ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Prestige Explained


The Prestige » Explained

■ ക്രിസ്റ്റഫർ നോളൻ സംവിധാനം നിർവഹിച്ച സൈക്കോളജിക്കൽ സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഹോളിവുഡ് ചിത്രമായിരുന്നു ദി പ്രസ്റ്റീജ്. ക്രിസ്ത്യൻ ബെയ്‌ലും ഹ്യൂഗ് ജാക്ക്മാനും മത്സരിച്ചഭിനയിച്ച രണ്ട് മജീഷ്യന്മാരുടെ കടുത്ത ശത്രുതയുടെ കഥ പറഞ്ഞ ദി പ്രെസ്റ്റീജും പ്രേക്ഷകരെ കുറച്ചൊന്നുമല്ല വട്ടംകറക്കിയത്. ചിലർക്കൊക്കെ ആദ്യത്തെ കാഴ്ച്ചയിൽ തന്നെ ദി പ്രെസ്റ്റീജിന്റെ കഥ മനസ്സിലായിട്ടുണ്ടെങ്കിലും അവർക്ക് പോലും ഒരുപാട് സംശയങ്ങൾ ബാക്കിയായിരുന്നു. ദി പ്രസ്റ്റീജ് സജസ്റ്റ് ചെയ്ത ശേഷം പലരും എന്നോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഈ ബ്ലോഗ്. ദി പ്രെസ്റ്റീജിന്റെ തീം മോഷ്ടിച്ച ആ ആമിർ ഖാൻ ചിത്രമേതെന്നത് തൊട്ട് ഉത്തരങ്ങൾ തുടങ്ങുന്നു. ആ സിനിമ ഏതെന്ന് പറഞ്ഞാൽ പോലും ദി പ്രെസ്റ്റീജിന്റെ യഥാർത്ഥ കഥ പിടി കിട്ടും. എന്താണ് ദി പ്രെസ്റ്റീജിൽ ക്രിസ്റ്റഫർ നോളൻ അതിവിദഗ്ധമായി ഒളിപ്പിച്ചു വെച്ച രഹസ്യങ്ങൾ, അല്ലെങ്കിൽ നോളൻ ബ്രില്യൻസുകൾ? എല്ലാ എക്സ്പ്ലനേഷൻ വിഡിയോയിലും ആവർത്തിച്ചു പറയുന്നത് ഇവിടെയും പറയുന്നു. സ്‌പോയ്‌ലറുകൾ ഉണ്ടാവും. ദി പ്രസ്റ്റീജ് കണ്ടവർ മാത്രം തുടർന്ന് വായിക്കുക.


ലണ്ടനിലെ രണ്ട് പ്രഗത്ഭ മജീഷ്യന്മാരായിരുന്നു റോബർട്ട് ആംഗ്യറും ആൽഫ്രഡ് ബോർഡനും. ഒരിക്കൽ അവരൊരു മജീഷ്യന്റെ സഹായികളായിരുന്നു. അന്ന് ഒരു ഷോയിൽ വെച്ച് വാട്ടർ ടാങ്ക് എസ്കേപ്പ് എന്നൊരു ട്രിക്കിന് വേണ്ടി ആംഗ്യറുടെ ഭാര്യ കൂടിയായിരുന്ന മജീഷ്യന്റെ സഹായി ജൂലിയയുടെ കൈകളിൽ ബോർഡൻ അബദ്ധത്തിൽ അഴിക്കാൻ പ്രയാസമുള്ള തരത്തിൽ ഇരട്ടക്കുരുക്കിടുന്നു. തൽഫലമായി ജൂലിയ വാട്ടർ ടാങ്കിൽ കിടന്ന് മുങ്ങി മരിക്കുന്നു. ബോർഡന് അബദ്ധം പറ്റിയതാണെങ്കിലും ആംഗ്യർ അത് വിശ്വസിക്കാൻ തയ്യാറാവുന്നില്ല. ബോർഡൻ തന്റെ ഭാര്യയെ മനഃപൂർവ്വം കൊന്നതാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ആംഗ്യറും ബോർഡനും തമ്മിൽ കടുത്ത ശത്രുത ഉടലെടുക്കുന്നു. പിന്നീട് സ്വതന്ത്ര മജീഷ്യന്മാരായിത്തീരുന്ന ഇരുവരും പരസ്പരം അപരന്റെ മാജിക് ട്രിക്കുകൾ പൊളിച്ച് അയാളെ തകർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒരിക്കലും അവസാനിക്കാത്ത ശത്രുത. ഇതാണ് ദി പ്രെസ്റ്റീജിന്റെ സംഗ്രഹം.


ഇനി ഏതാണ് ദി പ്രെസ്റ്റീജിന്റെ തീം മോഷ്ടിച്ച ആ ആമിർ ഖാൻ പടം എന്നതിനെക്കുറിച്ച് വെളിപ്പെടുത്താം. ഞാൻ ആമിർ ഖാൻ പടം എന്ന് പറഞ്ഞത് തന്നെ മനഃപൂർവ്വമായിരുന്നു. ശരിക്കും അഭിഷേക് ബച്ചന്റെ പ്രശസ്ത ധൂം സീരീസിന്റെ മൂന്നാം ഭാഗമായ ധൂം 3യാണ് ആ ചിത്രം. ലോജിക്കുകൾ ഒഴിവാക്കി നിർത്തിയാൽ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയായിരുന്നു ധൂം 3. ധൂം 3യുടെ പ്രധാന ആകർഷണീയത വില്ലനായി വന്ന ആമിർ ഖാന്റെ അസാധ്യ പെർഫോമൻസ് തന്നെയായിരുന്നു. 2013ലെ ബോളിവുഡിലെ ഹയസ്റ്റ് ഗ്രോസ്സർ കൂടിയായിരുന്നു ധൂം 3. ഇനി ധൂം 3യും ദി പ്രെസ്റ്റീജും തമ്മിലുള്ള ബന്ധമെന്താണ് എന്നതിനെക്കുറിച്ച്. ധൂം 3യുടെ ഇന്റർവെൽ പഞ്ചായി വന്ന വമ്പൻ ട്വിസ്റ്റ് ആയിരുന്നു നായകനായ സാഹിറിന് സമർ എന്നൊരു ഐഡന്റിക്കൽ ട്വിൻ ഉണ്ടായിരുന്നു എന്നത്. സാഹിറിന്റെ അച്ഛൻ ഇഖ്ബാൽ ഹാറൂൺ ഖാന്റെ "സീക്രട്ട്" ആയിരുന്നു സമർ. സമർ എന്ന മകന്റെ ശരിയായ ഐഡന്റിറ്റി തന്റെ ഏറ്റവും മികച്ച ട്രിക്കിന് വേണ്ടി അദ്ദേഹം പുറംലോകത്തിൽ നിന്നും മറച്ചു വെച്ചു. പിന്നീട് സാഹിറും തന്റെ ട്രിക്കിന് വേണ്ടി സമറിന്റെ ഐഡന്റിറ്റി മറയ്ക്കുകയായിരുന്നു. ഇതായിരുന്നു ധൂം 3യുടെ പ്രധാന തീം. ഇനി ദി പ്രെസ്റ്റീജിലേക്ക് വരുകയാണെങ്കിൽ, ക്രിസ്റ്റഫർ ബെയ്ൽ അവതരിപ്പിച്ച ആൽഫ്രഡ് ബോർഡനും ഫാലൻ എന്നൊരു ഐഡന്റിക്കൽ ട്വിൻ ഉണ്ടായിരുന്നു. തന്റെ ഷോയിലെ ഏറ്റവും വലിയ ആകർഷണമായിരുന്ന ദി ട്രാൻസ്പോർട്ടഡ് മാൻ എന്ന ട്രിക്കിന് വേണ്ടി ബോർഡൻ ഫാലന്റെ ശരിയായ ഐഡന്റിറ്റി പുറംലോകത്ത് നിന്നും മറച്ചു വെക്കുന്നു. പക്ഷേ, ദി ട്രാൻസ്പോർട്ടഡ് മാൻ എന്ന ട്രിക്ക് കണ്ടുപിടിക്കുന്നതിനു മുൻപ് പോലും അവർ രണ്ടുപേരും ആൽഫ്രഡ്‌ ബോർഡൻ എന്ന ഒരൊറ്റ ഐഡന്റിറ്റിയിലാണ് ജീവിച്ചു പോന്നത്. റോബർട്ട് ആംഗ്യർക്കും ഒലീവിയക്കും മാത്രമല്ല, ബോർഡന്റെ ഭാര്യ സാറയ്ക്ക് പോലും അറിയാത്ത ബോർഡന്റെ ഏറ്റവും വലിയ രഹസ്യമായിരുന്നു ഫാലൻ.


ബോർഡൻ ജൂലിയയെ കൊന്നത് മനഃപൂർവ്വം തന്നെയാണോ?

അല്ല എന്നാണ് എന്റെ ഉത്തരം.  ബോർഡനും ഫാലനും ഒരേ ഐഡന്റിറ്റിയിൽ ജീവിക്കുന്ന രണ്ടുപേർ ആണെന്നതാണ് ആദ്യത്തെ കാരണം. അബദ്ധത്തിൽ സംഭവിച്ച ഒരു അപകടം, അതായിരുന്നു ജൂലിയയുടെ മരണം. ജൂലിയയുടെ കൈയ്ക്ക് കുരുക്കിട്ടത് ഫാലൻ ആണെന്ന് കരുതുക. അപ്പോഴും ജൂലിയയുടെ സമ്മതത്തോടെയല്ലേ കുരുക്ക് മാറ്റിക്കെട്ടിയത് എന്നാവും പലരുടെയും സംശയം. അതിനുള്ള ഉത്തരത്തിലേക്ക് വരാം. ഒരുപാട് തവണ വിജയകരമായി നടത്തിയ ട്രിക്കായിരുന്നു ആ വാട്ടർ ടാങ്ക് എസ്ക്കേപ്പ്. ഒരു ട്രിക്കിന് ശേഷം ജൂലിയയും ബോർഡനും തമ്മിൽ കുരുക്ക് കെട്ടുന്നതിനെക്കുറിച്ച് വഴക്ക് നടക്കുന്നുണ്ട്. മുൻപത്തെ ട്രിക്കുകളിലെല്ലാം ഇരട്ട സഹോദരങ്ങൾ മാറി മാറി വന്നിട്ടും ജൂലിയക്ക് അഴിക്കാൻ പറ്റുന്ന സിമ്പിൾ കുരുക്കായിരുന്നു കെട്ടിയിരുന്നത്. ജൂലിയയുമായി വാഗ്വാദത്തിൽ ഏർപ്പെട്ടത് ബോർഡനാണ്‌. അവിടെ ജൂലിയ തനിക്ക് ലാംഗ്‌ഫോർഡ് ഇരട്ടക്കുരുക്ക് ഈസിയായി അഴിക്കാനറിയും എന്ന് വാദിക്കുന്നു. പക്ഷേ, ഷോയിൽ കുരുക്ക് കെട്ടുന്നത് ഫാലനാണ്. ബോർഡനും ഫാലനും തമ്മിൽ ഈ സംഭവത്തെക്കുറിച്ച് ചർച്ച ഉണ്ടായിക്കാണില്ല. അയാൾ സാധാരണ പോലെ സിമ്പിൾ കുരുക്കിടുന്നു. ജൂലിയ സംശയം പ്രകടിപ്പിച്ചപ്പോഴും അയാൾ കെട്ടുന്നത് കുറച്ചുകൂടി നന്നാക്കി സിമ്പിൾ കുരുക്ക് തന്നെയായിരുന്നു. പക്ഷേ, ജൂലിയ അത് ലാങ്‌ഫോർഡ് ഇരട്ടക്കുരുക്കാണെന്നു തെറ്റിദ്ധരിച്ച് അത് അഴിക്കാനുള്ള ട്രിക്ക് പരീക്ഷിക്കുന്നു. വെള്ളത്തിനടിയിൽ സെക്കന്റുകൾ കൊണ്ട് ചെയ്യേണ്ടതാണ് ആ ട്രിക്ക് എന്ന കാര്യം ആദ്യം ഓർമ്മിക്കുക. ജൂലിയ അത് സിമ്പിൾ കുരുക്കാണ് എന്നറിഞ്ഞു വന്നപ്പഴേക്കും ഒരുപാട് താമസിച്ചു പോയിരുന്നു. ഇവിടെ ഫാലൻ കുറ്റക്കാരനാവുന്നില്ല. ഇനി മറ്റൊരു സാധ്യത. ജൂലിയയെ ഫാലൻ ആദ്യം സിമ്പിൾ കുരുക്കിടുന്നു. ജൂലിയ സംശയം പ്രകടിപ്പിച്ചപ്പോൾ അയാൾ ലാങ്‌ഫോർഡ് ഇരട്ടക്കുരുക്കിടുന്നു. പക്ഷേ, യഥാർത്ഥത്തിൽ മുൻപ് വീമ്പിളക്കിയപോലെ ജൂലിയക്ക് അത് അഴിക്കാൻ അറിയുമായിരുന്നില്ല. ഇവിടെയും ഫാലൻ അല്ല കുറ്റക്കാരൻ.


ഇനി ആംഗ്യർക്ക് ബോർഡനോട് ശത്രുത ഉണ്ടാവാനുള്ള മെയിൻ കാരണം, ജൂലിയയുടെ ശവമടക്കിന് ശേഷമുള്ള ബോർഡനും ആംഗ്യറും തമ്മിലുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ച്

ഇവിടെ ഫാലന് പറ്റിയ അബദ്ധത്തിൽ കുറ്റബോധമുള്ള ബോർഡനാണ്‌ ജൂലിയയുടെ ശവമടക്കിന് എത്തിയത് എന്നാണ് എന്റെ നിഗമനം. ആംഗ്യർ അയാളോട് എന്ത് തരം കുരുക്കാണ് ജൂലിയയുടെ കൈകളിൽ കെട്ടിയത് എന്ന് സംശയം ചോദിക്കുന്നു. കുരുക്ക് കെട്ടിയത് യഥാർത്ഥത്തിൽ ഫാലൻ ആയതുകൊണ്ട് തന്നെ ബോർഡന് അതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അയാൾ തനിക്കറിയില്ല എന്ന് സത്യസന്ധമായി പറയുന്നു. ഇതാണ് ആംഗ്യറെ ചൊടിപ്പിക്കുന്നത്. പിന്നീട് ബോർഡനെ തകർക്കാൻ ആംഗ്യർ പഠിച്ച പണി പതിനെട്ടും പയറ്റുന്നു. പക്ഷേ, അപ്പോഴും ബോർഡൻ തിരിച്ച് ആംഗ്യറോട് ശത്രുത കാണിക്കുന്നത് എന്തിനായിരുന്നു എന്നത് പലർക്കും സംശയമുണ്ടാകും. ശവമടക്കിന് ശേഷം ആംഗ്യർ ബോർഡന്റെ മാജിക് ഷോയ്ക്ക് പോകുന്നു. അവിടെ  ബുള്ളറ്റ് ക്യാച്ച് ട്രിക്ക് പെർഫോം ചെയ്യുന്നതും ബോർഡൻ തന്നെയാണ്. ആംഗ്യറുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് നിരപരാധിയായ ബോർഡൻ വീണ്ടും തനിക്കറിയില്ല എന്ന ഉത്തരം തന്നെ പറയുന്നു. ആംഗ്യറുടെ വെടിയേറ്റ് ബോർഡന്റെ വിരൽ നഷ്ടമാകുന്നു. തന്റെ സഹോദരനെ ആക്രമിച്ചതിൽ ക്ഷുഭിതനായി പ്രതികാരം ചെയ്യാൻ ഓരോ തവണയും ശ്രമിച്ചത് ഫാലനാണ് എന്ന നിഗമനത്തിൽ ഇതെന്നെ കൊണ്ടെത്തിക്കുന്നു.



എന്തിനാണ് ബോർഡൻ ആംഗ്യറെ "ടെസ്‌ല"യിലേക്ക് നയിച്ചത്? ടെസ്‌ല ആംഗ്യറെ കൂടുതൽ മികച്ചവനാക്കുമെന്ന് ബോർഡന് അറിയാമായിരുന്നില്ലേ?

ഇല്ല എന്നതാണ് അതിന്റെ ഉത്തരം. ബോർഡൻ ആംഗ്യറെ വഴി തെറ്റിക്കാൻ വേണ്ടി മനപ്പൂർവ്വമാണ് ഒലീവിയയെക്കൊണ്ട് തന്റെ ഡയറി മോഷ്ടിച്ചതാണെന്ന മട്ടിൽ ആംഗ്യറുടെ കൈകളിൽ എത്തിച്ചത്. ആ നഗരത്തിൽ തന്നോട് മത്സരിച്ചു മുട്ടി നിൽക്കാൻ ആംഗ്യർ എന്ന ഒരാളല്ലാതെ വേറെയാരുമില്ല എന്നത് ബോർഡന് അറിയാമായിരുന്നു. അതിന് ആംഗ്യറെ കുറേക്കാലത്തേക്ക് അവിടെ നിന്നും മാറ്റി നിർത്തണമായിരുന്നു. അതിന് വേണ്ടിയാണ് ആംഗ്യർ തീർച്ചയായും ശ്രദ്ധിക്കുമെന്ന് ഉറപ്പുള്ള ടെസ്‌ല എന്ന വാക്ക് മനപ്പൂർവ്വം ബോർഡൻ ആംഗ്യറെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചത്. ആംഗ്യറെ കുറേക്കാലത്തേക്ക് അകറ്റി നിർത്തുന്നതിൽ ബോർഡൻ വിജയിച്ചുവെങ്കിലും ടെസ്‌ല ആംഗ്യറെ കൂടുതൽ കരുത്തനാക്കും എന്നുള്ള കാര്യം ബോർഡൻ സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ആംഗ്യറുടെ ട്രിക്കിന്റെ രഹസ്യം കണ്ടുപിടിക്കാനായി ഫാലൻ ആംഗ്യറുടെ സ്റ്റേജിന് അടിയിൽ ചെല്ലുന്നതും അവസാനം ആംഗ്യറുടെ കൊലപാതകത്തിന് പിടിയിലാകുന്നതും. മാത്രവുമല്ല, ബോർഡന് ഉണ്ടാക്കിക്കൊടുത്ത പോലെയുള്ള ഉപകരണമാണ് തനിക്കും വേണ്ടതെന്ന ചോദ്യത്തിന് താൻ അങ്ങനൊരു ഉപകരണം ഇതുവരെ ആർക്കും ഉണ്ടാക്കിക്കൊടുത്തിട്ടില്ല എന്ന് ടെസ്‌ല മറുപടി പറയുന്നുണ്ട്.


ടെസ്‌ലയുടെ ക്ലോണിംഗ് മെഷീൻ ശരിക്കും വിജയകരമായിരുന്നോ?

ടെസ്‌ല അവസാനം ആംഗ്യർക്ക് കൊടുത്തയക്കുന്ന കൊറിയറിൽ പോലും തന്റെ ക്ലോണിംഗ് പരീക്ഷണങ്ങൾ പലതും പരാജയമായിരുന്നെന്നു പറയുന്നുണ്ടെങ്കിലും അതൊക്കെ വിജയകരമായിരുന്നെന്നു ടെസ്‌ല കൊളറാഡോയിലെ തന്റെ താവളം ഉപേക്ഷിച്ചു പോയ ശേഷം അവിടം സന്ദർശിക്കുന്ന ആംഗ്യർ കാണുന്ന കുന്നുകൂടിക്കിടക്കുന്ന തൊപ്പികളിലൂടെയും ഒരുപോലെയുള്ള ധാരാളം പൂച്ചകളിലൂടെയും നമുക്ക് വ്യക്തമാകുന്നുണ്ട്. ധനികനായിരുന്ന ആംഗ്യറുടെ പണം തന്റെ നിലനിൽപ്പിന് കുറേക്കാലത്തിനു ഉപയോഗിച്ച ടെസ്‌ല പക്ഷേ, അവസാനം വിജയകരമായൊരു ക്ലോണിംഗ് മെഷീൻ തന്നെ ആംഗ്യർക്ക് സമ്മാനിക്കുന്നു.


ബോർഡന്റെ ഭാര്യ സാറയുടെ ആത്മഹത്യയ്ക്ക് ശരിക്കും ബോർഡൻ ഒരു കാരണമാണോ?

പ്രത്യക്ഷമായി ബോർഡൻ സാറയുടെ മരണത്തിനു കാരണക്കാരനല്ലെങ്കിലും പരോക്ഷമായി അയാൾ തന്നെയാണ് സാറയുടെ മരണ കാരണം. ബോർഡന് ഒലീവിയയുമായി ബന്ധമുണ്ടെന്ന സംശയമാണ് സാറയെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. യഥാർത്ഥത്തിൽ ഒലീവിയയെ സ്നേഹിക്കുന്നത് ഫാലനും സാറയെ സ്നേഹിക്കുന്നത് ബോർഡനുമാണ്. പക്ഷേ, ഇരുവരും അപരന്റെ അഭാവത്തിലും അവർക്കിടയിൽ ഒരേ ഐഡന്റിറ്റിയിൽ ജീവിക്കുന്നു. അതാണ് ഒരിക്കൽ സാറ ബോർഡനോട് "ഇന്ന്‌ നിങ്ങൾ എന്നെ സ്നേഹിക്കുന്നില്ല" എന്ന് പറയുന്നതും. അന്ന് ബോർഡന് പകരം ഫാലനായിരുന്നു എന്നതായിരുന്നു കാരണം. ഒലീവിയയുടെ കാര്യത്തിലും ഇതേ തെറ്റിദ്ധാരണ കാരണമാകുന്നുണ്ട്. ഫാലന് പകരം ബോർഡൻ വരുമ്പോഴുള്ള സ്നേഹക്കുറവായിരിക്കാം ഒലീവിയ ബോർഡനെ സാറയ്ക്ക് ഒറ്റിക്കൊടുക്കാനുള്ള കാരണം. തന്റെ ഇരട്ട സഹോദരൻ ഫാലനെക്കുറിച്ച് ഭാര്യ സാറയിൽ നിന്നും മറച്ചു വെച്ചു എന്നതാണ് സാറയുടെ മരണത്തിൽ ബോർഡനെയും കുറ്റക്കാരനാക്കുന്ന കാരണം.


തൂക്കുമരത്തിൽ കിടന്ന് മരിച്ചത് ബോർഡനോ അതോ ഫാലനോ? എന്താണ് ദി പ്രെസ്റ്റീജിന്റെ ക്ലൈമാക്സ്‌?

ബോർഡൻ, ഫാലൻ എന്നതിലുപരി രണ്ടുപേരും ജീവിച്ചത് ആൽഫ്രെഡ് ബോർഡൻ എന്ന ഒരൊറ്റ ഐഡന്റിറ്റിയിലാണ് എന്നത് ആദ്യം ഓർമ്മിക്കുക. സാറയെ സ്നേഹിച്ച ബോർഡനെ ഞാൻ ഇവിടെ ബോർഡൻ എന്നും ഒലീവിയയെ സ്നേഹിച്ച ബോർഡനെ ഫാലൻ എന്നും വിളിക്കുന്നു എന്നേയുള്ളൂ. അതുകൊണ്ട് ആംഗ്യറുടെ സ്റ്റേജിന് താഴെ പിടിയിലാകുന്നത് ഫാലനായിരുന്നു എന്ന് പറയാം. അയാൾ തന്നെയായിരുന്നു തൂക്കുമരത്തിൽ എത്തപ്പെടുന്നതും. ഫാലൻ പിടിയിലായതിന് ആംഗ്യർ പ്രത്യക്ഷത്തിൽ കാരണക്കാരനല്ലെങ്കിലും തൂക്കുമരത്തിൽ നിന്നും അയാളെ രക്ഷിക്കാനുള്ള ബാധ്യത ആംഗ്യർ നിറവേറ്റിയില്ല. ഓരോ തവണയും തന്റെ ക്ലോണിനെ ആംഗ്യർ വാട്ടർ ടാങ്കിൽ മുങ്ങിമരിക്കാൻ അനുവദിക്കുകയായിരുന്നു. ആംഗ്യറുടെ ട്രിക്കിലെ രഹസ്യം കണ്ടുപിടിക്കാൻ അവിടെയെത്തുന്ന ഫാലൻ പിടിയിലാകുന്നത് ആ സമയത്താണ്. ഫാലനെ തൂക്കുമരത്തിൽ നിന്നും രക്ഷിക്കണമെങ്കിൽ ആംഗ്യർക്ക് തന്റെ ക്ലോണിംഗ് മെഷീനെക്കുറിച്ച് വെളിപ്പെടുത്തിയേ മതിയാകൂ. അതിന് അയാൾ തയ്യാറാകുന്നില്ല. ബോർഡൻ തന്റെ ഐഡന്റിക്കൽ ട്വിൻ ഫാലനെക്കുറിച്ച് എല്ലാവരിൽ നിന്നും മറച്ചു വെക്കുന്നതും ഇതേ കാരണം കൊണ്ട് തന്നെയായിരുന്നല്ലോ. തന്റെ സഹോദരൻ ഫാലനെ മരണത്തിന് വിട്ടുകൊടുത്ത ആംഗ്യറോട് ക്ഷമിക്കാൻ എന്തായാലും ബോർഡൻ തയ്യാറല്ലായിരുന്നു. രണ്ട് പേരും അവരുടെ ട്രിക്കിന്റെ യഥാർത്ഥ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ മുൻപിൽ തങ്ങളുടെ "പ്രസ്റ്റീജ്" അഥവാ അഭിമാനം കളഞ്ഞുകുളിക്കാൻ തയ്യാറല്ലായിരുന്നു. തന്റെ പ്രതികാരത്തിന്റെ ഭാഗമായി ബോർഡൻ ആംഗ്യറെ വെടിവെച്ചു കൊല്ലുന്നതോടെ ദി പ്രെസ്റ്റീജിനു വിരാമമാകുന്നു. ഇതിൽ ആരുടെ ഭാഗത്താണ് ന്യായം അന്യായം എന്നുള്ളത് പ്രേക്ഷകരായ നിങ്ങൾക്ക് തീരുമാനിക്കാം. രണ്ടുപേരുടെയും ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ..



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs       

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി