ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Girl With The Dragon Tattoo


The Girl With The Dragon Tattoo » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ വസ്ത്രധാരണ രീതി കൊണ്ട് സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നവർ ഏറെയാണ്. നല്ല കട്ടത്താടിയും മുടിയും വളർത്തി നടക്കുന്ന ചെറുപ്പക്കാരെ കഞ്ചാവാണെന്നും മയക്കുമരുന്നാണെന്നും പറഞ്ഞ് ഒരു കാര്യവുമില്ലാതെ പുറമെയുള്ള ലുക്ക് മാത്രം നോക്കി അകത്തിടാറുണ്ടായിരുന്നു ഒരു കാലത്ത് പോലീസ്. ഇന്നലെ തന്നെ തന്റെ മുടി പോലീസുകാർ പിടിച്ചു വെട്ടിയെന്നു ഒരു പയ്യൻ കരഞ്ഞുകൊണ്ട് പറഞ്ഞ വീഡിയോ നമ്മളെല്ലാവരും കണ്ടതാണ്. അതിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലായിരുന്നു ഒരു മെക്സിക്കൻ അപാരത എന്ന സിനിമയിൽ "ഞങ്ങൾ താടി വളർത്തും മീശ വളർത്തും മുട്ടോളം മുട്ടറ്റം മുടിയും വളർത്തും" എന്ന പാട്ടിറങ്ങിയത്. മഹാപ്രളയത്തിന്റെ സമയത്താണ് പുറമെയുള്ള ലുക്കിന്റെ പേരിൽ മാത്രം ഫ്രീക്കന്മാരെന്നും കഞ്ചാവെന്നും പറഞ്ഞ് നമ്മൾ അകറ്റി നിർത്തിയ അതേ ചെറുപ്പക്കാരുടെ വില കേരളമറിഞ്ഞത്. അതുകൊണ്ട് ലുക്കിലൊന്നും വല്ല്യ കാര്യമില്ല, വർക്കിലാണ് കാര്യം. അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തിന്റെ പ്രതിനിധിയാണ് ഇതിലെ നായിക ലിസ്ബെത്ത്. ശരിക്കും ആരായിരുന്നു ദി ഗേൾ വിത്ത്‌ ദി ഡ്രാഗൺ ടാറ്റൂ എന്ന ലിസ്ബെത്ത് സലാൻഡർ.


■ ഡേവിഡ് ഫിഞ്ചർ സംവിധാനം നിർവഹിച്ച സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷണൽ ക്രൈം ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ദി ഗേൾ വിത്ത്‌ ദി ഡ്രാഗൺ ടാറ്റൂ. സ്വീഡിഷ് നോവലിസ്റ്റായ സ്റ്റീഗ് ലാർസന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി സ്റ്റീവൻ സൈലിയനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മില്ലേനിയം ഫിലിം സീരീസിലെ ആദ്യത്തെ സിനിമയാണിത്. സ്റ്റീഗ് ലാർസന്റെ മില്ലേനിയം നോവൽ ട്രയോളജിയെ ആസ്പദമാക്കി സ്വീഡിഷിൽ ഫിലിം സീരീസുകളും ടെലിവിഷൻ സീരീസുകളും ഉണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ റീമേക്ക് എന്ന് പറയാം ഈ സിനിമയെ. ഫെഡെ അൽവാരസ് സംവിധാനം നിർവഹിച്ച ദി ഗേൾ ഇൻ ദി സ്പൈഡേഴ്സ് വെബ് ആണ് ഈ ഹോളിവുഡ് സീരീസിലെ രണ്ടാമത്തെ സിനിമ. ജെഫ് ക്രോണൻവേത് ഛായാഗ്രഹണവും കിർക് ബാക്സ്റ്ററും ആംഗസ് വാളും ചേർന്ന് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ട്രെന്റ് റെസ്‌നോറും അറ്റിക്കസ് റോസും ചേർന്നൊരുക്കിയ അതിഗംഭീര പശ്ചാത്തല സംഗീതമാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.


✍sʏɴᴏᴘsɪs               

■ സ്വീഡനിലെ പ്രശസ്ത ലൈഫ് സ്റ്റൈൽ മാഗസിന്റെ സഹഉടമസ്ഥനും മാധ്യമപ്രവർത്തകനുമായ മൈക്കൽ ബ്ലോൻക്വിസ്റ്റ്, സ്വീഡനിലെ അറിയപ്പെടുന്ന ഒരു ബിസിനെസ്സുകാരനായിരുന്ന ഹാൻസ്-എറിക് വെന്നർസ്ട്രോമിനെതിരെ അഴിമതിയാരോപിച്ച് തന്റെ മാഗസിനിലെഴുതിയത് തെളിയിക്കുന്നതിൽ പരാജയപ്പെടുന്നു. അങ്ങനെ തന്റെ കരിയറിന്റെ മഹാമോശം സമയത്ത് നിൽക്കുമ്പോഴാണ് അയാളെത്തേടി സ്വീഡനിലെ ഏറ്റവും വലിയ ബിസിനെസ്സ് കുടുംബമായിരുന്ന വാംഗർ കുടുംബത്തിന്റെ തലവൻ ഹെൻറിക് വാംഗറിൽ നിന്നും ഒരു ഓഫർ വരുന്നത്. തന്റെ ഓർമ്മക്കുറിപ്പുകൾ എഴുത്തുകയെന്ന വ്യാജേന നാല്പത്ത് വർഷങ്ങൾക്ക് മുൻപ്, അതായത് 1966ൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് അന്വേഷിക്കണം. തന്റെ സഹോദരൻ റിക്കാർഡിന്റെ കൊച്ചുമകളായിരുന്ന ഹാരിയറ്റ് എന്ന പതിനാറുകാരിയെ കാണാതായത് അന്നുമുതലാണ്. ഹാരിയറ്റ് കൊല്ലപ്പെട്ടെന്ന് തന്നെ വിശ്വസിക്കുന്ന ഹെൻറിക് വാംഗർ, ഹാരിയറ്റിന്റെ തിരോധാനത്തിന് പിന്നിലുള്ള രഹസ്യം കണ്ടുപിടിക്കാൻ മൈക്കലിന് മുന്നിലേക്ക് വലിയൊരു ഓഫർ നീട്ടുന്നു. വലിയൊരു പ്രതിഫലവും പിന്നെ മൈക്കലിനെ അപമാനിതനാക്കിയ ഹാൻസ്-എറിക് വെന്നർസ്ട്രോമിന്റെ അഴിമതികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന തെളിവുകളും. അതും ഹാരിയറ്റിന്റെ തിരോധാനത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ജെയിംസ് ബോണ്ട്‌ സിനിമകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ഡാനിയേൽ ക്രെയ്ഗ് ആണ് മൈക്കൽ ബ്ലോൻക്വിസ്റ്റ് എന്ന മാധ്യമപ്രവർത്തകനായി വേഷമിട്ടിരിക്കുന്നത്. മൈക്കലിന്റെ ഈ റോളിന് വേണ്ടി ഡാനിയേൽ ക്രെയ്ഗ് മത്സരിച്ചത് ബ്രാഡ് പിറ്റ്, ജോർജ് ക്ലൂണി, ജോണി ഡെപ്പ് തുടങ്ങിയ പ്രഗത്ഭരോടായിരുന്നു എന്നറിയുക. ലിസ്ബെത് സലാൻഡറെന്ന, ഒരു തരത്തിലും പിടിതരാത്ത അസ്ഥിര സ്വഭാവ സവിശേഷതകളുള്ള പെൺകുട്ടിയായി റൂണി മാര വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ലിസ്ബെത്തിന്റെ വേഷത്തിനായി രംഗത്തുണ്ടായിരുന്നത് നതാലി പോർട്മാൻ, ക്രിസ്റ്റൻ സ്റ്റിവാർട്ട്, ജെന്നിഫർ ലോറൻസ്, എമ്മ വാട്സൺ, സ്കാർലറ്റ് ജോഹാൻസൺ തുടങ്ങിയവരായിരുന്നു. ഇവരെയൊക്കെ മറികടന്നാണ് റൂണി മാര, ലിസ്ബെത് സലാൻഡറായി സ്‌ക്രീനെത്തിയത്. വാംഗർ ഫാമിലിയുടെ തലവനായ ഹെൻറിക് വാംഗറായി അഭിനയിച്ചിരിക്കുന്നത് ക്രിസ്റ്റഫർ പ്ലമ്മറാണ്. ഹാരിയാറ്റിന്റെ സഹോദരൻ മാർട്ടിൻ വാംഗറായി സ്റ്റെല്ലാൻ സ്കാസ്ഗാർഡും വേഷമിട്ടിരിക്കുന്നു. റോബിൻ റൈറ്റ് (എറിക്ക ബെർഗെർ, മില്ലേനിയം മാഗസിന്റെ സഹഉടമ), സ്റ്റീവൻ ബെർക്കോഫ്‌ (ഡിർച്ച് ഫ്രോഡെ), യോറിക്ക് വാൻ വാഗാനിംഗൻ (നിൽസ് ജുർമാൻ/ലിസ്ബെത്തിന്റെ ലീഗൽ ഗാർഡിയൻ), മോവ ഗാർപെന്റാൽ (ഹാരിയറ്റ് വാംഗർ), ജോയേലി റിച്ചാർഡ്സൺ (അനീറ്റ), ജോസഫൈൻ ആസ്പ്ലൻഡ് (പെർനില്ല ബ്ലോൻക്വിസ്റ്റ്, മൈക്കലിന്റെ മകൾ), ഉൾഫ് ഫ്രിബെർഗ് (ഹാൻസ്-എറിക് വെന്നർസ്‌ട്രോം) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsh

■ മികച്ച ഫിലിം എഡിറ്റിംഗിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു. ലിസ്ബെത് സലാണ്ടറായുള്ള ഗംഭീര പ്രകടനത്തിന് റൂണി മാരയ്ക്ക് മികച്ച നടിക്കുള്ള ഓസ്കാർ നാമനിർദ്ദേശവും ലഭിച്ചിരുന്നു. കൂടാതെ മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദമിശ്രണം, മികച്ച സൗണ്ട് എഡിറ്റിംഗ്‌ എന്നിവയ്ക്കുള്ള ഓസ്കാർ നാമനിർദ്ദേശങ്ങളും ലഭിച്ചിരുന്നു. ലിസ്ബെത് സലാൻഡർ എന്ന കഥാപാത്രത്തിന് വേണ്ടി റൂണി മാര ചെയ്ത പല ബോഡി പിയേഴ്‌സിങ്ങുകളും ഒറിജിനലായിരുന്നു, മേയ്ക്കപ്പല്ല. മാത്രമല്ല, ആ കഥാപാത്രത്തിന് വേണ്ടി റൂണി സംവിധായകൻ ഡേവിഡ് ഫിഞ്ചർ പറയാതെ തന്നെ ശരീരഭാരം കുറച്ചിരുന്നു. ഡാനിയേൽ ക്രൈഗ് തന്റെ കഥാപാത്രം ജെയിംസ് ബോണ്ട്‌ തന്നെയാണ് എന്ന് പ്രേക്ഷകർ തെറ്റിദ്ധരിക്കരുത് എന്ന് കരുതി ശരീരഭാരം കൂട്ടിയിരുന്നു..



7.8/10 . IMDb
86% . Rotten Tomatoes



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Moebius

Moebius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ധൈര്യപ്പെടാത്ത പ്രമേയങ്ങളിൽ കൈവെക്കുകയും അത് തന്റെ മേക്കിങ്ങിലെ വൈഭവം കൊണ്ട് ക്ലാസ്സിക്‌ ആക്കുകയും ചെയ്യുന്നൊരു സംവിധായകനുണ്ടെങ്കിൽ അത് കൊറിയൻ സംവിധായകൻ കിം കി ഡുക് ആണ്. ഈ സിനിമ ഏത് ജോണറിൽപ്പെടും എന്ന് പറയുക തന്നെ അതികഠിനമാണ്. എങ്കിലും ഹൊറർ ഡ്രാമ എന്നങ്ങു പറഞ്ഞു തടി രക്ഷിച്ചേക്കാം. എന്തായാലും ഈ സിനിമ ഒരു ഇന്ത്യൻ ചലച്ചിത്രകാരൻ കോപ്പിയടിക്കുകയോ ഒദ്യോഗികമായി തന്നെ റീമേയ്ക്ക് ചെയ്യുകയോ ചെയ്യും എന്നൊരു പേടി അസ്ഥാനത്താണ്. കൊറിയൻ സെൻസർ ബോർഡ് തന്നെ ആദ്യം ബാൻ ചെയ്തിരുന്ന പടമാണ് ഇതെന്ന് ഓർക്കുക. പിന്നീട് റേറ്റിങ് മാറ്റി റിവ്യൂ ചെയ്തിട്ടാണ് ഇതിന്റെ റിലീസ് അനുവദിച്ചത്. കിം കി ഡുക് തന്നെയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹം തന്നെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഇന്യോങ് പാർക്കിന്റേതാണ് പശ്ചാത്തല സംഗീതം. Statutory Warning : അതിഭയങ്കരമായ വിധം ധൈര്യമുള്ളവരും "തൊലിക്കട്ടി"യുള്ളവരും മാത്രം കാണുക. അല്ലാത്തവർ കണ്ടിട്ട് എന്റെ പൂർവ്വികന്മാരെ സ്മരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ✍sʏɴᴏᴘsɪs                ■ ഭർത്ത

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs