ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Memento Explained


Memento » Explained

■ ക്രിസ്റ്റഫർ നോളൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച നിയോ നോയിർ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ഹോളിവുഡ് ചിത്രമായിരുന്നു മെമെന്റോ. തന്റെ സഹോദരൻ ജോനാഥൻ നോളന്റെ മെമെന്റോ മോറി എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു ക്രിസ്റ്റഫർ നോളൻ മെമെന്റോയ്ക്ക് തിരക്കഥ രചിച്ചത്. എങ്കിലും മെമെന്റോ എന്ന സിനിമ ഇറങ്ങിയതിന് ശേഷമാണ് ജോനാഥൻ നോളന്റെ മെമെന്റോ മോറി എന്ന ചെറുകഥ പബ്ലിഷ് ചെയ്യപ്പെട്ടത് എന്നത് കൊണ്ട് തന്നെ ക്രിസ്റ്റഫർ നോളന്റെ തിരക്കഥയെ ഇന്നും ഒറിജിനൽ ആയി തന്നെയാണ് പരിഗണിക്കുന്നത്. ഒരുമിച്ചുള്ള ഒരു കാർ യാത്രയിൽ വെച്ചാണ് ജോനാഥൻ മെമെന്റോ മോറിയുടെ കഥ ക്രിസ്റ്റഫറോട് പറയുന്നത്. മെമെന്റോ എന്ന സിനിമയുടെ തിരക്കഥ മുഴുവൻ ഉണ്ടായത് ആ കാറിൽ വെച്ചായിരുന്നു. എങ്കിലും നോളൻ മെമെന്റോ എന്ന സിനിമയെടുത്തത് അത്ഭുതകരമാം വിധത്തിലായിരുന്നു. രണ്ട് രീതിയിലുള്ള കഥ പറച്ചിലായിരുന്നു നോളൻ മെമെന്റോയിൽ നടത്തിയത്. ഒന്ന് സാധാരണ ലീനിയർ രീതിയിൽ തന്നെയായിരുന്നു. അതാണ്‌ ബ്ലാക്ക് & വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാമത് സ്വീകരിച്ച രീതിയെ നോൺ ലീനിയർ എന്ന് വിളിക്കുന്നതിനേക്കാളും റിവേഴ്‌സ് എന്ന് വിളിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. കളറിലുള്ള സീനിനോട് ചേർന്ന് ബ്ലാക്ക് & വൈറ്റിലുള്ള സീൻ വരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകരെ അത് ശരിക്കും കൺഫ്യൂഷനാക്കുന്നുണ്ട്. കൺഫ്യൂഷൻ തീർക്കാൻ അവസാനം മുതൽ തലതിരിച്ചു വീണ്ടും വീണ്ടും കണ്ടവരെ പിന്നെയും കൺഫ്യൂഷനാക്കുന്നതായിരുന്നു മെമെന്റോയുടെ ക്ലൈമാക്സ്‌. എന്തുകൊണ്ട് നോളൻ മെമെന്റോ തലതിരിച്ചെടുത്തു? എന്താണ് മെമെന്റോയുടെ ശരിക്കുമുള്ള ക്ലൈമാക്സ്‌? മെമെന്റോയിലെ യഥാർത്ഥ വില്ലനാര്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള അന്വേഷണമാണ് ഈ വ്ലോഗ്. സ്‌പോയ്‌ലറുകൾ ഉണ്ടാവും. മെമെന്റോ കണ്ടവർ മാത്രം തുടർന്ന് കാണുക.


■ ഒരു ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം ഇൻവെസ്റ്റിഗേറ്ററായിരുന്ന ലിയനാർഡ് ഷെൽബിയുടെ വീട്ടിലേക്ക് രാത്രിയിൽ രണ്ട് പേർ അതിക്രമിച്ചു കടക്കുന്നു. അയാളുടെ ഭാര്യ കാതറീനെ അതിലൊരാൾ ശ്വാസംമുട്ടിച്ചു കൊല്ലുന്നു. അയാളെ ലിയനാർഡ് വെടിവെച്ചു കൊന്നെങ്കിലും അക്രമിയുടെ കൂട്ടാളിയുടെ മാരകമായ അടിയേറ്റ് ലിയനാർഡ് ബോധരഹിതനായി താഴെ വീഴുന്നു. അതിന് ശേഷം ലിയനാർഡിന് Short Term Memory Lose ഉണ്ടാവുന്നു. എങ്കിലും തന്റെ ഭാര്യ കൊല്ലപ്പെട്ടത് വരെയുള്ള കാര്യങ്ങൾ ഓർമ്മയിലുണ്ടായിരുന്ന ലിയനാർഡ് രക്ഷപ്പെട്ട അക്രമിയെ കണ്ടെത്തി പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നു. പുതിയ ഓർമ്മകൾ അഞ്ച് മിനിറ്റിൽ കൂടുതൽ മനസ്സിൽ സൂക്ഷിക്കാൻ കഴിയാത്ത അയാൾ പ്രധാനപ്പെട്ട വിവരങ്ങൾ തന്റെ ശരീരത്തിൽ പച്ച കുത്തിയും ഒരു ഇൻസ്റ്റന്റ് ക്യാമറ ഉപയോഗിച്ചുള്ള ഫോട്ടോകളിൽ കാര്യങ്ങൾ എഴുതി വെച്ചും അതിനെ മറികടക്കാൻ ശ്രമിക്കുന്നു. അയാളെ സഹായിക്കാൻ ടെഡി എന്ന ഒരു പോലീസുകാരനും നതാലി എന്നൊരു പെൺകുട്ടിയും എത്തുന്നു. ഇതാണ് മെമെന്റോയുടെ രത്‌നച്ചുരുക്കം.


ഇനി പലരുടെയും ആദ്യത്തെ സംശയത്തിൽ നിന്ന് തന്നെ തുടങ്ങാം. എന്തിന് നോളൻ ഈ സിനിമ തലതിരിച്ച് എടുത്തു?

◾ഉത്തരം വളരെ സിംപിളാണ്. Short Term Memory Lose കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നവനാണ് ഈ സിനിമയിലെ നായകൻ ലിയനാർഡ് ഷെൽബി. പുതിയ ഓർമ്മകൾ അഞ്ച് മിനിറ്റിൽ കൂടുതൽ അയാളുടെ മനസ്സിൽ നിൽക്കില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞാൽ താൻ എവിടെയാണ് എന്ത് ചെയ്യുന്നു എന്ന് പോലും അയാൾക്ക്‌ ഓർമ്മയുണ്ടാവില്ല. പ്രേക്ഷകരെയും നായകൻറെ അതേ മാനസികാവസ്ഥയിലേക്കെത്തിക്കുക എന്ന നോളൻ ബ്രില്ല്യൻസ് ആണ് ഇവിടെ വിജയകരമായി നടപ്പിലാക്കിയിരിക്കുന്നത്. റിവേഴ്‌സ് ആയി വരുന്ന സീനുകളായതുകൊണ്ട് തൊട്ടുമുൻപ് എന്ത് നടന്നു എന്നത് പ്രേക്ഷകർക്ക് ഒരിക്കലും പിടികിട്ടില്ല. അതിനിടയ്ക്ക് ലീനിയർ ആയുള്ള ബ്ലാക്ക് & വൈറ്റ് സീനുകൾ കൂടി വരുന്നതോടെ പ്രേക്ഷകർ കൂടുതൽ കൺഫ്യൂഷനിലാകും. ഉദാഹരണത്തിന് ലെന്നി ഡോഡിന്റെ പിറകെ ഓടിക്കൊണ്ടിരിക്കുന്ന സീനിൽ ലെന്നി മനസ്സിൽ കരുതുന്നത് "ഞാൻ ഇപ്പോൾ എന്തിനാണ് ഓടിക്കൊണ്ടിരിക്കുന്നത്" എന്നാണ്. ഡോടും ഓടുന്നത് കണ്ട് താൻ അയാളെ പിന്തുടരുകയാണ് എന്ന് ധരിക്കുന്നു. പിന്നീട് ഡോഡ് ലെന്നിയെ വെടി വെക്കുമ്പോൾ "അല്ല എന്നെ അയാളാണ് പിന്തുടരുന്നത്" എന്ന് മനസ്സിലാക്കി ലെന്നി പിന്തിരിഞ്ഞോടുന്നു. ലെന്നിയുടെ അതേ മാനസികാവസ്ഥ എത്ര ഫലപ്രദമായാണ് നോളൻ പ്രേക്ഷകരിൽ നടപ്പിലാക്കിയത് എന്ന് നോക്കൂ.


◾️ടെഡി കൊല്ലപ്പെട്ടത് എന്തിന്? ടെഡി തന്നെയാണോ യഥാർത്ഥത്തിൽ ലെന്നിയുടെ ഭാര്യയുടെ കൊലയാളി?

◾ടെഡി വേഷപ്രച്ഛന്നനായി നടക്കുന്ന ഒരു പൊലീസുകാരനാണ്. ലെന്നിയുടെ ഭാര്യയുടെ കൊലപാതകത്തിൽ അയാൾക്ക് യാധൊരു വിധ പങ്കുമില്ലെങ്കിലും Short Term Memory Lose ഉള്ള ലെന്നിയുടെ അവസ്ഥയെ അയാൾ അപകടകരമാംവിധം ദുരുപയോഗം ചെയ്തു എന്ന കാരണം കൊണ്ട് തന്നെ അവസാനം അതിന് വലിയ വില കൊടുക്കേണ്ടി വരികയായിരുന്നു. യഥാർത്ഥത്തിൽ ലെന്നിയുടെ ഭാര്യയുടെ കേസ് അന്വേഷിച്ചിരുന്ന പോലീസുകാരനായിരുന്നു ടെഡി. ഏകദേശം ഒരു വർഷം മുൻപ് തന്നെ ലെന്നിയുടെ ഭാര്യയുടെ കൊലപാതകിയെ കണ്ടുപിടിച്ചു കൊടുക്കുകയും അയാളെ കൊല്ലാൻ ലെന്നിക്ക് സഹായം ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു ടെഡി. അതിനെ ശരി വെക്കുന്നതായിരുന്നു പ്രതികാരത്തിന് ശേഷം ടെഡി എടുത്തത് എന്ന് പറയപ്പെടുന്ന ലെന്നിയുടെ സന്തോഷവാനായുള്ള ഫോട്ടോ. പക്ഷേ, പ്രതികാരം ചെയ്തതിന് ശേഷവും അത് ഫീൽ ചെയ്യാൻ ലെന്നിക്കായില്ല. അത് ടെഡി തന്റെ ഇരകളെ ഇല്ലാതാക്കാനായി ദുരുപയോഗം ചെയ്തു. ലെന്നിയെ ഒരു വാടകക്കൊലയാളിയെപ്പോലെ തെറ്റിദ്ധരിപ്പിക്കുന്ന സൂചനകൾ കൊടുത്ത് തന്റെ ഇരകളിലേക്ക് ടെഡി എത്തിക്കുകയായിരുന്നു. ഏതാണ്ട് ഒരു വർഷത്തോളമായി ടെഡി ലെന്നിയെ ഉപയോഗിക്കുകയായിരുന്നെന്നു അയാൾ തന്നെ സമ്മതിക്കുന്നുണ്ട്. ടെഡിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ലെന്നിയുടെ സമ്മിയെക്കുറിച്ചുള്ള കഥ ലെന്നിയുടേത് തന്നെയാണെന്നുള്ള ടെഡിയുടെ ആരോപണമായിരുന്നു. മാത്രവുമല്ല, വളരെ അപകടകരമായ ഒരു വെളിപ്പെടുത്തൽ കൂടി ടെഡി അന്ന് അവിടെ വെച്ച് നടത്തി. ലെന്നി തേടുന്ന കൊലയാളിയായ ജോൺ ജി എന്ന പേരിൽ ഒരുപാട് ജോൺ ജിമാരുണ്ടായിരിക്കാമെന്നും തന്റെ യഥാർത്ഥ പേര് ജോൺ എഡ്വേഡ് ഗാമൽ ആണെന്നും അതുകൊണ്ട് താനും പോലും ഒരു ജോൺ ജിയാണെന്നും ടെഡി അവിടെ വെച്ച് പറയുന്നു. ഇതിൽ പ്രകോപിതനായ ലെന്നി ടെഡിയുടെ കാറിന്റെ നമ്പർ പ്ലേറ്റ് ഫോട്ടോയെടുത്ത് അത് തന്റെ ഭാര്യയുടെ കൊലയാളി ജോൺ ജിയുടേതാണ് എന്ന് എഴുതി വെച്ചുകൊണ്ട് പുതിയൊരു വേട്ടയ്ക്ക് തുടക്കം കുറിക്കുന്നു. ഇതാണ് ടെഡിയുടെ അന്ത്യത്തിലേക്ക്‌ നയിച്ചത്. ടെഡിയുടെ കൊലപാതകം ഒരിക്കലും ലെന്നിക്ക് അറിയാതെ പറ്റിയൊരു കൈയ്യബദ്ധം അല്ലായിരുന്നു. ലെന്നി അറിഞ്ഞുകൊണ്ട് കണ്ടീഷൻ ചെയ്തെടുത്ത, തന്നെ ദുരുപയോഗം ചെയ്തതിനുള്ള ശിക്ഷയായിരുന്നു ടെഡിയുടെ കൊലപാതകം.


ലെന്നി തന്നെയാണോ സമ്മി ജെങ്കിസ്? സ്വന്തം ഭാര്യയെ കൊന്നത് ലെന്നി തന്നെയാണോ?

◾️ഇതിനെക്കുറിച്ച് പ്രധാനമായും രണ്ട് വ്യത്യസ്ത തിയറികളായാണുള്ളത്. സമ്മി ജെങ്കിസ് എന്ന ഒരാൾ തീർച്ചയായും ഉണ്ടായിരുന്നു എന്നത് ടെഡി തന്നെ പറയുന്നു. പക്ഷേ, അയാൾ Short Term Memory Lose ഉള്ളയാളായി തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് ടെഡിയുടെ ഭാഷ്യം. ലെന്നി ഈ തട്ടിപ്പ് കണ്ടുപിടിച്ച് അയാളുടെ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കുകയായിരുന്നെന്നും ടെഡി പറയുന്നു. ഇനിയാണ് ലെന്നിയെയും സമ്മിയെയും കൂട്ടിയിണക്കുന്ന കാര്യങ്ങളെക്കുറിച്ച് ടെഡി പറയുന്നത്. "ലെന്നിയുടെ ഭാര്യ മുൻപത്തെ ആക്രമണത്തെ അതിജീവിച്ചിരുന്നു. സമ്മിക്ക് ഭാര്യ ഇല്ലായിരുന്നു, പ്രമേഹരോഗിയായ ഭാര്യ ഉണ്ടായിരുന്നത് ലെന്നിക്കായിരുന്നു, ലെന്നി പറഞ്ഞ സമ്മിയുടെ കഥയിൽ സമ്മി ഇൻസുലിൻ ഓവർ ഡോസായി കുത്തി വെക്കുന്നത് കൊണ്ടായിരുന്നു അയാളുടെ ഭാര്യ മരിക്കുന്നത്. പക്ഷേ, യഥാർത്ഥത്തിൽ ലെന്നിയാണ് സ്വന്തം ഭാര്യയ്ക്ക് ഇൻസുലിൻ ഓവർ ഡോസായി കുത്തി വെച്ച് കൊല്ലുന്നത്." ഇതായിരുന്നു ടെഡി ലെന്നിക്കെതിരെ ഉന്നയിച്ച ആരോപണം. താൻ ഭാര്യയ്ക്ക് ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്നത് പെട്ടെന്ന് ഓർമ്മയിൽ വരുന്ന ലെന്നിക്ക് പക്ഷേ, പെട്ടെന്ന് തന്നെ ആ ഓർമ്മ തന്റെ ഭാര്യയ്ക്ക് ചെറിയൊരു നുള്ള് കൊടുത്തതായുള്ള തോന്നലായി മാറുന്നു. തന്റെ ഭാര്യയ്ക്ക് പ്രമേഹം ഇല്ലായിരുന്നു എന്ന് ലെന്നി ഉറപ്പിച്ച് പറയുന്നു. ഇവിടെ നുണ പറഞ്ഞത് ടെഡി ആവാനാണ് ഒരു സാധ്യത. ടെഡി ഒരു നുണയനായിരുന്നു എന്നതിന് ഈ സിനിമ മുഴുവൻ സാക്ഷിയാണ്. ലെന്നിയെ തുടരെ ഫോൺ ചെയ്ത് തെറ്റായ സൂചനകൾ നൽകി തന്റെ പുതിയ ഇരകളിലേക്ക് നയിക്കുകയായിരുന്നു ടെഡി ഓരോ പ്രാവശ്യവും. അത്തരമൊരു നുണ ലെന്നി കയ്യോടെ പിടിച്ചപ്പോഴാണ് ടെഡി സമ്മിയുടെ കഥ ലെന്നിയുടേത് തന്നെയാണെന്ന ആരോപണം ഉന്നയിക്കുന്നത്. ജിമ്മിയെ കൊന്ന ശേഷം താൻ തെറ്റായ ആളെയാണ് കൊന്നത് എന്ന് മനസ്സിലാക്കുന്ന ലെന്നി അതിനെ ചോദ്യം ചെയ്യുന്നുണ്ട്. ലെന്നിയുടെ ശ്രദ്ധ ജിമ്മിയിൽ നിന്നും തിരിക്കാൻ ടെഡിക്ക് ലെന്നിയുടെ മനസ്സിൽ എന്തെങ്കിലും കൺഫ്യൂഷൻ സൃഷ്ടിച്ചേ മതിയാവൂ. താൻ കേട്ടു പഴകിയ സമ്മിയുടെ കഥ ലെന്നിയിലേക്ക് ആരോപിക്കുന്നത് അങ്ങനെയാണ്. തന്റെ അപകടത്തിന് മുൻപുള്ള കാര്യങ്ങൾ വളരെ വ്യക്തമായി അറിയാവുന്ന ലെന്നിക്ക് എന്തുകൊണ്ട് തന്റെ ഭാര്യ ഒരു പ്രമേഹരോഗിയായിരുന്നു എന്നത് ഓർക്കാൻ സാധിക്കുന്നില്ല? മാത്രവുമല്ല, ടെഡി പറഞ്ഞത് പ്രകാരമാണെങ്കിൽ ലെന്നിക്ക് Short Term Memory Lose വന്നതിനു ശേഷമായിരിക്കും അയാൾ തന്റെ ഭാര്യയ്ക്ക് ഇൻസുലിൻ ഓവർ ഡോസായി കൊടുത്ത് കൊല്ലുന്നത്. അതായത്, ആ ഓർമ്മ മനസ്സിൽ സൂക്ഷിക്കാൻ ലെന്നിക്ക് കഴിയുമായിരുന്നില്ല. അങ്ങനെയെങ്കിൽ എങ്ങനെയാണ് ലെന്നി തന്റെ സ്വന്തം ഓർമ്മ സമ്മിയുടേതായി ഒരു മാറ്റവുമില്ലാതെ എല്ലാവരോടും ആവർത്തിച്ചു പറയും? ലെന്നിയുടെ ഓർമ്മകൾ പ്രകാരമാണെങ്കിൽ അയാൾക്ക് അപകടം പറ്റുന്നതിനു മുൻപാണ് സമ്മി ജെങ്കിസിനെയും അയാളുടെ ഭാര്യയേയും പരിചയപ്പെടുന്നത്. അതുകൊണ്ട് കൂടുതൽ വിശ്വാസയോഗ്യം ലെന്നിയുടെ കഥയാണ്. പിന്നെ, പോലീസ് കേസ് ഫയലിലെ 12 പേജുകൾ പറിച്ചു കളഞ്ഞത് ലെന്നിയാണ് എന്നായിരുന്നു ടെഡിയുടെ അടുത്ത ആരോപണം. ലെന്നിയെ ഉപയോഗിക്കേണ്ടത് ടെഡിയുടെ ആവശ്യമായിരുന്നു. കേസ് ഫയലിലെ പേജുകൾ പറിച്ചു കളഞ്ഞാൽ കൂടുതൽ ഉപകാരപ്പെടുക ടെഡിക്കും. അതുകൊണ്ട് അത് ചെയ്തതും ടെഡി തന്നെയാവാനാണ് സാധ്യത.


◾️ഇനി രണ്ടാമത്തെ സാധ്യത. ടെഡി പറഞ്ഞത് സത്യമാണെങ്കിൽ. പ്രധാനമായും സംശയം തുടങ്ങുന്നത് ലെന്നിയുടെ തന്നെ നരേഷനിൽ സമ്മി ഹോസ്പിറ്റലിലെ ഒരു ചെയറിലിരിക്കുന്ന സീനിൽ കുറച്ച് സെക്കന്റുകൾ അവിടെ സമ്മിക്ക് പകരം ലെന്നിയെ കാണിക്കുന്നത് മുതലാണ്. സമ്മിക്ക് പറ്റിയ കാർ ആക്സിഡന്റിൽ അയാൾ ഒറ്റയ്ക്കായിരുന്നു എന്നതും സമ്മിക്ക് ഭാര്യ ഉണ്ടായിരുന്നില്ല എന്ന് ടെഡി പറഞ്ഞതിനെ അനുകൂലിക്കുന്നു. ലെന്നി ഭാര്യയ്ക്ക് ഇൻസുലിൻ കൊടുക്കുന്ന ഓർമ്മ പെട്ടെന്ന് ഭാര്യക്ക് നുള്ള് കൊടുക്കുന്ന ഓർമ്മയായി മാറുന്നത് ലെന്നിക്ക് തന്റെ ഓർമ്മകളെ കണ്ടീഷൻ ചെയ്യാനുള്ള കഴിവുണ്ടായിരുന്നു എന്ന തിയറിയെയാണ് ശരി വെക്കുന്നത്. മാത്രവുമല്ല, തനിക്ക് ഇങ്ങനെയൊരു രോഗമുണ്ട് എന്ന കാര്യവും ലെന്നി സ്വയം കണ്ടീഷൻ ചെയ്തെടുത്തതായിരുന്നല്ലോ. അത് അയാൾ ഓർത്തെടുക്കുന്നത് തന്റെ കയ്യിൽ "സമ്മി ജെങ്കിസിനെ ഓർക്കുക" എന്ന് പച്ചകുത്തിയത് വായിച്ചുകൊണ്ടും. ഇത്തരത്തിൽ തന്നെ സമ്മിയുടെ കഥയും അയാൾക്ക് കണ്ടീഷൻ ചെയ്യാൻ കഴിയും എന്നതാണ് ഈ തിയറിയുടെ കാതൽ. അവസാനം ജിമ്മിയുടെ കാർ തന്റേതാണെന്നും ടെഡിയുടെ നമ്പർ പ്ലേറ്റ് ജോൺ ജിയുടേതാണെന്നും വരുത്തി തന്റെ തന്നെ മൈൻഡിനെ ലെന്നി കണ്ടീഷൻ ചെയ്തെടുത്തത് നമ്മൾ കണ്ടതാണല്ലോ. ഇത് ലെന്നി സ്വന്തം കഥയെ സമ്മിയുടേതാക്കി കണ്ടീഷൻ ചെയ്തതാണെന്നതിലേക്ക് വിരൽ ചൂണ്ടുന്നു. ഈ തിയറി വെച്ച് പോലീസ് കേസ് ഫയലിലെ ആ 12 പേജുകൾ കീറിക്കളഞ്ഞതും ലെന്നിയാണ്. ലെന്നിയുടെ ഭാര്യ അപകടത്തെ അതിജീവിച്ചത് എന്തായാലും ആ ഫയലിൽ കാണും. സ്വന്തം ഭാര്യയെ കൊന്നതിന്റെ കുറ്റബോധം വലയ്ക്കുന്ന ലെന്നി അതുകാരണം ആ പേജുകൾ കീറിക്കളഞ്ഞു തന്റെ ഭാര്യ കൊല്ലപ്പെട്ടത് മുൻപത്തെ അക്രമത്തിൽ തന്നെയാണെന്ന് തന്റെ മനസ്സിനെ വിശ്വസിപ്പിച്ചു കണ്ടീഷൻ ചെയ്തെടുക്കുന്നു. അവസാനം "എന്റെ മനസ്സിന് പുറത്തുള്ള ലോകത്തിൽ എനിക്ക് വിശ്വസിക്കണം. എനിക്ക് ഓർമ്മയില്ലെങ്കിൽ കൂടി എന്റെ പ്രവർത്തികളിൽ അർത്ഥമുണ്ടെന്നു എനിക്ക് വിശ്വസിക്കണം" എന്ന് ലെന്നി കരുതുന്നതും കൂടി ഇതിനോട് ചേർത്ത് വായിക്കുമ്പോൾ ഈ തിയറി പൂർണ്ണമാവുന്നു.


◾️പക്ഷേ, Short Term Memory Lose ഉള്ള ലെന്നിക്ക് പുതിയ ഓർമ്മകൾ സൂക്ഷിക്കാൻ കഴിയില്ല എന്നിരിക്കെ കുറ്റബോധം തോന്നേണ്ട കാര്യമുണ്ടോ എന്നതാണ് ഈ തിയറിയുടെ അപാകത. മാത്രവുമല്ല, ടെഡിയുടെ കഥ കേട്ട ശേഷം ലെന്നിയുടെ മനസ്സിൽ വരുന്ന ഓർമ്മയിൽ വളരെ വ്യക്തമായി എന്റെ ഭാര്യയെ ഒരാൾ കൊന്നു എന്ന് ദേഹത്ത് പച്ചകുത്തിയത് കാണാം. ടെഡിയുടെ സഹായത്തോടെ അക്രമിയെ കൊന്ന ശേഷം ലെന്നിയുടെ ഓർമ്മകളിൽ വരുന്ന സീനിലും ഇതുപോലൊരു അപാകത കാണാം. ആ ഓർമ്മയിൽ "I've done it" എന്ന് ലെന്നിയുടെ ദേഹത്ത് പച്ച കുത്തിയത് മെമെന്റോയിലുടനീളം വേറൊരു സീനിലും കാണാൻ സാധിക്കില്ല. ഇത് ടെഡിയുടെ വാക്കുകളിലെ സ്വാധീനം കാരണം വളച്ചൊടിക്കപ്പെട്ട ലെന്നിയുടെ ഓർമ്മയാണ് എന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.


നതാലി ടെഡിയോട് പ്രതികാരം ചെയ്യുന്നത് മനപ്പൂർവ്വമാണോ?

◾️നതാലിയുടെ പ്രതികാരത്തെ കാവ്യനീതി എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ട്ടം. ഡോഡിന്റെ ശല്യത്തിൽ നിന്നും തന്നെ രക്ഷിച്ചതിനുള്ള പ്രത്യുപകാരമായാണ് ജോൺ ജിയുടെ കാർ നമ്പർ ട്രേസ് ചെയ്ത് ലെന്നിയെ സഹായിക്കാൻ നതാലി ശ്രമിക്കുന്നത്. അത് നതാലി ലെന്നിയുടെ Short Term Memory Loseനെ ദുരുപയോഗം ചെയ്തതുകൊണ്ടാണെങ്കിലും. ജിമ്മിയുടെ തിരോധാനത്തിന് ടെഡി എന്നൊരു പൊലീസുകാരനാണ് കാരണക്കാരൻ എന്ന് നതാലിക്ക് അറിയാമായിരുന്നെങ്കിലും ഇതേ ടെഡിയാണ് താൻ ലെന്നിക്ക് ട്രേസ് ചെയ്തുകൊടുത്ത ജോൺ എഡ്വേഡ് ഗാമൽ എന്ന കാര്യം നതാലിക്ക് ഒരിക്കലും അറിയുമായിരുന്നില്ല. പിന്നെ ലെന്നി ജിമ്മിയെ കൊന്ന സ്ഥലം തന്നെ ടെഡിയുടെയും അന്ത്യസ്ഥലമായതും യാദൃശ്ചികമായിരുന്നു. ജിമ്മി തന്റെ ഡ്രഗ് ഡീലിങ് സാധാരണ നടത്താറുള്ള രഹസ്യ സ്ഥലമായിരിക്കണം അത്. അതുകൊണ്ടായിരിക്കണം നതാലി ലെന്നിക്ക് ആ സ്ഥലം സജസ്റ്റ് ചെയ്യാൻ കാരണം. ജിമ്മിയുടെ കൊലയ്ക്ക് കാരണമായവനെ ജിമ്മിയെ കൊന്നവന്റെ കൈകൾ കൊണ്ട് തന്നെ കൊല്ലിക്കുക, അതും അവൾ അറിയാതെ തന്നെ. കാവ്യ നീതി അല്ലാതെന്ത്.


◾️ജിമ്മിയെ കൊല്ലുന്നതിനു മുൻപ് ലെന്നി അയാളുടെ വസ്ത്രങ്ങൾ ഊരി വാങ്ങി ധരിക്കുന്നുണ്ട്. ജിമ്മിയെ കൊന്ന ശേഷം അയാളുടെ ജഗ്വാർ കാർ തന്റേതാണ് എന്ന മട്ടിൽ മോഷ്ടിച്ചുകൊണ്ട് പോവുകയും ചെയ്യുന്നു. ഇതൊക്കെ എന്തിനായിരുന്നു?

◾️മെമെന്റോയിലെ ഭൂരിഭാഗം മറ്റു സംശയങ്ങൾക്ക് ഉള്ളത് പോലെ ഫാൻ തിയറികൾ ഇതിനില്ല എന്നതാണ് വാസ്തവം. ജിമ്മിയെ കൊന്ന ശേഷം അയാളുടെ കാറിൽ രക്ഷപ്പെടാനൊരുങ്ങുന്ന ലെന്നിയോട് ടെഡി ഇതേ സംശയം ചോദിക്കുന്നുണ്ട്. ഇത് അപകരമായ പ്രവൃത്തിയാണെന്ന് ലെന്നിക്ക് ടെഡി മുന്നറിയിപ്പും നൽകുന്നുണ്ട്. പക്ഷേ, ഇതിനുള്ള മറുപടിയായി ലെന്നി പറയുന്നത് "നിങ്ങൾക്കറിയോ.. ആളുകൾ എന്നെ കൊലയാളിയെക്കാളും കൊല്ലപ്പെട്ട ആളായി തെറ്റുദ്ധരിക്കും" എന്നായിരുന്നു. തെറ്റായ ഒരാളെ തന്റെ കൈകൊണ്ട് കൊന്നതിൽ ലെന്നിക്ക് കുറ്റബോധമുണ്ടായിരുന്നു. പക്ഷേ, എന്തിനായിരുന്നു ജിമ്മിയുടെ വ്യക്തിത്വം ലെന്നി എടുത്തണിഞ്ഞത് എന്നതിന് വ്യക്തമായ ഉത്തരമില്ല. "ഇഷ്ടപ്പെട്ടു. എടുക്കുന്നു. ഗോപാലൻ.." അത്ര തന്നെ..






Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs       

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി