Game Of Thrones » ᴀ ʀᴇᴛᴀʟɪᴀᴛᴇ
■ ഒരു ടെലിവിഷൻ സീരീസിന് റിവ്യൂ പറയുന്നത് തന്നെ ആദ്യമായിട്ടാണ്. ഏപ്രിൽ 14ന് ഗെയിം ഓഫ് ത്രോൺസിന്റെ എട്ടാമത്തെയും അവസാനത്തേയും സീസൺ പ്രീമിയർ ചെയ്യാനിരിക്കുന്ന ഈ സമയത്തു തന്നെ ഗെയിം ഓഫ് ത്രോൺസിനെക്കുറിച്ചു പറഞ്ഞേക്കാം എന്ന് കരുതി. ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ സീരീസ് ഒരു പക്ഷേ ഗെയിം ഓഫ് ത്രോൺസ് തന്നെയായിരിക്കും. 2011 ഏപ്രിൽ 17നാണ് ഗെയിം ഓഫ് ത്രോൺസിന്റെ ആദ്യ എപ്പിസോഡ് HBOയിൽ പ്രീമിയർ ചെയ്യുന്നത്. ടിവിയിൽ കണ്ടതിനേക്കാൾ കൂടുതൽ പ്രേക്ഷകർ ചിലപ്പോൾ ടെലെഗ്രാമിൽ നിന്നും ടോറന്റിൽ നിന്നും ഇതിന്റെ പൈറേറ്റഡ് കോപ്പികൾ ഡൗൺലോഡ് ചെയ്തു കണ്ടവരായിരിക്കും എന്നതാണ് വാസ്തവം. ജോർജ്ജ് RR. മാർട്ടിന്റെ എ സോങ് ഓഫ് ഐസ് & ഫയർ എന്ന ഫാന്റസി നോവൽ പ്രമേയമാക്കി ഡേവിഡ് ബെനിയോഫ്, D.B. വെയ്‌സ് എന്നിവരാണ് ഗെയിം ഓഫ് ത്രോൺസ് എന്ന ടെലിവിഷൻ സീരീസ് സൃഷ്ടിക്കുന്നത്. ഏഴ് സീസണുകളിലായി 67 എപ്പിസോഡുകളാണ് ഇതുവരെ പ്രീമിയർ ചെയ്തിരിക്കുന്നത്. റാമിൻ ജവാദിയാണ് ഗെയിം ഓഫ് ത്രോൺസിന്റെ അതിപ്രശസ്തമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഗെയിം ഓഫ് ത്രോൺസ് സീരീസിന്റെ സൃഷ്ടാക്കളായ D.B.വെയ്‌സും ഡേവിഡ് ബെനിയോഫും ഉൾപ്പെടെ പത്തൊൻപത് പേരാണ് വെവ്വേറെയായി പല എപ്പിസോഡുകളും സംവിധാനം നിർവഹിച്ചിരിക്കുന്നത്. 2012നും 2019നുമിടയിൽ ഒൻപത് എപ്പിസോഡുകൾ സംവിധാനം നിർവഹിച്ച ഡേവിഡ് നട്ടറാണ് മുൻപന്തിയിൽ നിൽക്കുന്നത്. നാല് എപ്പിസോഡുകളിൽ സംവിധായിക കുപ്പായമണിഞ്ഞ മിഷേലി മക്ലാരനാണ് സംവിധായകരിലെ ഏക സ്ത്രീ സാന്നിധ്യം. പതിനഞ്ച് പേരാണ് ഇതുവരെ പല എപ്പിസോഡുകളിലായി ഗെയിം ഓഫ് ത്രോൺസിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പത്ത് എപ്പിസോഡുകൾക്ക് ഛായാഗ്രഹണം നിർവഹിച്ച അനീറ്റ ഹേൽമിഗാണ് മുന്നിൽ. എഡിറ്റിംഗ് മേഖലയിൽ ഇതുവരെ എട്ട് പേരാണ് സാന്നിധ്യമറിയിച്ചത്. 18 എപ്പിസോഡുകൾക്ക് എഡിറ്റിംഗ് നിർവഹിച്ച കാറ്റി വെയ്‌ലാൻഡ് മുന്നിൽ നിൽക്കുന്നു. മറ്റു അണിയറക്കാരെക്കുറിച്ചു പറഞ്ഞാൽ ഇനിയും നീളം കൂടും എന്നുള്ളതുകൊണ്ട് ചുരുക്കുന്നു.
✍sʏɴᴏᴘsɪs
■ ദി നോർത്ത്, ദി കിങ്‌ഡം ഓഫ് മൗണ്ടെയ്ൻ & വെയ്ൽ, ദി കിങ്‌ഡം ഓഫ് ഇസിൽസ് & റിവേഴ്‌സ്, ദി കിങ്‌ഡം ഓഫ് ദി റോക്ക്, ദി കിങ്‌ഡം ഓഫ് ദി സ്ടോംലാന്റ്സ്, ദി കിങ്‌ഡം ഓഫ് ദി റീച്ച്, ദി പ്രിൻസിപ്പാലിറ്റി ഓഫ് ഡോർൺ എന്നിങ്ങനെ ഏഴ് സ്വതന്ത്ര സാമ്രാജ്യങ്ങൾ ഉൾക്കൊള്ളുന്ന വെസ്റ്ററോസ് എന്ന സാങ്കൽപ്പിക ഭൂഖണ്ഡം. സ്റ്റാർക്ക്, ലാനിസ്റ്റർ, ടൈറൽ, ആരിൻ, ടാർഗേറിയൻ, മാർട്ടെൽ, ബറാത്യോൻ, ഗ്രേജോയ്, ടുള്ളി എന്നിങ്ങനെ ഒൻപത് പ്രഗത്ഭ കുടുംബങ്ങൾ. സ്റ്റോംലാന്റ്സിൽ ഉൾപ്പെടുന്ന കിങ്‌സ്ലാന്റിംഗാണ് ഏഴ് മഹാസാമ്രാജ്യങ്ങളുടെയും തലസ്ഥാനം. വെസ്റ്ററോസിന്റെ അധികാരകേന്ദ്രം കിങ്‌സ്ലാന്റിങ്ങിലെ അയൺ ത്രോൺ എന്ന സിംഹാസനത്തിലിരിക്കുന്നവരാണ്. ഏഗൻ ടാർഗേറിയനായിരുന്നു ഏഴ് മഹാസാമ്രാജ്യങ്ങളെയും അടക്കി ഭരിച്ചിരുന്ന അയൺ ത്രോണിന്റെ ആദ്യത്തെ ചക്രവർത്തി. ഏഗൻ ടാർഗേറിയൻ പതിറ്റാണ്ടുകളോളം വെസ്റ്ററോസിനെ അടക്കി വാണു. അങ്ങനെ ടാർഗേറിയൻ രാജവംശം മൂന്ന് നൂറ്റാണ്ടുകളോളം അയൺ ത്രോണെന്ന സിംഹാസനത്തിന്റെ യഥാർത്ഥ അവകാശികളായി, മാഡ് കിങ് എന്നറിയപ്പെട്ട ഏരീസ് രണ്ടാമൻ ടാർഗേറിയന്റെ ഭരണകാലം വരെ. ഏരീസ് ആദ്യമൊക്കെ വളരേ നന്നായി തന്നെ രാജ്യം ഭരിച്ചു. ഏരീസിന്റെ വലംകൈയായിരുന്നു ടൈവിൻ ലാനിസ്റ്റർ. ടൈവിന്റെ മൂത്തപുത്രൻ ജെയ്‌മി ലാനിസ്റ്ററെ ഏരീസ് തന്റെ സുരക്ഷാഭടന്മാരുടെ തലവനായി നിയമിച്ചു. പിന്നീട് ഏരീസ്സിന്റെത് ദുർഭരണമായി പരിണമിച്ചു. റോബർട്ട് ബറാത്യൻ ഏരീസിനെതിരെ വിപ്ലവം നയിച്ചു. പക്ഷേ, ഏരീസിനെ ഹാൻഡ് ഓഫ് ദി കിങ്ങായ ടൈവിൻ ലാനിസ്റ്റർ തന്നെ ചതിച്ചു. ജെയ്മി ലാനിസ്റ്റർ ഏരീസിനെ പിന്നിൽ നിന്നും കുത്തിവീഴ്ത്തി വധിച്ചു. അങ്ങനെ റോബർട്ട് ബറാത്യൻ വെസ്റ്ററോസിന്റെ പുതിയ ചക്രവർത്തിയായി. റോബർട്ട് ബറാത്യൻ ജെയ്മി ലാനിസ്റ്റർക്കും ടൈവിൻ ലാനിസ്റ്റർക്കും മാപ്പ് നൽകി. ജെയ്മിയുടെ ഇരട്ടസഹോദരിയും ടൈവിന്റെ മകളുമായ സേർസി ലാനിസ്റ്ററെ റോബർട്ട് ബറാത്യൻ വിവാഹം കഴിച്ചു. ടാർഗേറിയൻ രാജവംശം അവിടെ അവസാനിച്ചു. ഏരീസിന്റെ മക്കളായ വിസേറിസും ഡിനേറിസും സ്വതന്ത്ര നഗരങ്ങളിലേക്ക് ഓടിപ്പോയി. അയൺ ത്രോൺ തിരിച്ചു പിടിക്കുകയായിരുന്നു പിന്നീടുള്ള അവരുടെ പരമമായ ലക്ഷ്യം. ടാർഗേറിയൻ ഭരണത്തിന് കീഴിൽ ഒരുമിച്ചു നിന്നിരുന്ന ഏഴ് സാമ്രാജ്യങ്ങളിലെ പ്രബല കുടുംബങ്ങളും ടാർഗേറിയൻ രാജവംശത്തിന്റെ പതനത്തിന് ശേഷം അയൺ ത്രോൺ പിടിച്ചെടുത്ത് വെസ്റ്ററോസിന്റെ പരമാധികാരം സ്വന്തമാക്കാൻ ശ്രമിക്കുന്നതായിട്ടാണ് കഥ.
പക്ഷേ, ഏരീസ് രണ്ടാമൻ ടാർഗേറിയന്റെ മറ്റൊരു മകനും ഡിനേറിസിന്റെയും വിസേറിസിന്റെയും സഹോദരനുമായ റീഗർ ടാർഗേറിയന് വിന്റർഫെലിന്റെ പ്രഭു എഡാർഡ് സ്റ്റാർക്കിന്റെ സഹോദരി ലിയാനയിൽ ജനിച്ച, വെസ്റ്ററോസിന്റെയും അയൺ ത്രോണിന്റെയും യഥാർത്ഥ അവകാശി എവിടെയോ ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാൽ ജീവിച്ചിരിക്കുന്നവരുടെ യഥാർത്ഥ ശത്രുക്കൾ, പുരാണങ്ങളിലും കെട്ടുകഥകളിലും മാത്രം വെസ്റ്ററോസിലെ ജനങ്ങൾ കേട്ടിട്ടുള്ള മരണപ്പെട്ടവരുടെ സൈന്യം, ദി വൈറ്റ് വാക്കേഴ്‌സ് വെസ്റ്ററോസിന്റെ അതിർത്തി, ദി വാളിനപ്പുറം അവസാന യുദ്ധത്തിന് വേണ്ടി പടയൊരുക്കം തുടങ്ങിക്കഴിഞ്ഞിരുന്നു. വൈറ്റ് വാക്കേഴ്‌സിനെതിരെ സെവൻ കിങ്‌ഡംസ് ഒന്നിക്കുമോ? വിന്റർ ഈസ് കമിങ്..
👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs
■ ഇതിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചവരുടെ പേരുകൾ എടുത്തെടുത്തു പറയുന്നത് തന്നെ ഏറെ ശ്രമകരമാണ്. എങ്കിലും ആരാധകർക്ക് പ്രിയപ്പെട്ടവരായ കുറച്ച് താരങ്ങളെക്കുറിച്ചു എടുത്ത് പറഞ്ഞേ തീരൂ. എമിലിയ ക്ലാർക്കാണ് ഏരീസ് രണ്ടാമൻ ടാർഗേറിയന്റെ മകളായ ഡിനാറിസ് ടാർഗേറിയന്റെ വേഷത്തിലെത്തിയിരിക്കുന്നത്. എഡാർഡ് സ്റ്റാർക്കിന്റെ ദത്തു പുത്രനായ ജോൺ സ്നോ എന്ന അതിപ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത് കിറ്റ് ഹാരിങ്‌ട്ടനാണ്. എഡാർഡ് സ്റ്റാർക്കിന്റെ ഇളയമകളും ഗെയിം ഓഫ് ത്രോൺസിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നുമായ ആര്യ സ്റ്റാർക്കായി എത്തിയ മായ്‌സീ വില്യംസിനെക്കുറിച്ചു പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ ആരാധകർ പഞ്ഞിക്കിട്ടേക്കും. ആര്യയുടെ മൂത്ത സഹോദരി സാൻസ സ്റ്റാർക്കിനോട് പ്രേക്ഷകർക്ക് സമ്മിശ്ര മനോഭാവമായിരിക്കും. സാൻസയെ അവതരിപ്പിച്ചിരിക്കുന്നത് സോഫി ടർണറാണ്. സീരീസിലെ വെറുക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായ സേർസി ലാനിസ്റ്ററായി വേഷമിട്ടിരിക്കുന്നത് ലെന ഹീഡിയാണ്. സേർസിയുടെ ഇരട്ട സഹോദരൻ ജെയ്മി ലാനിസ്റ്ററായി അഭിനയിച്ചിരിക്കുന്നത് നിക്കോലാജ് കോസ്റ്റർവൽഡോവാണ്. പീറ്റർ ഡിൻക്ലേജ് അവതരിപ്പിച്ച, സേർസിയുടെയും ജെയ്മിയുടെയും ഇളയസഹോദരൻ ടിറിയൻ ലാനിസ്റ്ററും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. സീരീസിൽ വളരേ കുറച്ച് എപ്പിസോഡുകളിലേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂവെങ്കിലും ജേസൺ മോമോവ അവതരിപ്പിച്ച ഖാൽ ഡ്രോഗോയും സീൻ ബീൻ അവതരിപ്പിച്ച എഡാർഡ് സ്റ്റാർക്കും പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച കഥാപാത്രങ്ങളാണ്. ക്രൂരതയുടെ പര്യായങ്ങളായിരുന്ന ജോഫ്രീ ബറാത്യോൺ, റാംസെ ബോൾട്ടൻ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത് യഥാക്രമം ജാക്ക് ഗ്‌ളീസൺ, ഇവാൻ റിയോൺ എന്നിവരാണ്. റിച്ചാർഡ് മാഡൺ (റോബ് സ്റ്റാർക്ക്), ഇസാക് ഹെമ്പ്സ്റ്റഡ് റൈറ്റ് (ബ്രാൻ സ്റ്റാർക്ക്), ആർട്ട് പാർക്കിൻസൺ (റിക്കോൺ സ്റ്റാർക്), മിഷേലി ഫെയർലി (കെയ്റ്റ്ലിൻ സ്റ്റാർക്ക്), ഊന ചാപ്ലിൻ (താലിസ മഗെയറി), പീറ്റർ വോൻ (മാസ്റ്റർ ഏമൻ), നതാലി ഡോർമെർ (മാർഗറി ടൈറൽ), കാരിസ് വാൻ ഹൗറ്റൻ (മെലിസാൻന്ദ്ര), കെറി ഇൻഗ്രാം (ഷിറീൻ ബറാത്യോൺ), ഇയാൻ ഗ്ലെൻ (ജോറാ മോർമോണ്ട്), അൽഫി അലൻ (തിയോൺ ഗ്രേജോയ്), ജോൺ ബ്രാഡ്‌ലി (സാംവെൽ ടാർലി), ഐഡൻ ഗിലെൻ (പീറ്റർ ബെയ്‌ലിഷ്), കോൺലത് ഹിൽ (ലോർഡ് വാരിസ്), ഗ്വേൻഡൊലിൻ ക്രിസ്റ്റി (ബ്രിയാനെ ഓഫ് ടാർത്), ഇന്ദിര വർമ്മ (എലേറിയ സാൻഡ്), റോസാബെൽ ലൊറേന്റി സെല്ലേഴ്സ് (ടൈയേൻ സാൻഡ്), കീഷ കാസിൽ ഹ്യൂസ് (ഒബാര സാൻഡ്), ജെസീക്ക ഹെൻവിക്ക് (നൈമേരിയ സാൻഡ്), മാർക്ക് അഡി (റോബർട്ട് ബറാത്യോൺ), കെയ്റ്റ് ഡിക്കി (ലൈസ അറീൻ), പിലോ അസ്‌ബെക് (യൂറോൺ ഗ്രേജോയ്), ലിയാം കണ്ണിങ്ഹാം (ഡാവോസ് സീവർത്ത്), ജെറോം ഫ്ലിൻ (ബ്രോൺ), നതാലി ഇമ്മാനുവൽ (മിസാണ്ടേ), റോറി മക്കാൻ (സാണ്ടർ ക്ലിഗെയ്ൻ), ജേക്കബ് ആൻഡേഴ്‌സൺ (ഗ്രേവേം), ചാൾസ് ഡാൻസ് (ടൈവിൻ ലാനിസ്റ്റർ), സ്റ്റീഫൻ ഡിലാനെ (സ്റ്റാനിസ് ബറാത്യോൺ), ഹന്ന മുറേ (ഗില്ലി), ക്രിസ്‌റ്റ്യൻ നയേൺ (ഹോഡോർ), ഫിൻ ജോൺസ് (ലോറാസ് ടൈറൽ), സിബേൽ കെകില്ലി (ഷേ), മൈക്കൽ മക്കേൽഹട്ടൻ (റൂസ് ബോൾട്ടൻ), ഓവൻ ടിയേൽ (അലിസ്റ്റർ തോൺ), മിച്ചൽ ഹുയ്‌സ്മാൻ (ഡാരിയോ നഹാരിസ്), ഡയാന റിഗ് (ഒലേന ടൈറൽ), ഡീൻ ചാൾസ് ചാപ്മാൻ (ടോമെൻ ബറാത്യോൺ), റോസ് ലെസ്ലി (വൈഗ്രിറ്റ്), നതാലി ടെന (ഓശാ), എല്ലി കെൻഡ്രിക് (മീര റീഡ്), യൂജിൻ സൈമൺ (ലാൻസൽ ലാനിസ്റ്റർ), ജെമ്മ വെലാൻ (യാര ഗ്രേജോയ്), ഹാഫ്‌ബോർ ജൂലിയസ് ജോൺസൺ (ഗ്രിഗർ ക്ലിഗെയ്ൻ), എസ്മെ ബ്യാൻകോ (റോസ്) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
📎 ʙᴀᴄᴋwᴀsʜ
■ ടിറിയൻ ലാനിസ്റ്ററായി ഗംഭീര പ്രകടനം നടത്തിയതിന് പീറ്റർ ഡിൻക്ലേജിന് ടെലിവിഷൻ സീരീസിലെ മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ചിരുന്നു. 2012ൽ ഗെയിം ഓഫ് ത്രോൺസ് ആരാധന മൂത്ത് അമേരിക്കയിൽ 160 പെൺകുഞ്ഞുങ്ങൾക്കായിരുന്നു ഖലീസി എന്ന് നാമകരണം ചെയ്തത്. എമിലിയ ക്ലാർക് അവതരിപ്പിച്ച ഡിനാറിസ് ടാർഗേറിയന്റെ സ്ഥാനപ്പേരുകളിൽ ഒന്ന് മാത്രമായിരുന്നു ഖലീസി. എന്തിന് പറയണം ശ്രീലങ്കയുടെ വിരമിച്ച ക്രിക്കറ്റർ മഹേല ജയവർധനെ തന്റെ പെൺകുഞ്ഞിനിട്ട പേര് സാൻസ ആര്യ ജയവർധനെ എന്നായിരുന്നു. എഡാർഡ് സ്റ്റാർക്കിന്റെ രണ്ട് പെൺകുട്ടികളുടെ പേരുകളാണല്ലോ സാൻസയും ആര്യയും. തന്റെ ക്രൂരതയും വിഷാദരോഗവുംകൊണ്ട് കുപ്രസിദ്ധനായ ജോഫ്രി ബറാത്യോൺ എന്ന കഥാപാത്രം ദി ഗ്ലാഡിയേറ്റർ എന്ന പ്രശസ്ത ഹോളിവുഡ് സിനിമയിലെ കൊമോഡസ് സീസർ എന്ന കഥാപാത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. നോർത്തേൺ അയർലൻഡ്, ഐസ്ലാൻറ്, സ്കോട്ട്ലാന്റ്, മാൾട്ട, ക്രോയേഷ്യ, സ്പെയിൻ, മൊറോക്കോ, യുഎസ് എന്നിവിടങ്ങളിൽ വെച്ചാണ് ഗെയിം ഓഫ് ത്രോൺസിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്.
9.5/10 . IMDb
Riγαs Ρυliκκαl
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ