാണ് ഫർഗാദിയുടെ ചിത്രങ്ങൾ. യഥാർത്ഥ ജീവിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ഫർഗാദിയുടെ ഭൂരിഭാഗം ചിത്രങ്ങളും. 'എബൌട്ട് എല്ലി' എടുത്ത് നോക്കിയാലും 'ഏ സെപറേഷൻ' എടുത്ത് നോക്കിയാലുമൊക്കെ നമുക്ക് കാണാൻ സാധിക്കുന്നത് പച്ചയായ ജീവിതത്തിന്റെയിടയ്ക്ക് സ്ഥാപിച്ചുവെച്ച സിസിടിവി ക്യാമറകളാണ്, അവിടെ കൃതൃമങ്ങളില്ല. ദി സെയിൽസ്മാനിലേക്ക് വരുമ്പോഴും നമുക്ക് കാണാൻ സാധിക്കുക ഇതേ അത്ഭുതമാണ്.
■ അസ്ഗർ ഫർഹാദി തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച ഫാമിലി ഡ്രാമ പേർഷ്യൻ ചിത്രമാണ് ദി സെയിൽസ്മാൻ. ഹുസൈൻ ജഫാരിയൻ ഛായാഗ്രഹണവും ഹയിദേ സഫിയാരി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. സത്താർ ഒറാക്കിയാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്.
✍sʏɴᴏᴘsɪs
■ ദി സെയിൽസ്മാൻ എന്ന പേരുകേട്ട് ഒരു കച്ചവടക്കാരന്റെ കഥയാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഇത് ഇമാദ് എന്ന സ്കൂൾ അദ്യാപകന്റേയും അദ്ദേഹത്തിൻറെ ഭാര്യ റാണയുടെയും കഥയാണ്. രണ്ടുപേരും ഒരു നാടകസമിതിക്കുവേണ്ടി അമേരിക്കൻ നാടകകൃത്ത് ആർതർ മില്ലറുടെ വളരെ പ്രശസ്തമായ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നാടകങ്ങളിൽ ഒന്ന് എന്ന വിശേഷണത്തിന് അർഹമായ 'ഡെത്ത് ഓഫ് ഏ സെയിൽസ്മാൻ' എന്ന നാടകത്തിൽ മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നു. അതാണ് ഈ സിനിമയ്ക്ക് ദി സെയിൽസ്മാൻ എന്ന പേര് വരാനുള്ള കാരണം. ഒരു ദിവസം രാത്രി താമസിക്കുന്ന അപ്പാർട്ട്മെന്റ് തകർന്നുവീഴുമെന്ന സ്ഥിതി വന്നപ്പോൾ അവർ രണ്ടുപേരും അവിടെ നിന്ന് മാറുന്നു. നാടകത്തിലെ സഹ അഭിനേതാവായ ബബാക്ക് അവർക്ക് പുതിയൊരു അപ്പാർട്ട്മെന്റ് ഏർപ്പാടാക്കിക്കൊടുക്കുന്നു. അവിടെ ഒരു സ്ത്രീയായിരുന്നു മുൻപ് താമസിച്ചിരുന്നത്. ഒരു ദിവസം രാത്രി റാണ വീട്ടിൽ തനിച്ചുള്ളപ്പോൾ പുറത്ത് ബഹളം കേട്ട അവൾ അത് ഇമാദായിരിക്കുമെന്ന് കരുതി വാതിൽ തുറന്നിട്ട് കൊടുത്ത് കുളിക്കാൻ കയറുന്നു. വളരെ വൈകി ഇമാദ് വീട്ടിൽ തിരിച്ചെത്തുമ്പോൾ കാണുന്നത് ചോര തളംകെട്ടിക്കിടക്കുന്ന കുളിമുറിയായിരുന്നു. റാണയെ കാണ്മാനില്ല. റാണയ്‌ക്കെന്ത് സംഭവിച്ചു..?
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ എബൌട്ട് എല്ലി കണ്ടവർക്ക് അതിൽ എല്ലിയായി അഭിനയിച്ച തനാര അലിദൂസ്‌തിയെ മറക്കാൻ ഒരിക്കലും സാധ്യമല്ല, അവരാണ് ഈ ചിത്രത്തിൽ റാണയായി മികച്ച പ്രകടനം കാഴ്ച്ച വെച്ചിരിക്കുന്നതും. എബൌട്ട് എല്ലിയിൽ അഹ്മദായും ഏ സെപറേഷനിൽ നെഗറ്റീവ് ഷെയ്ഡുള്ള ഹോജയായും മികച്ച പ്രകടനം കാഴ്ച്ച വെച്ച അതേ ഷഹാബ് ഹുസൈനിയാണ് ഇമാദ് ആയി നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. ബബാക് കരീമി (ബബാക്), മിനാ സാദാത്തി (സനം), മരാൽ ബനീ ആദം (കാത്തി), മെഹ്ദി കൗഷ്ക്കി (സിയാവാഷ്), ഇമാദ് ഇമാമി (അലി), ഷിറിൻ അഗാക്കഷി (ഇസ്മത്), മുജ്തബ പിർഷാദേ (മാജിദ്), സഹ്‌റ അസദുല്ലാഹി (മോജ്ഗാൻ), ഫരീദ് സജ്ജാദി ഹുസൈനി (ഷഹ്നാസാരി), ഇഹ്ത്തറാം ബൊറൂമൻഡ് (മിസ്സിസ് ഷഹ്നാസാരി), സാം വാലിപോർ (സദ്ര) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..
📎 ʙᴀᴄᴋwᴀsʜ
■ മികച്ച വിദേശഭാഷാ സിനിമയ്ക്കുള്ള ഓസ്കാർ പുരസ്കാരം കരസ്ഥമാക്കിയിരുന്നു. കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനും (ഷഹാബ് ഹുസൈനി), മികച്ച തിരക്കഥയ്ക്കുമുള്ള (അസ്ഗർ ഫർഹാദി) പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനികളെ അമേരിക്കയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച് ചിത്രത്തിൻറെ സംവിധായകനായ അസ്ഗർ ഫർഹാദിയും മുഖ്യ നടിയായ തനാര അലിദൂസ്‌തിയും ഓസ്കാർ പുരസ്‌കാര ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. അസ്ഗർ ഫർഹാദിയുടെ അഭാവത്തിൽ ഇറാന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ യാത്രികയായ അനൗഷേ അൻസാരിയാണ് ദി സെയിൽസ്മാനിന് വേണ്ടി ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങിയത്..
7.8/10 . IMDb
85% . Metacritic
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ