ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Inception Explained


Inception » Explained

ക്രിസ്റ്റഫർ നോളൻ സംവിധാനം നിർവഹിച്ച സൈക്കോളജിക്കൽ ത്രില്ലർ സയൻസ് ഫിക്ഷൻ ഹോളിവുഡ് ചിത്രമായിരുന്നു ഇൻസെപ്‌ഷൻ. ലിയനാർഡോ ഡികാപ്രിയോ തകർത്തഭിനയിച്ച ഇൻസെപ്‌ഷൻ സജസ്റ്റ് ചെയ്ത ശേഷം അത് കണ്ട പലരുടെയും പൊതുവായ സംശയങ്ങൾ ഇവയായിരുന്നു. സ്വപ്നത്തെ നിയന്ത്രിക്കൽ സാധ്യമാണോ? അങ്ങനെ സാധ്യമാണെങ്കിൽ തന്നെ സ്വപ്നത്തിനുള്ളിലെ സ്വപ്നം അസാധ്യമല്ലേ? എന്താണ് Limbo? ഇൻസെപ്‌ഷൻറെ ക്ലൈമാക്സ് ശരിക്കും എന്താണെന്ന് എക്സ്പ്ലൈൻ ചെയ്യാമോ? നോളൻ സംവിധാനം ചെയ്ത പത്ത് സിനിമകളും മികച്ചവയാണെങ്കിലും അതിലേറ്റവും മികച്ചത്തേതെന്ന ചോദ്യത്തിന് ഇന്റർസ്റ്റല്ലാറിനെ പോലും പിന്തള്ളി പലരും ഉത്തരം നൽകിയത് ഇൻസെപ്‌ഷൻ എന്നായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളിൽ ഒന്ന് എന്നുപോലും ചിലർ ഇൻസെപ്‌ഷനെ വാഴ്ത്തി. എന്താണ് ഇൻസെപ്‌ഷനിലെ നിഗൂഢത? പലരുടെയും ചോദ്യങ്ങൾക്ക് ഒന്നൊന്നായി ഉത്തരം നൽകാനുള്ള ശ്രമമാണ്. എക്സ്പ്ലനേഷനാണ് അതുകൊണ്ട് സ്‌പോയ്‌ലറുകളും ഉണ്ടായിരിക്കും എന്നത് എന്നത്തേയും പോലെ ഉണർത്തുന്നു. ഇൻസെപ്‌ഷൻ കാണാത്തവർ ഈ വഴിക്ക് വന്നേക്കരുത്.


സൈറ്റോ എന്ന ജപ്പാൻകാരന് വേണ്ടി അയാളുടെ ബിസിനസ് എതിരാളി മൗറിസ് ഫിഷറുടെ മകനും ഏക അവകാശിയുമായ റോബർട്ട് ഫിഷറിന്റെ സ്വപ്നത്തിൽ കയറി അയാളെ കുടുംബ ബിസിനസ്സിൽ നിന്നും പിന്തിരിപ്പിക്കുക എന്ന ദൗത്യവുമായി ഡൊമിനിക് കോബിന്റെ നേതൃത്വത്തിൽ ഒരു സംഘം സ്വപ്ന മോഷ്ടാക്കളിറങ്ങുന്നു. സ്വന്തം ഭാര്യയെ കൊന്നു എന്ന കുറ്റത്തിന് അമേരിക്കയിൽ ക്രിമിനൽ കേസ് നിലവിലുള്ള കോബിന്റെ ക്രിമിനൽ കേസ് തന്റെ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കിത്തരാം എന്നായിരുന്നു സൈറ്റോ കോബിന് കൊടുക്കാമെന്നേറ്റ പ്രതിഫലം. എങ്കിൽ മാത്രമേ കോബിന് അമേരിക്കയിലേക്ക് മടങ്ങാനും തന്റെ രണ്ട് കുട്ടികളെ കാണാനും സാധിക്കൂ. ഇതാണ് ഇൻസെപ്‌ഷൻറെ സംഗ്രഹം.

ഇനിയാണ് ചോദ്യങ്ങളും ഉത്തരങ്ങളും..


എന്താണ് ലൂസിഡ് ഡ്രീംസ്‌?

നമ്മൾ സ്വപ്നത്തിലാണ് എന്ന് നമുക്ക് തന്നെ ബോധ്യമായാൽ ആ സ്വപ്നത്തെ നമുക്ക് നിയന്ത്രിക്കാനാവും. അതിലെ കഥാപാത്രങ്ങളെ, കഥയെ, ചുറ്റുപാടിനെയൊക്കെ നമുക്ക് നിയന്ത്രിക്കാം. ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ലൂസിഡ് ഡ്രീമിങ് അനുഭവിക്കാത്തവർ ഉണ്ടാവില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. നിരന്തരമായ പരിശീലനത്തിലൂടെ ലൂസിഡ് ഡ്രീമിങ് ചെയ്യാനുള്ള കഴിവ് വളർത്തിയെടുക്കാമെന്നും അതിൽ പറയുന്നുണ്ട്. ക്രിസ്റ്റഫർ നോളൻ സ്ഥിരമായി ലൂസിഡ് ഡ്രീമിങ് ചെയ്തിരുന്നു. അതാണ്‌ അദ്ദേഹത്തെ ഇൻസെപ്‌ഷൻ എന്ന സിനിമയിലേക്ക് നയിച്ചത്. അദ്ദേഹം മാത്രമല്ല, ഹോളിവുഡിലെ സംവിധായക പ്രതിഭകളിലൊരാളായ ജെയിംസ് കാമെറോൺ, പ്രഗത്ഭ ശാസ്ത്രജ്ഞരായ നിക്കോളാസ് ടെസ്‌ല, ആൽബർട്ട് ഐൻസ്റ്റിൻ തുടങ്ങിയവരും ലൂസിഡ് ഡ്രീമിങ്ങിൽ പ്രാഗൽഭ്യം നേടിയവരായിരുന്നു.


സ്വപ്നത്തിനുള്ളിലെ സ്വപ്‍നം സാധ്യമാണോ?

ഒരു സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നപ്പോഴും നിങ്ങൾ ഉറക്കത്തിൽ തന്നെയായ അനുഭവമുണ്ടായിട്ടുണ്ടോ? ഇത് തന്നെയാണ് സ്വപ്നത്തിനുള്ളിലെ സ്വപ്നവും. മാത്രമല്ല, സ്വപ്നത്തിൽ വേറൊരു സ്വപ്നം കണ്ടതായി പലരും അനുഭവം പറഞ്ഞിട്ടുണ്ട്. അതിലെ തമാശയെന്താണെന്നു വെച്ചാൽ ഭൂരിഭാഗവും "എനിക്കെന്തെങ്കിലും അസുഖമാണോ ഡോക്ടർ" എന്ന സംശയക്കാരായിരുന്നു. അതിനാൽ തന്നെ സ്വപ്നത്തിനുള്ളിലെ സ്വപ്നവും സാധ്യമാണ്. സ്വപ്നം നിയന്ത്രിക്കാനുള്ള കഴിവുണ്ടെങ്കിൽ പിന്നെ സ്വപ്നത്തിനുള്ളിൽ സ്വപ്നം കാണാനുള്ള കഴിവും ഉണ്ടാക്കാമല്ലോ..


എന്താണ് ലിമ്പോ?

ക്രിസ്‌ത്യൻ വിശ്വാസപ്രകാരം മരണശേഷം സ്വർഗ്ഗാവകാശിയാണോ നരവകാശിയാണോ എന്ന് വിധിക്കുന്നതിനു മുൻപ് ആത്മാവ് ജീവിക്കുന്ന ഇടമാണ് ലിമ്പോ. ഇൻസെപ്‌ഷനിൽ ഒരു വ്യക്തി സ്വപ്നത്തിനും യഥാർത്ഥ ജീവിതത്തിനും ഇടയ്ക്ക് കുടുങ്ങിക്കിടക്കുന്നതിനെയാണ് ലിമ്പോ എന്ന് വിളിക്കുന്നത്. യഥാർഥ ജീവിതത്തിന്റെ  ഒരു ഓർമ്മയുമില്ലാതെ ആഴത്തിൽ  ഉപബോധ മനസ്സിലൂടെയുള്ള ജീവിതമാണ് ഇൻസെപ്‌ഷനിലെ ലിമ്പോ. സ്വപ്നമാണ് യാഥാർഥ്യം എന്ന് അവർ അവരെ തന്നെ വിശ്വസിപ്പിച്ചിരിക്കും. ലിമ്പോയിൽ നിന്നും പെട്ടെന്ന് മടങ്ങി വന്നില്ലെങ്കിൽ ജീവിതകാലം മുഴുവൻ കോമയായിരിക്കും ഫലം. കോബിന്റെ ഭാര്യ മാളും റോബർട്ട് ഫിഷറും സൈറ്റോയുമൊക്കെ ലിമ്പോയിൽ കുടുങ്ങിക്കിടന്നവരായിരുന്നു. സൈറ്റോയും റോബർട്ട് ഫിഷറും സ്വപ്നത്തിന്റെ മൂന്നാം ഘട്ടത്തിലുള്ള മരണത്തിലൂടെയും മാളും കോബും അരിയാഡ്‌നിയും മൂന്ന് ഡ്രീം ലെവലിന് ശേഷമുള്ള ഉറക്കത്തിലൂടെയും ഡ്രീം ലെവലിൽ ഉൾപ്പെടാത്ത ലിമ്പോയിലെത്തിച്ചേരുകയായിരുന്നു. സാധാരണ സ്വപ്നത്തിലെ മരണം ഒരു കിക്ക് പോലെ നമ്മളെ യാഥാർഥ്യത്തിലേക്ക് ഉണർത്തുമ്പോൾ ആഴത്തിലുള്ള സ്വപ്നത്തിലെ മരണം ലിമ്പോയിലേക്കാണ് അയക്കുന്നത്. മൂന്ന് ഘട്ടത്തിനപ്പുറത്തേക്കുള്ള ഉറക്കവും വ്യക്തികളെ ലിമ്പോയിലെത്തിക്കും. ലിമ്പോയിൽ കിടക്കുന്ന ഒരു വ്യക്തിക്ക് മറ്റൊരാളുടെ സഹായമില്ലാതെ, അല്ലെങ്കിൽ അവർ സ്വപ്നത്തിലാണ് എന്ന് ബോധ്യപ്പെടുത്താൻ ആളില്ലാതെ രക്ഷപ്പെടുക അസാധ്യമാണ്. ലിമ്പോയിലെ മരണം തന്നെയായിരിക്കും ജീവിതത്തിലേക്കുള്ള ഒരേയൊരു എളുപ്പവഴി. സൈറ്റോയും മാളും ലിമ്പോയിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പക്ഷേ, മാളിന്റെ കാര്യത്തിൽ കോബിനൊരു തെറ്റുപറ്റി. സ്വപ്നത്തിൽ നിന്നും രക്ഷപ്പെടാൻ ആത്മഹത്യയാണ് ഏക പോംവഴി എന്നത് കോബ് അവളിൽ ഇൻസെപ്‌ഷൻ ചെയ്തു. പക്ഷേ, യഥാർത്ഥ ജീവിതവും അവൾ സ്വപ്‌നമാണെന്ന്‌ തെറ്റിദ്ധരിച്ചു അതിൽ നിന്നും രക്ഷപ്പെടാനുള്ള വഴി ആത്മഹത്യ തെരെഞ്ഞെടുത്തു.


ഇൻസ്‌പെഷനിലെ സ്വപ്നത്തിലേ രണ്ടാം ഘട്ടമായ ഹോട്ടലിലെ സീറോ ഗ്രാവിറ്റി സീനുകളുടെ പിന്നിലെ രഹസ്യമെന്താണ്. എങ്ങനെയവിടെ സീറോ ഗ്രാവിറ്റി സാധ്യമായി?

യഥാർത്ഥത്തിൽ നമ്മൾ മണിക്കൂറുകളോളം കണ്ടു എന്ന് വിചാരിക്കുന്ന സ്വപ്നങ്ങളിൽ അധികവും വെറും അഞ്ച് മിനിറ്റുകൾക്കുള്ളിൽ സംഭവിച്ചതായിരിക്കും. യഥാർത്ഥ ജീവിതത്തിലെ സമയവും സ്വപ്നത്തിലെ സമയവും തമ്മിൽ അത്രയ്ക്കുണ്ട് വ്യത്യാസം. അഞ്ച് മിനിറ്റ് കൊണ്ട് അര മണിക്കൂറിലേറെ സ്വപ്നം കാണാം. ഇൻസെപ്‌ഷനിലെ ആദ്യം ഡ്രീം ലെവലായ "മഴയുള്ള രാത്രിയിലെ" കാറിൽ വെച്ചാണ് രണ്ടാമത്തെ ഡ്രീം ലെവലായ ഹോട്ടൽ റൂമിലേക്ക് യൂസുഫ് ഒഴികെയുള്ള ടീം അംഗങ്ങൾ പ്രവേശിക്കുന്നത്. യൂസുഫ് കാണുന്ന 5 മിനുട്ടിനുള്ളിലെ സ്വപ്നമാണ് മഴയുള്ള രാത്രി. അഞ്ച് മിനിറ്റിനുള്ളിൽ അര മണിക്കൂറിലേറെയുള്ള സ്വപ്നം കാണാമെന്നിരിക്കെ രണ്ടാമത്തെ ഡ്രീം ലെവലായ ആർതർ കാണുന്ന ഹോട്ടൽ റൂം സ്വപ്നത്തിന്റെ ദൈർഘ്യം ഒന്നാമത്തതിന്റെ ഇരട്ടിയായിരിക്കും. യഥാർത്ഥ ജീവിതത്തിലെ വിമാന യാത്ര അവരുടെ സ്വപ്നത്തെ എത്രത്തോളം ബാധിക്കുമോ അത്രത്തോളം തന്നെ ആദ്യ ഡ്രീം ലെവലിലെ എല്ലാ മാറ്റങ്ങളും രണ്ടാം ഡ്രീം ലെവലിനെയും ബാധിക്കും. ടീം അംഗങ്ങളുമായി കാറിൽ പായുന്ന യൂസഫ് ശത്രുക്കളിൽ നിന്നും രക്ഷപ്പെടാനും ഡ്രീം ലെവലിൽ നിന്നും രക്ഷപ്പെടാനുമുള്ള കിക്കിനും വേണ്ടി കാർ പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് ഓടിക്കുകയായിരുന്നു. അഞ്ച് മിനിറ്റ് കൊണ്ട് അര മണിക്കൂർ സ്വപ്നം കാണാമെങ്കിൽ അര മണിക്കൂറ് കൊണ്ട് ആറു മണിക്കൂർ സ്വപ്നമെന്ന ലോജിക്ക് വെച്ച് കാർ വെള്ളത്തിൽ പതിക്കുന്ന വേഗത രണ്ടാമത്തെ ഡ്രീം ലെവലിലെ ആറു മണിക്കൂർ സമയമായിരിക്കും. അതാണ്‌ സിനിമയിലെ സ്ലോ മോഷൻ കൊണ്ട് ഉദ്ദേശിക്കുന്നതും. കാർ ഭൂരിഭാഗം സമയവും അന്തരീക്ഷത്തിലായതുകൊണ്ട് രണ്ടാമത്തെ ഡ്രീം ലെവലിലെ ഹോട്ടൽ സീൻ സീറോ ഗ്രാവിറ്റിയിൽ സാധ്യമാകുന്നു.


ഇൻസെപ്‌ഷൻറെ ക്ലൈമാക്സ് എന്താണ്? 

ഇൻസെപ്‌ഷനു പലരും എക്സ്പ്ലനേഷൻ നൽകിയിട്ടും എക്സ്പ്ലനേഷൻ നൽകാതെ ബാക്കിയുള്ള ഒരേയൊരു ചോദ്യം അതാണ്‌. എന്തുകൊണ്ട് ആ ചോദ്യത്തിന് ഇന്നും ആരും ഉത്തരം നൽകിയില്ല? ഇൻസെപ്‌ഷൻ എന്ന ചിത്രത്തിലുടനീളം കോബ് ഒരു ചെറിയ പമ്പരം പോലൊരു വസ്തു കൂടെ കൊണ്ടുനടക്കുന്നുണ്ട്. അത് കറക്കിയാൽ, യഥാർത്ഥ ജീവിതത്തിലാണെങ്കിൽ അൽപ്പസമയം കറങ്ങിയ ശേഷം അത് കറക്കം നിർത്തി വീഴും. സ്വപ്നത്തിലാണെങ്കിൽ അത് അനന്തമായി അങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കും. താൻ സ്വപ്നത്തിലാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ കോബ് കണ്ടെത്തിയ ഉപായം. അവസാനം തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം സ്വന്തം വീട്ടിൽ കുട്ടികളുടെയടുത്ത് തിരിച്ചെത്തുന്ന കോബ് അത് വീണ്ടും കറക്കി വിടുന്നുണ്ട്. പക്ഷേ, കുട്ടികളെ കണ്ട അയാൾ അതിൽ നിന്നും ശ്രദ്ധ മാറി കുട്ടികളുടെയടുത്തേക്ക് നടന്നടുക്കുകയായിരുന്നു. എന്നാൽ കോബിന്റെ ശ്രദ്ധ പമ്പരത്തിൽ നിന്നും മാറിയിട്ടും ഞാനടക്കം പല പ്രേക്ഷകരും അതിന് പിന്നാലെ തന്നെയായിരുന്നു. അതങ്ങനെ അനന്തമായി കറങ്ങിക്കൊണ്ടിരിക്കുകയാണ്. കറക്കം നിർത്തിയോ ഇല്ലയോ എന്ന് വ്യക്തമാകുന്നതിനു മുമ്പേ എൻഡ് ക്രെഡിറ്റ്സ് കാണിച്ചു തുടങ്ങി. എങ്കിലും ബാക്ഗ്രൗണ്ടിൽ പമ്പരം കറങ്ങുന്ന ശബ്ദം വ്യക്തമായി കേൾക്കാം. ഞാൻ വിടുമോ. ശബ്ദത്തിന് പിന്നാലെ തന്നെ സഞ്ചരിച്ചു. ഇത് കണ്ടുപിടിച്ചിട്ടേ ഇനി വിശ്രമമുള്ളൂ. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട്, പമ്പരം താഴെ വീണോ ഇല്ലയോ എന്ന് വ്യക്തമാക്കാതെ ആ ശബ്ദവും നിലച്ചു. നോളൻ ചതിച്ചാശാനേ.. ഇൻസെപ്‌ഷനിറങ്ങി ഏകദേശം അഞ്ച് വർഷങ്ങൾക്ക് ശേഷം ട്രിബേക്ക ഫിലിം ഫെസ്റ്റിവലിൽ വെച്ച് ചോദ്യോത്തര വേളയിൽ ഒരു ആരാധകൻ ഇതേ ചോദ്യം നോളനോട് ചോദിച്ചു. ഈ ചോദ്യം നമ്മളെത്ര കേട്ടതാ എന്ന മട്ടിൽ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കി നോളൻ ഉത്തരം പറഞ്ഞു തുടങ്ങി. "മെമെന്റോയുടെ ക്ലൈമാക്സിനെക്കുറിച്ചും ഇതുപോലെ പലരും ചോദിച്ചിട്ടുണ്ടായിരുന്നു. ഞാനൊരക്ഷരം മിണ്ടിയിട്ടില്ല. എല്ലാം പ്രേക്ഷകരുടെ സങ്കൽപ്പത്തിന് വിട്ടിരിക്കുകയാണ്." നിങ്ങളെന്തൊരു മനുഷ്യനാടോ. നിങ്ങടെ പടങ്ങൾ കണ്ട് സങ്കൽപ്പിച്ചു സങ്കൽപ്പിച്ചു ഞങ്ങൾക്കാകെ വട്ടായിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ, നോളന് പോലും ഉത്തരമില്ലാത്തത് ഞാനെവിടുന്നെടുത്ത് തരാനാണ്. മടങ്ങിപ്പോ മക്കളേ.. മടങ്ങിപ്പോ..







                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...