ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Interstellar Explained



Interstellar » Explained

ക്രിസ്റ്റഫർ നോളൻ സംവിധാനം നിർവഹിച്ച ആക്ഷൻ അഡ്വഞ്ചർ സയൻസ് ഫിക്ഷൻ ഹോളിവുഡ് ചിത്രമായിരുന്നു ഇന്റർസ്റ്റല്ലാർ. ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരുന്നിട്ടുകൂടി കുടുംബബന്ധങ്ങൾ തമ്മിലുള്ള ആഴം വരച്ചുകാട്ടിയ സിനിമയായിരുന്നു ഇന്റർസ്റ്റല്ലാർ. ഒരു അച്ഛൻ - മകൾ ബന്ധത്തിന്റെ മനോഹാരിത അനുഭവേദ്യമാക്കിയതിൽ മാത്യു മക്കോനഹിയോടും മക്കെൻസി ഫോയോടുമാണ് പ്രേക്ഷകർ ഏറെ കടപ്പെട്ടിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്റർസ്റ്റല്ലാർ കണ്ടുതീർത്ത പ്രേക്ഷകരിൽ ഒരു നൂറ് കൂട്ടം സംശയങ്ങൾ ബാക്കിയായിട്ടുണ്ടാവും. ഒരുപാട് തവണ കണ്ടിട്ടും പിടികിട്ടാത്ത അതിലെ ചില സംശയങ്ങൾക്ക് തീർപ്പ് കൽപ്പിക്കാനുള്ള ചെറിയ ശ്രമമാണ് എന്റേത്. ഒരു സയൻസ് ഫിക്ഷൻ ചിത്രമായതുകൊണ്ട് തന്നെ കാഴ്ച്ചപ്പാടുകൾക്കും നിഗമനങ്ങൾക്കും വളരെയധികം കൃത്യത ആവശ്യമുണ്ട്. അതിനാൽ തന്നെ ഇത് എന്റെ മാത്രം അഭിപ്രായങ്ങളോ കണ്ടെത്തലുകളോ അല്ല. എക്സ്പ്ലനേഷൻ ആയതുകൊണ്ട് തന്നെ ഒരുപാട് സ്‌പോയ്‌ലറുകൾ താഴെ വരുന്നുണ്ട്. അതുകൊണ്ട് ഇന്റർസ്റ്റല്ലാർ കണ്ടവർ മാത്രം തുടർന്ന് വായിക്കുക.


മനുഷ്യരാശിയുടെ നിലനിൽപ്പ് ചോദ്യച്ചിഹ്നമായ ഭൂമിയിൽ നിന്നും മനുഷ്യവാസം സാധ്യമായ ഒരു ഗ്രഹം തേടി ജോസഫ് കൂപ്പറുടെ നേതൃത്വത്തിൽ ഒരു സംഘം ബഹിരാകാശ യാത്രികർ എൻഡ്യൂറൻസ് എന്നൊരു പേടകത്തിൽ കയറി യാത്ര പുറപ്പെടുന്നു. 48 വർഷങ്ങൾക്ക് മുൻപ് ശനിയുടെ അടുത്തായി സ്ഥിതി ചെയ്യുന്നൊരു വേംഹോൾ മറ്റൊരു ഗ്യാലക്സിയിലേക്ക് തുറക്കുന്നൊരു വാതിലാണെന്ന് കുറച്ച് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ആ ഗ്യാലക്സിയിൽ ഗാർഗ്വാന്റ എന്നൊരു തമോഗർത്തത്തിനു അരികിലായി സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് ഗ്രഹങ്ങൾ മനുഷ്യന് വസിക്കാൻ യോഗ്യമാണെന്ന സംശയത്തിൽ പന്ത്രണ്ട് ബഹിരാകാശ യാത്രികരെ 48 വർഷങ്ങൾക്ക് മുൻപ് നാസ അങ്ങോട്ടയച്ചിരുന്നു. അതിൽ മൂന്ന് ഗ്രഹങ്ങളിൽ നിന്നും ശുഭ സൂചനയാണ് വന്നിട്ടുള്ളത്. ഈ മൂന്ന് ഗ്രഹങ്ങൾ വാസയോഗ്യമാണോ എന്ന് പരിശോധിക്കലാണ് കൂപ്പറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൗത്യം. ഇതാണ് ഇന്റർസ്റ്റല്ലാറിന്റെ സംഗ്രഹം.


ഇനി ഇന്റർസ്റ്റല്ലാറിലെ നൂലാമാലകളിലേക്ക്..

എന്താണ് വേംഹോൾ?

ലക്ഷക്കണക്കിന് പ്രകാശവർഷം അകലെയുള്ള ഗ്യാലക്സികൾക്കിടയിലുള്ള ഷോർട്ട് കട്ടാണ് വേം ഹോൾ. പ്രപഞ്ചത്തിൽ പ്രകാശത്തിനേക്കാൾ വേഗതയുള്ള ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും സൂര്യനിൽ നിന്നും പ്രകാശത്തിന് ഭൂമിയിലെത്താനുള്ള സമയം എട്ട് മിനിറ്റാണെന്നറിയുക. അതുകൊണ്ട് തന്നെ ഒരു മനുഷ്യായുസ്സ് മുഴുവൻ യാത്ര ചെയ്താലും ഒരു ഗ്യാലക്സിയിൽ നിന്നും മറ്റൊരു ഗ്യാലക്സിയിലേക്ക് മനുഷ്യന് എത്തിപ്പെടുക അസാധ്യം. ആൽബർട്ട് ഐൻസ്റ്റിന്റെ ഫീൽഡ് ഇക്വേഷൻസിന്റെ അടിസ്ഥാനത്തിലാണ് വേംഹോളിനെ വിശദീകരിക്കുന്നത്. നമ്മുടെ ത്രീ ഡയമെൻഷനൽ സ്പെയ്സും സിംഗിൾ ഡയമെൻഷനൽ ടൈമും ഒത്തുചേർന്നു ഫോർ ഡയമെൻഷനൽ സ്‌പെയ്‌സ് ടൈം. മാസ്സുള്ള  വസ്തുക്കളുടെ സാന്നിധ്യത്തിൽ സ്‌പെയ്‌സ് ടൈമിന് വളവും തിരിവുമുണ്ടാവുമെന്നു ഐൻസ്റ്റിൻ കണ്ടെത്തി. വേംഹോൾ ഈ സ്‌പെയ്‌സ് ടൈമിലെ ഒരു ഷോർട്ട് കട്ടാണ്.   ഫോർ ഡയമെൻഷനൽ സ്‌പെയ്‌സ് ടൈമിനെ നമുക്കൊരു ടു ഡയമെൻഷനൽ കടലാസിലേക്ക് സങ്കൽപ്പിച്ചു നോക്കാം. ഒരു കടലാസിൽ A എന്ന പോയിന്റിൽ നിന്നും B എന്ന പോയിന്റിലേക്കുള്ള ദൂരം 15 സെന്റീമീറ്ററാണെന്ന് കരുതുക. ആ കടലാസൊന്ന് മടക്കുകയാണെങ്കിൽ A യിൽ നിന്നും B യിലേക്ക് തൽക്ഷണം എത്താൻ സാധിക്കും. വേംഹോളിനെ ഇതിലും സിമ്പിളായി ഞാൻ നിർവചിക്കാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ ജയറാം അവതരിപ്പിച്ച ഗോപൻ എന്ന കഥാപാത്രത്തോട് വെട്ടുക്കിളി പ്രകാഷ് അവതരിപ്പിച്ച സുകുമാരൻ എന്ന കഥാപാത്രം ഒരു ഗ്ലോബിലേക്ക് ചൂണ്ടിക്കൊണ്ട് നമ്മളെല്ലാം മണ്ടത്തരം എന്ന് തള്ളിക്കളഞ്ഞ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. "ഇന്ത്യയിൽ നിന്ന് നേരെ കുഴിച്ചു കുഴിച്ചു പോയാൽ അമേരിക്കയിൽ എത്തില്ലേ" എന്ന്. വേംഹോളിനെ ഇതിലും സിമ്പിളായി നിർവചിക്കാൻ പറ്റില്ല. അങ്ങനെ അനേക ലക്ഷം പ്രകാശ വർഷം അകലെയുള്ള ഗ്യാലക്സിയിലേക്ക് ഒറ്റയടിക്ക് ഒരു ദ്വാരത്തിലൂടെ എത്താൻ സാധിക്കുമെന്നാണ് ആൽബർട്ട് ഐൻസ്റ്റിന്റെ തിയറി പറയുന്നത്. ഇതേ തിയറിയാണ് ഇന്റെർസ്റ്റല്ലാറിൽ പിന്തുടരുന്നത്. ശരിക്കും ഫിസിക്സ് ഇക്വേഷനുകളിൽ മാത്രമായി ഒതുങ്ങി കിടക്കുന്നവയാണ് വർത്തമാനകാലത്ത് വേംഹോളുകൾ. ഇതുവരെ അങ്ങനെയൊന്ന് പ്രപഞ്ചത്തിൽ കണ്ടുപിടിച്ചിട്ടില്ല. പക്ഷേ, ഐൻസ്റ്റിന്റെ e=mc2 എന്ന ഇക്വേഷൻ ഉപയോഗിച്ച് ആറ്റം ബോംബ് കണ്ടുപിടിച്ച പോലെ വേംഹോളിനും ഒരു സാധ്യത തള്ളിക്കളയാനാവില്ല. ഇന്റർസ്റ്റല്ലാറിലെ വേംഹോൾ, ഫിഫ്ത് ഡയമെൻഷനിലുള്ള കൂപ്പറും മർഫും "They" എന്നും "Us" എന്നും വിശേഷിപ്പിക്കുന്ന ഫ്യൂച്ചർ ജനറേഷൻ ഉണ്ടാക്കിയെടുത്തതാണ്. സയന്റിഫിക് അക്ക്യൂറസിക്കായി നോബൽ സമ്മാന ജേതാവായ തിയറിറ്റിക് ഫിസിസ്റ്റ് കിപ് തോണിനെ സയന്റിഫിക് കൺസൾട്ടന്റായി നിയമിച്ചിരുന്നു.


കൂപ്പറും അമേലിയയും മില്ലറുടെ ഗ്രഹം പരിശോധിച്ച് കഴിഞ്ഞ് എൻഡ്യൂറൻസിൽ തിരിച്ചെത്തുമ്പോൾ ഡോ. റോമില്ലിക്ക് 23 വയസ്സ് കൂടിയത് എങ്ങനെ?

വേംഹോൾ കടന്ന് അപ്പുറത്തുള്ള ഗ്യാലക്സിയിലെത്തിയ എൻഡ്യൂറൻസിൽ ഡോ. റോമില്ലി ടാർസിന്റെ കൂടെ ഗാർഗ്വാൻറ തമോഗർത്തത്തിന്റെ അരികിൽ അതിനെക്കുറിച്ച് പഠിക്കാനായി തങ്ങുന്നു. പ്രൊഫസർ ബ്രാൻഡിന് അദ്ദേഹത്തിൻറെ ഇക്വേഷൻസ് തെളിയിക്കാൻ അത് സഹായകരമായേക്കുമെന്നു അവർ കരുതി. അങ്ങനെ കൂപ്പറും അമേലിയയും ഡോയ്‌ലും മില്ലറുടെ ഗ്രഹം പരിശോധിക്കാനായി ലാൻഡിങ് ക്രാഫ്റ്റിൽ ഇറങ്ങുന്നു. മില്ലറുടെ ഗ്രഹത്തിലെ സമുദ്രലോകത്ത് മില്ലർ സഞ്ചരിച്ച പേടകത്തിന്റെ അവശിഷ്ടങ്ങൾ കാണുന്ന അമേലിയയും ഡോയ്‌ലും അത് പരിശോധിക്കാൻ സമയമെടുക്കുന്നു. ഒരു ഭീമാകാരം കടൽത്തിര വന്ന് ഡോയ്‌ലിനെ നഷ്ടമാകുന്നു. അമേലിയയെ കെയ്‌സ് രക്ഷിച്ചെങ്കിലും അവർ അവിടെയെടുത്ത കുറച്ചധികം മിനിറ്റുകൾക്ക് എൻഡ്യൂറൻസിൽ വർഷങ്ങളുടെ വിലയായിരുന്നു. ഇത്രയും സമയം ഗാർഗ്വാന്റയെ പഠിക്കാൻ ചിലവഴിച്ച ഡോ. റോമില്ലിക്ക് ഗാർഗ്വാന്റ തമോഗർത്തവും എൻഡ്യൂറൻസ് പേടകവും തമ്മിലുള്ള പ്രോക്സിമിറ്റി കാരണം സമയത്തിൽ 23 വർഷങ്ങളുടെ വ്യത്യാസമുണ്ടാക്കുന്നു. ടിവിയുടെ അടുത്ത് മൊബൈൽ ഫോണൊക്കെ കൊണ്ടു വെച്ചാലുണ്ടാകുന്നൊരു പ്രതിപ്രവർത്തനമില്ലേ. അതാണ്‌ പ്രോക്സിമിറ്റി. കൂപ്പർക്കും അമേലിയയ്ക്കും വേണ്ടി കാത്തിരുന്ന 23 വർഷം റോമില്ലി കുറേ സമയം ഹൈപ്പർ സ്ലീപ്പിങ് ചേമ്പറിലും കുറച്ച് സമയം പേടകത്തിലുമായാണ് ചെലവഴിച്ചത്. എൻഡ്യൂറൻസിൽ തിരിച്ചെത്തിയ കൂപ്പറിനും അമേലിയക്കും അവരുടെ കുടുംബങ്ങൾക്ക് പ്രായം കൂടിയതായി വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്. അതിനാൽ തന്നെ പ്രായം കൂടിയത് എൻഡ്യൂറൻസിനു കൂടിയായിരുന്നു.


വളരെ കുറച്ച് ഇന്ധനമുണ്ടായിരുന്ന എൻഡ്യൂറൻസിൽ അമേലിയയെ എഡ്‌മണ്ടിന്റെ ഗ്രഹത്തിലെത്തിക്കാൻ കൂപ്പറിന് കുറച്ചധികം ത്യാഗം സഹിച്ചേ തീരൂ. ഭാരം കുറച്ചാൽ ഇന്ധനം ലാഭിക്കാമെന്നറിയുന്ന കൂപ്പർ റോബോട്ടായ ടാർസിനോട് ആദ്യം പേടകത്തിൽ നിന്നും വേർപ്പെടാൻ പറഞ്ഞു. പിന്നീട് അയാൾ തന്നെ എൻഡ്യൂറൻസിൽ നിന്നും വേർപെട്ട് ത്യാഗത്തിന് സന്നദ്ധനായി. പക്ഷേ, എൻഡ്യൂറൻസിൽ നിന്നും വേർപെട്ട് ബ്ലാക്ക് ഹോളിലേക്ക് പതിച്ച കൂപ്പറെങ്ങനെ ഭൂതകാലത്തിലേക്കെത്തി?

ബ്ലാക്ക് ഹോളിലേക്ക് വീണുപോയ കൂപ്പർ ശരിക്കും മറ്റൊരു ഡയമെൻഷനിലുള്ള സ്പെയ്സിലേക്ക് മാറ്റപ്പെടുകയായിരുന്നു. റോബോട്ടായ ടാർസ് ടെസ്സറാക്റ്റ് എന്ന് വിശേഷിപ്പിച്ച അത് ഫിഫ്ത് ഡയമെൻഷനിലുള്ളതായിരുന്നു. ബുദ്ധിവികാസം പ്രാപിച്ച ഭാവി തലമുറ വികസിപ്പിച്ചെടുത്തതാണ് അത്. അവർ സമയത്തെ ടൈം ലൈക്ക് ഡയമെൻഷനിൽ നിന്നും സ്‌പെയ്‌സ് ലൈക്ക് ഡയമെൻഷനിലേക്ക് മാറ്റിയിരുന്നു. അതായത്, ടൈം ലൈക്ക് ഡയമെൻഷനിൽ നമുക്ക് ഭൂതകാലത്തിൽ നിന്നും ഭാവികാലത്തിലേക്കാണ് സഞ്ചരിക്കാൻ കഴിയുന്നത്. ഒന്നും നമ്മുടെ നിയന്ത്രണത്തിലുമാവില്ല. പക്ഷേ, സ്‌പെയ്‌സ് ലൈക്ക് ഡയമെൻഷനിൽ ഏത് സമയത്തേക്കും പോകാം. ഏത് സമയത്തും നിൽക്കാം. അതുകൊണ്ട് തന്നെ കൂപ്പറെത്തിപ്പെടുന്നത് ഭൂതകാലത്തേക്കല്ല. തന്റെ മകളുടെ ഭൂതത്തിലേക്കും വർത്തമാനത്തിലേക്കും ഭാവിയിലേക്കും അയാൾക്ക്‌ ആ ഡയമെൻഷനിലൂടെ സഞ്ചരിക്കാൻ കഴിയുമായിരുന്നു. പക്ഷേ, സ്ഥലം അയാളുടെ മകളുടെ മുറിയിലേക്ക് ഒതുക്കപ്പെട്ടു എന്ന് മാത്രം. ടെസ്സറാക്റ്റിനുള്ളിൽ വെച്ച് ടാർസിന്റെ സഹായത്തോടെ മർഫിന് ഗ്രാവിറ്റി ഇക്വേഷൻസ് ശരിയാക്കാനുള്ള പോയിന്റുകൾ അഥവാ ക്വാണ്ടം ഡാറ്റ വാച്ചിൽ മോയ്സ് കോഡ് ഉപയോഗിച്ച് മാറ്റം വരുത്തി മനസ്സിലാക്കിക്കൊടുക്കാൻ കൂപ്പറിന് സാധിച്ചു. അതിന് ശേഷം ടെസ്സറാക്റ്റിൽ നിന്നും കൂപ്പറിനെ വേംഹോളിലേക്ക് മടക്കുകയായിരുന്നു കൂപ്പർ "They" എന്ന് വിളിച്ച അതേ ഭാവി തലമുറ. അങ്ങനെ ശനിക്കടുത്തുള്ള വേംഹോളിൽ നിന്നും രണ്ട് ബഹിരാകാശ യാത്രികർ കൂപ്പറെ രക്ഷിക്കുന്നു.


ബ്ലാക്ക് ഹോളിൽ നിന്നും രക്ഷപ്പെട്ട് കൂപ്പർ ആശിപത്രിക്കിടക്കയിൽ നിന്നും എഴുന്നേൽക്കുമ്പോൾ കൂപ്പറിന് 124 വയസ്സ് പ്രായമാണെന്നു പറയുന്നതും പിന്നീട് മർഫിനെ ആശുപത്രിക്കിടക്കയിൽ വളരെ പ്രായം ചെന്ന രൂപത്തിൽ കാണുന്നതും എന്തുകൊണ്ട്?

കൂപ്പർ ഭൂമിയിൽ നിന്നും പുറപ്പെടുന്ന സമയത്ത് മകൾ മർഫിന് പ്രായം 10നും പന്ത്രണ്ടിനുമിടയിൽ. കൂപ്പറിന്റെ പ്രായം ഒരു 35നും 40നുമിടയിൽ അനുമാനിക്കാം. ഭൂമിയിൽ നിന്നും ശനിക്കടുത്തുള്ള വേംഹോളിലേക്കെത്താനുള്ള സമയം 2 വർഷമാണ്. മില്ലറുടെ സമുദ്ര ലോകത്തിൽ നിന്നും മടങ്ങി വരുന്ന കൂപ്പറോടും അമേലിയയോടും ഡോ. റോമെല്ലി താൻ എൻഡ്യൂറൻസിൽ 23 വർഷം അവർക്കായി കാത്തിരുന്നു എന്ന് പറയുന്നുണ്ട്. ഗാർഗ്വാന്റ ബ്ലാക്ക് ഹോളിന്റെ പ്രോക്സിമിറ്റി കാരണം എൻഡ്യൂറൻസിനു 23 വർഷം സമയമാറ്റം സംഭവിക്കുന്നത് കൊണ്ടാണിത്. എൻഡ്യൂറൻസിൽ വിഡിയോയിൽ വരുന്ന മർഫ് കൂപ്പറിനോട് തനിക്ക് അച്ഛന് ഭൂമിയിൽ നിന്നും പുറപ്പെടുമ്പോഴുള്ള അതേ വയസ്സാണെന്ന് പറയുന്നു. അതായത് 35 വയസ്സ്. അങ്ങനെയെങ്കിൽ 35+2+23=60. മില്ലറുടെ ഗ്രഹത്തിൽ നിന്നും എൻഡ്യൂറൻസിൽ തിരിച്ചെത്തുന്ന കൂപ്പറുടെ പ്രായം 60 വയസ്സാണ്. പിന്നീട് എഡ്‌മണ്ടിന്റെ ഗ്രഹത്തിലേക്ക് പോകാൻ വേണ്ടി ഗാർഗ്വാന്റ ബ്ലാക്ക്ഹോൾ ചുറ്റി സ്ലിങ്ഷോട്ടിനു ശ്രമിക്കുമ്പോൾ അതിനെടുക്കുന്ന സമയം 51വർഷമായിരിക്കുമെന്നു കൂപ്പർ അമേലിയയോട് പറയുന്നുണ്ട്. അതായത് 60+51=111 കൂപ്പറിന്റെ പ്രായം.  പിന്നീട് ആശുപത്രിക്കിടക്കയിൽ ഉണരുന്ന കൂപ്പറിന് പ്രായം 124 ആണെന്ന് പറയപ്പെടുന്നു. ശനിക്കടുത്തുള്ള വേംഹോളിൽ വെച്ചാണ് റേഞ്ചേഴ്സ് കൂപ്പറെ രക്ഷിക്കുന്നത്. ബാക്കിയാവുന്നത് 13 വർഷത്തെ സമയമാറ്റം. ബ്ലാക്ക് ഹോളിലേക്ക് വീണുപോകുന്ന കൂപ്പർ ഫിഫ്ത് ഡയമെൻഷനിലുള്ള ടെസ്സറാക്റ്റിലേക്ക് മാറ്റപ്പെടുന്നു. ടെസ്സറാക്റ്റിനുള്ളിലും ബ്ലാക്ക് ഹോളിലേക്ക് വീഴുമ്പോഴും സംഭവിച്ച ടൈം ഡീവിയേഷൻ എത്രയാണെന്ന് എവിടെയും പറയുന്നില്ല. ബാക്കി വരുന്ന 13 വർഷത്തെ സമയമാറ്റം അവിടെ വെച്ച് സംഭവിച്ചതായിരിക്കാം. കൂപ്പർ ടൈമിൽ വെറും മണിക്കൂറുകളുടെയോ ദിവസങ്ങളുടെയോ മാത്രം സമയമാറ്റമാണ് ഇതെങ്കിലും ഭൂമിയിൽ സംഭവിക്കുന്ന സമയമാറ്റം വർഷങ്ങളുടേത് തന്നെയായിരിക്കും. അതാണ്‌ കൂപ്പറുടെ ശരീരത്തെ പ്രായം ബാധിക്കാത്തതും മർഫിനെ ബാധിക്കുന്നതും. കൂപ്പർ ഭൂമിയിൽ നിന്നും പുറപ്പെടുമ്പോൾ പത്തോ പന്ത്രണ്ടോ വയസ്സ് പ്രായമുണ്ടായിരുന്ന മർഫിന് കൂപ്പർ തിരിച്ചു വരുമ്പോൾ  124 (കൂപ്പർ തിരിച്ചു വന്നപ്പോഴുള്ള പ്രായം) - 35 (കൂപ്പർ ഭൂമിയിൽ നിന്നും പുറപ്പെടുമ്പോഴുള്ള പ്രായം) + 12 (കൂപ്പർ പോകുമ്പോൾ മർഫിന്റെ പ്രായം) + 2 (ഭൂമിയിൽ നിന്നും ശനിയുടെ ഓർബിറ്റിലുള്ള സ്‌പെയ്‌സ് ഹാബിറ്റാറ്റിലേക്കുള്ള ദൂരം) = 103 വയസ്സെങ്കിലും പ്രായം കാണും.




Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs       

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി